മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്(ബ്ലാക്ക് ഫംഗസ്). സാധാരണ റിനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസ് (ROCM) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നത് റൈസോപ്പസ് എന്ന വകഭേദത്തിൽപെട്ട ഫംഗസ് ആണ്.

നാസികാദ്വാരം, മാക്സില്ലറി സൈനസ് എന്നിവയുടെ അണുബാധയായിട്ടാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, ഇത് അടുത്തുള്ള ഘടനകളിലേക്ക് വ്യാപിക്കുകയും റിനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസ് (ROCM) എന്നറിയപ്പെടുന്ന ഒരു അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 

അപൂർവമാണെങ്കിലും, കാൻഡിഡയ്ക്കും ആസ്പർജില്ലസിനും പിന്നിലുള്ള മൂന്നാമത്തെ ഏറ്റവും സാധാരണമായ ഫംഗസ് അണുബാധയാണ് റിനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസ് (ROCM).  ഇത് സാധാരണ കാണുന്നത് താഴെ പറയുന്ന അസുഖങ്ങൾ ഉള്ളവരിലാണ്.

  1. അനിയന്ത്രിതമായ പ്രമേഹം
  2. രോഗപ്രതിരോധ ശേഷി കുറവുള്ളവർ 
  3. ക്യാൻസർ രോഗികൾ, ക്യാൻസർ രോഗത്തിന് മരുന്നെടുക്കുന്നവർ
  4. ഇടക്കിടക്ക് രക്തം കയറ്റുന്ന രോഗികൾ
  5. ഉയർന്ന അളവിൽ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവർ
  6. എച്ച്.ഐ.വി. രോഗബാധിതർ

കോവിഡ് 19 ൽ  അനിയന്ത്രിതമായ പ്രമേഹ രോഗികളിലും ദീർഘനേരം ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകൾ ഉപയോഗിക്കേണ്ടി വരുന്ന രോഗികളിലുമാണ് ഈ അണുബാധ കണ്ടുവരുന്നത്.

ഇത് കോവിഡിന്റെ സങ്കീർണതയോ നേരിട്ടുള്ള ഫലമോ ആയി പറയാൻ കഴിയില്ല. മേൽപറഞ്ഞ ഏതെങ്കിലും അവസ്ഥ ഉള്ള കോവിഡ് രോഗികളിലാണ് ഇത് കണ്ടുവരുന്നത്.
റിനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസിൽ (ROCM), അണുബാധ സാധാരണയായി മൂക്കിലോ,മാക്സില്ലറി സൈനസിലോ ആരംഭിച്ച് സ്ഫെനോയ്ഡ് അല്ലെങ്കിൽ എഥ്മോയിഡ് സൈനസിലേക്ക് പടരുന്നു. അവിടെ നിന്ന്, ആണ് ഇത് കണ്ണിലേക്ക് പരക്കുന്നത്. ഇത് കണ്ണിന്റെ പല അസുഖങ്ങളായി കാണപ്പെടാം. ആദ്യം ഇത് സൈനസൈറ്റിസ്സിന്റെ ലക്ഷണങ്ങളായിട്ടാണ് തുടങ്ങുന്നത്. പിന്നീട് കൺപോളകൾക്ക് നീര്, കണ്ണിന് ചുവന്ന നിറം, വേദന, കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയൊക്കെ കാണാൻ സാധിക്കും. ഇവ തലച്ചോറിലേക്കും ബാധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുന്ന രോഗികളിൽ തലവേദന, അപസ്മാരം, ബോധം നഷ്ടപ്പെടൽ,സ്ട്രോക്ക് എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു.

കോവിഡ് രോഗികളിൽ ഇത് വരാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത് ഇതാണ്

  1. ബ്ലഡ് ഷുഗർ കൃത്യമായി ചികിത്സിച്ച് നിയന്ത്രണവിധേയമാക്കുക.
  2. ഓക്സിജൻ കൊടുക്കുന്ന രോഗികളാണെങ്കിൽ ഹ്യുമിഡിഫൈയർ ദിവസവും വൃത്തിയാക്കുക. അതിൽ ഒഴിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പു വരുത്തുക.
  3. രോഗിയുടെ ശുചിത്വം ഉറപ്പുവരുത്തുക.
  4. വായ്പുണ്ണ്, പല്ലിന്റെ പഴുപ്പ് ഇവയൊക്കെ പെട്ടെന്നുതന്നെ ചികിത്സിച്ചു ഗുണപ്പെടുത്തുക.

കോവിഡ് രോഗം പോലെ തന്നെ ഈ ബ്ലാക്ക് ഫംഗസ് ബാധയും പ്രതിരോധിക്കുന്നതാണ് പ്രധാനം. ഇത് എല്ലാ കോവിഡ് രോഗികളിലും കാണാനുള്ള സാധ്യത കുറവാണ്. ശരീരത്തിന്റെ പ്രതിരോധ ശക്തി കുറക്കുന്ന മരുന്നുകൾ അഥവാ അങ്ങനെ സംഭവിപ്പിക്കുന്ന മേൽപറഞ്ഞ രോഗാവസ്ഥകൾ ഉള്ള രോഗികളിൽ മാത്രമേ ഈ ഫംഗസ് ബാധ ഉണ്ടാവാൻ സാധ്യതയുള്ളൂ.  ശുചിത്വമുറകൾ പാലിക്കുകയും ഷുഗർ നിയന്ത്രിക്കുന്നതു വഴിയും ബ്ലാക്ക് ഫംഗസ് ബാധ തടയാൻ സാധിക്കും.

(പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: What is mucormycosis or black fungus, Covid19, Corona Virus, Health