
വൃക്കയെക്കുറിച്ചും വൃക്കരോഗങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. രോഗങ്ങളെ എങ്ങനെ തടയാം, രോഗം വന്നാൽ എങ്ങനെ നേരിടാം എന്നിവയൊക്കെയാണ് ഈ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ലോകവൃക്ക ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ബിജു.എം.വി മാതൃഭൂമി ഡോട്ട്കോമുമായി വിവരങ്ങൾ പങ്കുവെക്കുന്നു.
വൃക്കരോഗം വരാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗം?
വൃക്കരോഗം വരാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗത്തിൽ മൂന്നു ഗ്രൂപ്പുകാരാണ് ഉള്ളത്. പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതവണ്ണം എന്നിവ ഉള്ളവരിലാണ് വൃക്കരോഗസാധ്യത കൂടുതലായുള്ളത്. കിഡ്നി രോഗം വരുന്ന 50 ശതമാനം ആളുകളിലും പ്രധാനകാരണം പരിശോധിച്ചാൽ പ്രമേഹമാണെന്ന് മനസ്സിലാക്കാം. 20 ശതമാനം ആളുകളിൽ ഹൈപ്പർടെൻഷനും കാരണമാകുന്നു. ഈ രണ്ടുരോഗങ്ങളും നേരത്തേ കണ്ടെത്തി ചികിത്സിച്ചു കഴിഞ്ഞാൽ കിഡ്നിരോഗം വരുന്നത് ഒരു പരിധിവരെ തടയാനാകും. അതുപോലെ തന്നെ അമിതവണ്ണം ഉള്ളവരിലും കിഡ്നി രോഗം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൈപ്പർടെൻഷൻ, അമിതവണ്ണം തുടങ്ങിയവയൊക്കെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയുമാണ്. ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരായ ജീവിതരീതി പിന്തുടരുന്നതിലൂടെയും ഈ രോഗങ്ങൾ തടയാനും അതുവഴി കിഡ്നിരോഗ സാധ്യത തടയാനുമാകും.
കിഡ്നി രോഗങ്ങൾ ഏതൊക്കെ വിധമാണ്? പെട്ടെന്നുണ്ടാകുന്ന വൃക്കരോഗങ്ങൾക്ക് കാരണമെന്തെല്ലാം?
കിഡ്നി രോഗങ്ങളെ പ്രധാനമായും രണ്ടു വിധമായി തരംതിരിക്കാം. പെട്ടെന്നുണ്ടാകുന്ന വൃക്കരോഗങ്ങളെ അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്നും സ്ഥായിയായി ഉണ്ടാകുന്നവയെ ക്രോണിക് കിഡ്നി ഡിസീസ് എന്നുമാണ് പറയുന്നത്. പെട്ടെന്ന് ശരീരത്തിലുണ്ടാകുന്ന അണുബാധയാണ് പെട്ടെന്നുണ്ടാകുന്ന വൃക്ക സ്തംഭത്തിനു പിന്നിൽ. എലിപ്പനി, പാമ്പ് കടിക്കുന്നതിലൂടെ വിഷമേൽക്കുന്നത് തുടങ്ങി പെട്ടെന്ന് ശരീരത്തിൽ അസുഖങ്ങൾ വന്ന് വൃക്കയുടെ പ്രവർത്തനം തകരാറിലാവുന്ന അവസ്ഥയാണിത്. ഇത് ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് മതിയായ ചികിത്സ നൽകിയാൽ വൃക്കരോഗത്തെ മുഴുവനായി മാറ്റാവുന്നതുമാണ്.
എന്നാൽ സ്ഥായിയായിട്ടുള്ള വൃക്കസ്തംഭനം ഉണ്ടായിക്കഴിഞ്ഞാൽ അവ പൂർണമായും മാറ്റാൻ കഴിയില്ല. മറിച്ച് അത് കൂടുതൽ ഗുരുതരമാകാതിരിക്കാനുള്ള ചികിത്സ നൽകാനേ കഴിയൂ.

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ എത്രത്തോളം വൃക്കരോഗത്തെ പ്രതിരോധിക്കാനാവും?
സ്ഥായിയായ വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങൾ പ്രമേഹം, ഡയബറ്റിസ്, അമിതവണ്ണം തുടങ്ങിയവയാണല്ലോ. ഇവ മൂന്നും ജീവിതശൈലീ രോഗങ്ങളാണ്. ഈ മൂന്നു രോഗങ്ങൾക്കും പിന്നിൽ ഭക്ഷണരീതി, വ്യായാമമില്ലായ്മ തുടങ്ങിയ അലസമായ ജീവിതരീതികളാണ്. പ്രമേഹം ഉണ്ടായിക്കഴിഞ്ഞ് അതിന് മതിയായ ചികിത്സ നൽകാത്തതാണ് പിൽക്കാലത്ത് വൃക്കരോഗത്തിലേക്ക് നയിക്കുന്നത്. അതിനാൽ ഈ അവസ്ഥകളെല്ലാം തുടക്കത്തിലേ തിരിച്ചറിഞ്ഞ് ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. നിയന്ത്രിതമായ ഡയറ്റ് പിന്തുടരുന്നത് പ്രമേഹം ഗുരുതരമാകാതിരിക്കാൻ സഹായിക്കും. വ്യായാമമില്ലായ്മ, ജങ്ക്ഫൂഡുകൾ അമിതമായി ഉപയോഗിക്കുന്നത്, അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് തുടങ്ങിയവയൊക്കെ ഒഴിവാക്കിയാൽ ഹൈപ്പർടെൻഷനും അമിതവണ്ണവും പ്രതിരോധിക്കാവുന്നതാണ്.
പ്രായമായവരിലാണ് കൂടുതലും കിഡ്നി രോഗങ്ങൾ കാണുന്നത്. അതിനു കാരണം ഈ ജീവിതശൈലീ രോഗങ്ങൾ ഉള്ളതുകൊണ്ടാണ്. കുട്ടികളിൽ കാണപ്പെടുന്ന കിഡ്നി രോഗങ്ങളിൽ പലതും ജന്മനാ കാണപ്പെടുന്നതാണ്.
കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്? രോഗം വഷളാകുന്ന സാഹചര്യത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ഏതെല്ലാം?
കിഡ്നി രോഗങ്ങളുടെ ഭാഗമായി ശരീരം പല ലക്ഷണങ്ങളും കാണിക്കാം. മുഖത്തും ശരീരത്തുമാകെ വ്യാപിക്കുന്ന നീര്, മൂത്രം ചുവന്നു പോവുക, മൂത്രം പതഞ്ഞു പോവുക, മൂത്രത്തിൽ കുമിളകളുണ്ടാവുക, മൂത്രത്തിന്റെ അളവ് കുറയുക, രാത്രിയിൽ കൂടുതൽ മൂത്രം ഒഴിക്കുക തുടങ്ങിയവയൊക്കെയാണ് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പെട്ടെന്ന് ശ്വാസംമുട്ടലുണ്ടാവുക, മലർന്നു കിടക്കാൻ സാധിക്കാതിരിക്കുക, പ്രഷർ വളരെയധികം കൂടുക, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛർദി, ഓക്കാനം തുടങ്ങിയവയൊത്തെ രോഗം വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ്.
പല കിഡ്നി രോഗങ്ങളും നേരത്തേ കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സയിലൂടെ ഫലപ്രദമാക്കാനാവും. എന്നാൽ തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കിഡ്നിയുടെ 50-60 ശതമാനത്തോളം പ്രവർത്തന രഹിതമായിക്കഴിഞ്ഞായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. അതിനാൽ നേരത്തേ സ്ക്രീനിങ് നടത്തിയും മറ്റും രോഗനിർണയം നടത്തുന്നത് സങ്കീർണമാകാതിരിക്കാൻ സഹായിക്കും. കിഡ്നി രോഗങ്ങൾ ഏതുവിധമാണെന്ന് കണ്ടെത്തി കഴിഞ്ഞാൽ അത് ഏതു ഘട്ടത്തിൽ ആയാലും ചികിത്സ അനിവാര്യമാണ്.
മരുന്നുകൾ അനിയന്ത്രിതമായി ഉപയോഗിക്കുന്നതും സ്വയംചികിത്സിക്കുന്നതുമൊക്കെ കൂടിവരുന്ന കാലമാണ്. ഇവയൊക്കെ വൃക്കയുടെ ആരോഗ്യത്തെ ഏതുവിധത്തിൽ ബാധിക്കുന്നു?
രോഗം വരുമ്പോൾ പലപ്പോഴും സ്വയംചികിത്സ നടത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. പലതരം മരുന്നുകൾ പലരും അനിയന്ത്രിതമായി ഉപയോഗിക്കുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് വേദനാസംഹാരികൾ അനിയന്ത്രിതമായി കഴിക്കുന്നതും വളരെ സാധാരണമായി കാണുന്നവരുണ്ട്. എന്നാൽ ഇവ ഗുണത്തേക്കാളുപരി ദോഷം ചെയ്യുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിലവിൽ കിഡ്നി രോഗങ്ങൾ ഉള്ളവരിൽ അനിയന്ത്രിതമായ മരുന്ന് ഉപയോഗം കൂടുതൽ വഷളാക്കും. മാത്രവുമല്ല കിഡ്നി രോഗികൾ മറ്റേത് മരുന്ന് കഴിക്കുമ്പോഴും നെഫ്രോളജിസ്റ്റിനെ കണ്ട് വിദഗ്ധാഭിപ്രായം തേടിയിരിക്കുകയും വേണം.
വൃക്കരോഗികൾ ഭക്ഷണക്രമത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?
വൃക്കരോഗത്തിന്റെ ഘട്ടം ഏതാണെന്നതിനെ അനുസരിച്ചാണ് അവരുടെ ഡയറ്റ് തീരുമാനിക്കുന്നത്. ഘട്ടമേതെന്നു നിശ്ചയിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ്. പ്രധാനമായും ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് വച്ചാണ് കിഡ്നിയുടെ പ്രവർത്തനം പരിശോധിക്കുന്നത്. ക്രിയാറ്റിൻ 2 ഉള്ള ഒരാൾക്ക് കിഡ്നിയുടെ പ്രവർത്തനം 50 ശതമാനമായിരിക്കും, അത് നാല് ആണെങ്കിൽ പ്രവർത്തനം20 ശതമാനത്തിന് താഴെയായിരിക്കും. കിഡ്നിയുടെ പ്രവർത്തനം വളരെ കുറഞ്ഞ സ്റ്റേജിൽ ഉള്ളവർ ഡയറ്റ് കർശനമായും നോക്കിയിരിക്കണം. ഹൈപ്പർടെൻഷന് കാരണമാകുന്ന ഉപ്പിന്റെ ഉപയോഗം നന്നേ കുറയ്ക്കണം. ശരീരത്തിൽ നീരുള്ളവർ കുടിക്കുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കണം, അവ ഒരുലിറ്ററിനുള്ളിൽ ചുരുക്കണം. സ്ഥിരമായി കിഡ്നി രോഗമുള്ളവർ പ്രോട്ടീന്റെ അളവ് കൂടിയ പയർ, പരിപ്പ്, ഇറച്ചി, മീൻ പോലുള്ളവ ഭക്ഷണവും കുറയ്ക്കണം. കിഡ്നിയുടെ പ്രവർത്തനം അവസാനഘട്ടത്തിൽ എത്തിയവർ പൊട്ടാസ്യം അടങ്ങിയ ഭക്ഷണവും കുറയ്ക്കണം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീർ, ഈത്തപ്പഴം തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുകയും പച്ചക്കറി നന്നായി വേവിച്ച് അതിലെ വെള്ളം കളഞ്ഞതിനു ശേഷം മാത്രം കഴിക്കുകയും ചെയ്യേണ്ടതാണ്.
വൃക്കരോഗനിർണയം എപ്രകാരമാണ്?
കിഡ്നി രോഗത്തിന്റെ നിർണയം മൂത്രപരിശോധനയിലൂടെ തിരിച്ചറിയാനാകും. മൂത്രത്തിൽ ആൽബുമിന്റെയും ആർബിസിയുടെയുമൊക്കെ തോത് പരിശോധിച്ച് കിഡ്നി തകരാറിലാണോ എന്ന് തിരിച്ചറിയാം. അതുപോലെതന്നെ ബ്ലഡ് യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ നില പരിശോധിച്ചും രോഗനിർണയം നടത്താം. മറ്റു സാഹചര്യങ്ങളിൽ കിഡ്നിയുടെ അൾട്രാ സൗണ്ട് സ്കാൻ ചെയ്ത്, പോളിസിസ്റ്റിക് കിഡ്നിയാണോ എന്നു പരിശോധിക്കാം. സ്കാനിങ്ങിലൂടെ തന്നെ കിഡ്നിയുടെ വലിപ്പക്കൂടുതലും കുറവും പരിശോധിച്ചും രോഗനിർണയം നടത്താം.
കിഡ്നി രോഗത്തിന്റെ ചികിത്സ ഏതുവിധമാണ്? ഡയാലിസിസ്, വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ എന്നീ ഘട്ടങ്ങളിലേക്ക് പോകേണ്ടി വരുന്നത് എപ്പോൾ?
ഏതുതരം കിഡ്നി രോഗമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുക. പെട്ടെന്നുള്ള വൃക്കരോഗത്തിനും സ്ഥായിയായവയ്ക്കും വ്യത്യസ്ത സമീപനമായിരിക്കും സ്വീകരിക്കുക. ചില കിഡ്നി രോഗങ്ങൾ സപ്പോർട്ടീവ് കെയർ കൊണ്ട് മാത്രം രോഗശമനമുണ്ടാകും. സ്ഥിരമായ കിഡ്നി രോഗങ്ങളുടെ സ്റ്റേജും എന്തുകൊണ്ട് രോഗം വന്നു എന്നതിനും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവർ ഹൈപ്പർടെൻഷനും ഡയറ്റും നിയന്ത്രിത അളവിലാക്കുക എന്നത് ചികിത്സയോളം പ്രധാനമാണ്.
ക്രോണിക് കിഡ്നി ഡിസീസിനെ അഞ്ചു സ്റ്റേജായി തരംതിരിച്ചിരിക്കുന്നു. കിഡ്നിയുടെ പ്രവർത്തനം പതിനഞ്ചു ശതമാനത്തിൽ താഴെയാകുന്നതാണ് അഞ്ചാമത്തെ സ്റ്റേജ്. ഈ രോഗികളിൽ എപ്പോൾ വേണമെങ്കിലും ഡയാലിസിസോ കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥയോ വരാം. കിഡ്നിയുടെ പ്രവർത്തനം 10ശതമാനത്തിലും താഴെയായാൽ ഡയാലിസിസ് നിർദേശിച്ചതിനു ശേഷം ബയോപ്സി നിർദേശിക്കാം. പെട്ടെന്നുള്ള ശ്വാസംമുട്ടൽ, പൊട്ടാസ്യം പെട്ടെന്ന് കൂടുക, വിശപ്പില്ലായ്മ, ക്ഷീണം, ഛർദി തുടങ്ങിയവ അനുഭവപ്പെട്ടാൽ കിഡ്നിയുടെ പ്രവർത്തനം വളരെയധികം കുറഞ്ഞുവെന്ന് മനസ്സിലാവുകയും ഡയാലിസിസ് അടിയന്തിരമായി ചെയ്യേണ്ടതുമാണ്. ഇത്തരം രോഗികൾക്ക് അനുകൂലമായ ചികിത്സാരീതി എന്നത് കിഡ്നി മാറ്റിവെക്കലാണ്. അത് എല്ലാവർക്കും സാധ്യമാകണമെന്നില്ല, അതിനാലാണ് പലരും ഡയാലിസിസിലേക്ക് പോകുന്നത്. അതു തന്നെ രണ്ടുവിധമുണ്ട്, രക്തത്തിലൂടെ ചെയ്യുന്ന ഹീമോ ഡയാലിസിസും വയറിലൂടെ ചെയ്യുന്ന പെരിറ്റോണിയൽ ഡയാലിസിസും.
ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സാഘട്ടങ്ങളിലേക്ക് കടക്കുന്ന വൃക്കരോഗികളിൽ പലരും സാമ്പത്തിക കാരണങ്ങളാൽ ഉൾപ്പെടെ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവരായിരിക്കും. ഈ സാഹചര്യത്തിൽ അവരെ മാനസികമായി പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം?
സ്ഥിരമായ കിഡ്നി രോഗങ്ങളുടെ പ്രധാന പ്രശ്നം സാമ്പത്തിക ബാധ്യതയാണ്. ജീവിതകാലം മുഴുവൻ ചികിത്സയും സാമ്പത്തിക ബാധ്യതയും താങ്ങാൻ പല കുടംബങ്ങൾക്കും കഴിയണമെന്നില്ല. ഇന്നത്തെ കാലത്ത് ഡയാലിസിസിന് ഉൾപ്പെടെ പല ചികിത്സാ സംവിധാനങ്ങളിലും സപ്പോർട്ടീവ് കെയറുകൾ ഉണ്ട്. പ്രത്യേകിച്ച് കുടുംബത്തിലെ വരുമാനമുള്ള വ്യക്തികൾക്ക് രോഗം വരുമ്പോൾ ബാധ്യത വീണ്ടും കൂടുന്നു. അതുകൊണ്ടു തന്നെ അവർക്ക് കുടുംബത്തിനകത്തും പുറത്തും മതിയായ പിന്തുണ നൽകേണ്ടത് പ്രധാനമാണ്.
Content Highlights: world kidney day, interview with nephrologist biju mv, kidney disease symptoms and causes
Published: 14 Mar 2024, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented