
കഴിഞ്ഞ ദിവസമാണ് പാലക്കാട്ടു 40 മണിക്കൂര്‍ മാത്രം പ്രായമുള്ള നവജാതശിശുവില്‍ കാണപ്പെട്ട പാന്‍ഡിയ ഡിസ്‌പേഴ്‌സ എന്ന ഗുരുതര അണുബാധ നീക്കം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. രക്തത്തില്‍ 'പാന്‍ഡിയ ഡിസ്‌പേഴ്‌സ' ബാധിച്ച കുഞ്ഞിനെയാണ് അഹല്യ(സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി)യില്‍ 14 ദിവസം നീണ്ട വിദഗ്ധ ചികിത്സയ്‌ക്കൊടുവില്‍ രക്ഷിച്ചത്.
രാജ്യത്തെ നവജാതശിശുക്കളില്‍ മൂന്നാം തവണയാണ് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കേരളത്തില്‍ ആദ്യമായാണെന്നും ആശുപത്രിയിലെ നിയോനാറ്റോളജിസ്റ്റുകളായ ഡോ. പദ്‌മേഷ്, ഡോ. രത്‌നപ്രതീപ് എന്നിവര്‍ പറയുന്നു.
വാളയാറിലുള്ള ദമ്പതിമാരുടെ മാസം തികയാതെ ജനിച്ച കുഞ്ഞിലാണ് അണുബാധ സ്ഥിരീകരിച്ചത്. ശ്വാസംമുട്ടലും രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ എണ്ണക്കുറവുമുണ്ടായിരുന്നു. ലെവല്‍-മൂന്ന് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി നടത്തിയ രക്തപരിശോധയിലാണ് 'പാന്‍ഡിയ ഡിസ്‌പേഴ്‌സ' അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ പലരും എന്താണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ എന്ന അണുബാധ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. മധ്യപ്രദേശില്‍ രണ്ടു തവണയും കേരളത്തില്‍ ആദ്യമായും റിപ്പോര്‍ട്ട് ചെയ്ത പാന്‍ഡിയ ഡിസ്‌പേഴ്‌സ എന്താണെന്നും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ഡോ. പത്മേഷ് വിവരങ്ങള്‍ പങ്കുവെക്കുന്നു.
എന്താണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ?
അന്തരീക്ഷത്തില്‍ കണ്ടുവരുന്ന ഒരു ബാക്റ്റീരിയ ആണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ. ഇന്ത്യയിലെ നവജാതശിശുക്കളില്‍ ഇത് മൂന്നാം തവണയാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. 2013-ല്‍ മധ്യപ്രദേശിലെ ഒരു ആശുപത്രിയിലെ രണ്ട് കുട്ടികള്‍ക്ക് പാന്‍ഡിയ ഡിസ്‌പേഴ്‌സ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവജാത ശിശുക്കളായിരുന്ന അവരില്‍ ഒരാള്‍ മരണപ്പെട്ടു.
നാല്‍പതു മണിക്കൂര്‍ പ്രായമുള്ള കുട്ടിയെയാണ് 'അഹല്യ' യില്‍ പ്രവേശിപ്പിച്ചത് . വേറൊരു ആശുപത്രിയില്‍ നിന്നാണ് റഫര്‍ ചെയ്യുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ശ്വാസംമുട്ടലും മറ്റുമായിരുന്നു. അനക്കമില്ലാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത്. ഒപ്പം കുഞ്ഞിന്റെ നിറത്തിനും മാറ്റമുണ്ടായിരുന്നു. സാധാരണ നവജാതശിശുക്കള്‍ പിങ്ക് കലര്‍ന്ന ചുവന്ന നിറത്തോടെയാണ് കാണാറുള്ളത്. ഈ കുഞ്ഞിന്റെ ശരീരം നീല കലര്‍ന്ന നിറത്തിലായിരുന്നു. ശ്വാസം നിന്നുപോകുന്നുണ്ടായിരുന്നു. രക്തയോട്ടവും ബി.പിയും കുറവായിരുന്നു. കണ്ടപ്പോള്‍ തന്നെ ഇന്‍ഫെക്ഷനാണെന്നു മനസ്സിലായി. അങ്ങനെ റെസ്പിറേറ്ററി സപ്പോര്‍ട്ട് എല്ലാം നല്‍കി ആന്റിബയോട്ടിക് ആരംഭിച്ചു. പ്ലേറ്റ്‌ലേറ്റ് കൗണ്ട് നോക്കുമ്പോള്‍ സാധാരണ 1.5 ലക്ഷത്തിന് മീതെയാണ് ഉണ്ടാകേണ്ടത്, അത് മുപ്പതിനായിരമേ ഉണ്ടായിരുന്നുള്ളു. പിന്നെയത് 21000, 15000 എന്നീ നിലകളിലേക്ക് കുറഞ്ഞു. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളുടെ പ്ലേറ്റ്‌ലേറ്റ് കൗണ്ട് ഇത്ര കുറയുമ്പോള്‍ ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ കുറേ തവണ പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ കൊടുക്കേണ്ടി വന്നു. ഒപ്പം പ്ലാസ്മ ട്രാന്‍സ്ഫ്യൂഷനും ചെയ്തു. ബ്ലഡ് കള്‍ച്ചറിന്റെ റിസല്‍ട്ട് വന്നപ്പോഴാണ് രോഗം പാന്‍ഡിയ ഡിസ്‌പേഴ്‌സ ആണെന്ന് തിരിച്ചറിയുന്നത്. കുഞ്ഞ് അഡ്മിറ്റായി മുപ്പത്തിയാറു മണിക്കൂറിനു ശേഷമാണ് റിപ്പോര്‍ട്ട് വരുന്നത്. റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ പലരും അതിശയിച്ചിരുന്നു, ഇത്തരമൊരു ബാക്റ്റീരിയയെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ റിസര്‍ച്ചിലാണ് അപൂര്‍വമായി കാണപ്പെടുന്ന പാന്‍ഡിയ ഡിസ്‌പേഴ്‌സ ആണെന്ന് മനസ്സിലായത്.
പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ബാക്റ്റീരിയ വേഗത്തില്‍ കടന്നാക്രമിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലാകെ രണ്ട് നവജാതശിശുക്കള്‍ക്ക് മാത്രമേ രോഗം മുമ്പ് ബാധിച്ചിട്ടുള്ളൂ എന്ന് മനസ്സിലായത്.. നവജാതശിശുക്കള്‍ക്ക് പൊതുവേ പ്രതിരോധശേഷി കുറവായിരിക്കും. മാസം തികയാതെ പ്രസവിച്ചിട്ടുള്ള കുട്ടികളുടെ കാര്യത്തില്‍ പ്രതിരോധശേഷി വീണ്ടും കുറവായിരിക്കും.
ബാധിക്കുന്നത് എങ്ങനെ?
വെള്ളത്തിലൂടെയും ഐ.വി ഫ്‌ലൂയിഡിലൂടെയും ഈ ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിക്കാം. ചെടികള്‍ക്കിടയിലും മറ്റും ഈ ബാക്റ്റീരിയ ഉണ്ടാവാം. പച്ചക്കറിയും പഴവര്‍ഗങ്ങളുമൊക്കെ വേണ്ടത്ര കഴുകാതെ ഉപയോഗിക്കുന്നതുവഴിയും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതു വഴിയുമൊക്കെ ബാക്റ്റീരിയ കടന്നുകയറാം. രോഗ പ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള ശരീരത്തില്‍ ഇവ പ്രവേശിച്ചാലും കുഴപ്പങ്ങളൊന്നും സംഭവിക്കില്ല. ചെരിപ്പില്ലാതെ നടക്കുന്നതു വഴി മുള്ളു കുത്തുകയോ മറ്റോ ചെയ്താല്‍ മുള്ളില്‍നിന്നും ഈ രോഗാണു ശരീരത്തില്‍ പ്രവേശിക്കാനിടയുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവരെ ബാധിക്കുമ്പോള്‍ പെട്ടെന്നാണ് ഗുരുതര നിലയിലേക്കെത്തുന്നത്. ഇന്‍ഫെക്ഷന്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ആദ്യം ചെയ്യുക ബ്ലഡ് കള്‍ച്ചര്‍ ടെസ്റ്റാണ്. എന്നാല്‍ മാത്രമേ ബാക്റ്റീരിയയെ കണ്ടുപിടിക്കാനാവൂ.
ലക്ഷണങ്ങള്‍
ഈ അണുബാധ ശരീരത്തെ ബാധിക്കുമ്പോള്‍ ചെറിയ പനി, ചുമ പോലുള്ളവയല്ല ഉണ്ടാകുന്നത്. പകരം ഗുരുതര ലക്ഷണങ്ങളാണ് ഉണ്ടാവുക.
തീരെ വയ്യാതെ അബോധാവസ്ഥയിലാവുക, ശ്വാസംമുട്ടല്‍ ഉണ്ടാവുക, പള്‍മണറി ഹെമറേജ്, കിഡ്‌നി ഫെയിലര്‍ തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക.
മുതിര്‍ന്നവരില്‍ പ്രതിരോധശേഷി കുറഞ്ഞവരാണെങ്കില്‍ ഇന്‍ഫെക്ഷന്‍ ബാധിക്കുമ്പോള്‍ ഗുരുതരമാകാറുണ്ട്. രക്തം എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം ഇന്‍ഫെക്ഷന്‍ ബാധിക്കും. പല അവയവങ്ങളെയും ബാധിച്ച് ഓരോ അവയവങ്ങള്‍ക്കായി പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങും.
ചികിത്സ
ബാക്റ്റീരിയ ആയതിനാല്‍ ചികിത്സ ആന്റിബയോട്ടിക് തന്നെയാണ്. ബ്രോഡ് സ്‌പെക്ട്രം ആന്റിബയോട്ടിക് എന്ന രീതിയിലാണ് ചികിത്സ ആരംഭിക്കുക. പൊതുവേ വരുന്ന എല്ലാ ബാക്റ്റീരിയകള്‍ക്കും എതിരെയുള്ള ചികിത്സ. എന്തൊക്കെ ഇന്‍ഫെക്ഷനാണോ അവയെ എല്ലാം ബ്ലോക് ചെയ്യുന്ന വിധത്തില്‍. അപ്പോഴേക്കും കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരും. അതില്‍ കൃത്യമായി ഈ ബാക്റ്റീരിയക്ക് ഏത് ആന്റിബയോട്ടിക് ആണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞിരിക്കും. ബാക്റ്റീരിയയുടെ സെന്‍സിറ്റിവിറ്റിക്ക് അനുസരിച്ചാണ് ആന്റിബയോട്ടിക് നല്‍കേണ്ടത്. ഇന്‍ഫെക്ഷനെ പരിഹരിക്കാന്‍ മാത്രമാണ് ആന്റിബയോട്ടിക്കുകള്‍. ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ബാക്കിയുള്ള പ്രശ്‌നങ്ങള്‍ക്കും അവയവങ്ങള്‍ക്ക് പ്രശ്‌നം വന്നവര്‍ക്കും അതാതു വിദഗ്ധ ചികിത്സകള്‍ തന്നെ നല്‍കണം.
പൂര്‍ണമായും ഭേദപ്പെട്ടവരില്‍ ഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ല. പക്ഷേ, ഇവ ബാധിക്കുന്നത് രോഗ പ്രതിരോധശേഷി കുറഞ്ഞവരെ ആയതിനാല്‍ മരണസാധ്യത വര്‍ധിപ്പിക്കുന്ന കാരണവുമാണ്. രോഗ പ്രതിരോധശേഷി തീരെ കുറഞ്ഞവരെ മാത്രമേ ഈ ബാക്റ്റീരിയക്ക് ആക്രമിക്കാനാവൂ. ആരോഗ്യമുള്ള ശരീരങ്ങളില്‍ ലക്ഷണങ്ങള്‍ പോലും വരാതെ ഇന്‍ഫെക്ഷന്‍ വന്നു എന്നു പോലും തിരിച്ചറിയാതെ മാറിപ്പോവുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ടത്
ശുചിത്വം പ്രധാനമാണ്. ഐ.സി.യുവില്‍ കയറുന്നതിന് മുമ്പ് രണ്ടു മിനിറ്റോളമെടുത്ത് നന്നായി കൈകള്‍ കഴുകിയതിനു ശേഷം ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിച്ചു വേണം കയറേണ്ടത്. വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കുക.
Content Highlights: what is pantoea dispersa, pantoea dispersa infection
Published: 30 Apr 2022, 01:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented