ചെറുപ്പകാലത്ത് ലഭിക്കേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കാതെ വളര്‍ന്നുവന്നവരുണ്ട്. ചിലര്‍ സ്വന്തം വീടുകളില്‍നിന്നുതന്നെ വൈകാരികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുമുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ നിലനില്‍പ്പിനായി കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ഫൈറ്റ് ഓര്‍ ഫ്‌ളൈറ്റ് മെക്കനിസം വികസിപ്പിച്ചിട്ടുണ്ടാവും. വലുതാകും തോറും മറ്റുള്ളവരുമായി നമുക്കുണ്ടാവുന്ന ബന്ധങ്ങളില്‍ ഇത് പ്രതിഫലിക്കാന്‍ തുടങ്ങും. ഇമോഷണല്‍ അബ്യൂസിന്റെ ലക്ഷണങ്ങള്‍ പലതും വ്യത്യസ്ത രീതിയില്‍ പ്രകടമാവാന്‍ തുടങ്ങും.

To advertise here,

നമുക്ക് ചുറ്റുമുള്ള പലരുടേയും വിവിധ തരത്തിലുള്ള പെരുമാറ്റത്തിനുപിന്നില്‍ ചറുപ്പം മുതല്‍ അനുഭവിച്ചുവന്ന ഇമോഷണല്‍ അബ്യൂസ് ആയിരിക്കാം. അതിനാല്‍ നമ്മള്‍ ഇതിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശമാണെന്നാണ് തെറപ്പിസ്റ്റ് അലിസണ്‍ കെല്ലം അഗ്വിര്‍ പറയുന്നത്. ഇമോഷണല്‍ അബ്യൂസിന്റെ അധികം അറിയപ്പെടാത്ത ലക്ഷണങ്ങളെക്കുറിച്ച് അലിസണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ് ആ ലക്ഷണങ്ങള്‍.

നിരന്തരമായ കുറ്റബോധമാണ് ആദ്യത്തെ ലക്ഷണം. നമുക്കോ നമ്മുടെ ചുറ്റുമുള്ള എന്തിനെങ്കിലുമൊക്കെയോ മോശമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ അതെല്ലാം നമ്മുടെ തെറ്റുകൊണ്ടാണെന്ന് ചിന്തിക്കുന്നതാണിത്. മറ്റുള്ളവരുടെ ഇഷ്ടത്തിനും സ്‌നേഹത്തിനും നമ്മള്‍ യോഗ്യരല്ല എന്നു തോന്നലുള്ളതുകൊണ്ട് നിരന്തരം ക്ഷമാപണം നടത്തുന്നതും കുട്ടിക്കാലത്തെ ഇമോഷണല്‍ അബ്യൂസിന്റെ് ബാക്കിപത്രങ്ങളാണ്.

മറ്റുള്ളവരുടെ വികാരവിക്ഷോഭങ്ങളും മറ്റും നിക്ഷേപിക്കാനുള്ള ഒരു ഉപകരണമായാണ് നമ്മള്‍ നമ്മളെത്തന്നെ കാണുന്നതെങ്കില്‍ അത് ഇമോഷണല്‍ അബ്യൂസ് നടന്നതിന്റെ ലക്ഷണമാവാം. നമുക്ക് നമ്മളെപ്പറ്റിത്തന്നെ മതിപ്പില്ലാത്തതിനാലാണിത്. അവനവനുവേണ്ടി സംസാരിക്കുന്നത് ബാക്കിയുള്ളവരില്‍നിന്നും ഒറ്റപ്പെട്ടുപോകാന്‍ കാരണമാക്കും എന്ന ചിന്തയാല്‍ പലപ്പോഴും ഇത്തരക്കാര്‍ മിണ്ടാതിരിക്കയാണ് പതിവ്.

നമുക്ക് നമ്മളെത്തന്നെ വിശ്വാസമില്ലാത്ത അവസ്ഥയും ഇതുമൂലമുണ്ടാകാം. ആത്മവിശ്വാസമില്ലാത്തതിനാലാണ് അവനവന്‍ ചെയ്യുന്നതും പറയുന്നതുമായ എല്ലാ പ്രവര്‍ത്തികളെയും ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്നത്. എന്തുകാര്യം ചെയ്താലും പരാജയപ്പെടുമോ എന്ന ചിന്ത നമ്മളെ വലച്ചുകൊണ്ടിരിക്കും. ഇത് എല്ലാ സമയവും നമ്മില്‍ ഉത്കണ്ഠയും ആകുലതയും നിറയ്ക്കും. 

നമ്മള്‍ ശരിയല്ല എന്ന തോന്നലായിരിക്കാം പലപ്പോളും നമ്മെ നയിക്കുന്നത്. ഇത് യാഥാര്‍ഥ്യത്തെ നോക്കിക്കാണുന്ന രീതിയേയും സ്വാധീനിക്കും. കാര്യങ്ങള്‍ വ്യക്തമാക്കി അവതരിപ്പിക്കുന്നതിലും ഇത്തരക്കാര്‍ പ്രയാസമനുഭവിക്കും. ചെറുപ്പം മുതല്‍ സ്വന്തമായി ഒന്നും പറയാന്‍ കഴിയാതിരുന്നതിന്റെ പ്രശ്‌നമാണിത്. നമ്മള്‍ മറ്റുള്ളവരുടെയത്രപോരാ, ഒന്നിനും കൊള്ളില്ല എന്ന തോന്നലായിരിക്കും ഉണ്ടാവുന്നത്. ഇത് എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുന്ന രീതിയിലേക്ക് നയിക്കും. എല്ലാം മറ്റുള്ളവരുടെ പ്രാതിക്കായി ചെയ്യുന്ന 'പീപ്പിള്‍ പ്ലീസിങ്' വിഭാഗത്തില്‍ പെട്ടവരുടെ ജീവിതത്തില്‍ ഇമോഷണല്‍ അബ്യൂസിങ് നടന്നിട്ടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.