
അതിരു വിടരുത് ആന്റിബയോട്ടിക്| പരമ്പരയുടെ മുഴുവൻ ഭാഗങ്ങളും വായിക്കാം
ചെറിയ പനി, കുറേശ്ശെ ചുമയും തുമ്മലും... വൈറൽ രോഗങ്ങളുടെ കാലമായതുകൊണ്ടാണ് പലരും വൈകാതെ ആശുപത്രിയിൽ പോകാമെന്ന് വിചാരിക്കുന്നത്. എന്നാൽ, രോഗികളുടെ ആധിക്യംകൊണ്ടും മറ്റും തിരക്കിട്ടുനോക്കുന്ന ഡോക്ടർ മറ്റു പരിശോധനകൾക്കൊന്നും നിൽക്കാതെ ആന്റിബയോട്ടിക് ഗുളികകൾ കുറിക്കുന്ന സ്ഥിതിവിശേഷം ഇപ്പോഴും കാണാം. ആന്റിബയോട്ടിക് ഗുളിക കുറിക്കാനും മാത്രം അണുബാധയുണ്ടോയെന്ന പരിശോധന പോലും പലയിടങ്ങളിലും വകവെക്കാറില്ല.
ഇനി മറ്റു ചിലയിടങ്ങളിലാകട്ടെ, നന്നായി പരിശോധിച്ച് മതിയായ ടെസ്റ്റുകളെല്ലാം ചെയ്തതിനു ശേഷം ഡോക്ടർ മരുന്നു കുറിക്കും. ഇവ കഴിച്ചിട്ടും കുറവില്ലെങ്കിൽ വീണ്ടും വന്നുകാണണമെന്നും ആന്റിബയോട്ടിക് തുടങ്ങണമോ എന്ന് അപ്പോൾ പറയാമെന്നും പറയുന്നു. രോഗം പെട്ടെന്നു മാറണമെന്നുള്ളതുകൊണ്ട് ഡോക്ടറോട് ഇപ്പോൾ തന്നെ ആന്റിബയോട്ടിക് എഴുതിക്കോളൂ, വാങ്ങിപ്പോകാമെന്ന് അങ്ങോട്ട് ആവശ്യപ്പെടുന്നവരും പഴയകുറിപ്പടി കാണിച്ച് ഡോക്ടറുടെ നിർദേശമില്ലാതെ വീണ്ടും വീണ്ടും ആന്റിബയോട്ടിക് കോഴ്സ് തുടരുന്നവരും ഒട്ടുംകുറവല്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ വെറുതെപോയി ആന്റിബയോട്ടിക് വാങ്ങികഴിച്ചു ശീലമുള്ളവരാണ് മിക്കയാളുകളും. രണ്ടോമൂന്നോ ദിവസം നിൽക്കാതെ പനിച്ചാലും ചുമച്ചാലും അപ്പോൾ സ്വയം ആന്റിബയോട്ടിക് ചികിത്സ നടത്തും. രോഗത്തിനു പിന്നിൽ വൈറസാണോ ബാക്ടീരിയയാണോ എന്നു പരിശോധിക്കാനോ ശരീരത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവസരം നൽകാനോ നിൽക്കാതെ ആന്റിബയോട്ടിക്കുകളിൽ അമിതമായി അഭയം തേടിയതിന്റെ ഫലമോ? പകുതിയിലേറെപേരുടെ ശരീരത്തിലും ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥ കൂടി. അതായത് ആന്റിബയോട്ടിക്കുകൾ ശരീരത്തിലേൽക്കാത്ത അവസ്ഥ.
ലോകാരോഗ്യസംഘടന പോലും ആധിയോടെ കാണുന്ന ആഗോള ആരോഗ്യഭീഷണിയായി തുടരുന്ന സ്ഥിതിവിശേഷമാണ് വന്നുചേർന്നിരിക്കുന്നത്. എന്തുകൊണ്ടാണ് നാം ആന്റിബയോട്ടിക്കുകളോട് ഇത്ര അടിമകളായത്? എന്തൊക്കെയാണ് അതിന്റെ അനന്തരഫലങ്ങൾ? എങ്ങനെയാണ് ഈ ഗുരുതരമായ സാഹചര്യത്തെ അതിജീവിക്കാനാവുക? പരിശോധിക്കാം....
എന്താണ് ആന്റിബയോട്ടിക്കുകൾ?
ബാക്ടീരിയകളാൽ ചുറ്റപ്പെട്ട ലോകമാണ് നമ്മുടേത്. സൂക്ഷ്മാണുക്കളായ ഇവയിലേറെയും നിരുപദ്രവകാരികളുമാണ്. പ്ലേഗ്, കോളറ, ക്ഷയം, ന്യുമോണിയ, ഡിഫ്ത്തീരിയ തുടങ്ങി രോഗമുണ്ടാക്കുന്നവയും മരണത്തിലേക്കു നയിക്കുകയും ചെയ്യുന്ന ബാക്ടീരിയകളെ തുരത്താനായാണ് ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയത്.
ബാക്ടീരിയ മൂലമുള്ള അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരുകൂട്ടം മരുന്നുകളേയാണ് ആന്റിബയോട്ടിക്കുകൾ എന്നുപറയുന്നത്. 350 – 550 CE- വരെ പുരാതനമായ കാലത്തുനിന്നു കണ്ടെത്തിയ മനുഷ്യശരീരങ്ങളിൽ നിന്നുവരെ ആന്റിബയോട്ടിക്കുകളുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ചിലയിനം പൂപ്പലുകളും പ്ലാന്റ് എക്സ്ട്രാറ്റുകളുമാണ് പുരാത ഈജിപ്ഷ്യൻ കാലത്ത് അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്നത്.
ശരീരത്തിലെ ബാക്ടീരിയയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയോ അവയെ ഇല്ലാതാക്കുകയോ ആണ് ആന്റിബയോട്ടിക്കുകളുടെ കർത്തവ്യം. ചെറിയതരം അണുബാധകൾ, വൈറൽ ഇൻഫെക്ഷനുകൾ, ഇൻഫ്ലുവൻസ, ജലദോഷം തുടങ്ങിയവയെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ആന്റിബയോട്ടിക്കുകളുടെ തുടർച്ചയായും അനുചിതവുമായ ഉപയോഗമാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസിലേക്ക് നയിക്കുന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുകയും അണുബാധ തീവ്രമാക്കുകയും ചെയ്യുന്ന സൂക്ഷ്മജീവികളെ സൂപ്പർബഗുകൾ എന്നാണ് വിളിക്കുന്നത്. സൂപ്പർബഗുകളുടെ തോത് കൂടുന്നതിനനുസരിച്ച് ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയുകയും ചെയ്യും.
ആന്റിബയോട്ടിക് ചരിത്രം
അണുബാധകളെ പ്രതിരോധിക്കാൻ ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കാത്ത കാലത്ത് വിവിധ തരത്തിലുള്ള പൂപ്പലുകളും സസ്യ സത്തുകളുമൊക്കെ ഉപയോഗിച്ചാണ് അവർ അണുബാധകളെ ചെറുത്തിരുന്നത്. പുരാതന ഈജിപ്തുകാർ മുറിവുകളിലെ അണുബാധയകറ്റാൻ പൂപ്പൽ ബാധിച്ച ബ്രെഡുകൾ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടു വരേയും ന്യുമോണിയ, ഡയേറിയ പോലുള്ള ബാക്ടീരിയ മൂലം ബാധിക്കുന്ന അണുബാധകളെ ചെറുക്കാൻ പ്രാപ്തമായ മരുന്നുകളൊന്നും ലഭ്യമായിരുന്നില്ല. അതിനാൽ തന്നെ മരണകാരണമാകുന്നവയിൽ മുമ്പിലുമായിരുന്നു ഇവ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഗവേഷകർ ബാക്ടീരിയകളെ പ്രതിരോധിക്കുന്ന കെമിക്കലുകളെക്കുറിച്ച് പഠിക്കാൻ തുടങ്ങുന്നത്. തുടർന്നാണ് പോൾ എലക് എന്ന ജർമൻ ഫിസിഷ്യൻ അതേക്കുറിച്ച് വിശദമായി പഠനം നടത്തിയത്. ചില കെമിക്കൽ ഡൈയുകൾ ചിലയിനം ബാക്റ്റീരിയൽ കോശങ്ങൾക്ക് നിറം നൽകുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തത്വം അനുസരിച്ച് മറ്റു കോശങ്ങൾക്ക് ദോഷമുണ്ടാകാത്ത രീതിയിൽ ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനാവുന്ന പദാർഥങ്ങൾ സൃഷ്ടിക്കാനാവുമെന്ന് കണ്ടെത്തിയത്.

തുടർന്ന് 1909-ൽ അദ്ദേഹം സിഫിലിസിന്റെ ചികിത്സയ്ക്കായി arsphenamine എന്ന കെമിക്കൽ കണ്ടെത്തി . ഇതാണ് ആദ്യത്തെ ആധുനിക ആന്റിബയോട്ടിക് എന്ന് വിളിക്കപ്പെടുന്നത്. ഈ കണ്ടുപിടുത്തത്തെ അദ്ദേഹം, രോഗത്തേ ചികിത്സിക്കാനുള്ള കെമിക്കൽ എന്നർഥം വരുന്ന കീമോതെറാപ്പി എന്ന പദമുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. തുടർന്നും മുപ്പതു വർഷം കഴിഞ്ഞാണ് ആന്റിബയോട്ടിക് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. യുക്രേനിയൻ-അമേരിക്കൻ ഗവേഷകനും മൈക്രോബയോളജിസ്റ്റുമായ സെൽമാൻ വാക്സ്മാന്റെ കണ്ടുപിടുത്തമാണ് അതിനു പിന്നിൽ. തന്റെ ജീവിതത്തിലുടനീളം ഇരുപതോളം ആന്റിബയോട്ടിക്കുകളാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്.
എന്നാൽ, ആന്റിബയോട്ടിക് മേഖലയിൽ കുറച്ചുകൂടി മുന്നേറ്റം സൃഷ്ടിച്ച കണ്ടുപിടുത്തം പ്രശസ്ത ഫിസിഷ്യനും മൈക്രോ ബയോളജിസ്റ്റുമായ അലക്സാണ്ടർ ഫ്ലെമിങ്ങിന്റേതായിരുന്നു. അദ്ദേഹം പെനിസിലിൻ കണ്ടുപിടിച്ചത് വിപ്ലവാത്മകരമായ മാറ്റമാണ് ആധുനിക ചികിത്സാരംഗത്ത് സൃഷ്ടിച്ചത്. 1928-ൽ സഫക്കിൽ നിന്നുള്ള അവധിക്കാലം കഴിഞ്ഞു തിരിച്ചുവന്നപ്പോഴാണ് അദ്ദേഹം തന്റെ പരീക്ഷണശാലയിൽ ആ അത്ഭുതകരമായ മാറ്റം കണ്ടത്. മൂടിവെക്കാതെപോയ Staphylococcus bacteria-യുടെ കൾച്ചർ പ്ലേറ്റിൽ പെനിസിലിയം നോട്ടാറ്റം എന്ന പൂപ്പൽ രൂപപ്പെട്ടതായി കാണപ്പെടുകയായിരുന്നു. പ്ലേറ്റിൽ മഞ്ഞനിറത്തിലുള്ള ഈ പ്രത്യേകതരം പൂപ്പലുകൾ കാണപ്പെട്ട സ്ഥലത്ത് ബാക്ടീരിയകൾ വളരുന്നില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി. പൂപ്പലില്ലാത്ത ഭാഗത്താകട്ടെ ധാരാളം ബാക്ടീരിയകൾ വളരുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ ഈ പൂപ്പലുകൾ സൃഷ്ടിക്കാൻ കാരണമായ വസ്തുക്കൾക്ക് Staphylococcus ബാക്ടീരിയകളെ പ്രതിരോധിക്കാനാവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് നിരന്തരഗവേഷണത്തിനൊടുവിൽ ഈ വസ്തുവിനെ വേർതിരിച്ചെടുത്ത് പെനിസിലിൻ എന്ന പേരുവിളിക്കുകയും ചെയ്തു. തുടക്കത്തിൽ മനുഷ്യ മുറിവുകളിൽ പരീക്ഷണം നടത്തിയ പെനിസിലിൻ പിന്നീട് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ സഹകരണത്തോടെ വലിയ തലത്തിൽ ഉത്പാദിപ്പിക്കാൻ ആരംഭിച്ചു.
1872-ൽ അമേരിക്കയിലെ ബോസ്റ്റണിലുണ്ടായ തീപിടുത്തത്തിൽ അഞ്ഞൂറോളം പേർ മരിക്കപ്പെട്ട സാഹചര്യം ഉണ്ടായിരുന്നു. നിരവധിപേർ ഗുരുതരമായ പരിക്കുകളോടെ അതിജീവിക്കുകയും ചെയ്തു. ഇക്കൂട്ടരിൽ Staphylococcus ബാക്റ്റീരിയ മൂലമുള്ള അണുബാധയ്ക്ക് സാധ്യത കൂടുതലുമായിരുന്നു. ഇക്കൂട്ടരിൽ പെനിസിലിൻ ചികിത്സ ഫലപ്രദമായിരുന്നു. തുടർന്നാണ് പെനിസിലിൻ ഉപയോഗം വിജയകരമാണെന്ന ചർച്ചകൾ വലിയതലത്തിൽ തന്നെ നടക്കുന്നതും അമേരിക്കൻ സർക്കാർ പ്രസ്തുതമരുന്നിന്റെ ഉത്പാദനത്തിന് പിന്തുണ നൽകുന്നതും. 1944-ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് യൂറോപ്പിലുടനീളം അണുബാധകളെ പ്രതിരോധിക്കാൻ പെനിസിലിൻ ഉപയോഗിച്ചു വന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനകാലത്ത് നിരവധിപേരുടെ ജീവൻ രക്ഷിച്ച ഈ മരുന്നിനെ ദി വണ്ടർ ഡ്രഗ് അഥവാ അത്ഭുതമരുന്ന് എന്ന പേരിലാണ് വിളിക്കപ്പെട്ടത്.

പെനിൻസിലിന്റെ ബൃഹത്തായ ഉത്പാദനത്തിന് ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരും കൂട്ടായ പരിശ്രമം നടത്തി. അതിശയകരമായ ഈ കണ്ടുപിടുത്തത്തിന് വൈദ്യരംഗത്തെ 1945-ലെ നോബൽ പുരസ്കാരവും അലക്സാണ്ടർ ഫ്ലെമിങ്ങിനെ തേടിയെത്തി. ആദ്യത്തെ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബയോട്ടിക് ഉത്പാദനപ്രക്രിയയിൽ പങ്കാളികളായതിന് അലക്സാണ്ടർ ഫ്ലെമിങ്ങിനൊപ്പം ഏണസ്റ്റ് ചെയിൻ, ഹൊവാർഡ് ഫ്ലോറി എന്നിവർക്കും പുരസ്കാരം ലഭിക്കുകയുണ്ടായി.
അത്ഭുതമരുന്ന് ദുരന്തമാകുന്നതെങ്ങനെ?
ചുമയും ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തി രണ്ടാമത്തെ കോഴ്സ് ആന്റിബയോട്ടിക് കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ലെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. മുമ്പൊക്കെ രോഗലക്ഷണം കണ്ടുതുടങ്ങി ആദ്യ ആന്റിബയോട്ടിക് കോഴ്സിൽ തന്നെ മാറിയിരുന്ന രോഗങ്ങൾ ഇന്ന് ആഴ്ചകളും മാസങ്ങളുമെടുത്താണ് മാറുന്നത്. കോവിഡിനുശേഷം ഈ സ്ഥിതിവിശേഷം വളരെ സാധാരണമായ കാഴ്ചയുമാണ് കാണുന്നത്. കോവിഡ് കാലത്തിനും അതിൽ വലിയ പങ്കുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.
യുക്തിപൂർവമല്ലാത്ത ആന്റിബയോട്ടിക് ഉപയോഗത്തിന് ഇന്ത്യ വലിയവിലകൊടുക്കേണ്ടി വരുമെന്ന് അടുത്തിടെയാണ് ഐ.സി.എം.ആർ. (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) വ്യക്തമാക്കിയത്. കൃത്യമായ ഇടപെടലുകളും നിയന്ത്രണങ്ങളും ഇല്ലെങ്കിൽ രോഗപ്രതിരോധത്തിനു പകരം പകർച്ചവ്യാധിയുടെ പിടിയിലേക്കമരുമെന്നും ഉടനടി അറുതി വരുത്തേണ്ടതുണ്ടെന്നും ഐ.സി.എം.ആർ. വ്യക്തമാക്കിയിരുന്നു.
പനി, ജലദോഷം തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങൾ വന്നാൽപ്പോലും സ്വയംചികിത്സ നടത്തി ആന്റിബയോട്ടിക് മരുന്നുകൾ വാങ്ങിക്കഴിക്കുന്നവരേയാണ് ഐ.സി.എം.ആർ. ഇതിലാദ്യം കുറ്റപ്പെടുത്തുന്നത്. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ സർവേ ആധാരമാക്കിയാണ് ആന്റിബയോട്ടിക് ഉപയോഗം വിവേകപൂർണമാകണം എന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയത്. ഇത് രോഗിക്ക് ഗുണം ചെയ്യുകയല്ല മറിച്ച് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ്. കോവിഡുകാലത്ത് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴേക്കും പലരും ആന്റിബയോട്ടിക് മരുന്നുകൾ സ്വയംവാങ്ങിക്കഴിച്ചതും സാഹചര്യം വഷളാക്കിയെന്നും ഐ.സി.എം.ആർ പറയുന്നുണ്ട്.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് നിരക്കുകളുടെ തോത് ഏറ്റവുമധികമുള്ള രാജ്യങ്ങൾ പരിശോധിച്ചാൽ അതിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. 2019-ൽ മാത്രം രാജ്യത്ത് ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലം മരണപ്പെട്ടത് 1.3ദശലക്ഷം പേരാണ്. അനുയോജ്യമായ ടെസ്റ്റുകളൊന്നും നടത്താതെ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്ന സ്ഥിതിവിശേഷമാണ് ഏറ്റവും ഗുരുതരം. ഒപ്പം ആന്റിബയോട്ടിക്കുകൾ നിർദിഷ്ട അളവിനേക്കാൾ കഴിക്കുന്നതും സമയക്രമം പാലിക്കാത്തതുമൊക്കെ ദോഷം ചെയ്യും. മൂത്രനാളിയേയും ശ്വാസകോശത്തേയുമൊക്കെ ബാധിക്കുന്ന Acinetobacter baumannii എന്ന ബാക്ടീരിയ മിക്ക ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കാനുള്ള ശേഷി കൈവരിച്ചതായി ഐ.സി.എം.ആർ.പഠനത്തിൽ പറയുന്നു. പ്രസ്തുത ബാക്ടീരിയയുടെ 87.5 ശതമാനം സാമ്പിളുകളും കാർബാപെനെം എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരുന്നു. ന്യുമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഈ മരുന്നിന്റെ ഫലപ്രാപ്തി മുൻകാലത്തെ അപേക്ഷിച്ച് കുറയുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
എല്ലാ ആന്റിബയോട്ടിക്കുകളും ഒന്നെന്ന് കരുതരുത് ![]() ബാക്ടീരിയൽ അണുബാധയ്ക്കെതിരെയുള്ള മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. വൈറൽ ഇൻഫെക്ഷൻ, ഫംഗൽ ഇൻഫെക്ഷൻ, പാരസൈറ്റ് ഇൻഫെക്ഷൻ തുടങ്ങിയവയ്ക്കൊന്നും ഇവ ഫലപ്രദമല്ല. പക്ഷേ പലസാഹചര്യങ്ങളിലും വൈറൽ ഇൻഫെക്ഷനൊപ്പം ബാക്ടീരിയൽ ഇൻഫെക്ഷനുമുണ്ടോ എന്നുറപ്പില്ലാത്തതുകൊണ്ടും ഡോക്ടർമാർ നിർദേശിക്കുന്ന ടെസ്റ്റുകൾ ചെയ്യാൻ രോഗികൾ തയ്യാറാകാതിരിക്കുമ്പോഴുമാണ് ആന്റിബയോട്ടിക്കുകൾ കൊടുക്കേണ്ട അവസ്ഥ വരുന്നത്. ശ്വാസകോശം, രക്തം, മൂത്രം എന്നിവയിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ചാണ് ആന്റിബയോട്ടിക് നൽകേണ്ടത്. ആന്റിബയോട്ടിക്കിന്റെ ദുരുപയോഗം, കരളിനെയും വൃക്കയേയുമൊക്കെ ബാധിക്കാം, അതിനൊപ്പം ഗുരുതരമായ പ്രശ്നമാണ് ആന്റിബയോട്ടിക്കുകളോട് ബാക്ടീരിയ പ്രതിരോധിക്കുന്ന അവസ്ഥ. അസിത്രോമൈസിൻ, അമോക്സിലിൻ, അമോക്സി-ക്ലാവുലാനൈറ്റ് കോമ്പിനേഷൻ, ലിവോഫ്ലോക്സസിൻ എന്നീ നാല് ആന്റിബയോട്ടിക്കുകളാണ് കൂടുതലും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഫാർമസിയിൽ പോയി നേരിട്ട് മരുന്നു വാങ്ങുന്നവരും ഏറെയാണ്. ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന സ്ഥിതിവിശേഷമാണിത്. ചുമയുള്ള രോഗിക്ക് ലിവോഫ്ലോക്സിസിൻ കൊടുക്കുമ്പോൾ ചുമകുറയും പിന്നീട് വീണ്ടുംകൂടുമ്പോൾ അതേമരുന്ന് കഴിക്കുകയും ചെയ്യും. എന്നാൽ രണ്ടുമൂന്നുവട്ടം ഇതേഅവസ്ഥ തുടർന്നാൽ പിന്നെ ചുമകുറയില്ല. ചിലപ്പോൾ ഈ രോഗികൾക്ക് ക്ഷയരോഗം ഉണ്ടായിരിക്കുകയും ചെയ്യാം. ക്ഷയരോഗത്തിനും ലിവോഫ്ലോക്സസിൻ ആണ് മരുന്നെങ്കിലും രോഗിക്ക് തനിക്ക് ക്ഷയരോഗമാണെന്ന് മനസ്സിലാകാതിരിക്കുകയും രോഗത്തിനനുസരിച്ച ചികിത്സ ലഭ്യമാവാതിരിക്കുകയും ചെയ്യും. പിന്നീട് തീവ്രമാകുമ്പോഴായിരിക്കും തിരിച്ചറിയുക. ചില അസുഖങ്ങളെ താൽക്കാലികമായി മറച്ചുവെക്കാൻ ആന്റിബയോട്ടിക് ഇടയാക്കുമെന്നതാണ് ഇതിലെ പ്രധാനപ്രശ്നം. രോഗനിർണയം നടത്തൽ പ്രധാനമാണെന്ന് രോഗികളും തിരിച്ചറിയണം. പൈസ, സമയനഷ്ടം തുടങ്ങിയവ പറഞ്ഞും ആന്റിബയോട്ടിക് കഴിച്ചാൽ മാറുമെന്നൊക്കെ കരുതിയാണ് പലരും ടെസ്റ്റുകൾ വൈകിക്കുന്നത്. ആ സ്ഥിതിവിശേഷം ഒട്ടും അഭികാമ്യമല്ല. മാത്രമല്ല ആന്റിബയോട്ടിക് എന്ന ഗ്രൂപ്പിൽ പലക്ലാസ്സുകളും ഉണ്ട്. അതറിയാതെയാണ് പലരും അവ വാങ്ങിക്കഴിക്കുന്നത്. മൂത്രം, രക്തം, ശ്വാസകോശം തുടങ്ങിയവയിലെ അണുബാധയ്ക്കെല്ലാം വ്യത്യസ്തമായ ആന്റിബയോട്ടിക്കുകളാണ് നൽകുന്നത് എന്ന് പലർക്കുമറിയില്ല. രോഗലക്ഷണങ്ങൾ കാണുമ്പോൾ പണ്ടത്തെ കുറിപ്പടിയിലെ ആന്റിബയോട്ടിക്കുകൾ വാങ്ങുകയാണ് ഭൂരിഭാഗംപേരും ചെയ്യുന്നത്. ഇനി ചിലർ ആന്റിബയോട്ടിക് കോഴ്സ് നിർദിഷ്ട ദിവസം കഴിക്കാൻ പറയുന്നത് പാലിക്കാതെയുമിരിക്കുന്നുണ്ട്. ഇവയെല്ലാം ആന്റിബയോട്ടിക് റെസിസ്റ്റൻസിലേക്ക് നയിക്കും. ഡോ. രാജീവ് വിശ്വനാഥൻ |
Content Highlights: series on antibiotic resistance antimicrobial awareness overuse of antibiotics
Published: 13 Nov 2023, 10:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented