കുടുംബപരമായ ആരോഗ്യപ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ രണ്ടാഴ്ച കടന്നുപോയത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി അച്ഛന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ട്. ഒരാവശ്യത്തിനായി തലയുടെ MRI സ്‌കാന്‍ ചെയ്യേണ്ടി വന്നു. വളരെ അപ്രതീക്ഷിതമായി തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ 98 ശതമാനം അടവുള്ളതായി കണ്ടെത്തി. ഇരുവശത്തും പുറകിലുമായി മൂന്നു പ്രധാന രക്തക്കുഴലുകളാണ് തലച്ചോറിലേക്ക് രക്തം നല്‍കുന്നത്. അതില്‍ ഇടതുവശത്തുള്ള പ്രധാന രക്തക്കുഴലാണ് എപ്പോള്‍ വേണമെങ്കിലും അടയാം എന്ന നിലയില്‍ നില്‍ക്കുന്നത്. ആ രക്തക്കുഴല്‍ അടയുകയാണെങ്കില്‍ വലതുവശം തളരുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്യുന്ന വലിയൊരു പക്ഷാഘാതമാവും ഉണ്ടാവുക. അച്ഛനാണെങ്കില്‍ ഇത് സംബന്ധമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല താനും. ഒരുവശത്ത് ഒരു വലിയ അപകടം നേരത്തെ കണ്ടുപിടിക്കാനായല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. മറുവശത്ത് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത അച്ഛന് രക്തക്കുഴലിന്റെ തടസം നീക്കം ചെയ്യുന്ന കരോട്ടിഡ് സ്റ്റെന്റിങ് എന്ന പ്രക്രിയ ചെയ്യേണ്ടതിന്റെ ചെറിയ പിരിമുറുക്കവും ഉണ്ടായിരുന്നു. അപൂര്‍വമാണെങ്കിലും എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള അച്ഛന് ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഭയം എനിക്കുണ്ടായിരുന്നു. ഇത്തരം ധര്‍മ്മസങ്കടം വരുമ്പോള്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിക്ക് എന്താണ് മികച്ച ചികിത്സ (evidence based medicine) എന്ന് തിരഞ്ഞെടുക്കുകയേ നിവൃത്തിയുള്ളൂ. അവിടെ വികാരങ്ങള്‍ക്ക് പ്രാധാന്യമില്ല. കരോട്ടിഡ് സ്റ്റെന്റിങ് പ്രശ്‌നങ്ങളേതുമില്ലാതെ കടന്നുപോയി. പിറ്റേന്ന് പൂര്‍ണ ആരോഗ്യവാനായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തി. വലിയ ഒരു വിപത്ത് വഴിമാറിപ്പോയ ആശാസത്തിലായിരുന്നു ഞങ്ങളെല്ലാവരും.
സ്റ്റെന്റിങ് കഴിഞ്ഞു അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ അടുത്ത മുറിയില്‍ അച്ഛനെക്കാള്‍ പത്ത് വയസ്സ് കുറവുള്ള ഒരു ഉപ്പയായിരുന്നു. അച്ഛന്റെ രോഗാവസ്ഥയ്ക്ക് സമാനമായി തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ വലതുവശത്ത് അടഞ്ഞാണ് അദ്ദേഹം വന്നത്. പല കാരണങ്ങളാല്‍ 24 മണിക്കൂര്‍ കഴിഞ്ഞു മാത്രമാണ് അദ്ദേഹത്തിന് ആശുപത്രിയില്‍ എത്തിച്ചേരാന്‍ സാധിച്ചത്. പക്ഷാഘാതത്തിനു നല്‍കാനുള്ള ആധുനിക ചികിത്സകള്‍ എല്ലാം തന്നെ നല്‍കുന്നതിനുള്ള സമയം അപ്പോഴേക്കും കഴിഞ്ഞുപോയിരുന്നു. ഇടതുവശം പൂര്‍ണമായി തളരുകയും ബോധം നഷ്ടപ്പെടും ചെയ്ത അദ്ദേഹത്തെ ജീവന്‍ രക്ഷിക്കുന്നതിനായി വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു.
1999 ലാണ് ഞാന്‍ എംബിബിഎസ്സിനു ചേരുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് മാറ്റങ്ങള്‍ സ്‌ട്രോക്ക് ചികിത്സയില്‍ വന്നിട്ടുണ്ട്. അന്നൊക്കെ സിടി സ്‌കാന്‍ ചെയ്ത് രക്തസ്രാവം ഇല്ലെന്നുറപ്പുവരുത്തി ആസ്പിരിന്‍ ഗുളിക കൊടുക്കുക എന്നത് മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. ആസ്പിരിന്‍ വീണ്ടും അസുഖം വരാതിരിക്കാന്‍ പ്രധാനപ്പെട്ട ഗുളികയാണ്. എന്നാല്‍ പക്ഷാഘാതത്തിന്റെ പെട്ടെന്നുള്ള ചികിത്സയില്‍ അതിന് ഒരുപാട് പരിമിതികളുണ്ട്. ഇന്ന് നമുക്ക് അസുഖം തുടങ്ങി നാലര മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തുകയാണെങ്കില്‍ രക്തക്കട്ട അലിയിച്ചു കളയുന്നതിനുള്ള ത്രോംബോലൈസിസ് ചികിത്സയുണ്ട്. ഏകദേശം മുപ്പത് ശതമാനത്തോളം രോഗികളെ സാധാരണ ജീവിതത്തിലേക്ക് തുടക്കത്തിലേ കൊണ്ടുവരാന്‍ ത്രോംബോലൈസിസ് ചികിത്സ കൊണ്ട് നമുക്ക് കഴിയും. അതുപോലെ ഏറ്റവും അപകടകരമായ സ്‌ട്രോക്ക് ഉണ്ടാക്കുന്ന വലിയ രക്തക്കുഴലിലെ തടസ്സം മാറ്റുന്ന മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന ചികിത്സയും ഇന്ന് ലഭ്യമാണ്. ഈ ചികിത്സ ലഭിക്കുന്ന മൂന്നില്‍ ഒരാളുടെ ആരോഗ്യസ്ഥിതി നല്ല രീതിയില്‍ മെച്ചപ്പെടുന്നു. രക്തക്കുഴലിലൂടെ പോയി തടസ്സം നീക്കുന്ന ഈ ചികിത്സ ആദ്യത്തെ ആറ് മണിക്കൂറിനുള്ളില്‍ മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ. പുതിയ പഠനങ്ങള്‍ പ്രകാരം 24 മണിക്കൂര്‍ വരെ ചില രോഗികളില്‍ ഈ ചികിത്സ ഉപകാരപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പറഞ്ഞുവരുന്നത് സമയത്തിന്റെ വിലയെക്കുറിച്ചാണ്. രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങിയാല്‍ എത്രയും പെട്ടെന്ന് സ്‌ട്രോക്ക് ചികിത്സാസജ്ജമായ ആശുപത്രിയില്‍ എത്തിക്കുന്നത് വളരെ പ്രധാനമാണ്. ഒരുവശത്തെ തളര്‍ച്ച, ഒരു വശത്തെ കാഴ്ച നഷ്ടപ്പെടുക, ചിരി ഒരു വശത്തേക്ക് കോടിപ്പോവുക, സംസാരശേഷി നഷ്ടപ്പെടുക, നടക്കുമ്പോള്‍ ആടിപ്പോവുക തുടങ്ങിയ എന്ത് രോഗലക്ഷണങ്ങള്‍ കാണുമ്പോഴും ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ചിലപ്പോള്‍ ഇത്തരം രോഗലക്ഷണങ്ങള്‍ പെട്ടെന്ന് തന്നെ ശരിയാകും. വരാനിരിക്കുന്ന മഹാവിപത്തിന്റെ സൂചനകളായ ഇവയെ പക്ഷാഘാതത്തെപ്പോലെ തന്നെ കണ്ടു ചികിത്സിക്കണം. പരിശോധനയില്‍ രക്തക്കുഴലില്‍ തടസ്സം കണ്ടുപിടിക്കുകയാണെങ്കില്‍ അത് മാറ്റാനുള്ള സ്റ്റെന്റിങ് ചികിത്സയും ഇന്ന് ലഭ്യമാണ്.
അസുഖം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അത് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണ്. നിത്യേന വ്യായാമം, പുകവലി ഒഴിവാക്കല്‍, സമീകൃത ഭക്ഷണക്രമം എന്നിവ ചെറുപ്പത്തിലേ തന്നെ ശീലമാക്കുക. പ്രമേഹം, രക്തമ്മര്‍ദ്ദം എന്നീ ജീവിതശൈലീ രോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ ഒരുതവണ സ്‌ട്രോക്ക് വന്ന രോഗികള്‍ ഒരിക്കലും ഡോക്ടറുടെ നിര്‍ദേശം കൂടാതെ ആസ്പിരിന്‍ ഗുളിക കഴിക്കുന്നത് നിര്‍ത്തുവാന്‍ പാടുള്ളതല്ല. വീണ്ടും സ്‌ട്രോക്ക് വരാതിരിക്കാന്‍ ഇത് പ്രധാനമാണ്.
അച്ഛന്റെ കൂടെ ഐസിയുവിലുണ്ടായ ഉപ്പയും മെച്ചപ്പെട്ടുവരുകയാണ്. ഒരാഴ്ച കൊണ്ട് വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ബോധം പൂര്‍ണമായും തിരിച്ചെത്തി. നല്ല രീതിയില്‍ ഫിസിയോതെറാപ്പി ചെയ്യുവാന്‍ തുടങ്ങി. ഇടതുവശത്തെ തളര്‍ച്ച ഇപ്പോഴും ഉണ്ട്. ഇനി ഫിസിയോതെറാപ്പി കൊണ്ട് അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അച്ഛന്റെ അസുഖം കണ്ടുപിടിക്കുന്നതിന് ഭാഗ്യവും കൂട്ടുനിന്നു. അത് നമുക്ക് എപ്പോഴും പ്രതീക്ഷിക്കാന്‍ കഴിയില്ല. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. സമീകൃത ഭക്ഷണക്രമവും വ്യായാമവും ദുശീലങ്ങള്‍ ഒഴിവാക്കുകയും വഴി നമുക്ക് അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കഴിയും. അതാകട്ടെ ഈ സ്‌ട്രോക്ക് ദിനത്തിലെ സന്ദേശം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)
Content Highlights: Stroke What It Is Causes Symptoms Treatment and Types
Published: 29 Oct 2024, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented