ആലപ്പുഴ: പകർച്ചവ്യാധിക്കു പിന്നാലെ ജീവിതശൈലീരോഗത്തിലും ജില്ലയ്ക്ക് കടുത്ത ഭീഷണി. ആരോഗ്യവകുപ്പ് നടത്തിയ മൂന്നാംഘട്ട ശൈലീ സർവേയിലും ജില്ലയിലെ ആളുകളുടെ ജീവിതശൈലി ഉയർന്ന അപകടസാധ്യതയിലേക്കാണു നീങ്ങുന്നതെന്നാണ് കണ്ടെത്തൽ.

To advertise here,

30-നു മുകളിൽ പ്രായമുള്ള 3,12,251 പേരിൽ 1,45,832 പേരും ജീവിതശൈലീരോഗം വരാനുള്ള ഉയർന്ന അപകടസാധ്യതാ പട്ടികയിലാണെന്നാണ് ശൈലീ-3 ആരോഗ്യസർവേ പറയുന്നത്. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും നടത്തിയ സർവേയിലും ഉയർന്ന അപകടസാധ്യതാ പട്ടികയിൽ ജില്ലയിൽനിന്നുള്ളവരായിരുന്നു കൂടുതൽ.

കമ്യൂണിറ്റി അധിഷ്ഠിത വിലയിരുത്തൽ ചെക്‌ലിസ്റ്റ് (സി.ബി.എ.സി.) സ്കോർ നാലിനു മുകളിലുള്ളവരെയാണ് ഉയർന്ന അപകടസാധ്യതാ പട്ടികയിലുള്ളവരായി കണക്കാക്കുന്നത്. സർവേ നടത്തിയ 46.71 ശതമാനം പേരും ഈ വിഭാഗത്തിലുള്ളതാണെന്നാണു കണ്ടെത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ ഈ വിഭാഗത്തിൽ ഉൾപ്പെട്ടതും ജില്ലയിൽനിന്നാണ്.

ശൈലീ-രണ്ട് സർവേയിലും അപകടസാധ്യതയുള്ളവർ കൂടുതൽ ആലപ്പുഴയിലായിരുന്നു. ഇത്തവണയും മാറ്റമുണ്ടായില്ല. 46.31 ശതമാനം പേരുള്ള തൃശ്ശൂരാണ് രണ്ടാമത്. 34.33 ശതമാനം പേരുള്ള ഇടുക്കിയിലാണ് കുറവ്.

ഇനിയും ജില്ലയുടെ ചില ഭാഗങ്ങളിൽ സർവേ പൂർത്തിയാകാനുണ്ട്. അതിനുശേഷമേ അന്തിമ കണക്കാകൂ. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും വ്യായാമം ശീലമാക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധിയെക്കാൾ മാരകമായി മാറുമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. 

പ്രമേഹവും രക്തസമ്മർദവുമുള്ളത് 22,553 പേർക്ക്

ജില്ലയിൽ രക്തസമ്മർദത്തിനു ചികിത്സയിലുള്ള 50,719 പേരെയാണ് സർവേയിൽ കണ്ടെത്തിയത്. പ്രമേഹത്തിനു ചികിത്സയിലുള്ള 23,848 പേരെയും കണ്ടെത്തി. 22,553 പേർ ഇവ രണ്ടും പിടിപെട്ടവരാണ്.

3,529 പേർക്ക് അർബുദപരിശോധന

അർബുദസാധ്യത കണ്ടെത്തിയ 3,529 പേർക്കാണ് പരിശോധന നിർദേശിച്ചത്. ഇതിൽ 2,464 പേർക്ക് സ്താനാർബുദ പരിശോധനയ്ക്കാണ് നിർദേശിച്ചിട്ടുള്ളത്. വായിലെ അർബുദം-632, ഗർഭാശയഗള അർബുദം-433 എന്നിങ്ങനെയാണ് പരിശോധനയ്ക്ക് നിർദേശിച്ചവരുടെ എണ്ണം.

ക്ഷയരോഗലക്ഷണമുള്ളത് 3,733 പേർക്ക്

ജില്ലയിലെ 3,733 പേർക്ക് ക്ഷയരോഗലക്ഷണം കണ്ടെത്തി. ഇവരെയും പരിശോധനയ്ക്കു വിധേയമാക്കും. ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗലക്ഷണം 8,348 പേരിൽ കണ്ടെത്തി.

എന്താണ് സി.ബി.എ.സി. സ്കോർ ?

കമ്യൂണിറ്റി അധിഷ്ഠിത വിലയിരുത്തൽ ചെക്‌ലിസ്റ്റ് (സി.ബി.എ.സി.) സ്കോർ രക്താതിമർദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്ഷയം തുടങ്ങിയ അവസ്ഥകൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു അപകടസാധ്യതാ വിലയിരുത്തൽ സംവിധാനമാണ്. സ്കോർ മൂന്നുവരെയാണെങ്കിൽ അപകടസാധ്യത കുറവാണ്. നാലിനു മുകളിലാണ് ഉയർന്ന അപകടസാധ്യത. ഓരോരുത്തരുടെയും ജീവിതശൈലി, പുകയില ഉപയോഗം, പ്രായം, അരക്കെട്ടിന്റെ ചുറ്റളവ്, കുടുംബചരിത്ര ഘടകങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് സ്കോർ നിശ്ചയിക്കുക.