രക്തസമ്മർദം അഥവാ ഉയർന്ന രക്തസമ്മർദം എന്നത് ഇന്ന് ഒരു ആഗോള പൊതു ആരോഗ്യപ്രശ്നമായി മാറിയിട്ടുണ്ട്. ലോകത്താകമാനം 128 കോടി ജനങ്ങളിൽ രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അതിൽ പകുതിപേർക്കും തങ്ങൾക്ക് ഈ രോഗം ഉള്ളവിവരം അറിയില്ല എന്നതാണ്  ദുഃഖകരം. രോഗം കണ്ടെത്തി ചികിത്സ എടുക്കുന്നതിൽ വെറും 21 ശതമാനം പേർക്ക് മാത്രമേ ഈ രോഗം നിയന്ത്രണവിധേയമായിട്ടുള്ളൂ അതുകൊണ്ടുതന്നെ പ്രതിവർഷം 76 ലക്ഷം ജീവനുകളാണ്  ഈ രോഗം മൂലം പൊലിയുന്നത് .

To advertise here,

രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ

പ്രായം, വർണം , ലിം​ഗം, ഭേദമില്ലാതെ ആരെയും ബാധിക്കാവുന്ന ഒരു സാധാരണ രോഗമാണ് രക്തസമ്മർദം. എന്നിരുന്നാലും പ്രായം കൂടുതൽ ഉള്ളവർ, അമിതവണ്ണമുള്ളവർ, പതിവായി വ്യായാമം ചെയ്യാത്തവർ , ഉപ്പ് അധികം ഭക്ഷണത്തിൽ ഉപയോഗിക്കുന്നവർ മാനസിക സമ്മർദം കൂടിയവർ എന്നിവരിൽ രോഗസാധ്യത കൂടുതൽ ആണ്. പാരമ്പര്യവും ഒരു ഘടകം ആണ്. പുകവലി, അമിത മദ്യപാനം, പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും രക്തസമ്മർദ രോഗസാധ്യത വർധിപ്പിക്കും.

രോഗലക്ഷണങ്ങൾ 

സാധാരണ രോഗങ്ങൾ വ്യക്തമായ രോഗലക്ഷണങ്ങളോടെയാണ് പ്രകടമാക്കുന്നതെങ്കിൽ രക്തസമ്മർദം പലപ്പോഴും  രോഗലക്ഷങ്ങൾ ഒന്നും പ്രകടമാക്കാറില്ല. യാദൃശ്ചികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം ഒരു " നിശബ്ദ കൊലയാളി " [Silent killer] എന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നിരുന്നാലും ചിലർക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛർദി, കിതപ്പ്, കാഴ്ച മങ്ങുക , നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഏതെങ്കിലും കാണപ്പെടാം.

രോഗനിർണയം

ഒരു ബി പി അപ്പാരറ്റസിന്റെ സഹായത്തോടെ മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം സാധ്യമാകും. സിഫ്ഗ് മോമാനാനോമീറ്റർ എന്നറിയപ്പെടുന്ന ഈ ഉപകരണം കൈയുടെ മുകൾ ഭാഗത് കെട്ടി രക്തസമ്മർദം നിർണയിക്കാനാകും. സാധാരണാഗതിയിൽ മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ രക്തസമ്മർദം അളന്ന് അവ സ്ഥായിയായി കൂടുതലുണ്ടെങ്കിൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. ബി പി നോക്കുന്നതിന് മുമ്പ് വ്യായാമം ചെയ്യാനോ കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കാനോ പാടില്ല. തലേദിവസം ഉറക്കം ഒഴിയുന്നതും നന്നല്ല . 140/90 വരെ ബി പി ഉള്ളവർക്ക് സാധാരണ ഗതിയിൽ ചികിത്സ കൊടുക്കാറില്ല . അതിനു മുകളിലാണെങ്കിൽ ആദ്യം ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി ബി.പി കുറയ്ക്കാൻ ശ്രമിക്കണം. ഇങ്ങനെ ബി.പി കുറയുന്നില്ലെങ്കിൽ മറ്റുമരുന്നുകൾ നൽകുന്നതാണ് പതിവ്.

ചികിത്സയും രോഗപ്രതിരോധവും

പ്രമേഹം പോലെ തന്നെ രക്തസമ്മർദം ഒരു ജീവിത ശൈലീരോഗമാണ്. അതുകൊണ്ടുതന്നെ ചികിത്സയിൽ ആദ്യം വേണ്ടത് രക്തസമ്മർദം കുറയ്ക്കാൻ ഉതകുന്ന ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് .

നമ്മൾ ചെയ്യേണ്ടവ

  • ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ ചേർക്കുക
  • നിത്യ വ്യായാമം ശീലമാക്കുക ഓട്ടം , നീന്തൽ ,കായികവിനോദങ്ങൾ, വേഗത്തിൽ ഉള്ള നടത്തം തുടങ്ങിയ വ്യായാമമുറകളിൽ നമുക്ക് യോജിക്കുന്നതു തിരഞ്ഞെടുത്ത് അത് നിത്യവും ശീലിക്കുക.
  • ദിനവും 30 മിനിറ്റെങ്കിലും വ്യായാമത്തിൽ ഏർപ്പെടുക.
  • ശരീരഭാരം കൂടുതൽ ആണെങ്കിൽ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക.

ചെയ്യാൻ പാടില്ലാത്തവ

  • ആഹാരത്തിൽ ഉപ്പിന്റെ അളവ് ഗണ്യമായി ചേർക്കുക. 
  • ഉപ്പിൽ ഇട്ട അച്ചാറുകൾ പോലുള്ളവ കഴിക്കുക.
  • പൂരിത കൊഴുപ്പുകളും , ട്രാൻസ് ഫാറ്റും അടങ്ങിയ ഫാസ്റ്റ് ഫുഡ് കഴിക്കുക.
  • പുകവലി, പുകയില എന്നിവയുടെ ഉപയോഗം.
  • അമിതമായ മദ്യപാനം

രോഗ സങ്കീർണതകൾ

ചികിത്സിക്കുവാൻ വളരെ എളുപ്പമുള്ള ഒരു രോഗമാണ് രക്തസമ്മർദം. പക്ഷെ അവഗണിച്ചാൽ മരണംവരെ സംഭവിക്കാം. രക്തസമ്മർദം നിയന്ത്രണ വിധേയമല്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം ,വൃക്ക തകരാറിലാവുക , മറവിരോഗം, കാഴ്ച നഷ്ടപ്പെടുക, രക്തധമനികളിൽ അനൂറിസം മുതലായ പല സങ്കീർണതകൾക്കും ഇത് വഴി തെളിക്കും. രോഗം കാലതാമസമില്ലാതെ കൃത്യതയോടെ കണ്ടെത്തുകയും അനുയോജ്യമായ ചികിത്സയിലൂടെ രോഗം നിയന്ത്രണ വിധേയമാക്കി നമ്മുടെ ജീവിത  ദൈർഘ്യംകൂട്ടുക എന്നതാണ് ഈ വർഷത്തെ ലോക രക്തസമ്മർദദിന സന്ദേശം.

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.