കൊല്ലം: ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപടണമെന്ന് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി നിർദേശിച്ചു. പകർച്ചവ്യാധികൾ പടരുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ആഗോള ആരോഗ്യ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളെ ഭീതിയിലാഴ്ത്തുന്ന പ്രതിസന്ധിയാണ് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസെന്ന് ആരോഗ്യപ്രവർത്തകരും ആരോഗ്യസംഘടനകളും നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ, പലരും സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെതന്നെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. അശാസ്ത്രീയമായ ആന്റി മൈക്രോബിയലുകളുടെ ഉപയോഗത്തെ തുടർന്ന് ശരീരത്തിലെ മൈക്രോഫ്ളോറയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ഇവ ഫലപ്രദമല്ലാതാകുകയും ചെയ്യുന്നു. ലോകാരോഗ്യസംഘടന ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യഭീഷണി ആയിട്ടാണ് ഇതിനെ പ്രഖ്യാപിച്ചത്.
സാധാരണയായി മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും സസ്യങ്ങളിലുമൊക്കെ അണുബാധ ഉണ്ടാക്കാറുള്ളത് ബാക്ടീരിയ, വൈറസുകൾ, ഫംഗസ്, പാരസൈറ്റ്, അഥവാ പരാന്നഭോജികൾ എന്നീ അണുക്കളാണ്. ഇവയുടെ വളർച്ച തടയുകയും പൂർണമായി നശിപ്പിക്കുകയും ചെയ്യുന്ന മരുന്നുകളാണ് ആന്റിമൈക്രോബിയലുകൾ. സൂക്ഷ്മാണുക്കൾ ഈ മരുന്നുകളുടെ അനാവശ്യവും ക്രമമല്ലാത്തതുമായ ഉപയോഗംമൂലം ഇവയ്ക്കെതിരേ പ്രതിരോധിച്ചുതുടങ്ങുന്ന അവസ്ഥയാണ് ഭാവിയിൽ പ്രശ്നമാകുക. പിന്നീട് ആന്റിമൈക്രോബിയൽ മരുന്നുകൾ ഫലപ്രദമല്ലാതാകുകയും അണുബാധ ചികിത്സിക്കാൻ പ്രയാസമോ അസാധ്യമോ ആകുകയും ചെയ്യും. ഇത് ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണനിരക്ക് വർധിപ്പിക്കുന്നതിനും കാരണമാകും.
ആന്റിമൈക്രോബിയലിനോടുള്ള പ്രതിരോധം സസ്യജാലങ്ങളിലും പക്ഷിമൃഗാദികളിലും മത്സ്യങ്ങളിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. വളം, പക്ഷിത്തീറ്റ, ആന്റിബയോട്ടിക്കിന്റെ കണങ്ങൾ അടങ്ങുന്ന ജലം എന്നിവയിലൂടെ ആന്റിമൈക്രോബിയലുകൾ സസ്യപക്ഷിമൃഗാദികളിലെത്തുന്നു. ഭക്ഷ്യശൃംഖല വഴിയും പരിസ്ഥിതിയിലൂടെയും ഈ അണുക്കൾ സുലഭമായി മറ്റു ജീവജാലങ്ങളിലേക്കും വ്യാപിക്കുന്നെന്ന് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ഇൻഫെക്‌ഷ്യസ് ഡിസീസ് റെസിഡെന്റ് ഡോ. ചിത്ര സി. നാഥ് പറഞ്ഞു.
Content Highlights: Strict prohibition on using antibiotics without a doctor's prescription., Antimicrobial resistance identified as a major global health threat
Published: 28 Jun 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented