തൈറോയ്ഡ് രോഗങ്ങള്‍ പുരുഷന്മാരെയും സ്ത്രീകളേയും ഒരുപോലെ ബാധിക്കാമെങ്കിലും, സ്ത്രീകളാണ് തൈറോയ്ഡ് രോഗാവസ്ഥ മൂലം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ലക്ഷണങ്ങളും ഇവരിലാണ് കൂടുതലായി കാണപ്പെടുന്നത്. ഈസ്ട്രജന്‍ അളവിലെ വ്യത്യാസം, ഗര്‍ഭാവസ്ഥ എന്നിവമൂലം സ്ത്രീകളില്‍ സാധാരണയായി ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. തൈറോയ്ഡ് സംബന്ധമായ തകരാര്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭാവസ്ഥയിലെ ബദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം. അതുകൊണ്ടുതന്നെ രോഗസംബന്ധമായ ലക്ഷണങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അധികമായി വൈദ്യസഹായം തേടേണ്ടി വരുന്നു.

To advertise here,

നമ്മുടെ കഴുത്തില്‍, ശ്വാസനാളത്തിന് മുന്നിലായി കാണപ്പെടുന്ന ശലഭാകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ടി4, ടി3 എന്നീ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനമാണ് ഈ ഗ്രന്ഥിയുടെ പ്രധാന ധര്‍മ്മം. ടി3-യെ അപേക്ഷിച്ച് ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ടി4 ഹോര്‍മോണ്‍, കോശകലകളില്‍ അളവില്‍ കൂടുതല്‍ എത്തുമ്പോള്‍ അത് ടി3 ആയി മാറുന്നു. അതിനാല്‍ കോശകലകളില്‍ ടി4 നേക്കാള്‍ ടി3 കൂടുതലായി കാണപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രധാന ജോലി ഉപാപചയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.

എടിപിയുടെ (അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്) രൂപത്തില്‍ ഊര്‍ജ്ജം ഉപയോഗിക്കാനും വിതരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കുന്നു. തൈറോയ്ഡിന്റെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനത്തിലെ അപര്യാപ്തതയും യഥാക്രമം ഹൈപ്പര്‍തൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നീ രോഗാവസ്ഥകള്‍ക്ക്  കാരണമാകാം.

തൈറോയ്ഡ് തകരാറുകള്‍ മൂലം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് ചുവടെ ചര്‍ച്ചചെയ്യുന്നത്: 

പ്രായപൂര്‍ത്തിയാകുമ്പോള്‍ 

ഹൈപ്പോതൈറോയിഡിസം ഉള്ള പെണ്‍കുട്ടികളില്‍ ഉയരം കുറഞ്ഞ ശരീരവും ആര്‍ത്തവാരംഭത്തിന് കാലതാമസവും ഉണ്ടാകാറുണ്ട്. വളരെ അപൂര്‍വ്വമായി, ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസം അണ്ഡാശയത്തെ അമിതമായി ഉത്തേജിപ്പിക്കുകയും നേരത്തെ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് കാരണമാവുകയും ചെയ്യും. ഹൈപ്പോതൈറോയിഡിസം നിര്‍ണ്ണയിക്കാതെ പോകുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകുകയും കൗമാരാവസ്ഥയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളില്‍ സെക്കന്‍ഡറി ഓവറിയന്‍ സിന്‍ഡ്രോം (എസ്ഒപി) അവസ്ഥ ഉണ്ടാകുന്നതായും കാണപ്പെടുന്നു.

കൗമാരവസ്ഥയുടെ ആരംഭത്തില്‍  

പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ ഹൈപ്പോതൈറോയിഡിസം ക്രമരഹിതവും അധികവുമായ ആര്‍ത്തവം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ചിലപ്പോള്‍ തൈറോയ്ഡിനുള്ള മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനാകുന്ന എസ്ഒപിയും ബാധിക്കുന്നതായി കണ്ടുവരുന്നു.

ഹൈപ്പര്‍തൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും ഗര്‍ഭധാരണത്തിലെ കാലതാമസത്തിന് കാരണമാകും. എന്നാല്‍ ഇത് പലപ്പോഴും വന്ധ്യത സ്ഥിരീകരിക്കുന്ന സമയത്ത് മാത്രമേ രോഗ നിര്‍ണയം നടത്തുകയുള്ളൂ. 

ഗര്‍ഭകാലത്ത്

ഗുരുതരമായ ഹൈപ്പര്‍തൈറോയിഡിസവും ഹൈപ്പര്‍തൈറോയിഡിസവും ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നു. സാധാരണ ഗര്‍ഭാവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ സങ്കീര്‍ണതകളാണ് ചെറിയ അളവിലുള്ള ഹൈപ്പോതൈറോയിഡിസമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ അടിയന്തരമായി ചികിത്സിക്കണം. ചെറിയ രീതിയിലുള്ള ഹൈപ്പര്‍തൈറോയിഡിസം സാധാരണയായി ഗര്‍ഭകാലത്ത് പ്രശ്‌നമാകാറില്ല.

ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ ഹൈപ്പര്‍തൈറോയിഡിസമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നമായി കണക്കാക്കേണ്ടതുള്ളൂ. ചികിത്സാ ഓപ്ഷനുകള്‍ മെഡിക്കല്‍ മാനേജ്‌മെന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത്തരം രോഗികളില്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ റേഡിയോ ആക്ടീവ് അയോഡിന്‍ രീതികള്‍ ഉപയോഗിക്കാന്‍ സാധ്യമായേക്കില്ല. 

മധ്യവയസിലും ആര്‍ത്തവവിരാമത്തിലും 

അനിയന്ത്രിതമായ ഹൈപ്പോതൈറോയിഡിസം ഉള്ള വ്യക്തികളില്‍  സാധാരണക്കാരേക്കാള്‍ കൂടുതലായി ഡിസ്ലിപിഡെമിയ, ഹൃദ്രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ കൂടുതലാണ്. ഹൈപ്പര്‍തൈറോയിഡിസം ഉള്ള സ്ത്രീകള്‍ക്ക് അസ്ഥികള്‍ ദുര്‍ബലമായേക്കാം. ഇത് ഓസ്റ്റിയോപൊറോസിസിനും കാരണമാകാം.

മുകളില്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ക്ക് പുറമെ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഗോയിറ്റര്‍ (തൈറോയ്ഡിന്റെ വീക്കം) സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഹൈപ്പര്‍തൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, കാന്‍സര്‍ അല്ലെങ്കില്‍ മള്‍ട്ടിനോഡുലാര്‍ ഗോയിറ്റര്‍ മുതലായ കാരണങ്ങള്‍ കൊണ്ടും ഗോയിറ്റര്‍ ഉണ്ടാകാം - ഇതിന് കൂടുതല്‍ വിലയിരുത്തല്‍ ആവശ്യമാണ്.

നിയന്ത്രണം 

തൈറോയ്ഡ് രോഗങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടി അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക എന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ സ്വാഭാവികമായ പ്രവര്‍ത്തനത്തിന് അയോഡിന്‍ ആവശ്യമാണ്. അയോഡിന്‍ കുറവുള്ള ഉപ്പ് കൂടുതല്‍ തൈറോയ്ഡ് രോഗങ്ങള്‍ക്കും ഗോയിറ്ററിനും കാരണമാകും. ആരോഗ്യകരമായ ഭക്ഷണവും നല്ല ഉറക്കവും ഇത്തരം  വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

അടുത്ത നടപടി രോഗങ്ങള്‍ നേരത്തെ കണ്ടെത്തുക എന്നതാണ്. ശരിയായ സമയത്ത് രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്താല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയും. അസാധാരണമായ തൈറോയ്ഡ് പ്രവര്‍ത്തനം പരിശോധനകളില്‍ കണ്ടെത്തുകയാണെങ്കില്‍ അവയ്‌ക്കെല്ലാം തന്നെ മരുന്നുകള്‍ ആവശ്യമില്ല. അതിനാല്‍ രോഗികള്‍ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് എന്‍ഡോക്രൈനോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്.  

(മംഗലാപുരം കെഎംസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റാണ് ലേഖകന്‍)