ശരീരഭാരം കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. തടി കുറയ്ക്കുന്നതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരും ഇതില്‍പ്പെടും. കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമാണ് ഇതിനുള്ള പരിഹാരം. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെയൊരു  അനുഭവമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ രാജി ഘന്‍ഘാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.  

To advertise here,

155 കിലോയായിരുന്നു രാജിയുടെ ശരീരഭാരം. നടക്കാനും ശ്വാസമെടുക്കാനും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പി.സി.ഒ.ഡി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതോടൊപ്പംസമൂഹത്തില്‍ നിന്നുള്ള പരിഹാസവും കുത്തുവാക്കുകളും കൂടിയായപ്പോള്‍ മാനസികമായി തളര്‍ന്നു. പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് ശരീരഭാരം കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയായിരുന്നു ആദ്യഘട്ടം. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയത് തന്നെ ഏറെ സഹായിച്ചുവെന്നാണ് രാജി പറയുന്നത്. രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും ഉലുവയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കി. 

ദഹനപ്രശ്നങ്ങളുള്ളവര്‍ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അതിനൊപ്പം അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാന്‍ ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

ഉലുവയില്‍ ഫ്ളെവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.  

ഫൈബര്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. നാഷണല്‍ ലൈബ്രറി ഓഫ് കൗണ്‍സിലില്‍ പ്രസിദ്ധീകരിച്ച ജേര്‍ണര്‍ ഓഫ് ഡയബെറ്റിസ് ആന്‍ഡ് മെറ്റബോളിക് ഡിസോര്‍ഡേഴ്സിലെ പഠനത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ വെള്ളം ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും ഇത് സഹായിക്കും. 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉലുവ വെള്ളം നല്ലതാണ്. ഇത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. 

പോഹയും തൈരുമാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയ സാലഡ് ഇടനേരത്ത് കഴിക്കും. ഉച്ചസമയത്ത് ഓട്‌സ് കഞ്ഞി പതിവാക്കി. ഗ്രില്‍ ചെയ്ത പച്ചക്കറികള്‍ നിറച്ച സാന്‍ഡ്‌വിച്ചാണ് രാത്രിയിലെ ഭക്ഷണം. ഇതോടൊപ്പം മുടങ്ങാതെ വ്യായാമം ചെയ്യാനും തുടങ്ങി.  വീട്ടില്‍ തന്നെ ചെയ്യാവുന്ന വര്‍ക്ക് ഔട്ടുകളാണ് പ്രധാനമായും ചെയ്തത്. നടത്തവും പതിവാക്കി. ഭക്ഷണശീലം മാറ്റിയതില്‍ തുടക്കത്തില്‍ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ ശരീരഭാരം കുറയുന്നത് പ്രകടമായതോടെ എല്ലാ സങ്കടവും മാറി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 60 കിലോ ഭാരം കുറഞ്ഞുവെന്ന് രാജി അവകാശപ്പെടുന്നു. 

(ശ്രദ്ധിക്കുക: ഇത് ഒരു വ്യക്തിയുടെ അനുഭവമാണ്. അമിതശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)