ലോകമെമ്പാടും 460 ദശലക്ഷം ആളുകളെ ബാധിക്കുന്ന പ്രമേഹം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണത്തിനും വരെ ഹേതുവാകുന്നു. നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുമ്പോള്‍ സമൂഹത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വ്യക്തികള്‍ക്കും പ്രമേഹരോഗത്തെ കുറിച്ച് ചിന്തിക്കാനും, രോഗത്തെ നേരിടാനുമുള്ള അവസരം ഒരുങ്ങുകയാണ്. 2024-ലെ പ്രമേഹദിനത്തില്‍, പ്രമേഹ പരിപാലനത്തിലെ പുതിയ പുരോഗതികള്‍, മുന്‍കരുതലുകളുടെ പ്രാധാന്യം, ബോധവത്കരണം, വിദ്യാഭ്യാസം എന്നിവ ചര്‍ച്ചാവിഷയമാകും.

To advertise here,

പ്രമേഹം: ആഗോള ആരോഗ്യ പ്രതിസന്ധി

പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്തുന്ന ചിരസ്ഥായിയായ രോഗമാണ്. രണ്ട് തരം പ്രമേഹങ്ങളാണ് സാധാരണയായി കാണുന്നത്:

ടൈപ്പ് 1 പ്രമേഹം

ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്ന ഓട്ടോഇമ്മ്യൂണ്‍ രോഗമാണിത്. സാധാരണയായി ബാല്യത്തിലോ കൗമാരത്തിലോ ആരംഭിക്കുന്നു, ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ ചികിത്സ ആവശ്യമാണ്.

ടൈപ്പ് 2 പ്രമേഹം 

ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുകയോ, ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുന്ന അവസ്ഥ. സാധാരണയായി പ്രായപൂര്‍ത്തിയായവരിലാണ് പ്രമേഹം കൂടുതലും കണ്ടുവരുന്നതെങ്കിലും ഇന്ന് കുട്ടികളെയും ബാധിക്കുന്നുണ്ട്്. അമിതവണ്ണമുള്ളവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ ഗര്‍ഭകാല പ്രമേഹവും കണ്ടുവരുന്നുണ്ട്, ഇത് പ്രസവത്തിന് ശേഷം സാധാരണയായി കുറയുമ്പോഴും, തുടര്‍ന്നുള്ള ജീവിതത്തില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സര്‍വസാധാരണമാകുന്ന പ്രമേഹം 

ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, വ്യായാമമില്ലായ്മ, അമിതവണ്ണം മുതലായവ കാരണം പ്രമേഹം വന്‍തോതില്‍ വര്‍ധിക്കുകയാണ്. 2030-ഓടെ, ലോകാരോഗ്യ സംഘടന(WHO) കണക്കുകള്‍ പ്രകാരം, പ്രമേഹം ലോകത്തിലെ ഏഴാമത്തെ പ്രധാന മരണകാരണമാകും.

പ്രമേഹത്തിന് വേണ്ടത്ര പരിചരണം ലഭിക്കാത്തവര്‍ക്ക് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം, നാഡീ തകരാര്‍, കാഴ്ച നഷ്ടപ്പെടല്‍, അവയവ വിച്ഛേദനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഈ പ്രശ്നങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം.

പ്രമേഹ നിയന്ത്രണത്തിലെ പുരോഗതികളും തടസ്സങ്ങളും

പ്രമേഹം വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും, കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ പ്രമേഹ പരിചരണരംഗത്ത് വലിയ പുരോഗതികള്‍ കൈവരിച്ചിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ, രോഗത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ചികിത്സയിലേക്ക് ഫോക്കസ് മാറിയിരിക്കുകയാണ്.

1. ഇന്‍സുലിന്‍ ചികിത്സ: ടൈപ്പ് 1 പ്രമേഹത്തിനും ചില ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും പ്രാഥമിക ചികിത്സ എന്നത് ഇന്നും ഇന്‍സുലിനാണ്. വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനുകളും ദീര്‍ഘകാല പ്രവര്‍ത്തനശേഷിയുള്ള ഇന്‍സുലിനുകളും, ഇന്‍സുലിന്‍ പമ്പുകളും പ്രചാരത്തിലായതോടെ ഇന്‍സുലിന്‍ ചികിത്സ എളുപ്പമാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് അനായാസമാവുകയും ചെയ്തു.

2. കഴിക്കുന്ന മരുന്നുകള്‍ GLP-1 ആഗോണിസ്റ്റുകള്‍: ടൈപ്പ് 2 പ്രമേഹത്തിനുള്ള മെറ്റ്ഫോര്‍മിന്‍, സള്‍ഫോണില്യുറിയാസ്, GLP-1 റിസപ്റ്റര്‍ ആഗോണിസ്റ്റുകള്‍, SGLT-2 ഇന്‍ഹിബിറ്ററുകള്‍ തുടങ്ങിയ പുതിയ മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ, ഇവ  കാര്‍ഡിയോ വാസ്‌കുലര്‍ രോഗസാധ്യതകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

3. തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം (CGM):  ശരീരത്തിലെ ഗ്ലൂക്കോസ് നിരക്കുകള്‍ അറിയാന്‍ സഹായിക്കുന്നത് വഴി CGM സംവിധാനങ്ങല്‍ പ്രമേഹ നിയന്ത്രണത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗ്ലൂക്കോസ് മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ വ്യക്തിഗത പരിചരണ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ കഴിയും.

4. ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് സിസ്റ്റങ്ങള്‍: 'ക്ലോസ്ഡ്-ലൂപ്പ് സിസ്റ്റങ്ങള്‍'(ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ്) ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവുന്നുണ്ട്. ഈ സിസ്റ്റങ്ങള്‍ ഇന്‍സുലിന്‍ പമ്പുകളും തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണവും ഉള്‍പ്പെടുത്തി, ശരീരത്തിലെ ആരോഗ്യമുള്ള  പാന്‍ക്രിയാസ് പോലെ ഇന്‍സുലിന്റെ വിതരണം സ്വയം നിയന്ത്രിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളതാണ്.

5. ശസ്ത്രക്രിയ: ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ അമിതവണ്ണമുള്ളവരെ ചികിത്സിക്കാനും, ചില രോഗികളില്‍ ടൈപ്പ് 2 പ്രമേഹത്തെ കുറയ്ക്കാനും രോഗവിമുക്തി കൈവരിക്കാനും സഹായിക്കുന്നു.

ഈ പുരോഗതികള്‍ക്കിടയിലും പ്രമേഹ പരിചരണത്തില്‍ ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നു. ചില രാജ്യങ്ങളില്‍ മരുന്നുകളുടെ ചിലവ് ഒരു വലിയ പ്രതിസന്ധിയാണ്. കൂടാതെ, പ്രമേഹവുമായി ജീവിക്കുന്നവര്‍ക്കുള്ള കൂടുതല്‍ സമഗ്രമായ വിദ്യാഭ്യാസത്തിന്റെയും സഹായത്തിന്റെയും ആവശ്യകതകളും വര്‍ധിച്ചുവരുന്നുണ്ട്.

നിയന്ത്രണത്തിന്റെ വഴികള്‍ 

പ്രമേഹ ചികിത്സയില്‍ മുന്‍കരുതല്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ജീവിതശൈലി മാറ്റങ്ങളിലൂടെ തടയാനാകും. 

പ്രമേഹത്തെ തടയാനുള്ള പ്രധാന നടപടികള്‍:

ആരോഗ്യകരമായ ഭക്ഷണം:  ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃതമായ ഭക്ഷണക്രമം പ്രമേഹം ഒഴിവാക്കാന്‍ സഹായിക്കും.

വ്യായാമം: ദിവസവും 30 മിനിറ്റ് നടക്കല്‍ അല്ലെങ്കില്‍ നീന്തല്‍ പോലുള്ള ലളിതമായ വ്യായാമങ്ങള്‍ പോലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും.

ശരീരഭാര നിയന്ത്രണം: ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് ടൈപ്പ് 2 പ്രമേഹത്തിന് ഇന്‍സുലിന്‍  ഒഴിവാക്കുന്നതിന് സഹായിക്കും.

തുടര്‍ച്ചയായ പരിശോധന: രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിലൂടെ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രമേഹം കണ്ടെത്താനും, ഉയര്‍ന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയാനും സഹായിക്കും.

ലോക പ്രമേഹ ദിനം 2024: കരുതലോടെ മുന്നോട്ട്

'ലോക പ്രമേഹ ദിനം 2024' ആചരിക്കുന്നതിലൂടെ, പ്രമേഹത്തിനെതിരെ പൊരുതാനുള്ള പ്രതിജ്ഞ നമുക്ക് പുതുക്കാം. ഈ വര്‍ഷം പ്രമേഹ പ്രതിരോധം, ഗുണമേന്മയുള്ള പരിചരണം, എന്ന ആശയത്തോടെ പ്രമേഹത്തോടൊപ്പം ജീവിക്കുന്നവരെ പിന്തുണക്കുകയും, ആഗോള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി വിജയകരമായി നിയന്ത്രിക്കാനും വ്യക്തികള്‍ക്ക് ദീര്‍ഘകാലം ആരോഗ്യമുള്ള ജീവിതം നയിക്കാനും അവശ്യസേവനങ്ങള്‍ ലഭ്യമാക്കാനും പൊതുജനങ്ങള്‍ക്കും ആരോഗ്യസേവനദാതാക്കള്‍ക്കും ശരിയായ അവബോധം ആവശ്യമാണ്.

ലോകത്ത് നിന്നും പ്രമേയം നിര്‍മാര്‍ജനം ചെയ്യാന്‍ ഇനിയുമേറെ മുന്നേറേണ്ടിയിരിക്കുന്നു. എന്നിരിക്കിലും കൂടുതല്‍ മെച്ചപ്പെട്ട ഗവേഷണങ്ങളിലൂടെ, മികച്ച ചികിത്സകളിലൂടെ, പ്രതിരോധരീതികളിലൂടെ ഈ ദീര്‍ഘകാല രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ദശലക്ഷ കണക്കിന് വ്യക്തികളുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

അവബോധം വര്‍ധിപ്പിക്കുന്നതിലൂടെയും മാറ്റങ്ങള്‍ക്കായുള്ള നടപടികള്‍ സ്വീകരിക്കുന്നതിലൂടെയും പ്രമേഹത്തിനെതിരായ പോരാട്ടത്തില്‍ ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാനാവുമെന്നതിന്റെ ഓര്‍മപ്പെടുത്തലാകട്ടെ ഈ ആഗോള പ്രമേഹദിനം.