അപകടകരമായ അണുബാധകളിൽ നിന്ന് ജീവൻ രക്ഷിക്കുന്നതിൽ ആന്റിബയോട്ടിക്കുകളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ അതേ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളുടെ എണ്ണവും പെരുകുകയാണ്. ആന്റിബയോട്ടിക്കുകളോട് പ്രതികരിച്ചിരുന്ന ബാക്ടീരിയകൾ പതിയെ അവയെ അതിജീവിക്കുന്ന ഈയവസ്ഥയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ആഗോളതലത്തിൽ ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയാണ് പുതിയൊരു പഠനം.

To advertise here,

ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകൾ പെരുകുന്നത് എങ്ങനെയാണ് എന്നതാണ് പഠനം വ്യക്തമാക്കുന്നത്. സിഎസ്ഐർ-സിസിഎംബിയിൽ (CSIR-Centre for Cellular and Molecular Biology) നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള മലിനജലാശയങ്ങൾ ഇവയുടെ പ്രധാന ഉറവിടമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി ഗവേഷകർ മലിനജലാശയങ്ങളിലെയും അഴുക്കുചാലുകളിലെയും ജലം പരിശോധിച്ചു. ആശുപത്രികൾ, വീടുകൾ, വ്യവസായശാലകൾ തുടങ്ങിയവയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകുന്ന ജലാശയങ്ങളിൽ ബാക്ടീരിയകൾ ഉയർന്ന തോതിലുണ്ടാവും. ഇതിലൂടെ ആ നഗരത്തിൽ വ്യാപകമാവുന്ന സൂക്ഷ്മാണുക്കളുടെ ഏകദേശധാരണ ലഭ്യമാവും.

2022 മാർച്ച് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തിനിടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിൽ നിന്നുള്ള 447 മലിനജലാശയങ്ങൾ ഗവേഷകർ പരിശോധിച്ചു. ഓരോ നഗരങ്ങളിലും ആധിപത്യമുള്ള ചില ബാക്ടീരിയകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ബാക്ടീരിയകൾ ഓരോ നഗരങ്ങളിലും വ്യത്യസ്തമാണെങ്കിലും ആന്റിബയോട്ടിക്കുളെ അതിജീവിക്കാൻ ബാക്ടീരിയകളെ പ്രാപ്തമാക്കുന്ന ജീനുകൾ മിക്ക നഗരങ്ങളിലും സമാനമായിരുന്നുവെന്ന് കണ്ടെത്തി. ബാക്ടീരിയകൾക്ക് ഈ ജീനുകളെ മറ്റു ബാക്ടീരിയകളുമായി പങ്കിടാൻ കഴിയുന്നുവെന്നതാണ് ഏറ്റവും ആശങ്കാജനകമെന്ന് ഗവേഷകർ പറയുന്നു.

ടെട്രാസൈക്ലിൻസ്, ബീറ്റാ ലാക്റ്റംസ് തുടങ്ങിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ബാക്ടീരിയകളെ പ്രാപ്തമാക്കുന്ന ജീനുകൾ ദ്രുതഗതിയിലാണ് പടരുന്നതെന്നും പഠനത്തിൽ കണ്ടെത്തി. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ കണ്ടുപിടിക്കുക എന്നതിനപ്പുറം അണുബാധകളെ പ്രതിരോധിക്കാനുള്ള പ്രധാന മുന്നറിയിപ്പായി ഈ പഠനം മാറുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

മലിനജലാശയങ്ങൾ നിരീക്ഷിക്കുകവഴി ആരോഗ്യപ്രവർത്തകർക്ക് രോഗവ്യാപനം നേരത്തേ തിരിച്ചറിയാനും മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ കണ്ടെത്താനും അതുവഴി ആരോഗ്യസംവിധാനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം രോഗാണുക്കൾ മരുന്നിനുമേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നത്. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും. ആന്റിബയോട്ടിക് പ്രതിരോധംമൂലം ഒരുവർഷം ലോകത്ത് 10 ലക്ഷം ആളുകൾ മരിക്കുന്നതായാണ് കണക്കാക്കുന്നത്.