സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോഡും ഇക്കഴിഞ്ഞ മാർച്ചിനാണ്. ചൂട് കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനത്തിൽ കരുതൽ നൽകുന്നതിനൊപ്പം മുടിയുടേയും ചർമത്തിന്റേയും ആരോഗ്യവും കാക്കണം. ചൂടിലുണ്ടാകുന്ന മാറ്റങ്ങൾ ചർമത്തിലും മുടിയിലും പ്രകടമാകാറുണ്ട്. അതിനാൽ ഈ വേനൽക്കാലത്ത് മുടിയും ചർമവും സംരക്ഷിക്കാൻ ഉതകുന്ന ചില ടിപ്സ് പരിചയപ്പെടാം.
ചൂടുകാലത്ത് ചർമസൗന്ദര്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വരണ്ട ചര്‍മത്തിന്
ചൂടുകാലത്ത് ചർമം കാക്കാൻ മോയ്സ്ചറൈസർ ശീലമാക്കാം. ചര്‍മം വരണ്ടതാണെങ്കില്‍ ചര്‍മത്തിന് ചേരുന്ന മോയിസ്ചറൈസര്‍ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. രാവിലെയും വൈകുന്നേവും കുളിക്ക് ശേഷം മോയിസ്ചറൈസര്‍ ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.
സണ്‍സ്ക്രീന്‍ പതിവാക്കൂ
കഠിനമായ ചൂടേല്‍ക്കുന്നത് തൊലിപ്പുറത്ത് കരുവാളിപ്പുണ്ടാക്കാനും ചര്‍മം വരളാനും കാരണമാവും. ഇത് ഒഴിവാക്കാന്‍ സണ്‍ സ്ക്രീന്‍ പുരട്ടിയതിനു ശേഷം വെയിലത്തിറങ്ങുന്നതാണ് നല്ലത്. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്ട്രം സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍ സ്ക്രീന്‍ ഉപയോഗിക്കണം.
ചര്‍മ സംരക്ഷണത്തിന് മുന്‍തൂക്കം നല്കുന്നവര് രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലുള്ള സമയത്ത് സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സൂര്യപ്രകാശം ശക്തിയേറിയതായിരിക്കും.
വസ്ത്രം കൊണ്ട് തടയാം പ്രശ്നങ്ങളെ
കാലാവസ്ഥ മാറിമാറി വരുമ്പോള്‍ ധരിക്കുന്ന വസ്ത്രം ചര്‍മത്തിന് സംരക്ഷണം നല്കുന്നതായിരിക്കണം. കൈയും കാലും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ തൊപ്പിയോ മറ്റോ ധരിക്കുന്നതും നല്ലതാണ്. തണുപ്പായാലും ചൂടായാലും ചര്‍മത്തില്‍ നേരെ സ്വാധീനിക്കാന്‍ കഴിയാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രം.
വീര്യമേറിയ സോപ്പുകള്‍ ഉപേക്ഷിക്കുക
വീര്യമേറിയ സോപ്പുകളും ഡിറ്റര്‍ജന്റുകളും ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇവയ്ക്ക് പകരം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക. കുളിയുടെ സമയം ചുരുക്കുക. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതല്‍ നേരം ഷവറിനു കീഴില്‍ നില്ക്കുന്നതും നിങ്ങളുടെ ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. കുളിയുടെ ദൈര്‍ഘ്യം അല്ലെങ്കില്‍ ഷവറിനു കീഴില്‍ നില്ക്കുന്ന സമയം കുറയ്ക്കുക. ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക
വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും. ചുണ്ടും മുഖവും വരണ്ടു പോവുന്നത് നിയന്ത്രിക്കാന്‍ വെള്ളത്തിന് സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മം മൃദുവാകാനും സഹായിക്കും.
പഴങ്ങളും പച്ചക്കറികളും ആവോളം
ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സി സമ്പുഷ്ടവും അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
മുടിയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വേനലിലെ വരള്‍ച്ച ശരീരചര്‍മത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതിനൊപ്പം മുടിക്കും വില്ലനാവാറുണ്ട്. മുടികൊഴിച്ചല്‍, താരന് വര്‍ധിക്കുക, മുടി വരണ്ടു പോവുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വേനലില്‍ മുടി നേരിടേണ്ടി വരിക. കൃത്യമായ പരിചരണം ഇല്ലെങ്കില്‍ ഈ പ്രശ്നങ്ങള്‍ വേനല്‍ കഴിഞ്ഞാലും തുടരും.
- വേനല്‍ക്കാലത്ത് മുടിയില്‍ സ്റ്റൈലിങ് പരീക്ഷണങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കുക.ചൂടുള്ള സ്റ്റൈലിങ് വസ്തുക്കള്‍ വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.
- വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടിയും വിയര്‍പ്പും അടിയുന്നതിനാല്‍ നിത്യവും മുടികഴുകുന്നത് മുടി വൃത്തിയായിരിക്കാന്‍ സഹായിക്കും. മുടി കഴുകാന്‍ ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുപ്പ് കൂടിയ വെള്ളം തുടങ്ങിയവ ഒഴിവാക്കാം. സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.
- ഓയിലുകള്‍ ചൂടാക്കി ഉപയോഗിക്കാം. വെളിച്ചെണ്ണ , ഒലീവ് ഓയില്‍, അവോക്കാഡോ ഓയില്‍ ഇവയെല്ലാം മുടിക്കുള്ളിലേക്ക് എളുപ്പം ഇറങ്ങിചെല്ലും. പതിവുപോലെ തന്നെ മുടി ഷാംപൂ ചെയ്യാം. ഓയില്‍ നല്ലതുപോലെ മുടിയില്‍ മസാജു ചെയ്യുക.
- തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും.
- മുടിയില്‍ മോയ്ചറൈസറിന്റെ ആവശ്യം ഏറ്റവും കൂടുതല്‍ വരുന്നത് വേനലിലാണ്. യുവി പ്രൊട്ടക്ടറുള്ള നല്ല മോയ്ചറൈസറുകള്‍ തന്നെ മുടിയില്‍ ഉപയോഗിക്കാം.
- കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.
- കഠിനമായ വേനല്‍ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മുടി കോട്ടണ്‍ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതാണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാന്‍ കാരണമാകുന്നു.
Content Highlights: tips to keep skin and hair beautiful this summer
Published: 10 Apr 2024, 11:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented