
വയോജനങ്ങൾക്കെതിരായ അവഗണനയും അധിക്ഷേപവും പീഡനങ്ങളുമൊക്കെ കുറയ്ക്കുക ലക്ഷ്യം വച്ചാണ് ജൂൺ 15 വേൾഡ് എൽഡർ അബ്യൂസ് അവെയർനസ് ഡേ ആയി ആചരിക്കുന്നത്. വയോജനക്ഷേമത്തെക്കുറിച്ച് ചില കാര്യങ്ങൾ...
ലോകജനസംഖ്യയിൽ 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഏറിവരുകയാണ്. പ്രായമേറുംതോറും വിവിധതരത്തിലുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ വന്നുചേരാം. പ്രായമായവരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും സ്‌നേഹവും ആവശ്യമാണ്. വയോജന ചികിത്സയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് മികച്ച ആരോഗ്യം നൽകാനാകും.
ശാരീരിക, മാനസിക പ്രയാസങ്ങൾ
പലപ്പോഴും വയോധികർക്ക് ഒന്നിൽ കൂടുതൽ അസുഖങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അസുഖങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് മരുന്നുകളുടെ എണ്ണവും കൂടും. ഒരു ഉദാഹരണം നോക്കാം. എഴുപതു വയസ്സായ ഒരാൾക്ക്, പത്തുവർഷമായി പ്രമേഹമുണ്ട്. പ്രമേഹം വന്ന് ഒന്നുരണ്ട് വർഷങ്ങൾക്കുശേഷം അമിത രക്തസമ്മർദമുണ്ടായി. ഈ രണ്ട് അസുഖങ്ങൾക്കും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ഹൃദയാഘാതം വന്നു. മരുന്നുകളുടെ എണ്ണം കൂടി. കൂടാതെ പ്രമേഹത്തിന്റെ സങ്കീർണതകളായ കണ്ണുകളെ ബാധിക്കുന്ന റെറ്റിനോപ്പതിയും (Retinopathy) നാഡികളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയും (Diabetic Neuropathy). അതിനുശേഷം ഒന്നുരണ്ട് തവണ വീഴ്ചകളും ഉണ്ടായി. ഇവിടെ സൂചിപ്പിച്ച അത്രയും അസുഖങ്ങൾ ഉള്ളവർക്ക് ഏകദേശം 15-16 മരുന്നുകൾ ഒരുദിവസം കഴിക്കാനുണ്ടാകും.
ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കാൾ കൂടുതൽ മരുന്നുകളുണ്ടെന്ന് ചിലർ പരാതി പറയാറുണ്ട്. നേരേ വിപരീതമായി മരുന്നുകളെ സ്‌നേഹിക്കുന്ന വയോധികരുമുണ്ട്. മരുന്നുകളുടെ എണ്ണം കുറഞ്ഞാൽ അവർക്കൊരു സന്തോഷവുമില്ല. വിറ്റാമിൻ ഗുളികകൾ ലഭിച്ചാൽ ഈ കൂട്ടരുടെ അസുഖങ്ങൾ താനേ മാറിക്കൊള്ളും. മരുന്നുകൾ അത്യാവശ്യത്തിന് ഉപയോഗിക്കണം. എന്നാൽ അത്യാവശ്യ രോഗങ്ങൾക്കുവേണ്ടി കുറിച്ചുകൊടുക്കുന്ന മരുന്നുകൾതന്നെ ചിലർ പൂർണമായും കഴിക്കാറില്ല. മരുന്നുകളെ ഭയമാണ് ഇക്കൂട്ടർക്ക്.
ശാരീരിക ബുദ്ധിമുട്ടുകൾ ഓരോന്നായി വന്നുചേരുമ്പോൾ മാനസികസുഖം നഷ്ടമാകുന്നു. പതുക്കെ വിഷാദരോഗത്തിന് അടിപ്പെടുകയും ചെയ്യാം. വലിയൊരു ശതമാനം വയോജനങ്ങളും ശാരീരികബുദ്ധിമുട്ടുകൾ വന്നാൽ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചേരാനിടയുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ധൈര്യശാലികളായ വയോധികരെയും നമുക്ക് കാണാൻ സാധിക്കും.
പ്രായമായവർക്കായി പ്രത്യേക ചികിത്സ
60നുമുകളിൽ പ്രായമുള്ള വ്യക്തികളെ പരിചരിക്കുന്നതിന് പ്രത്യേക വിഭാഗമാണ് ജെറിയാട്രിക്സ് (Geriyatrics). വയോധികർക്ക് കഴിയുന്നത്ര സ്വയംപര്യാപ്തത നേടിക്കൊടുക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. വിദേശരാജ്യങ്ങളിൽ 1960-കളിൽതന്നെ ഈ വിഭാഗം പ്രാബല്യത്തിലുണ്ട്. ഇന്ത്യയിൽ ഇത് നിലവിൽവന്നിട്ട് അധികവർഷങ്ങളായില്ല. ജെറിയാട്രിക്സ് വിഭാഗമുള്ള ആശുപത്രികളും നമ്മുടെ രാജ്യത്ത് കുറവാണ്. വയോജനങ്ങൾക്കായി സർക്കാരിന്റെ വിവിധതരത്തിലുള്ള പദ്ധതികളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നുണ്ട്. കിടപ്പിലാകുന്ന രോഗികൾക്ക് അത്യാവശ്യ സഹായങ്ങൾ പാലിയേറ്റീവ് കെയർ വളണ്ടിയർമാർ വീടുകളിൽ ചെന്ന് ചെയ്തുകൊടുക്കുന്നുണ്ട്.
ചോദിച്ചറിയണം ലക്ഷണങ്ങൾ
ഒരു ജെറിയാട്രീഷ്യൻ, വയോധികരെ പരിശോധിക്കുമ്പോൾ ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ചോദിച്ചറിയും. വീഴ്ച, വീണുപോകുമോ എന്ന ഭയം, വിഷാദരോഗം (Depression), ഓർമക്കുറവ് (Dementia), താത്കാലികമായി കണ്ടുവരുന്ന മാനസികവിഭ്രാന്തി (Delirium), മൂത്രത്തിന്റെ നിയന്ത്രണമില്ലായ്മ (Urinary Incontinence), മലബന്ധം (Constipation) എന്നിവയാണ് പ്രധാനപ്പെട്ടവ. ഈ പ്രശ്‌നങ്ങളുമായി ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് ചുരുക്കമാണ്. മിക്കപ്പോഴും ഇക്കാര്യങ്ങൾ ഡോക്ടർ ചോദിച്ച് മനസ്സിലാക്കിയെടുക്കണം. ഈ പറഞ്ഞ ബുദ്ധിമുട്ടുകളെല്ലാംതന്നെ പ്രായമേറുന്നതിന്റെ ലക്ഷണങ്ങളായാണ് കാണുന്നത്. എങ്കിലും ഈ രോഗങ്ങൾ നിയന്ത്രണത്തിൽ വരുത്താൻ സാധിക്കും. ഓരോ രോഗത്തിന്റെയും കാരണങ്ങൾ കണ്ടുപിടിക്കുന്നതിന് ശ്രമിക്കണം. ആ കാരണങ്ങളെ നിയന്ത്രിക്കുന്നതനുസരിച്ച് രോഗിക്ക് സുഖം ലഭിക്കും. പൂർണമായി ഭേദമാക്കാൻ സാധിക്കുകയില്ലെങ്കിലും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന അവസ്ഥയെങ്കിലും രോഗിക്ക് നേടിക്കൊടുക്കുവാൻ സാധിക്കും.
മരുന്നുകൾ ശ്രദ്ധയോടെ
മരുന്നുകൾ കഴിക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടർ നിർദേശിച്ച പ്രകാരംതന്നെ വേണം കഴിക്കാൻ. സമയം തെറ്റരുത്. സ്വയം മാറ്റംവരുത്തരുത്. പലരും അവരവരുടെ സൗകര്യമനുസരിച്ച് മരുന്നുകൾ കഴിക്കും. ഈ പ്രവണത തെറ്റാണ്. മരുന്നുകളുടെ പ്രവർത്തനക്ഷമതയും രീതിയും അനുസരിച്ചാണ് കുറിപ്പടി തരുന്നത്. എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക. സ്വയംചികിത്സ വേണ്ട.
ചിലർ ഒരുദിവസത്തെ മരുന്നുകളെല്ലാംകൂടി രാവിലെത്തന്നെ കഴിച്ചുതീർക്കും. ഉദാഹരണം പറയാം, ഒരു രോഗിക്ക് തുടരെത്തുടരെ വീഴ്ചയുണ്ടായി. പരിശോധനകൾക്കുശേഷം മൂന്നുനേരമായി കഴിക്കാൻ മരുന്ന് നിർദേശിച്ചു. പറഞ്ഞിരുന്ന മരുന്നുകളെല്ലാം അദ്ദേഹം രാവിലെത്തന്നെ കഴിച്ച് 'ജോലി' തീർക്കും. ജോലി എന്ന വാക്ക് ഈ രോഗി ഉപയോഗിച്ചതാണ്. ഈ രീതി അപകടകരമാണ്.
മരുന്നുകളുടെ എണ്ണം സ്വയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കുക. ഉദാഹരണത്തിന് അമിതരക്തസമ്മർദം കുറയ്ക്കാൻ മരുന്ന് കഴിക്കുന്ന വയോധികൻ. പരിശോധിച്ചുനോക്കിയപ്പോൾ പ്രഷർ കൃത്യമായി നിൽക്കുന്നു. സ്വയം രണ്ട് മരുന്നുകൾ എന്നത് ഒന്നാക്കുന്നു. കാരണം പ്രഷർ കൃത്യമായി നിൽക്കുന്നുവെന്നതുതന്നെ. കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ പ്രഷർ വീണ്ടും കൂടാൻ സാധ്യതയുണ്ട്. സ്വയം തീരുമാനങ്ങൾ എടുക്കാതെ, ആ ഉത്തരവാദിത്വം ഡോക്ടർക്ക് വിടാം. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ തുടങ്ങി വിവിധതരത്തിലുള്ള ചികിത്സാരീതികൾ നിലവിലുണ്ട്. രോഗികൾ വയോധികരാകുമ്പോൾ ശരീരത്തിനുതകുന്ന ചികിത്സാവിധി തന്നെ തിരഞ്ഞെടുക്കണം. ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ ഒന്നിച്ചുപയോഗിക്കുന്നത് ശ്രദ്ധയോടെ വേണം. വിദഗ്ധ ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രമേ മരുന്നുകൾ കഴിക്കാവൂ.
വീഴാതെ നോക്കണം
ഒരുതവണ വീഴ്ച സംഭവിച്ചാൽ ഇനിയും വീണുപോകുമോ എന്ന ഭയം വയോജനങ്ങളെ അലട്ടിയേക്കാം. പിച്ചവെക്കുന്ന രീതിയിലായിപ്പോകും നടത്തം. അങ്ങനെ അവർ സ്വയം ഒതുങ്ങിക്കൂടാനുമിടയുണ്ട്. വീഴ്ചയിൽ എല്ല് പൊട്ടുക, തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുക എന്നീ ദുരവസ്ഥകളിലേക്കും ചിലപ്പോൾ പോകാം. ഇങ്ങനെയായാൽ അവർ കിടപ്പിലാകും. കിടപ്പിലാകുകയാണെങ്കിൽ തൊലി പൊട്ടാനുള്ള സാധ്യത കൂടുതലാണ് (Pressure sore). ചില സാഹചര്യങ്ങളിൽ മൂത്രം ഒഴിഞ്ഞുപോകുന്നതിനുള്ള ട്യൂബ്, ഭക്ഷണം കൊടുക്കുന്നതിനുള്ള ട്യൂബ് എന്നിവ ആവശ്യമായേക്കാം.
ചുരുക്കത്തിൽ മറ്റുള്ളവരുടെ സഹായത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം വരാം. ഇതെല്ലാം സംഭവിച്ചത് ഒരു വീഴ്ചയിൽനിന്നാണെന്ന് ഓർക്കണം. വയോജനങ്ങളുടെ കാര്യത്തിൽ വീഴ്ച എന്നത് രോഗാവസ്ഥയാണ്. പ്രായത്തിന്റെ പേരിൽ അത് അവഗണിക്കരുത്. വീഴ്ചയ്ക്കിടയാക്കുന്ന കാരണങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുക. പാർക്കിൻസൺസ്, മുട്ടുകളിലെ നീർവീക്കം (Osteoarthritis), പ്രമേഹംകൊണ്ടുണ്ടാകുന്ന ന്യൂറോപ്പതി ഇതെല്ലാം ചില കാരണങ്ങളാണ്. മാത്രമല്ല വയോജനങ്ങൾ കഴിക്കുന്ന ചില മരുന്നുകളും ചിലപ്പോൾ വീഴ്ചയ്ക്കുള്ള കാരണമാകാം.
ഓർമക്കുറവ് അലട്ടുമ്പോൾ
ഓർമക്കുറവ് (Dementia) പല തരത്തിലുണ്ട്. പല കാരണങ്ങളുണ്ട്. ചികിത്സകളും വ്യത്യസ്തമാണ്. അൽഷൈമേഴ്സ് രോഗമാണ് കാരണങ്ങളുടെ പട്ടികയിൽ മുന്നിൽ. ഇതിന് മരുന്നുകൾ ലഭ്യമാണ്. പക്ഷേ, പൂർണമായി ഭേദമാക്കാൻ സാധിക്കുകയില്ല. ചില സന്ദർഭങ്ങളിൽ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം ആവശ്യമായിവരും.
നിയന്ത്രണമില്ലാതെ മൂത്രംപോകൽ
വളരെയധികം മാനസികസമ്മർദം ഉണ്ടാക്കുന്ന അവസ്ഥയാണ് മൂത്രത്തിന്റെ നിയന്ത്രണമില്ലായ്മ (Urinary incontinence). പലരും ഇത് ഡോക്ടറിൽനിന്നും മറച്ചുവെക്കും. ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ഒരു രോഗാവസ്ഥയാണിത്. മരുന്നുകൾകൊണ്ടും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയും ഒരു പരിധിവരെ നിയന്ത്രിക്കാം.
മലബന്ധം ഒഴിവാക്കാൻ
വയോധികരിൽ 90 ശതമാനവും വളരെയധികം വിഷമത്തോടുകൂടി ഡോക്ടറോട് പറയുന്ന ഒരു കാര്യമാണ് മലബന്ധം. ഇത് പരിഹരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഭക്ഷണത്തിൽ നാരുകളുടെ അംശം ഉറപ്പുവരുത്താൻ ഇലക്കറികൾ, പഴങ്ങൾ (പഴച്ചാറല്ല), വാഴപ്പിണ്ടി ഇവ ഉൾപ്പെടുത്തുക. ദിവസവും രണ്ട് ലിറ്ററോളം വെള്ളം കുടിക്കുക. ഓരോ വ്യക്തിക്കും സാധിക്കുന്നത്ര വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഡോക്ടർ നിർദേശിച്ചാൽ മാത്രമേ മരുന്നുപയോഗിക്കാവൂ.
നല്ല ഉറക്കത്തിന്
ഉറക്കക്കുറവ് വയോധികരുടെ ഒരു പ്രധാന പ്രയാസമാണ്. പകലുറങ്ങാതിരിക്കുക, ചെറിയതോതിലുള്ള വ്യായാമം, രാത്രി കിടക്കുന്നതിന് മുൻപായി ടി.വി., മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക ഇതെല്ലാം ഒരു പരിധിവരെ ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. 5-6 മണിക്കൂർ ഉറക്കം കിട്ടിയാൽത്തന്നെ ഈ പ്രായക്കാർക്ക് പ്രയാസങ്ങൾ ഒഴിവാക്കാനാകും.
ഡയറ്റ് പ്ലാൻ വേണം
സമീകൃതാഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ വ്യക്തിക്കും അവരുടെ രോഗാവസ്ഥകൾകൂടി കണക്കാക്കി ഒരു ഡയറ്റ് ചാർട്ട് ഉണ്ടാക്കുന്നതാണ് നല്ലത്. ഇതിന് ഡോക്ടറും ഡയറ്റീഷ്യനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മരുന്നുകൾ ആവശ്യത്തിനനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുക.
- സ്വയംചികിത്സ ഒഴിവാക്കുക.
- കഴിയുന്നത്ര ഒരു ചികിത്സാരീതി തുടരുക. വേറെ ചികിത്സാവിധികൾ ഉപയോഗിക്കുന്നുവെന്നത് നിങ്ങളുടെ പ്രൈമറി ഫിസിഷ്യൻ അറിഞ്ഞിരിക്കണം.
- മരുന്നുകളെപ്പറ്റി ഗൂഗിൾ സെർച്ച് ചെയ്യാതിരിക്കുക. നിങ്ങൾ ഡോക്ടറോട് ചോദിച്ച് സംശയങ്ങൾ നീക്കുക.
- പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡോക്ടറെപ്പോലെ തന്നെ പ്രധനമാണ് വയോധികരെ പരിചരിക്കുന്നവരുടെ സേവനവും. വയോധികരെ പരിചരിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
- രോഗിയുടെ അവസ്ഥ പരിചരിക്കുന്നവർ പൂർണമായി മനസ്സിലാക്കണം.
- മരുന്നുകളെക്കുറിച്ചും അവ കഴിക്കുന്ന രീതികളെക്കുറിച്ചും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയിരിക്കണം.
- രോഗിയുടെ താത്പര്യങ്ങൾക്ക് യോജിച്ചരീതിയിൽ പെരുമാറണം.
- ചില സന്ദർഭങ്ങളിൽ രോഗിയുടെ ഇംഗീതത്തിനനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ടിവന്നേക്കാം. ആ സാഹചര്യത്തെ ക്ഷമയോടെ നേരിടണം.
- ഓർമക്കുറവുള്ള രോഗികളെ പരിചരിക്കുന്ന വ്യക്തിക്ക് മാനസിക സമ്മർദം (Care giver stress) വരാതെ നോക്കണം. ഇതിന് ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടണം.
- രോഗിയുടെ സ്വാതന്ത്ര്യത്തിൽ അമിതമായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണം.
- രോഗിയുടെ ഒപ്പം നിൽക്കാൻ ശ്രമിക്കണം, എന്നാൽ അവർക്ക് ശല്യമാവുകയുമരുത്.
40 പിന്നിടുമ്പോൾ തന്നെ പരിശോധന
40 വയസ്സിന് മുകളിലുള്ളവരെല്ലാം ആറുമാസം കൂടുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾക്ക് വിധേയമാകുന്നത് നല്ലതാണ്. ചില രോഗകാരണങ്ങളെങ്കിലും നേരത്തെ അറിയുന്നതിന് ഇതിലൂടെ സാധിക്കും.
ഇങ്ങനെയുള്ള പരിശോധനകൾ വഴി പിന്നീട് ഉണ്ടാകാവുന്ന ഓർമക്കുറവ്, കേൾവിക്കുറവ്, കാഴ്ചക്കുറവ്, വിഷാദരോഗം തുടങ്ങിയ അസുഖങ്ങൾ സമയനഷ്ടം കൂടാതെ തിരിച്ചറിയാൻ സാധിച്ചേക്കാം. കഴിയുന്നത്ര വേഗത്തിൽ ചികിത്സ തുടങ്ങാനും ഇത് സഹായിക്കും.
Content Highlights: world elder abuse awareness daym how to take care of elders
Published: 15 Jun 2023, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented