ക്ഷയരോഗികളില്‍ വിഷാദരോഗം; എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്‌


അനു സോളമന്‍

പലപ്പോഴും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന ഒറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് വിഷാദരോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്

Representative Image| Photo: Gettyimages

ക്ഷയരോഗ നിര്‍ണയത്തിലും ചികിത്സയിലും രാജ്യത്ത് തന്നെ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷയരോഗികളുടെ എണ്ണവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഏറ്റവും കുറവാണ് കേരളത്തില്‍. എങ്കിലും നമ്മുടെ നാട്ടില്‍ ക്ഷയരോഗത്തെക്കുറിച്ച് ഇന്നും ഏറെ തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു. രോഗനിര്‍ണയവും ചികിത്സാരീതികളും ഇത്രയേറെ ആധുനികവത്ക്കരിച്ചിട്ടും രോഗം ബാധിച്ചവരോട് മുഖം തിരിക്കുന്നതും അകല്‍ച്ച കാണിക്കുന്നതും നമ്മുടെ സമൂഹം ഇന്നും തുടരുകയാണ്. ഇതുമൂലം ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നുണ്ട്.

രോഗമുള്ള ചിലര്‍ അത് വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം മറച്ചുവെച്ച് സ്വകാര്യമായി ചികിത്സ തേടാം. ചിലര്‍ രോഗവിവരം മറച്ചുവെച്ച് കൃത്യമായ ചികിത്സ തേടാതിരിക്കാം. ചിലര്‍ രോഗത്തെക്കുറിച്ച് ആശങ്കപ്പെട്ട്, ആരോടും മനസ്സ് തുറക്കാനാകാതെ മാനസിക സംഘര്‍ഷത്തിലകപ്പെടാനും സാധ്യതയുണ്ട്.ക്ഷയരോഗികളിലെ മാനസിക സംഘര്‍ഷം

ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് ക്ഷയരോഗം വന്നവരിലെ മാനസിക സംഘര്‍ഷം. ക്ഷയരോഗ ബാധിതരായ വ്യക്തികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഒറ്റപ്പെടലും വളരെ വലിയ ഒരു പ്രശ്‌നമായി തന്നെ ഇന്നും സമൂഹത്തില്‍ കാണുന്നുണ്ട്. ക്ഷയരോഗത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ പറയുന്നു. ക്ഷയരോഗം ഒരു മാരകമായ പകര്‍ച്ചവ്യാധിയാണെന്നും അത്തരം വ്യക്തികളുമായി ഇടപെടുന്ന എല്ലാവര്‍ക്കും രോഗം ബാധിക്കുമെന്നും അവരെല്ലാം മരണപ്പെടുമെന്നുമൊക്കെയാണ് ക്ഷയരോഗവുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. സ്വാഭാവികമായും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടാന്‍ സമൂഹത്തിലുള്ള മറ്റുള്ളവര്‍ മടിക്കും.

അയല്‍വാസികളാണെങ്കിലും സഹപ്രവര്‍ത്തകരാണെങ്കിലും ക്ഷയരോഗബാധിതനായ ഒരു വ്യക്തിയോട് ഇടപെടാന്‍ പലതരത്തില്‍ വിമുഖത കാണിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ക്ഷയരോഗം വന്നാല്‍ ആ വ്യക്തികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. കുടുംബത്തില്‍ ഏതെങ്കിലും ഒരു വ്യക്തിയ്ക്ക് ക്ഷയരോഗം വന്നുകഴിഞ്ഞാല്‍ ആ വ്യക്തിയോടൊപ്പം ജീവിക്കാന്‍ തന്നെ മറ്റുള്ളവര്‍ മടിക്കും. ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ ക്ഷയരോഗം വന്നാല്‍ പങ്കാളി അകന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അവരെ ഉപക്ഷേിച്ച് വിവാഹ മോചനം ആവശ്യപ്പെട്ട ഭര്‍ത്താവിനെയും ഭര്‍ത്താവിന് ക്ഷയരോഗമെന്നറിഞ്ഞതോടെ ബന്ധമൊഴിയാന്‍ ശ്രമിക്കുന്ന ഭാര്യയെയും കോഴിക്കോട് ജില്ല ടി.ബി. ഓഫീസര്‍ ഡോ. പി.പി. പ്രമോദ്കുമാര്‍ ഓര്‍ക്കുന്നു.

ഇതൊക്കെ കേരളത്തില്‍ സംഭവിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ക്ഷയരോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചം ക്യത്യമായ അവബോധമില്ലാത്തതാണ് ഇത്തരം സമീപനത്തിന്റെ പ്രധാന കാരണം.

പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗമാണ് ഇന്ന് ക്ഷയരോഗം. ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരം വര്‍ഷങ്ങളായി ക്ഷയരോഗ ചികിത്സ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഡോട്ട്‌സ് (DOTS) ചികിത്സാ പദ്ധതി വഴി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ലഭിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മരുന്നുകള്‍ കഴിക്കാനും അങ്ങനെ രോഗി കൃത്യമായി ചികിത്സ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കുന്ന രീതിയിലാണ് ഈ ചികിത്സാ രീതി തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ കൃത്യമായി ചികിത്സയെടുക്കുന്ന ഭൂരിപക്ഷം രോഗികള്‍ക്കും രോഗമുക്തി ലഭിക്കുന്നുണ്ട്.

ക്ഷയരോഗികളിലെ വിഷാദം

ക്ഷയരോഗികളില്‍ ചിലരില്‍ അനുബന്ധമായി വിഷാദരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഏത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വിഷാദരോഗത്തിന് സാധ്യത കൂടുതലാണ്. ഇത് ക്ഷയരോഗത്തിന്റെ കാര്യത്തിലുമുണ്ട്. ക്ഷയരോഗിക്ക് അനുബന്ധമായി പ്രമേഹമോ മറ്റ് ഗുരുതരമായ ജീവിതശൈലി രോഗങ്ങളോ ഉണ്ടെങ്കില്‍ വിഷാദം വരാനുള്ള സാധ്യത വീണ്ടും കൂടുതലാണ്.

depression
Representative Image| Photo: Gettyimages

ക്ഷയരോഗികളിലെ വിഷാദരോഗം എങ്ങനെ തിരിച്ചറിയാം?

താഴെ പറയുന്ന ഒന്‍പത് ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ച തുടര്‍ച്ചയായി നീണ്ടുനിന്നാല്‍ ക്ഷയരോഗ ബാധിതര്‍ക്ക് അനുബന്ധമായി വിഷാദരോഗം ഉണ്ടെന്ന് കരുതാം.

 1. രാവിലെ തൊട്ട് വൈകീട്ട് വരെ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന സങ്കടഭാവം.
 2. മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളൊന്നും ചെയ്യാന്‍ താത്പര്യമില്ലാത്ത അവസ്ഥ.
 3. സദാസമയവും ചിന്തയില്‍ മുഴുകിയിരിക്കല്‍. എന്റെ ഗതി ഇങ്ങനെയായല്ലോ എന്ന് പരിതപിച്ചിരിക്കുക.
 4. ചികിത്സയെക്കുറിച്ചും രോഗം ഭേദമാകുന്നതിനെക്കുറിച്ചും ശുഭാപ്തി വിശ്വാസമില്ലാതിരിക്കുക.
 5. ആളുകളോട് ഇടപഴകാതെ ഒറ്റപ്പെട്ട് അവനവനിലേക്ക് ഉള്‍വലിഞ്ഞ് ഒതുങ്ങിക്കൂടുന്ന സ്ഥിതിവിശേഷം.
 6. നിരന്തരമായ ഭയം മുഖത്ത് പ്രകടമാവുക. ഇടയ്ക്കിടെ കരയുന്ന അവസ്ഥയുണ്ടാവുക.
 7. എന്ത് കണ്ടാലും എന്ത് കേട്ടാലും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ. പ്രായമുള്ള ആളുകളാണെങ്കില്‍ സ്വന്തം പേരക്കുട്ടികളെ കണ്ടാല്‍ പോലും സന്തോഷം തോന്നാത്ത അവസ്ഥ.
 8. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗത കുറയുന്ന അവസ്ഥ. ഒരു ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ മറുപടി പറയാന്‍ ഒരുപാട് സമയമെടുക്കുന്നു. ഒരു പ്രവൃത്തി ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് ചെയ്തുകൊടുക്കാന്‍ ഒരുപാട് സമയമെടുക്കുന്ന അവസ്ഥ.
 9. നിരാശയും പ്രതീക്ഷയില്ലായ്മയും പ്രകടമാക്കുക. താന്‍ രക്ഷപ്പെടില്ല, തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയിരിക്കുന്നു, താന്‍ തന്റെ ബന്ധുക്കള്‍ക്കൊരു ഭാരമാണ് എന്നൊക്കെയുള്ള രീതിയില്‍ ചിന്തിക്കുകയും അകാരണമായി കുറ്റബോധം മനസ്സില്‍ വരുകയും ചെയ്യുക.
 10. മരിക്കണമെന്ന് തോന്നലും ആത്മഹത്യാ പ്രവണതയും.
ReadMore: ജയിലുകളിലെ ക്ഷയരോഗ നിയന്ത്രണം ഫലപ്രദമാണ്; പക്ഷേ ചില വെല്ലുവിളികളുണ്ട്

വിഷാദരോഗത്തിന്റെ കാരണങ്ങള്‍

പലപ്പോഴും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന ഒറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് വിഷാദരോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗബാധയെത്തുടര്‍ന്ന് മുന്‍പ് ജീവിച്ചിരുന്നതുപോലെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ, കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരിക, ഒറ്റപ്പെടുന്നതായി തോന്നുക തുടങ്ങിയവയൊക്കെ ഒരു വ്യക്തിയെ വിഷാദത്തിലേക്ക് എത്തിക്കാന്‍ ഇടയാക്കും.

arun
ഡോ. അരുണ്‍ ബി. നായര്‍

ക്ഷയരോഗികളിലെ വിഷാദരോഗം എങ്ങനെ ചികിത്സിക്കാം?

ക്ഷയരോഗികളില്‍ വിഷാദരോഗമുണ്ടെങ്കില്‍ അത് വേഗം തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ കൂടി നല്‍കണം. ക്ഷയരോഗത്തിന് ചികിത്സിക്കുന്ന മരുന്നുകളോടൊപ്പം തന്നെ സുരക്ഷിതമായി നല്‍കാവുന്ന വിഷാദവിരുദ്ധ ഔഷധങ്ങളും നിലവിലുണ്ട്. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമായി യാതൊരു പ്രതിപ്രവര്‍ത്തനവുമില്ലാത്തതും സുരക്ഷിതവുമായ വിഷാദ വിരുദ്ധ ഔഷധങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ആ ഔഷധങ്ങളും ആറുമാസം മുതല്‍ ഒന്‍പതു മാസം വരെ ഉപയോഗം തുടരേണ്ടതാണ്. കാരണം തലച്ചോറിലെ സിറോടോണിന്‍, നോര്‍ എപ്പിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ വിഷാദരോഗ ബാധിതരില്‍ കുറഞ്ഞിരിക്കുന്നതായി കാണാം. ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കുകയാണ് വിഷാദ വിരുദ്ധ ഔഷധങ്ങളുടെ ഉപയോഗം കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതു വഴി വിഷാദരോഗം മാറുകയും ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുകയും ഇത് ക്ഷയരോഗം ഭേദമാവുന്നതിന്റെ തോത് മെച്ചപ്പെടുത്തുകയും ചെയ്യും.

എന്നാല്‍ വിഷാദരോഗം ചികിത്സിക്കാതെയിരുന്നാല്‍ രോഗപ്രതിരോധ ശേഷി കുറയുകയും അത് സങ്കീര്‍ണതകളിലേക്ക് പോവുകയും ചെയ്യാം.

ക്ഷയരോഗ മരുന്നുകള്‍ മാനസികപ്രശ്‌നങ്ങളുണ്ടാക്കുമോ?

ക്ഷയരോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലമായി മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഉദാഹരണത്തിന്, ഐ.എന്‍.എച്ച്. എന്ന ക്ഷയരോഗ മരുന്നിന്റെ പാര്‍ശ്വഫലമായി ചിത്തഭ്രമ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഡ്രഗ് ഇന്‍ഡ്യൂസ്ഡ് സൈക്കോസിസ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വിഷാദവും ഉത്കണ്ഠയുമൊക്കെയാണ് ഇതുമൂലമുണ്ടാവുക. എന്നാല്‍ ചിത്തഭ്രമ വിരുദ്ധ ഔഷധങ്ങള്‍ ഉപയോഗിച്ച് വളരെ ഫലപ്രദമായി ഇവയെല്ലാം നിയന്ത്രിക്കാന്‍ സാധിക്കും. ഇതോടൊപ്പം ഐ.എന്‍.എച്ച്. മരുന്ന് ഉപയോഗിച്ചുകൊണ്ടുതന്നെ ക്ഷയരോഗ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കാനും സാധിക്കും.

ReadMore: കോവിഡും പ്രമേഹവും ക്ഷയരോഗ നിര്‍മ്മാര്‍ജനത്തിന് ഭീഷണിയാകുന്നു; വേണം വെര്‍ച്വല്‍ നിരീക്ഷണവും

വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥയാണ് ക്ഷയരോഗം തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ ട്യൂബര്‍കുലോമാസ്. ഈ പ്രശ്‌നമുള്ളവരിലും ഒരു പക്ഷേ പെരുമാറ്റ പ്രശ്‌നങ്ങളായിട്ടായിരിക്കാം മാനസിക പ്രശ്‌നങ്ങള്‍ പ്രകടമാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷയരോഗത്തിനുള്ള ചികിത്സ നല്‍കുന്നതിനൊപ്പം പെരുമാറ്റ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചികിത്സ കൂടി നല്‍കേണ്ടത് അത്യാവശ്യമാണ്.

വേണം കൗണ്‍സലിങും മാനസിക പിന്തുണയും

കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം ഭേദമായ നിരവധി പേര്‍ നമുക്ക് ഇടയിലുണ്ട്. ടി.ബി. ചാംപ്യന്‍മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ടി.ബി. സെന്ററുകളുടെ നേതൃത്വത്തില്‍ ഈ ടി.ബി. ചാംപ്യന്‍മാര്‍ ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്. ചികിത്സാനുഭവങ്ങളും മറ്റും പങ്കുവയ്ക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. രോഗം ബാധിച്ചവരിലെ നിരാശയും ബുദ്ധിമുട്ടുകളും അകറ്റാനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും ഇത്തരം പരിപാടികള്‍ സഹായിക്കുന്നുണ്ട്. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന രോഗബാധിതര്‍ക്ക് ആശ്വാസമേകാന്‍ ആവശ്യമെങ്കില്‍ രോഗിക്കും രോഗിയുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങും നല്‍കേണ്ടതുണ്ട്.

ക്ഷയരോഗബാധിതരുടെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചികിത്സ മുടക്കരുത്: ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. അതിനാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിക്കുന്ന അതേ അളവില്‍ ഒരു മാറ്റവുമില്ലാതെ മരുന്ന് കൃത്യമായി കഴിച്ച് ചികിത്സ പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും മരുന്നുകള്‍ മുടക്കരുത്. മരുന്നുകള്‍ കഴിക്കുമ്പോള്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഒരു പക്ഷേ, എന്തെങ്കിലും പെരുമാറ്റ പ്രശ്‌നങ്ങളോ മറ്റോ തോന്നിയാല്‍ അത് എത്രയും വേഗം ചികിത്സിക്കുന്ന ഡോക്ടറെ അറിയിച്ചാല്‍ വളരെ ചെറിയ മാറ്റങ്ങളിലൂടെ ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഒരു കാരണവശാലും ചികിത്സ മുടക്കരുത്.

ക്ഷയരോഗിയെ ഒറ്റപ്പെടുത്തരുത്: ക്ഷയരോഗബാധിതനായ ഒരു വ്യക്തി വീട്ടിലുണ്ടെന്ന് കരുതി ആ വ്യക്തിയെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. രോഗിയുടെ ജീവിതപങ്കാളി ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ച് നിലവിലെ അവസ്ഥയെന്തെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ശരീരത്തിന്റെ ഏത് ഭാഗത്തിനാണ് ക്ഷയരോഗം ബാധിച്ചിരിക്കുന്നത് എന്നത് അനുസരിച്ചാണ് രോഗം പകരാനുള്ള സാധ്യത എത്രയെന്ന് മനസ്സിലാക്കുന്നത്. ശ്വാസകോശത്തെ ബാധിച്ച ക്ഷയമാണെങ്കില്‍ ശ്വാസകോശ സ്രവങ്ങള്‍ വഴി മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകളുണ്ട്. അങ്ങനെയുള്ള പക്ഷം വീട്ടില്‍ പരസ്പരം ഇടപഴകുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാസ്‌ക് ധരിക്കുന്നത് നല്ലതായിരിക്കും.

രോഗത്തെ കൃത്യമായി അറിയുക: ശ്വാസകോശത്തിനല്ല മറ്റ് അവയവങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെങ്കില്‍ ശ്വാസകോശ സ്രവങ്ങള്‍ വഴി രോഗം പകരാന്‍ സാധ്യത കുറവാണ്. ഇത്തരം സാഹചര്യങ്ങളില്‍ രോഗിയുടെ കുടുംബാംഗങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറോട് മുന്‍കരുതലുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയേണ്ടതാണ്. തുടര്‍ന്ന് അതിന് അനുസരിച്ചായിരിക്കണം ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടത്. അതല്ലാതെ ആ വ്യക്തിയെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യരുത്.

depression
Representative Image| Photo: Gettyimages

പിന്തുണ നല്‍കണം; ഭയപ്പെടുത്തരുത്: ഏതൊരു സങ്കീര്‍ണമായ രോഗം ബാധിച്ച വ്യക്തിയ്ക്കും കുടുംബാംഗങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും പിന്തുണയും ആശ്വാസപൂര്‍ണമായ സമീപനവും ആവശ്യമാണ്. ആ വ്യക്തിയുടെ മാനസിക നില തകര്‍ന്നുപോകുന്ന നിലയില്‍ അവരെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. അവരെ ഭയപ്പെടുത്തുന്ന രീതിയില്‍ രോഗത്തെക്കുറിച്ചുള്ള സങ്കീര്‍ണതകള്‍ അവരോട് വര്‍ണിക്കരുത്. രോഗം വന്ന് ബാധിച്ചവരുടെ വിവരങ്ങളും രോഗം വന്ന് കഷ്ടത്തിലായിപ്പോയവരെക്കുറിച്ചും രോഗിയോട് വിവരിക്കരുത്. ഇക്കാര്യങ്ങളൊക്കെ അറിയാതെയാണ് ചെയ്യുന്നതെങ്കില്‍ പോലും അത് മാനസിക നില തകരാറിലായേക്കും. അതിനാല്‍ അക്കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയേക്കണം.

വ്യാജചികിത്സയില്‍ വീഴരുത്: പൊതുവേ ചികിത്സയുമായി മുന്നോട്ടു പോകുമ്പോള്‍ അതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ പലരും പറയാറുണ്ട്. ആധുനിക വൈദ്യശാസ്ത്ര ചികിത്സയെക്കാള്‍ നല്ലത് മറ്റൊരു വൈദ്യശാഖയാണെന്ന് പറഞ്ഞ് ചികിത്സയെ വഴിതെറ്റിക്കുന്ന ഒരു സമീപനവും ഉണ്ടാകാറുണ്ട്. ഒരു വൈദ്യശാസ്ത്ര ശാഖയെക്കുറിച്ചും ഒന്നും അറിയാത്ത ഒരാളായിരിക്കും ഇത്തരം അഭിപ്രായങ്ങള്‍ മുഴുവന്‍ പറയുന്നത്. ഒരു കാരണവശാലും ചികിത്സകളെക്കുറിച്ചും മറ്റുമുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ ഇടയാക്കരുത്. വിദഗ്ധ ചികിത്സ തന്നെ തേടുക. ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ഇടയാക്കാതിരിക്കുക. വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കാന്‍ രോഗിയും ഇടയാകരുത്.

 • മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുക.
 • മാനസിക സമ്മര്‍ദം ലഘൂകരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക.
 • നന്നായി ഉറങ്ങുക.
 • രോഗമുക്തിയ്ക്ക് സഹായിക്കുന്ന തരത്തില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ലഘുവ്യായാമങ്ങള്‍ ചെയ്യുക.
 • മനസ്സിന് സന്തോഷം പകരുന്ന തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക.
 • സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ഫോണ്‍ വഴിയോ ആരോഗ്യകരമായ ആശയവിനിമയം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ മാനസിക നില മെച്ചപ്പെടുത്താന്‍ സഹായിക്കും.
Content Highlights: Tuberculosis patients need better mental health support- Prevalence of depression among TB patients


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented