സമാനതകൾകൊണ്ട് ശ്രദ്ധേയവും കൃത്യസമയത്ത് നടത്തേണ്ട ഇടപെടലുകൾ കൊണ്ട് വ്യത്യസ്തവുമായ രണ്ട് കേസുകൾ ഇന്നലെ അറ്റന്റ് ചെയ്യേണ്ടി വന്നു. രണ്ട് പേർക്കും ഏതാണ്ട് ഒരേ പ്രായമാണ്. സംസാരിക്കുവാനുള്ള ബുദ്ധിമുട്ടും വലതുകൈക്ക് ബലക്കുറവുമാണ് ഇരുവരും അഭിമുഖീകരിച്ച രോഗലക്ഷണം. ഇതിൽ ഒരാൾ ലക്ഷണം ശ്രദ്ധയിൽപെട്ട ഉടനെ തന്നെ ഞങ്ങളുടെ അരികിലെത്തി. രണ്ടാമത്തെ വ്യക്തി പക്ഷെ ' കുറച്ച് കാത്തിരുന്നാൽ ശരിയാകും എന്ന ധാരണയിൽ ' കാത്തിരിക്കുകയും ചെയ്തു. ഞങ്ങളുടെ അരികിലെത്തുമ്പോഴേക്കും രണ്ടാമത്തെ വ്യക്തിയുടെ മസ്തിഷ്‌കത്തിലെ പ്രധാന ഭാഗത്തിന് ഗുരുതരമായ ക്ഷതം സംഭവിച്ച് കഴിഞ്ഞിരുന്നു. ആദ്യത്തെ വ്യക്തിയാകട്ടെ ചെറിയ ചികിത്സ കൊണ്ട് തന്നെ ആരോഗ്യം തിരിച്ച് പിടിക്കാൻ സാധിക്കുന്ന അവസ്ഥിയിലെത്തുകയും ചെയ്തു. 

To advertise here,

ഇന്ന് ലോക ബ്രെയിൻ ദിനമാണ്. യാദൃശ്ചികമാണെങ്കിലും മേൽ പറഞ്ഞ രണ്ട് അനുഭവങ്ങളും ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സ്‌ട്രോക്കിന്റെ കാര്യത്തിൽ സമയത്തിനാണ് പരമപ്രാധാന്യം, വൈകുന്ന ഓരോ നിമിഷവും ഗൗരവതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനിടയാക്കും എന്ന് ഓർമ്മിക്കുക.

മസ്തിഷ്‌കം നിലച്ചാൽ എന്ത് സംഭവിക്കും?

ഹൃദയം നിലച്ചാൽ ജീവൻ നിലയ്ക്കുമെന്നറിയാത്തവരല്ല നമ്മൾ, എന്നാൽ മസ്തിഷ്‌കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? നമ്മുടെ ഹൃദയം മിടിക്കണമോ എന്നതും ശ്വാസം എടുക്കണമോ എന്നതും നടക്കണമോ, സംസാരിക്കണമോ, ചിരിക്കണമോ, കരയണമോ, ഓർമ്മകൾ സൂക്ഷിക്കണമോ, തീരുമാനങ്ങൾ എടുക്കണമോ, എന്നെല്ലാം തീരുമാനിക്കുന്നത് മസ്തിഷ്‌കമാണ്. അതുകൊണ്ട് തന്നെയാണ് '' മസ്തിഷ്‌കത്തെ സംരക്ഷിക്കുക എന്നത് ജീവിതത്തെ സംരക്ഷിക്കലാണ്' എന്ന സന്ദേശം ബ്രെയിൻ ദിനത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

അത്ഭുതമാണ് മസ്തിഷ്‌കം

1.3 കി. ഗ്രാം മുതൽ 1.5 കി. ഗ്രാം വരെയാണ് മസ്തിഷ്‌കത്തിന്റെ പൊതുവായ ഭാരമായി കണക്കാക്കുന്നത്. ഇത്രമാത്രം ഭാരമുള്ള ഈ ശരീരഭാഗത്ത് ഏകദേശം 86 ബില്യൺ നാഡീകോശങ്ങൾ സ്ഥിതിചെയ്യുന്നു. ഓരോ നിമിഷാർദ്ധ നേരങ്ങളിലും കോടാനുകോടി സന്ദേശങ്ങളാണ് ഈ നാഡീകോശങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നത്. മാനവരാശിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണിത്.

കുഞ്ഞ് അമ്മയുടെ മുഖം തിരിച്ചറിയുന്നതും, വിദ്യാർഥി പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്നതും, സംഗീതജ്ഞൻ തന്റെ കഴിവ് പ്രകടിപ്പിക്കുന്നതും, ശാസ്ത്രജ്ഞൻ കണ്ടെത്തലുകൾ നടത്തുന്നതും, ഭരണാധികാരികൾ നേതൃപരമായ കഴിവ് പ്രകടിപ്പിക്കുന്നതുമെല്ലാം മസ്തിഷ്‌കത്തിന്റെ അസാധാരണമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ്.

ബ്രെയിൻ ദിനത്തിന്റെ പ്രാധാന്യം?

മസ്തിഷ്‌കത്തെ ബാധിക്കുന്ന ഏതാണ്ട് എല്ലാ രോഗങ്ങളും തന്നെ അതീവ ഗൗരവത്തോടെയും അടിയന്തര പ്രാധാന്യത്തോടെയും ചികിത്സിക്കേണ്ടവയാണ്. സ്‌ട്രോക്ക്, അപസ്മാരം, പാർക്കിൻസൺസ്, അൽസ്ഹൈമേഴ്‌സ്, ഡിമെൻഷ്യ, മൈഗ്രെയിൻ, ബ്രെയിൻ ട്യൂമറുകൾ, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, തുടങ്ങിയ അനേകം അസുഖങ്ങൾ ഇവയിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗം രോഗാവസ്ഥകളും നേരത്തെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായി പ്രതിരോധിക്കുവാനോ, നിയന്ത്രിച്ച് നിർത്തുവാനോ സാധിക്കുന്നവയാണ്. നേരത്തെ തിരിച്ചറിയുക, കൃത്യസമയത്ത് ഉചിതമായ ചികിത്സ സ്വീകരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് ഇതിൽ പ്രധാനം. എന്നാൽ രോഗലക്ഷണങ്ങളെ അവഗണിക്കുന്നതും ചികിത്സ വൈകിപ്പിക്കുന്നതുമാണ് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാൻ ഇടയാകുന്നത്.

മസ്തിഷ്‌കത്തിന്റെ ആരോഗ്യം

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കൾ നല്ലത് മസ്തിഷ്‌കത്തെ ആരോഗ്യത്തോടെ നിലനിൽക്കുവാനാവശ്യമായ ഇടപെടലുകൾ നേരത്തെ തന്നെ നടത്തുക എന്നതാണ്. ഇതിന് ഏറ്റവും മികച്ച ഉപാധി ആരോഗ്യപൂർണ്ണമായ ജീവിത ശൈലി നിലനിർത്തുക എന്നതാണ്. അതിനായി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക

2. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയുള്ളവർ രോഗാവസ്ഥ എപ്പോഴും നിയന്ത്രണത്തിലാക്കുക.

3. പച്ചക്കറികളും, ധാന്യങ്ങളും, പഴങ്ങളും മത്സ്യവും ഉൾപ്പെടുന്ന സമീകൃതാഹാരം ശീലമാക്കുക.

4. പുകവലി-മദ്യപാനം-മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

5. 7-8 മണിക്കൂർ ഉറങ്ങുക.

6. സ്‌ട്രെസ്സ് ഒഴിവാക്കുക, അതിനായി യോഗ ശീലമാക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, വായിക്കുക, സംഗീതം ആസ്വദിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.

7. തലയിൽ പരിക്ക് ഏൽക്കാതിരിക്കുവാൻ യാത്രാവേളകളിൽ ഹെൽമറ്റും സീറ്റ് ബെൽറ്റും മറ്റ് സുരക്ഷാ ഉപാധികളും പൂർണ്ണമായും ഉപയോഗപ്പെടുത്തുക.

8. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കുക.

ഓർമ്മിക്കുക, നമ്മുടെ ഓർമ്മകളും സ്വപ്‌നങ്ങളും, വ്യക്തിത്വവും വികാരങ്ങളും എല്ലാം സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും മസ്തിഷ്‌കമാണ്. മസ്തിഷ്‌കത്തെ സംരക്ഷിക്കുക എന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്.

(പാലക്കാട്‌ കിംസ് അവൈറ്റിസ് ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ്-ന്യൂറോളജിസ്റ്റ് ആണ് ലേഖിക)