
ഭയം...! അതൊരു വേറിട്ട വികാരമാണ്. എനിക്ക് ആരെയും പേടിയില്ല എന്നു പറയുന്ന പലരും ഉള്ളിന്റെ ഉള്ളിൽ എതെങ്കിലും ഭയത്തെ നേരിടുന്നവരാണ്. വ്യത്യസ്ത രീതിയിലാണ് ഭയം ഓരോരുത്തരെയും പിടിച്ചുകുലുക്കുന്നത്. സിംഹത്തെ ഭയക്കാത്ത ഒരാൾക്ക് കൊതുകിനോട് ഭയം തോന്നുന്നത് വളരെ വിചിത്രമാണ്. വസ്തുക്കളെ മാത്രമല്ല മനുഷ്യൻ ഭയക്കുന്നത്. ബന്ധങ്ങളിലും വികാരങ്ങളിലും തുടങ്ങി പലവിധത്തിൽ ഇവ വ്യാപിച്ചിരിക്കുന്നു. യുക്തിരഹിതമായി ഉണ്ടാകുന്ന ഭയങ്ങളാണ് ഫോബിയയായി മാറുന്നത്. കമ്മിറ്റ്മെന്റ് ഫോബിയയും ഗാമോഫോബിയയും പുതുതലമുറയിൽ ട്രെൻഡായി നിലകൊള്ളുന്ന എടുത്തു പറയേണ്ട ഫോബിയകളാണ്.
ചില സ്ഥലങ്ങളെ, സാഹചര്യങ്ങളെ, വസ്തുക്കളെയെല്ലാം യുക്തിരഹിതമായി ഭയക്കുന്ന അവസ്ഥയാണ് ഫോബിയ. ഇത്തരത്തിലുണ്ടാകുന്ന ഭയം ശാരീരികമായും മാനസികമായും പല അസ്വസ്ഥതകളുമുണ്ടാക്കും. ഭയവും ഫോബിയയും പരസ്പരം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഭയം തോന്നുന്നത് തത്കാലത്തേക്കാണ് പക്ഷേ, ഫോബിയ ജീവിതത്തിന്റെ ഭാഗമാണ്. ഇത് വ്യക്തിപരവും സാമൂഹികപരവുമായ ജീവിതത്തെ ബാധിക്കും. അതുകൊണ്ടുതന്നെ ഉത്കണ്ഠ സംബന്ധമായ തകരാറായി ഇവയെ കണക്കാക്കാവുന്നതാണ്.
എന്താണ് ഫോബിയ?
''ആങ്സൈറ്റി ഡിസോർഡർ വിഭാഗത്തിൽപ്പെട്ടതാണ് ഫോബിയ. അതിതീവ്രമായ ഭയംമൂലം ഒരു കാര്യത്തെ, അതായത് എന്തിനെയാണോ ഭയക്കുന്നത് അതിനെ, പൂർണമായും അവഗണിക്കുന്ന അവസ്ഥയായി ഇതിനെ കണക്കാക്കാം. കൂടാതെ പെരുമാറ്റത്തെപ്പോലും ഫോബിയ ബാധിക്കാറുണ്ട്. ഉദാഹരണത്തിന് എസ്‌കലേറ്ററിൽ കയറാൻ ഭയമുള്ള വ്യക്തി പടികളായിരിക്കും തിരഞ്ഞെടുക്കുക. വിമാനത്തിൽ കയറാൻ ഭയമുള്ളതുകൊണ്ട് ജോലിയിലെ സ്ഥാനക്കയറ്റംവരെ വേണ്ടെന്നുവച്ച ആളുകളുണ്ട്. തീരുമാനങ്ങളെയും ജീവിതത്തെയും ഇവ വലിയരീതിയിൽ സ്വാധീനിക്കുകയും ചെയ്യും.
ഭയം തന്നെയാണ് ഫോബിയ. ഭയം എന്നുപറയുന്നത് ഫോബിയയുടെ ഒരു റൂട്ടാണ്. എന്നിരുന്നാലും ഭയം നമ്മെ പല കാര്യങ്ങളും ചെയ്യിപ്പിക്കും. എന്നാൽ ഫോബിയ ചെയ്യാൻ പറ്റാത്തതിനെ അല്ലെങ്കിൽ ഭയക്കുന്നതിനെ പരിപൂർണമായി ഒഴിവാക്കാൻ പ്രേരിപ്പിക്കും.
ഒരുപാട് ഫോബിയയുണ്ട്. ഏറ്റവും കൂടുതൽ വ്യക്തികളിൽ കണ്ടുവരുന്നത് ആൾക്കൂട്ടത്തോടുള്ള ഭയമാണ്. അഗോറാഫോബിയ എന്നാണ് ഇതിനെ പറയുന്നത്. ധാരാളം ആൾക്കാരുടെ കൂട്ടത്തിൽ നിൽക്കുക, സ്റ്റേജിൽ കയറി പ്രസംഗിക്കുക കൂടാതെ പാർക്കിങ് പോലുള്ള ബെയിസ്‌മെന്റുകളിലും മറ്റും പോകുമ്പോൾ ഇവിടെവച്ച് എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടാൻ സാധിക്കുമോ ആൾക്കൂട്ടിത്തിനിടയിൽ പെട്ടുപോകുമോ എന്നതൊക്കെ അഗോറബോബിയ എന്ന അവസ്ഥയാണ്. മറ്റൊന്ന് ക്ലോസ്ട്രോഫോബിയയാണ്. അടഞ്ഞ സ്ഥലങ്ങളിൽ ഇരിക്കാനുള്ള ബുദ്ധിമുട്ടായി ഇതിനെ കണക്കാക്കാം. എപ്പോഴും വാതിൽ ഈ കൂട്ടർക്ക് തുറന്നിടേണ്ടി വരുന്നു. വേറൊരാൾ വാതിൽ അടച്ചു കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടാണ്. സ്വന്തമായി അടച്ച് തുറക്കാവുന്നതാണ് എന്ന ബോധ്യമുണ്ടെങ്കിൽ മാത്രമേ ഇവർക്ക് ആശ്വാസമുള്ളൂ.
ഫോബിയ മാനസികമായി മാത്രമല്ല ശാരീരികമായും പ്രകടമാകുന്നതാണ്. കുറച്ചധികം ലക്ഷണങ്ങളും പ്രകടമാകും. ഫോബിയയുടെ ചിന്ത വരുമ്പോൾ തന്നെ ശരീരത്തിൽ അതിന്റെ ലക്ഷണങ്ങളുണ്ടാകും. നെഞ്ചിടിപ്പ് കൂടുക, വിറയ്ക്കുക, വിയർക്കുക, തൊണ്ട വറ്റിപ്പോവുക, ഒരു നടുക്കം പോലെ ഉള്ളിൽ അനുഭവപ്പെടുക, തലയ്ക്ക് മരവിപ്പുണ്ടാവുക, കാഴ്ച മങ്ങുക പോലുള്ളവ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന മനഃസാന്നിധ്യം ഉണ്ടാകണമെന്നില്ല. ഇത്തരം ശാരീരിക ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേതാണോ എന്നു തോന്നിപ്പോകാം. ഇത്തരത്തിലുള്ള ശാരീരികമായ പ്രകടമാകുന്ന പ്രശ്‌നങ്ങളുണ്ടാക്കാനുള്ള കെൽപ്പ് ഫോബിയക്കുണ്ട്. പക്ഷേ, ഇവ താത്കാലികവുമാണ്. ഭയം ഉണ്ടാകുന്ന സാഹചര്യത്തിൽനിന്നു വിട്ടുനിന്നാൽ വ്യക്തികൾ സാധാരണനിലയിലേക്ക് ആവുകയുംചെയ്യും.
ഫോബിയ ഏതെന്നറിഞ്ഞ് ചികിത്സ നിശ്ചയിക്കും
ചുറ്റും ആളുകളില്ലാത്ത ഒഴിഞ്ഞ സ്ഥലം അഥവ ഡ്രൈ ലാൻഡിലെ റോഡുകളിൽ പോകാൻ അല്ലെങ്കിൽ വണ്ടി ഓടിക്കാൻ ഭയമുള്ളവരുണ്ട്. അതുപോലെ തന്നെ ഹോട്ടൽ മുറികളിൽ താമസിക്കാൻ ഭയമുള്ളവരുണ്ട്. അവരുടെ ചിന്ത ഇവിടെ ഒറ്റപ്പെട്ടുപോകുമോ, അമാനുഷിക ശക്തികൾ വരുമോ എന്നതൊക്കെയാവും. പക്ഷേ ഈ ഭയങ്ങളെല്ലാം യുക്തിരഹിതമാണ്.

എന്തുതരം ഫോബിയയാണ് ഒരു വ്യക്തിക്കുള്ളത് അതിനോട് അനുബന്ധമായ വ്യക്തിത്വ പ്രശ്‌നങ്ങൾ എന്നിവ പരിശോധിച്ചായിരിക്കും ചികിത്സ. മനഃശാസ്ത്രപരമായ വിഷയങ്ങളിൽ പരിശോധന അഭിഭാജ്യഘടകമാണ്. അത്തരത്തിലാകുമ്പോൾ മറ്റ് സൈക്യാട്രിസ്റ്റ് കണ്ടീഷനുകൾ മനസിലാക്കാൻ സാധിക്കും. കൂടാതെ അതിന്റെ തീവ്രത അളക്കാനും സാധിക്കുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. പ്രധാനമായും കോഗ്നിറ്റീവ് തെറാപ്പിയാണ് ഫോബിയ ചികിത്സിക്കാൻ സ്വീകരിച്ചുവരുന്നത്. സിസ്റ്റമാറ്റിക്ക് ഡിസെൻസിറ്റൈസേഷൻ ബിഹേവിയറൽ തെറാപ്പി അഥവ പെരുമാറ്റപരമായ ചികിത്സയും ഇതിനുപയോഗിക്കുന്നുണ്ട്. ഇതിലാണ് എക്‌സ്‌പോഷർ പോലുള്ള കാര്യങ്ങൾ വരുന്നത്. ഒരാൾക്ക് ഭയമുള്ള കാര്യത്തെ കണക്കിലെടുത്ത് യുക്തിപരമായി കാര്യങ്ങൾ മനസിലാക്കി പഠിപ്പിച്ച് ആ ഭയത്തേ നേരിടാൻ സഹായിച്ച് പതിയേ പതിയേ ആ ഭയമോ നെഗറ്റീവ് ചിന്തകളോ ഇല്ലാത്ത രീതിയിലേക്ക് അവരെ മാറ്റാൻ പ്രാപ്തരാക്കുന്ന പരിശീലനം കൊടുക്കുക എന്നതാണ് പ്രധാനമായും ചെയ്യുന്ന ചികിത്സ. ഈ അവസ്ഥയ്ക്ക് മാത്രമല്ല അതിനോടൊപ്പം നിലനിൽക്കുന്ന മറ്റ് അവസ്ഥകൾക്കും അനുബന്ധ ചികിത്സകൾ പ്രദാനം ചെയ്യണം.''
(ജി.സൈലേഷ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മിത്ര ക്ലിനിക്ക് ,കൊച്ചി)
എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത അത്രയും തരത്തിലുള്ള ഫോബിയകളുണ്ട്. അതിൽ മിക്കവാറും തരങ്ങൾ പുസ്തകങ്ങളിലൂടെയും സിനിമയിലൂടെയുമെല്ലാം മനസിലാക്കിയവയാണ്. എന്നാലും ഓഡ് വൺ ഔട്ട് എന്ന ആശയത്തിൽ നിൽക്കുന്ന വളരെ അപൂർവമായ ചില ഫോബിയകളുമുണ്ട്. വിചിത്രം എന്നു കേൾക്കുമ്പോൾ തന്നെ ഒരുതരം ജിജ്ഞാസ ഉണ്ടാകുമല്ലോ. എന്നാൽ അത്തരത്തിൽ വിചിത്രമായ, രസകരമായ ചില ഫോബിയകൾ പരിചയപ്പെടാം.
അലഡോക്സോഫോബിയ
മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ഭയം അതാണ് അലഡോക്സോഫോബിയ. അലോ(വ്യത്യസ്തം), ഡോക്സോ(അഭിപ്രായം), ഫോബസ്(ഭയം) എന്നീ ഗ്രീക്ക് വാക്കുകളുടെ സംയോജനമാണ് അലോഡോക്സഫോബിയ. ഇത്തരം ഫോബിയയുള്ളവർക്ക് വാദങ്ങൾ, ചർച്ചകൾ തുടങ്ങിയവയോട് വല്ലാത്ത പേടിയായിരിക്കും. അതുമൂലം ഉത്കണ്ഠയും ഇക്കൂട്ടർക്കുണ്ടാകുന്നു. തർക്കങ്ങളിൽനിന്നും സംഭാഷണങ്ങളിൽനിന്നും മനഃപൂർവ്വം ഒതുങ്ങിനിൽക്കാൻ ഇവർ ശ്രമിക്കും. ദൈനംദിന ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ അലഡോക്സോഫോബിയ ഉള്ള വ്യക്തികൾ നന്നേ പാടുപെടും. അത്തരത്തിൽ ഒരു പേടി തങ്ങൾക്കുണ്ടാകേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചാലും അതിൽനിന്ന് രക്ഷപ്പെടാൻ വ്യക്തികൾക്കാവുന്നില്ല. അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണങ്ങൾ ഇക്കൂട്ടർ ഏർപ്പെടുത്തുന്നു. വളരെ അസാധാരണവും സ്വാഭാവികമല്ലാത്തതുമായ സോഷ്യൽ ഫോബിയയായി അലോഡോക്സോഫോബിയയെ കണക്കാക്കാം.
നോമോ ഫോബിയ
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് നോമോ ഫോബിയ അഥവ നോ മൊബൈൽ ഫോൺ ഫോബിയ. കൈയിൽ സ്വന്തം ഫോണില്ലെങ്കിൽ വല്ലാത്ത വെപ്രാളവും പരവേശവുമായിരിക്കും. ഫോണിൽ ചാർജില്ലെങ്കിലോ മറന്ന് വെച്ചെങ്കിലോ പൊട്ടിപ്പോയാലോ, മാത്രമല്ല ഒരു ദിവസം ഫോൺ ചെക്ക് ചെയ്തില്ലെങ്കിൽ സ്മാർട്ട് ഫോണിൽനിന്നു വിട്ടുനിൽക്കുന്ന അവസ്ഥ പോലും വല്ലാത്ത ഭയമുളവാക്കും. 13 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാരിലാണ് ഇത് കൂടുതലെങ്കിലും മുതിർന്നവരും കണക്കിൽ ഒട്ടും പുറകോട്ടല്ല. സ്മാർട്ട് ഫോണിനോടുള്ള അഭിനിവേശവും സോഷ്യൽ മീഡിയ ആസക്തിയുമെല്ലാം എല്ലാവർക്കുമുണ്ടെങ്കിലും ചികിത്സ വേണ്ട തരത്തിലുള്ള നോമോ ഫോബിയയായി മാറണമെന്നില്ല. പലപ്പോഴും ഫോണിൽ മാത്രം ലോകം എന്നൊതുങ്ങിപോകുന്ന അവസ്ഥയിൽ നോമോ ഫോബിയ വലിയൊരു വെല്ലുവിളിയായി മാറുന്നു.
കോറോഫോബിയ
നൃത്തം ചെയ്യാനുള്ള അകാരണമായ ഭയമാണ് കോറോഫോബിയ. അതിനോടൊപ്പം തന്നെ ഈ ഫോബിയ ഉള്ളവർ ഡാൻസ് നടക്കുന്ന സ്ഥലങ്ങൾ പൂർണമായും അവഗണിക്കാൻ ശ്രമിക്കും. ക്ലബ്, സ്റ്റേജ്, തിയേറ്റർ അങ്ങനെ നൃത്തം നടക്കാൻ അവസരങ്ങളുള്ള സ്ഥലങ്ങൾ പോലും ഈ കൂട്ടർ പാടെ ഒഴിവാക്കും. എന്തിനേറെ ടിവിയിൽ പോലും ഒരു നൃത്തം കാണാൻ പോലും ഇവർ കൂട്ടാക്കില്ല. ഡാൻസ് എന്നു കേൾക്കുന്നത് പോലും അവരുടെ പേടിയെ കൂടുതലായി ഉത്തേജിപ്പിക്കും. ഈ പേടി വരുന്ന രീതിയിൽ എന്തെങ്കിലും ഒരു ഭൂതകാലം ഇവർക്കുണ്ടായിരിക്കാം. അത് പുസ്തകങ്ങൾ, സിനിമ, കുടുംബന്താരീക്ഷം എന്നിങ്ങനെ എന്തിൽനിന്നു വേണമെങ്കിലുമാകാം. ഈ ഫോബിയ കൂടതലായും സോഷ്യൽ ആങ്സൈറ്റി വിഭാഗത്തിലാണ് വരുക. നാണക്കേടും ആത്മവിശ്വാസക്കുറവുമെല്ലാം ഇതിന്റെ ഭാഗമായുണ്ടാകാം.
അബ്ലുട്ടോഫോബിയ
ലോകത്തിലെ തന്നെ വളരെ സാധാരണയായി കാണപ്പെടുന്ന ഫോബിയയാണ് മിസോഫോബിയ അല്ലെങ്കിൽ ജെർമോഫോബിയ. ഈ ഫോബിയ ഉള്ളവർ വൃത്തിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. ഇതിന്റെ നേരെ എതിരാണ് അബ്ലൂട്ടോഫോബിയ. കഴുകുക, കുളിക്കുക എന്നിവയോടെല്ലാം അകാരണമായ ഭയമായിരിക്കും ഇവർക്ക്. ഇത് ഏറ്റവും കൂടുതലായി കാണുന്നത് കുട്ടികളിലാണ്. അതുകൊണ്ട് തന്നെ ഈ ഫോബിയ പരിഹരിക്കാവുന്നതാണ്. കുറച്ച് കൂടി വളരുമ്പോൾ വൃത്തിയും വെടിപ്പും വേണമെന്ന ചിന്ത ഉടലെടുക്കും. അപ്പോൾ ഊ ഫോബിയ ഇല്ലാതാവാനും ചാൻസുണ്ട്.
ആൻക്രാേഫോബിയ
നിലനിൽക്കുന്നതിൽ ഏറ്റവും വിചിത്രമായൊരു ഫോബിയയാണിത്. കാറ്റിനോടുള്ള ഭയമാണ് ഇത്. വ്യത്യസ്തമായ വായുവിനോടുള്ള ഭയത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇതിനെ പറയുന്നത്. വായുവിനെ വിഴുങ്ങുക അല്ലെങ്കിൽ കാറ്റാടിച്ച് പറന്നുപോവുക എന്ന അവസ്ഥയെയൊക്കെ ഇവർ ഭയക്കുന്നു. ആൻക്രാേഫോബിയ ഉള്ള വ്യക്തികൾ കതക്, ജനാല പോലുള്ളയിടങ്ങളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്നു. കൂടാതെ വിൻഡ്മിൽ എയർ ഡ്രൈയർ, എയർ കണ്ടീഷണറുകൾ, വെന്റുകൾ പോലുള്ളവയുടെ സാന്നിധ്യം ഇവരെ വല്ലാതെ ഉത്കണ്ഠകുലരാക്കുന്നു. വളരെ അസാധാരണമായി മാത്രമേ ഇത് വ്യക്തികളിൽ കാണാറുള്ളൂ.
വിചത്രമായതുപോലെതന്നെ വ്യക്തികളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഫോബിയകളുണ്ട്. മലയൻകുഞ്ഞ് എന്ന സിനിമയിൽ നിന്ന് ക്ലസ്‌ട്രോഫോബിയ എന്നവസ്ഥയെ കുറേയധികം മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ വളരെ വ്യാപകമായി നിലകൊള്ളുന്ന ഫോബിയകളുണ്ട്. അതിൽ പ്രധാനപ്പെട്ടത് പരിചയപ്പെടാം.
അഗോറോഫോബിയ
രക്ഷപ്പെടാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളോടുള്ള ഭയത്തെ അഗോറഫോബിയ എന്ന് പറയാം. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഇത്തരക്കാർക്ക് ഭയമായിരിക്കും. പക്ഷേ, ദൈനംദിന ജീവിതം ശരിയായി മുന്നോട്ട് പോകാൻ പുറത്തിറങ്ങിയേ മതിയാകൂ. എന്നിരുന്നാലും ഈ ഫോബിയ ഉള്ള വ്യക്തികൾ ആളുകൾ കൂടുതലുള്ള സ്ഥലങ്ങളും പൊതുഗതാഗതവുമെല്ലാം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു. സാധാരണ ജീവിതം നയിക്കുന്നതിൽ ഇത്തരം ഭയം കൈകടത്തുകയാണെങ്കിൽ അത് ഫോബിയ ആയി മാറുകയാണ്.
ഹീമോഫോബിയ
ചോര കണ്ടാൽ അപ്പോൾ തല കറങ്ങിവീഴുന്നവരെ ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ കണ്ടുകാണും. വെറും ചെറിയ ഭയം മാത്രമായി അത് കണക്കാക്കുമ്പോൾ ഹീമോഫോബിയ ആണ് ആ അവസ്ഥ എന്നത് ഓർക്കാം. ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് ചോര കണ്ടു കഴിഞ്ഞാൽ വ്യത്യസ്ത തരത്തിലുള്ള ആങ്സൈറ്റി ലക്ഷണങ്ങൾ വന്നു തുടങ്ങും. ഇത് ഏറ്റവും വലിയ പ്രശ്‌നമായി വരുന്നത് എന്തെങ്കിലും ആരോഗ്യ സംബന്ധമായ വിഷയങ്ങൾ വരുമ്പോഴായിരിക്കും. അതുകൊണ്ട് രക്തപരിശോധനകൾ ഇക്കൂട്ടർ പാടെ അവഗണിക്കും. അതു മൂലം ആരോഗ്യ പ്രശ്‌നങ്ങൾ വിലയിരുത്താൻ സാധിക്കാതെ വരുന്നു.
ട്രിപ്പാനോഫോബിയ
ഡോക്ടറേ ഇൻജക്ഷൻ എടുക്കുന്നതിന് പകരം ഗുളിക തന്നൂടെ എന്ന ചോദ്യം സൂചി പേടിയുള്ളവർ ചോദിക്കാറുള്ളതാണ്. പക്ഷേ വെറും പേടി ഫോബിയായി മാറുന്നത് സൂചി എന്നു കേട്ടാൽതന്നെ ഭയക്കുന്ന അവസ്ഥയിൽ നിന്നാണ്. ഇതും ആരോഗ്യപരമായ ജീവിതം നയിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. പല ടെസ്റ്റുകളും ചെയ്യണമെങ്കിൽ സൂചി കുത്താതെ വഴിയില്ല. അപ്പോൾ ഇത് ഭയക്കുന്നവരുടെ അവസ്ഥ ഒരു കുഴപ്പമാണ്. കൂടുതലായും ഈ ഫോബിയ കുട്ടികളിലാണ് കണ്ടു വരുന്നത് എന്നിരുന്നാലും കുട്ടി വളരുമ്പോൾ ഭയവും കൂടെ വളരാതിരിക്കാൻ ശരിയായ ചികിത്സയിലൂടെ സാധിക്കും.
ഓട്ടോഫോബിയ
തനിച്ചിരിക്കാൻ ഇഷ്ടമുള്ളവരുണ്ടായിരിക്കും. സ്വന്തമായി സമയം ചിലവഴിക്കാൻ മനസിനെ സജ്ജമാക്കുന്ന അവസ്ഥയാണിത്. എന്നാൽ തനിച്ചിരിക്കാൻ ഭയമുള്ളവരും എണ്ണത്തിൽ പിന്നിലോട്ടല്ല. അത്തരത്തിൽ ഇരിക്കുമ്പോൾ പ്രേതം വരും ആരെങ്കിലും തട്ടികൊണ്ട് പോകുമെന്നെല്ലാം ചെറിയ ഭയം വരുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ഓട്ടോഫോബിയയുടെ കാര്യത്തിൽ അത് അങ്ങനെയല്ല. ഒറ്റപ്പെടുമോ എന്ന ഭയം വല്ലാതെ അലട്ടുമ്പോൾ വെപ്രാളവും പരവേശവുമെല്ലാം ഈ ഫോബിയയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ചുറ്റും എപ്പോഴും ആളുകൾ വേണമെന്ന തോന്നാൽ ഉണ്ടാകുന്നു. അങ്ങനെയല്ലാതാകുമ്പോൾ ഓട്ടോഫോബിയയുടെ ലക്ഷണങ്ങൾ പുറത്തു വരുന്നു.
ആക്രോഫോബിയ
ഗ്രൗണ്ട് ഫ്‌ളോറിൽ നിന്ന് മുകളിലോട്ട് ഇല്ലെന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഉയരത്തെ ആകാരണമായി ഭയക്കുന്നവരെ വിളിക്കാവുന്ന പേരാണ് ആക്രോഫോബിക്കെന്ന്. ഏറ്റവും കൂടുതൽ ആളുകൾക്കുള്ള ഫോബിയയാണിത്. ഇവർക്ക് മുകളിലോട്ട് പോവുകയെന്നത് തന്നെ വളരെ ഭയമാണ്. മുകളിലേക്കുള്ള പടികൾ കയറുക ഉയരത്തിൽ നിന്ന് താഴോട്ട് നോക്കുക എന്നത് വലിയ പേടിയാണ് ഈകൂട്ടർക്ക്. പക്ഷേ ഈ ഫോബിയ ഒരു പരിധി വരെ നല്ലതെന്ന് പറയാം കാരണം അപകടസാഹചര്യങ്ങളെ ഒഴിവാക്കുമെന്നതാണത്. താഴെ നിന്ന് മുകളിലേക്ക് പോകാൻ ഭയമുള്ളത് കൊണ്ടുതന്നെ അവിടെനിന്നു വീണുപോകാൻ സാഹചര്യം ഉണ്ടാകുന്നില്ല. എന്നിരുന്നാലും ഈ ഫോബിയയും മറികടക്കേണ്ടത് അനിവാര്യമാണ്.
മുകളിൽ പറഞ്ഞതിൽ കൂടുതൽ വിചിത്രമായും സാധാരണമായും പല ഫോബിയകളുമുണ്ട്. അവ വിശകലനം ചെയ്താൽ ഇന്നൊന്നും അവസാനിക്കില്ല. ഫോബിയ ഉള്ളവർ പലരും ആ പേടിയെ മറിക്കടക്കാൻ മടിച്ച് പോരാടാൻ മടിച്ച് അവരുടേതായ ലോകത്തിൽ ഒതുങ്ങി പോകുന്നത് ശരിയല്ല. ഭയം അകാരണമാണെന്ന് ബോധ്യം സ്വന്തമായി ഉളവാക്കി പോരാടാൻ തയ്യാറാകണം. ആ യാത്രയിൽ ഒരിക്കലും വ്യക്തികൾ ഒറ്റയ്ക്കാകുന്നില്ല. മനശാസ്ത്രജ്ഞനെ കണ്ട് അവരുടെ സഹായാത്താൽ ചികിതസ നേടി യുക്തിരഹിതമായ ആ ഭയത്തെ ഉന്മൂലനം ചെയ്യാം.
Content Highlights: types and symptoms of phobia
Published: 21 Mar 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented