അന്തർദേശീയ മാനസിക ആരോഗ്യദിനത്തിന്റെ 2025-ലെ ആപ്തവാക്യം ഏറെ പ്രാധാന്യമുള്ളതും കാലികപ്രസക്തവുമായ ഒന്നാണ്." സേവന ലഭ്യത - ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യം". ("Access to Services – Mental Health in Catastrophes and Emergencies").

To advertise here,

തികച്ചും അപ്രതീക്ഷിതമായ ദുരന്തങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും യുദ്ധങ്ങളുടെയും ഒരു കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന നാളുകളിലാണ് നാം ജീവിക്കുന്നത്. എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അവസ്ഥ. ചൂരൽമലയുടെ ഞെട്ടിക്കുന്ന ഓർമ്മകൾ ഇനിയും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല. എങ്കിലും അവരിൽ നിന്ന് അകന്നു ജീവിക്കുന്ന വ്യക്തികൾ എന്ന നിലയിൽ നമ്മളെ അത് സാരമായി ബാധിക്കുന്നുമില്ല. എന്നാൽ പ്രദേശവാസികൾക്ക് അങ്ങനെയല്ല. ഉറ്റവരെയും ഉടയവരെയും കിടപ്പാടവും സ്വത്തും സമ്പാദ്യവും എല്ലാം ഒന്ന് ഇരുണ്ടു വെളുത്തപ്പോഴേക്കും നഷ്ടപ്പെട്ടുപോയവർക്ക് അതിനെ അതിജീവിക്കുക അത്ര എളുപ്പം അല്ല.

നഷ്ടങ്ങളുടെ കണക്ക് എടുത്തപ്പോൾ അതിൽ പെടാത്ത ഏറെ കണക്കുകൾ ഉണ്ട്. അവർ അനുഭവിച്ച മനോവ്യഥയുടെ ആഴം. ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടപ്പെടലിന്റെ നൊമ്പരപ്പിക്കുന്ന ഓർമ്മകൾ. നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടുപോയവർ. പണംകൊണ്ടും പകരം വെക്കൽ കൊണ്ടും നികത്താൻ ആവാത്തതാണ് ഇവർ കടന്നുപോയ മനോവേദനകൾ. ഇന്നും ആ ട്രോമയെ അതിജീവിക്കാൻ കഴിയാത്തവരാണ് അധികവും. ഡിപ്രഷനിലൂടെ കടന്നു പോകുന്നവർ ധാരാളം. അതുകൊണ്ടുതന്നെ ഈ ഒരു കാലഘട്ടത്തിൽ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH) ഈയൊരു ആപ്‌തവാക്യം തിരഞ്ഞെടുത്തതിൽ അതിശയോക്തിയില്ല.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും ഏതാനും വർഷങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിലും നാം കണ്ട, അനുഭവിച്ച ഒരു വസ്തുതയുണ്ട്. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ, ദേശത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായഹസ്തവുമായി ഓടിയെത്തിയ അനേകർ. പണമായും സാധനങ്ങളായും വസ്ത്രങ്ങളായും ഭക്ഷണമായും എത്തിയ അവരുടെ സ്നേഹവും കരുതലും ദുരന്തഭൂമിയിൽ ആശ്വാസമായി എന്നതിൽ തർക്കമില്ല. എന്നാൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലഭിക്കേണ്ട മാനസിക ആരോഗ്യവും പിന്തുണയും നൽകുന്നതിൽ നമ്മൾ എത്രത്തോളം വിജയിച്ചു എന്ന് ചിന്തിക്കേണ്ടതുണ്ട്. കൗൺസിലിങ്ങിനും മറ്റുമായി ധാരാളം പേർ അവിടെ എത്തിയെങ്കിലും അത് എത്രത്തോളം ഫലപ്രദമായിരുന്നു, അതിനൊരു പിന്തുടർച്ച ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇനിയും കൂടുതൽ ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിൽ (NIMHANS) നിന്നുമുൾപ്പെടെ ഡിസാസ്റ്റർ മാനേജ്മെന്റിലും ട്രോമാകെയറിലും പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ സംഘങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിച്ചേർന്നു എന്നത് ആശാവഹമാണ്. എന്നാൽ കൗൺസിലിങ്ങിനായി വ്യക്തിപരമായും അല്ലാതെയും എത്തിയ കുറെ പേരെങ്കിലും ദുരന്തബാധിത പ്രദേശങ്ങളിൽ കൗൺസിലിംഗ് നൽകാൻ തക്കവിധം വിദഗ്ധ പരിശീലനം ലഭിച്ചവരാണോ എന്നതിൽ സംശയമുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും നാം കണ്ട വാർത്തകൾ അത്ര ആശാവഹമായിരുന്നില്ല. സാധാരണ കൗൺസിലിംഗ് വിദഗ്ധർക്ക് കൈകാര്യം ചെയ്യാവുന്ന ഒന്ന് അല്ല ദുരന്തഭൂമിയിലെ കൗൺസിലിംഗ് സേവനങ്ങൾ. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്.

ശാരീരികമായ പ്രതിസന്ധികൾ പെട്ടെന്ന് ഉണ്ടാകുമ്പോൾ പ്രാഥമിക ചികിത്സ നൽകാൻ പല പരിശീലനങ്ങളും ഇന്ന് നമുക്ക് ലഭ്യമാണ്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങൽ, തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട പ്രാഥമിക ചികിത്സയും മുൻകരുതലും പൊതുജനങ്ങൾക്ക് നൽകുന്നതിൽ ഒരു പരിധിവരെയെങ്കിലും നാം വിജയിച്ചിട്ടുണ്ട്. എന്നാൽ ദുരന്തമേഖലയിൽ ഉണ്ടാകുന്ന ട്രോമയിൽ നിന്നും ആളുകളെ കരകയറ്റാൻ ആവശ്യമായ പ്രാഥമിക ചികിത്സ, അഥവാ ഒരു സൈക്കോ സോഷ്യൽ ഫസ്റ്റ് എയ്ഡ് എങ്ങനെ നൽകണമെന്ന് പലർക്കും അറിഞ്ഞുകൂടാ. തീർച്ചയായും ഈ മേഖലയിൽ ഇനിയും വിദഗ്ധ പരിശീലനങ്ങൾ നൽകേണ്ടതുണ്ട്.

കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും കാലഘട്ടത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞുകൊണ്ട് ഈ ഒരു

ഫസ്റ്റ് എയ്ഡ് പരിശീലനം നൽക്കേണ്ടത് അനിവാര്യമാണ്. അല്ലാതെയുള്ള കൗൺസിലിംഗ് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത്തരം ദുരന്തഭൂമിയിൽ ഉള്ളവർക്ക് ഉപദേശങ്ങളോ നിർദ്ദേശങ്ങളോ നൽകുന്നതിനേക്കാൾ പ്രാധാന്യം അവരെ നിരുപാധികം കേൾക്കുക എന്നതാണ്.

സൈക്കോ സോഷ്യൽ ഫസ്റ്റ് എയ്ഡ് നൽകി അവരുടെ മാനസികാവസ്ഥയെ സാധാരണഗതിയിലേക്ക് കൊണ്ടുവരിക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. എന്നാൽ പലപ്പോഴും അവിടം കൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നതായാണ് കാണുന്നത്. നഷ്ടങ്ങളിൽ നിന്ന് കരകയറാനും പുതിയ ജീവിതത്തെ കെട്ടിപ്പടുക്കാനും അവർ സ്വയം പര്യാപ്തരാകുന്നതുവരെ മറ്റു സഹായങ്ങൾ നൽകുന്നതോടൊപ്പം തന്നെ മാനസിക പിൻബലവും നൽകാൻ നമുക്ക് കഴിയണം. ഇത്തരത്തിൽ കൃത്യമായ സഹായം ലഭ്യമാക്കിയാൽ വൈകാതെ അവർ യാഥാർത്ഥ്യം ഉൾക്കൊണ്ട് പുതിയ ജീവിതം കെട്ടിപ്പടുക്കാൻ സ്വയം മുന്നോട്ടുവരും.

പ്രകൃതിദുരന്തങ്ങളും മറ്റും തുടർക്കഥയാകുമ്പോൾ മാനസികാരോഗ്യ മേഖല ഇത്തരത്തിൽ കൂടി സജ്ജീകരിക്കപ്പെടേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാവാം ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ ആപ്തവാക്യം ഇത്തരത്തിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇതോടൊപ്പം തന്നെ നാം നേരിടുന്ന വലിയ ദുരന്തം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് നമ്മുടെ കൗമാരക്കാരും യുവജനങ്ങളും അഭിമുഖീകരിക്കുന്ന സ്‌ട്രെസ്. നാം തീർത്തും അവഗണിക്കുന്ന ഒരു മേഖല തന്നെയാണ് ഇത്. കഴിഞ്ഞ കുറെ നാളുകളായി കൗൺസിലിംഗിന് എത്തുന്ന യുവജനങ്ങൾ പങ്കുവെക്കുന്നത് അവരുടെ അക്കാഡമിക് സ്‌ട്രെസിനെ കുറിച്ചാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ ചെറുപ്പക്കാർ അമിത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടയ്ക്കാൻ ആവില്ല. അതുപോലെതന്നെ ജോലി മേഖലയിലും വലിയ സമ്മർദം നമ്മുടെ ചെറുപ്പക്കാർ അനുഭവിക്കുന്നുണ്ട്. കൊച്ചു കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളും കുഴഞ്ഞുവീണുള്ള മരണങ്ങളുമെല്ലാം ഈ അർത്ഥത്തിൽ നാം കാണേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ നമ്മുടെ ചെറുപ്പക്കാർക്ക് തങ്ങളുടെ മാനസികാരോഗ്യം എങ്ങനെ നിലനിർത്താം എന്നും ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനസ്സിന്റെ ആരോഗ്യം എന്നും തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് തീർച്ചയായും നമ്മുടെ പരാജയമാണ്.

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം എന്ന തിരിച്ചറിവ് ഉണ്ടായെങ്കിൽ മാത്രമേ പുതു തലമുറയ്ക്ക് നിലനിൽപ്പുള്ളൂ. അവനവനു വേണ്ടി സമയം കണ്ടെത്താൻ, സ്വന്തം സന്തോഷങ്ങൾ കണ്ടെത്താൻ, ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാൻ, ഒക്കെ പുതുതലമുറ തയ്യാറാകേണ്ടതുണ്ട്. ഇടയ്ക്കെങ്കിലും ഒരു 'നോ' പറയാനും "ഞാൻ ഓക്കേ അല്ല" എന്ന് പറയാനും ഒക്കെ ഇനിയെങ്കിലും നാം പഠിക്കേണ്ടതുണ്ട്. ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ മാനസികാരോഗ്യ ദിനം ആണ്ടുതോറും ഒക്ടോബർ 10ന് ഇറക്കുന്ന ഏതാനും പോസ്റ്ററുകളിലും പേരിന് നടത്തപ്പെടുന്ന സെമിനാറുകളിലും വെബ്ബിനാറുകളിലും മാത്രം ഒതുങ്ങിപ്പോകും. ഇതൊന്നും വേണ്ടന്നല്ല. ആണ്ടിലൊരിക്കൽ മാത്രമായി ചുരുങ്ങാതെ, മാനസികാരോഗ്യ അവബോധം ജനിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികൾ നിരന്തരം ഉണ്ടാകണം. കായിക വിദ്യാഭ്യാസം പോലെ തന്നെ മാനസികാരോഗ്യ വിദ്യാഭ്യാസവും നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാകണം. സ്കൂളുകളിലും കോളേജുകളിലും പരിശീലനം ലഭിച്ച കൗൺസിലർമാരുടെ സേവനം ഉറപ്പാക്കണം. വിവിധ പദ്ധതികളുടെ പേര് ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിക്കാൻ നമുക്ക് ഫണ്ടുകൾ ഉണ്ട്. എന്നാൽ എല്ലാ സ്കൂളുകളിലും പഞ്ചായത്തുകളിലും കൗൺസിലർമാരുടെ സേവനം ലഭ്യമാക്കാൻ നമുക്ക് ഫണ്ടുകൾ ഇല്ല. അതൊരു ആവശ്യമായി നമുക്ക് തോന്നിയിട്ടുമില്ല. നിലവിലുള്ള അധ്യാപകർക്ക് ഏതാനും ദിവസത്തെ പരിശീലനം നൽകി അവരെ കൗൺസിലർമാരായി പരിഗണിക്കുന്ന അവസ്ഥയും നമ്മുടെ നാട്ടിൽ ഉണ്ട് എന്നത് ഖേദകരമാണ്.

മുൻപെങ്ങും ഇല്ലാത്തതുപോലെ മനോവീര്യം നഷ്ടപ്പെട്ട ഒരു തലമുറ ജീവിതത്തിനു മുൻപിൽ പകച്ച് നിൽക്കുമ്പോൾ മാനസികാരോഗ്യത്തിന് നേരെ കണ്ണടയ്ക്കാൻ നമുക്കാവില്ല. ലോകമാനസികാരോഗ്യ ദിനം ആചരിക്കുമ്പോൾ ലോകം മുഴുവൻ നന്നാക്കാനും വിപ്ലവം സൃഷ്ടിക്കാനും എനിക്ക് സാധിച്ചില്ലെങ്കിലും എന്നെ പരിഗണിക്കാൻ എന്നെ സ്നേഹിക്കാൻ എന്റെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ എനിക്ക് കടമയുണ്ട് എന്ന ബോധ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ.