കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ പക്ഷാഘാതം വരാനുള്ള സാധ്യത ഇന്ത്യയിൽ 100 ശതമാനം കൂടിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷന്റെ സമീപപഠനങ്ങളിൽ വ്യക്തമാകുന്നത്. ഓരോ വർഷവും 1.8 ദശലക്ഷം പേർക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനം പക്ഷാഘാതം അഥവാ സ്‌ട്രോക്കിനുമാണ്. സ്‌ട്രോക്ക് അതിജീവിക്കുന്നവരിൽ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ്. ഒരു ജീവിതശൈലി രോഗമായ സ്‌ട്രോക്ക് പ്രതിരോധ സാധ്യമായ ഒരു അവസ്ഥയാണ്.

To advertise here,

ത്രോംബോളിസിസ് എന്ന നൂതന ചികിത്സാരീതി സ്‌ട്രോക്ക് ചികിത്സയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും, ത്രോംബോളിസിസ് എല്ലായിടത്തും ചെയ്യുന്നില്ല എന്നതും ഈ ചികിത്സാരീതിയുടെ ഗുണഫലങ്ങൾ സാധാരണക്കാർക്കിടയിൽ എത്തുന്നതിൽ വിഘാതമാകുന്നു.

സ്‌ട്രോക്ക് എന്താണെന്നും, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകൾ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നതിനെപറ്റി പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാവർഷവും ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത്.

എന്താണ് സ്‌ട്രോക്ക്?

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തിൽ കാണുന്നു.

1. ഇസ്‌കീമിക് (ischemic) സ്‌ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്. സ്‌ട്രോക്കുകളിൽ ഏറിയ പങ്കും (75%) ഇഷ്‌ക്കിമിക് സ്‌ട്രോക്ക് ആണ്.

2. ഹെമറേജിക് (haemorrhagic) സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്. ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാൾ മാരകമാണ് ഹെമറേജിക് സ്‌ട്രോക്ക്.

സ്‌ട്രോക്ക് വരാനുള്ള സാധ്യതകൾ

സ്‌ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിതമദ്യപാനം, അമിതരക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. ഹാർട്ട് അറ്റാക്ക് വന്നവരിൽ, ഹൃദയവാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്.

ഇതിന്റെ ഒരു പ്രധാനകാരണം ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി ആണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും ചെറുപ്പക്കാരിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ടപിടിക്കുന്നതിൽ അപാകത ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവരിലും സ്‌ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

സ്‌ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ഉണ്ടാകുന്ന ബലക്ഷയം, മുഖം കോടുക, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്‌ട്രോക്ക് എങ്ങനെ ചികിത്സിക്കാം?

മേൽപറഞ്ഞ സ്‌ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളിൽ തന്നെ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്.

ഈ ചികിത്സയിൽ സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാൽ ഇത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റിൽ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, ന്യൂറോഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, സിടി (CT) / എംആർഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്‌ട്രോക്ക് യൂണിറ്റുകളിൽ ഉണ്ടായിരിക്കേണ്ടത്.

ത്രോംബോളിസിസ് കൊണ്ട് മാറ്റാൻ പറ്റാത്ത വലിപ്പമുള്ള രക്തക്കട്ടകൾ മാറ്റുന്നതിന് രക്തധമനി വഴി ഒരു കത്തീറ്റർ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എൻന്റോവാസ്‌ക്കുലർ റീവാസ്‌ക്കുലറൈസേഷൻ (endovascular revascularization) തെറാപ്പിയും ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇതു ചില സ്‌ട്രോക്ക് യൂണിറ്റുകളിൽ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു.

സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്

ഈ വർഷത്തെ ലോക സ്ട്രോക്ക് ദിനത്തിന്റെ പ്രമേയം 'Every Minute Counts' (ഓരോ മിനിറ്റും നിർണായകം) എന്നതാണ്. സ്ട്രോക്ക് ചികിത്സയിൽ സമയത്തിനുള്ള പ്രാധാന്യമാണ് ഈ സന്ദേശം ഓർമിപ്പിക്കുന്നത്. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ദശലക്ഷക്കണക്കിന് കോശങ്ങൾ നശിച്ചുപോകാം. രോഗിയെ ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ച ശേഷം സ്‌കാനിങ്ങിനായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് ചികിത്സ വൈകാൻ കാരണമാകാം. അതിനാൽ സമീപത്തുള്ള സ്ട്രോക്ക് ചികിത്സാ കേന്ദ്രങ്ങളെയും അവയുടെ ഹെൽപ്ലൈൻ നമ്പറുകളെയും കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് വിലപ്പെട്ട സമയം ലാഭിക്കാൻ സഹായിക്കും.

ചികിത്സ വൈകുവാനുള്ള മറ്റൊരുകാരണം തുടക്കത്തിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും. സിടി സ്‌കാനിൽ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ വരാൻ ചിലപ്പോൾ ആറ് തൊട്ട് ഇരുപതിനാല് മണിക്കൂർ വരെ എടുക്കാം. സിടി സ്‌കാൻ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കിൽ എംആർഐ സ്‌കാനിൽ മാത്രമേ ആദ്യ മണിക്കൂറുകളിൽ സ്ട്രോക്കിന്റെ വ്യത്യാനങ്ങളും മനസിലാക്കുവാൻ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങൾ ഇല്ലത്തതിനാലും സിടി സ്‌കാൻ നോർമൽ ആയതിനാലും ചിലപ്പോൾ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരിൽ ചിലപ്പോൾ 2-3 മണിക്കൂർ കഴിയുമ്പോൾ പൂർണമായി സ്ട്രോക്ക് വരുകയും ത്രോംബോളിസിസ് ചികിത്സായ്ക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചിലരോഗികളിൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ വന്നു ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് പൂർണമായി മാറുകയും ചെയ്യും. ഇതിനെ ടിഐഎ(TIA) അഥവാ ട്രാൻസിയന്റ് ഇസ്‌കീമിക് അറ്റാക്ക് (Transient ischemic Attack) എന്ന് പറയുന്നു. പൂർണമായി ഭേദമായതിനാൽ രോഗി ചികിത്സ ചിലപ്പോൾ തേടാറില്ല. എന്നാൽ ഇത്തരത്തിൽ വരുന്ന ടിഐഎ ഭാവിയിൽ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായസൂചന ആണ്. അതിനാൽ ലക്ഷണങ്ങൾ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

സ്‌ട്രോക്കിനു ശേഷമുള്ള ജീവിതം

ശാരീരിക വിഷമതകൾക്കു പുറമെ സ്‌ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാൽ സ്‌ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാൽ അടുത്ത ലക്ഷ്യം ജോലി ചെയ്യാൻ പ്രാപ്തമാക്കാനുള്ള occupational ഫിസിയോതെറാപ്പി ആണ്. കിടപ്പിലായ രോഗികളിൽ ബെഡ്‌സോർ വരാതെ നോക്കാനായി ഓരോ രണ്ടുമണിക്കൂറിലും രോഗിയെ തിരിച്ചുകിടത്തേണ്ടതാണ്.

സ്‌ട്രോക്ക് രോഗികളിൽ വീഴ്ചകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികൾ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന ബാത്‌റൂമും ഒരേനിരപ്പിൽ അയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്‌റൂമിൽ വേണം. തട്ടിവീഴാൻ കാരണമാകാവുന്ന സാധനങ്ങൾ തറയിൽ നിന്ന് മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോഴും ഒക്കെ ചലനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. ശരിക്കും പാകമുള്ളതും കനംകുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകൾ വേണം ഉപയോഗിക്കുവാൻ.

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തിൽ പ്രശ്ങ്ങൾ ഉണ്ടായേക്കാം. ഇതിനു നല്ലരീതിയിലുള്ള സ്പീച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താൻ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തിൽ വായിക്കുക, പേരുകൾ, ഗാനങ്ങൾ തുടങ്ങിയവ പലതവണ ആവർത്തിക്കുക, കാർഡുകൾ അല്ലെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. മ്യൂസിക് തെറാപ്പിയും ഇത്തരം രോഗികളിൽ സഹായകരമാണ്.

സ്‌ട്രോക്ക് രോഗികളിൽ ഭക്ഷണം വിഴുങ്ങുന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്കു പോകുവാനും തന്മൂലം ആസ്പിരേഷൻ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് തടയുന്നതിനായി ഭക്ഷണം ചെറിയകഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങൾ കുറേശെ കുറേശെ മൊത്തികുടിക്കേണ്ടതും ആകുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംസാരം ഒഴിവാക്കുകയും മറ്റുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാൻ പാടില്ല.

സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓർമ്മക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം എടുക്കുക, ഒരുസമയം ഒരുകാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോകുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ഏകാഗ്രത വീണ്ടെടുക്കാൻ സഹായിക്കും. സ്‌ട്രോക്ക് വരുമ്പോൾ പലർക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറ്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ വരിക സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബങ്ങൾക്ക് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോകുകയും, മറ്റുള്ളവരുമായി സമ്പർക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ തേടുക, കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുനതിനു വൈദ്യസഹായം തേടാൻ മടികാണിക്കാതിരിക്കുക, മനസ്സിലാക്കുന്നവരോട് അനുഭവങ്ങൾ പങ്കുവയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാൻ സഹായിക്കും.

സ്‌ട്രോക്ക് വരാതെ നോക്കുക

എപ്പോഴും രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് അത് വരാതെനോക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദവും, പ്രമേഹവും, ഉയർന്ന കൊളസ്‌ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകൾ കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യസമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതിൽ കൂടുതൽ പഴങ്ങളും, പച്ചക്കറികളും ഉൾപെടുത്താൻ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂർണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കൽ ടിഐഎ വന്ന രോഗികൾ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയിൽ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലർ സ്‌കാൻ (Neck vessel Doppler scan) ചെയ്യുന്നതിലൂടെ അതിൽ അടവുകൾ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് എന്റാർട്രക്ടമി; Carotid endartrectomy) ചെയ്യേണ്ടതാണ്.

വരും വർഷങ്ങളിൽ സ്‌ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും തന്മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്കുള്ള നന്ദി കുറിക്കലാകട്ടെ ഈ പക്ഷാഘാത ദിനം എന്ന് നമുക്ക് പ്രത്യാശിക്കാം.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആണ് ലേഖകൻ.