
ആധുനികതയും ശാസ്ത്ര-സാങ്കേതിക പുരോഗതിയും നമ്മുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അതോടൊപ്പം വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വർധിച്ചുവരികയാണ്. ഇതിന്റെ ഫലമായി അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇന്ന് കൂടുതലായി കണ്ടുവരുന്നു.
നമ്മുടെ ജീവിതരീതികൾ കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വളരെയേറെ മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ വ്യത്യാസം വന്നിരിക്കുന്നത് ഭക്ഷണക്രമങ്ങൾ, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങൾ, അമിത ശരീരഭാരം എന്നിവയാണ്. ശുദ്ധരക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന രോഗങ്ങളാണ് ഇന്ന് നാം നേരിടുന്ന അസുഖങ്ങളിൽ കൂടുതലും. ലോകത്തെല്ലായിടത്തും ജീവിതശൈലി രോഗങ്ങളാണ്. ഇവയിൽ 80% ത്തോളം ആണുങ്ങൾക്കും ബാക്കി സ്ത്രീകളിലുമായാണ് കണ്ടുവരുന്നത്. സ്ത്രീകൾക്ക് 50-55 വയസ്സ് വരെ ഈസ്ട്രജൻ എന്ന സ്വതസിദ്ധമായ ഹോർമോൺ ഭൂരിഭാഗം ജീവിതശൈലി രോഗങ്ങളിൽനിന്നും അവരെ രക്ഷിക്കുന്നു. അതിനാൽതന്നെ 60 വയസ്സിന് മേലെയുള്ള ആണുങ്ങൾക്കാണ് ജീവിതശൈലി രോഗങ്ങൾ വളരെയധികം കണ്ടുവരുന്നത്. ഇതിനെല്ലാം പുറമേ ജീവിതത്തിലെ സമ്മർദങ്ങളും(Stress) രക്തധമനി രോഗങ്ങളുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
അതുകൂടാതെ പുകവലി, പ്രമേഹം, രക്താദിസമ്മർദ്ദം എന്നിവ ഈ രോഗങ്ങൾ കൂടുതൽ ഗുരുതരമാകുവാൻ കാരണങ്ങളാകുന്നു. പ്രത്യേകിച്ച് പ്രമേഹവും രക്തസമ്മർദ്ദവുമുള്ള ഒരു പുകവലിക്കാരന് പക്ഷാഘാതം, ഹൃദയസ്തംഭനം, കാലിലെ രക്തക്കുഴലിലെ തടസ്സം എന്നിവ ബാധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ജീവിതശൈലി രോഗങ്ങൾ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും എന്തെല്ലാം വിഷമതകളുണ്ടാക്കുന്നുവെന്ന് പരിശോധിക്കാം.
അശുദ്ധ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ പ്രധാനമായും മറ്റു ചില കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതിൽ ഏറ്റവും സാധാരണമായത് വെരിക്കോസ് വെയിൻ (Varicose Vein) ആണ്. മനുഷ്യൻ രണ്ട് കാലുകളിൽ നിവർന്ന് നടക്കുന്നതിനാൽ കാലുകളിലെ അശുദ്ധ രക്തക്കുഴലുകളിൽ മർദം വർധിക്കുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ, അപൂർവമാണെങ്കിലും ആശുപത്രിവാസത്തിനിടയിലും ശസ്ത്രക്രിയയ്ക്ക് ശേഷവും അശുദ്ധ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ (Deep Vein Thrombosis) സാധ്യതയുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന രക്തക്കട്ട ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ എത്തുകയാണെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം.
മനുഷ്യശരീരത്തിലെ കോശങ്ങൾക്കും അവയവങ്ങൾക്കും സുഗമമായ പ്രവർത്തനത്തിനായി പ്രാണവായുവും ഗ്ലൂക്കോസും ഹോർമോണുകളും മറ്റ് അവശ്യവസ്തുക്കളും ശുദ്ധരക്തക്കുഴൽ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധർമ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്‌ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്നുപോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാൻ ഇട വരുന്നതാണ്. കാലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ബാക്കി എല്ലാ ചികിത്സാമുറകളും ഫലപ്രദമായില്ലെങ്കിൽ മാത്രം ജീവരക്ഷയ്ക്കായി നിർജജീവമായ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ (Amputation) ഇല്ലാതാക്കുക എന്നതാണ് ഈ വർഷത്തെ വസ്‌ക്കുലർ ദിന മുഖ്യ വിഷയം. അതേ ഉദ്ദേശത്തോടുകൂടി തന്നെയുള്ള മറ്റൊരു വിഷയമാണ് 'ഒരു മൈൽ നടക്കൂ പുഞ്ചിരിയോടെ ജീവിക്കാം' (Walk a mile to live with a smile). കാൽ പരിച്ഛേദിക്കുന്ന പ്രക്രിയ ഉന്മൂലനം ചെയ്യുകയും (വാസ്തവത്തിൽ വളരെ വളരെ കുറയ്ക്കുക) അതൊഴിവാക്കാനായി ചികിത്സാമുറകൾ സ്വീകരിക്കുകയും ചെയ്യാനുള്ള ആഹ്വാനമാണ് ഉദ്ദേശ്യം.
നമ്മുടെ രക്തചംക്രമണ (Blood Circulation) വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങളാണ് - ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ഒരു ശൃംഖല (ധമനികൾ - ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകൾ - അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ. രക്തക്കുഴലുകളുടെ രോഗനിർണ്ണയം, ചികിത്സ, പ്രതിരോധ മാർഗ്ഗങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, രക്തക്കുഴലുകളുടെ രോഗങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയുമായി ബന്ധപ്പെട്ടതാണ് വാസ്‌കുലർ & എൻഡോവാസ്‌കുലർ സർജറി. രക്തക്കുഴലുകളെയും ഞരമ്പുകളുടെയും ബാധിക്കുന്ന പ്രതികൂല അവസ്ഥകളാണ് 95% ത്തിലധികം രോഗങ്ങൾക്ക് കാരണമാകുന്നത്. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് Atherosclerosis, ഇത് പ്രധാനമായും ബാധിക്കുന്നത് അയോർട്ടയെയാണ് (അയോർട്ട / മഹാധമനി- ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴൽ). അയോർട്ടയെ സാധാരണയായി ബാധിക്കുന്ന രോഗങ്ങൾ അന്യൂറിസവും (ധമനി വീക്കം), ധമനികളിൽ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്.
അന്യൂറിസം എന്ന രോഗാവസ്ഥ കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തകരുകയും മരണത്തിനു കാരണമാവുകയും ചെയ്യും. അതുപോലെ തന്നെ രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവഹനം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവർത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കാലിലെ സിരകളിൽ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം (Venous Thromboembolic Disease). ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യന്റെ ആരോഗ്യാവസ്ഥ അവരുടെ ധമനികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ
A. ധമനികളിലെ അപര്യാപ്തത കാലുകളെ ബാധിക്കുന്നത് എങ്ങനെ (Artery insufficiency to legs)
1. പെട്ടെന്നുള്ള ധമനികളുടെ തടസ്സം (Sudden Blockage of arteries)
ഹൃദയം / അയോർട്ടയിൽ നിന്നുള്ള പദാർത്ഥമോ രക്തകട്ടയോ കാരണം കാലുളിലെ ധമനികളിൽ തടസ്സമുണ്ടായാൽ, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാൻ കഴിയാതെ വരികയും ചെയ്യും. ആർട്ടീരിയൽ എംബോളിസം എന്ന ഈ അവസ്ഥയിൽ എത്തുകയാണെങ്കിൽ ഇതിനു കാരണമായ രക്തക്കട്ട നീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെർഫ്യൂഷൻ പുനഃസ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു.
ധമനികളുടെ തടസ്സം സാധാരണയായി 6 - 8 മണിക്കൂറോളം നീണ്ടുനിൽക്കാം. അതിനാൽ, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നിരുന്നാലും, 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ, അടിയന്തരമായി മരുന്നുകൾ മുഖേന രക്തം കട്ടപിടിച്ചത് അലിയിച്ചുകളയേണ്ടതുണ്ട്. യഥാർത്ഥ ഹൃദയസംബന്ധമായ പ്രശ്‌നത്തെ ചികിത്സിക്കാൻ ആന്റി-കോയാഗുലേഷൻ മരുന്നുകൾ തുടരേണ്ടതുണ്ട്. പ്രായമായ ഒരു രോഗിയിൽ, കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തിൽ പരിഗണിക്കേണ്ടതാണ്.
2. പെരിഫറൽ ആർട്ടറി രോഗം (Peripheral Artery Disease)
കാലുകളുടെ ധമനികളിൽ കൊളസ്ട്രോൾ/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു, ഇതുമൂലം നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം. കാലക്രമേണ ധമനികളിലെ തടസ്സം കൂടുന്നതനുസരിച്ച്, കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കാലുകൾക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിൽ വേണ്ട വിധം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ, വിശ്രമവേളയിൽ പോലും രോഗിക്ക് കാലുകളിൽ വേദന അനുഭവപ്പെടാം. ഈ ഘട്ടത്തിൽ അടിയന്തര വൈദ്യസഹായം നൽകിയില്ലെങ്കിൽ ഇതു ബാധിച്ച അവയവം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗത്തിന്റെ മുൻകാല വിശദാംശം, ശാരീരിക പരിശോധന, ഡ്യൂപ്ലെക്സ് വിലയിരുത്തൽ (Duplex Evaluation) എന്നിവ കൈകാലുകളുടെ രക്തചംക്രമണത്തിന്റെ അവസ്ഥ അറിയാൻ സഹായിക്കുന്നു. രോഗം ഗുരുതരാവസ്ഥയിലാണെങ്കിൽ, ധമനികളിലെ തടസ്സം മനസ്സിലാക്കുന്നതിനായി സിടി ആൻജിയോഗ്രാം ചെയ്യേണ്ടതുണ്ട്. പ്രാഥമിക ചികിത്സ മെഡിക്കൽ മാനേജ്മെന്റാണ്, കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ കീ-ഹോൾ സർജറി (ബലൂൺ ആൻജിയോപ്ലാസ്റ്റി / സ്റ്റെന്റിംഗ്) അനിവാര്യമാണ്. അത് സാദ്ധ്യമല്ലെങ്കിലോ പരാജയപ്പെടുകയോ ചെയ്താൽ കൃത്രിമ ഗ്രാഫ്റ്റ് ഉപയോഗിച്ച് ബൈപാസ് സർജറി ആവശ്യമായി വരും.
രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നടക്കാനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും കീ-ഹോൾ ശസ്ത്രക്രിയ അനുയോജ്യമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിൽ ഓപ്പൺ സർജറി ചെയ്യേണ്ടതായി വരും. 'കാലുകളുടെ ആരോഗ്യം ജീവിത നിലവാരത്തെ തീരുമാനിച്ചേക്കാം' എന്ന് പറയുന്നത് തീർത്തും ശരിയാണ്.
B. കരോറ്റിഡ് ധമനികളിലെ രോഗങ്ങൾ / സ്ട്രോക്ക് (Carotid Artery Diseases / Stroke)
തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുള്ള ധമനികളിൽ രക്തം പെട്ടെന്ന് നിലയ്ക്കുകയോ, തലച്ചോറിനുള്ളിലെ രക്തസ്രാവം മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്. സംസാര ശേഷിയെ ബാധിച്ചോ അല്ലാതെയോ, ശരീരത്തിന്റെ ഒരു വശം തളർന്നു പോകുന്ന അവസ്ഥയാണിത്. പല കാരണങ്ങൾ മൂലവും ഈ ഒരവസ്ഥ ഉണ്ടാകാം, എന്നിരുന്നാലും മസ്തിഷ്‌ക ധമനികളിൽ കൊളസ്ട്രോൾ/കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. ഈ സാഹചര്യത്തിൽ, രോഗിയെ ഡ്യൂപ്ലെക്സ് സ്‌കാൻ ഉപയോഗിച്ച് വിലയിരുത്തുകയും അതിനുശേഷം സിടി ആൻജിയോഗ്രാം ഉപയോഗിച്ച് ഇതിനു കാരണമായ രക്തസ്രാവം ഏതു ഭാഗത്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം. രോഗലക്ഷണം പ്രകടമായി പരമാവധി 3-4 ആഴ്ചയ്ക്കുള്ളിൽ തന്നെ ചികിത്സ തേടേണ്ടതാണ്. ധമനികളിൽ ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യുകയോ (Carotid Endarterectomy) അല്ലെങ്കിൽ കരോട്ടിഡ് ആർട്ടറി സ്റ്റെന്റിംഗ് ചെയ്തോ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
C. ആമാശയ ധമനികളിലെ വീക്കം (Abdominal Aortic Aneurysm)
ആമാശയത്തിലെ മഹാധമനി 2 സെന്റിമീറ്ററോ അതിൽ കുറവോ വ്യാസമുള്ളതാണെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവർക്ക് അവയിൽ വീക്കം സംഭവിക്കാം, ഈ അവസ്ഥയാണ് അനൂറിസം (Aneurysm). കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ, വീക്കം കൂടുകയും അത് പോട്ടിപോകാനും സാദ്ധ്യതയുണ്ട്. വീക്കത്തിന്റെ അളവ് പരമാവധി 5.5 സെന്റീമീറ്റർ ആയാണ് കണക്കാക്കുന്നത്. പുകവലി, ശ്വാസകോശ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ വീക്കം ഉണ്ടാകുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു. ക്ലിനിക്കൽ പരിശോധനയും അൾട്രാസൗണ്ട് സ്‌കാനിംഗും രോഗനിർണ്ണയത്തിനു സഹായിക്കുന്നു. സിടി അയോർട്ടോഗ്രാം എന്ന രോഗ നിർണ്ണയ രീതിയിലൂടെ (CT Aortogram) അനൂറിസം, അതിന്റെ വലുപ്പം, വ്യാപ്തി, എന്നിവ സ്ഥിരീകരിക്കുന്നു. ഓപ്പൺ സർജറിയാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സാ രീതി. രോഗികളുടെ പൊതുവായ/ഹൃദയ സംബന്ധമായ അവസ്ഥ അനുകൂലമല്ലെങ്കിൽ എൻഡോവാസ്‌കുലർ സർജറി ചെയ്യേണ്ടതായി വരും.
അപൂർവ്വമായി കാണുന്ന ധമനി രോഗങ്ങൾ
A. അയോർട്ടിക് ആർച്ചിനുണ്ടാകുന്ന വീക്കം (Aortic Arch Aneurysm)
അനൂറിസം 6 സെന്റിമീറ്ററോളം വലിപ്പമായാൽ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇവയിൽ സമ്മർദ്ദം കൂടുകയും തകരാർ സംഭവിക്കുകയുമാണെങ്കിൽ ഉടനടി ചികിത്സ തുടങ്ങേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ ധമനികളിലെ വീക്കം ആകസ്മികമായി കണ്ടുപിടിക്കപ്പെടുന്നു (പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല). എന്നാൽ അയോർട്ടിക് ആർച്ചിനുണ്ടാകുന്ന വീക്കം ലക്ഷണങ്ങളോടു കൂടി (നെഞ്ചിലെ അസ്വസ്ഥത, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം) പ്രകടമാകുന്നു. സിടി ആൻജിയോഗ്രാം ഇമേജിംഗ് ഉപയോഗിച്ച് രക്തകട്ടയുടെ വലുപ്പം, വ്യാപ്തി, സാന്നിധ്യം എന്നിവ മനസ്സിലാക്കാൻ സാധിക്കും. വലിയ വ്യാസമുള്ള പ്രോസ്തെറ്റിക് ഗ്രാഫ്റ്റ് ഉപയോഗിക്കുന്നത് ഓപ്പൺ ശസ്ത്രക്രിയ ചികിത്സയ്ക്ക് ഫലപ്രദമാണ്. എന്നിരുന്നാലും, കീ-ഹോൾ ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് ഗ്രാഫ്റ്റ് (എൻഡോവാസ്‌കുലർ) ചെയ്യുന്നതിലൂടെയും ചികിത്സ സാദ്ധ്യമാണ്. നൂതന ചികിത്സാ രീതിയായ Hybrid Aortic Arch ആണ് മുമ്പ് പറഞ്ഞ രണ്ട് ചികിത്സാ രീതികളെക്കാളും മികവ് പുലർത്തുന്നത്.
B. അയോർട്ടിക് ഡിസെക്ഷൻ (Aortic Dissection)
അയോർട്ടിക് ഡിസെക്ഷൻ എന്നത് അയോർട്ടയുടെ ആന്തരിക ഭിത്തിയിലെ ഒരു വിള്ളലിനെ സൂചിപ്പിക്കുന്നു. അതിലൂടെ രക്തം അയോർട്ടിക് ഭിത്തിയിലേക്ക് ഒഴുകുന്നതിന്റെ ഫലമായി ഇൻട്രാ-മ്യൂറൽ ഹെമറ്റോമ (Intramural Hematoma) എന്ന അവസ്ഥയുണ്ടാകുന്നു. അയോർട്ടയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിള്ളൽ സംഭവിക്കാം (Stanford A and Stanford B). ഉയർന്ന രക്തസമ്മർദ്ദം ഈ അവസ്ഥ സങ്കീർണ്ണമാക്കാൻ കാരണമാകുന്നു. സ്റ്റാൻഫോർഡ് എ ഡിസെക്ഷൻ എന്ന അവസ്ഥയാണെങ്കിൽ ഉടനടി ശസ്ത്രക്രിയ ആവശ്യമായി വരും. സ്റ്റാൻഫോർഡ് ബി ആണെങ്കിൽ ICU ക്രമീകരണത്തിൽ മരുന്നുകൾ ഉപയോഗിച്ച് ഭേദപ്പെടുത്താവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതാണ് ചികിത്സയുടെ പ്രധാന ഘടകം. കൃത്യസമയത്ത് ചികിത്സ തേടിയില്ലാന്നുണ്ടെങ്കിൽ ജീവൻ രക്ഷിക്കുന്നതിനായി എൻഡോവാസ്‌കുലർ സ്റ്റെന്റ് ഗ്രാഫ്റ്റ് നടപടിക്രമം നടത്തേണ്ടതായി വരും.
ഇതിനെല്ലാം പുറമേ അശുദ്ധ രക്തവാഹിനികൾക്ക് രണ്ടുതരം അസുഖങ്ങളാണ് അപൂർവമായിട്ടാണെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നു. അശുദ്ധ രക്തധമനിയിലെ രക്ത കട്ടകളും എന്നാൽ സാധാരണയായി കാണുന്നതും അത്ര വലിയ അപകടാവസ്ഥയിൽ അല്ലാത്തതുമായ വെരിക്കോസ് വെയിൻ ആണ് ഇവയിൽ മുഖ്യം.
പ്രതിരോധ മാർഗ്ഗങ്ങൾ
ഭക്ഷണ നിയന്ത്രണവും മിതമായ വ്യായാമവും അപകടസാദ്ധ്യതാ ഘടകങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം നിർത്തുക. ദിവസവും ഒരു കിലോമീറ്റർ നടക്കുന്നത് അല്ലെങ്കിൽ ആഴ്ചയിൽ 5 ദിവസം, 15 മിനിറ്റ് ട്രെഡ്മിൽ വ്യായാമം ശാരീരിക ക്ഷമത നിലനിർത്തുന്നതിന് ഗുണകരമാണ്. എന്നിരുന്നാലും രക്തക്കുഴലുകളുടെ രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ, 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ അപകടസാദ്ധ്യതാ ഘടകങ്ങളുടെ നിയന്ത്രണം വഴി അതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നു. ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൃത്യ സമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്‌കുലർ രോഗങ്ങളും.
അശുദ്ധ രക്തക്കുഴലുകളിൽ സാധാരണയായി കണ്ടുവരുന്ന രണ്ട് പ്രധാന രോഗങ്ങളാണ് വെരിക്കോസ് വെയിൻ (Varicose Vein) എന്ന രക്തക്കുഴലുകളുടെ തടിപ്പും ഡീപ് വെയിൻ ത്രോംബോസിസ് (Deep Vein Thrombosis) എന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയും. വെരിക്കോസ് വെയിൻ പൂർണമായി തടയാൻ സാധിക്കാത്ത രോഗമാണെങ്കിലും, സമയബന്ധിതമായി ചികിത്സ തേടുന്നതിലൂടെ അതിന്റെ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയും. മറുവശത്ത്, ഡീപ് വെയിൻ ത്രോംബോസിസ് ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുന്ന രോഗമാണ്. ആശുപത്രിവാസം, ശസ്ത്രക്രിയ, അസ്ഥി പൊട്ടൽ മൂലമുള്ള ദീർഘകാല വിശ്രമം തുടങ്ങിയ സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ പ്രതിരോധ ചികിത്സയും മരുന്നുകളും സ്വീകരിച്ചാൽ ഈ രോഗസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. രോഗങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധവും സമയോചിതമായ ചികിത്സയും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ വാസ്കുലാർ സർജനാണ് ലേഖകൻ.)
Content Highlights: Overview of vascular and endovascular surgery in 2026., Critical link between lifestyle choices and arterial health., Early detection of conditions like Varicose Vein and Aneurysm., Importance of physical activity and smoking cessation., Guidance on when to seek urgent medical intervention for arterial blockage.
Published: 08 Aug 2026, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented