ലോകപ്രശസ്ത അത്‌ലറ്റ് ഉസൈൻ ബോൾട്ട്, ഇംഗ്ലണ്ടിലെ രാജകുമാരി യുജിൻ, പ്രശസ്ത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ തുടങ്ങിയ പ്രമുഖര്‍ സ്കോളിയോസിസ് ബാധിതരാണെന്നത് പലർക്കും അറിയാത്ത കാര്യമാണ്. കുഞ്ഞിക്കൂനൻ എന്ന സിനിമ മലയാളികൾക്ക് സുപരിചിതമാണ്. അതിലെ നായകൻ കുളത്തിൽ മുങ്ങി നിവരുമ്പോൾ കാണുന്നത് കൂനുള്ള നട്ടെല്ലാണ്. നട്ടെല്ല് വളരെയധികം വളഞ്ഞു വാരിയെല്ല് പുറത്തേക്ക് തള്ളി ഉണ്ടാകുന്ന സ്കോളിയോസിസ് എന്ന അവസ്ഥയാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം തുടങ്ങി മിക്ക അസുഖങ്ങളെക്കുറിച്ചും നല്ല അവബോധമുണ്ടെങ്കിലും സ്കോളിയോസിസ് പോലെ അത്ര സാധാരണമല്ലാത്ത അവസ്ഥയെപ്പറ്റിയുള്ള അറിവ് തുലോം കുറവാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പത്തെ സിവില്‍ സർവീസ് പരീക്ഷയിലെ അഖിലേന്ത്യ ജേതാവിന് സ്കോളിയോസിസ് ബാധിച്ചിരുന്നുവെന്ന വാര്‍ത്ത പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഒരുപക്ഷെ സ്കോളിയോസിസ് എന്ന വാക്കുതന്നെ മലയാളികളില്‍ പലരും ആദ്യമായി കേള്‍ക്കുന്നതും അപ്പോഴായിരിക്കാം.
Also Read
എന്താണ് സ്കോളിയോസിസ് ?
നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തൻമൂലം നടുവിന്‍റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്‍റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്‍റെ വളവ് കൂടിവരുകയും കുനിയുമ്പോള്‍ നട്ടെല്ലിന്‍റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം.
കാരണങ്ങള്‍
സ്കോളിയോസിസ് പല കാരണങ്ങളാല്‍ ഉണ്ടാകാം. ജന്മനാ കാണുന്നതാണ് കൺജിനെന്‍റൽ സ്കോളിയോസിസ്. കുട്ടി ജനിക്കുമ്പോള്‍ തന്നെ നട്ടെല്ലിലെ കശേരുക്കള്‍ക്ക് വ്യതിയാനം സംഭവിച്ചിരിക്കുന്നതിനാല്‍ ഇത് നേരത്തെ കണ്ടുപിടിക്കപ്പെടാറുണ്ട്. കേരളത്തില്‍ ഇത്തരം സ്കോളിയോസിസ് താരതമ്യേന കുറവായാണ് കണ്ടുവരുന്നത്
ജന്മനാ കശേരുക്കള്‍ക്ക് വൈകല്യമില്ലാതെയുണ്ടാകുന്ന സ്കോളിയോസിസ് ഇഡിയോപതിക് സ്കോളിയോസിസ് എന്നറിയപ്പെടുന്നു. ഇതിനുകാരണം ഇപ്പോഴും വ്യക്തമല്ല.
സ്കോളിയോസിസ് മൂന്നുതരത്തിൽ
നാലുവയസില്‍ താഴെയുള്ള കുട്ടികളിലെ സ്കോളിയോസിസ് ഇൻഫന്‍റൈൽ സ്കോളിയോസിസ് എന്നു പറയുന്നു. 4-10 വയസിനിടയില്‍ കാണുന്ന സ്കോളിയോസിസ് ജുവനൈൽ സ്കോളിയോസിസ്, 10 വയസ്സിനു മുകളിലുള്ള സ്കോളിയോസിസ് അഡോൾസെന്‍റ് ഇഡിയോപതിക് സ്കോളിയോസിസ് അഥവാ കൗമാരപ്രായത്തിലെ സ്കോളിയോസിസ് എന്നറിയപ്പെടുന്നു.
പ്രായപൂര്‍ത്തിയായ ആളുകളില്‍ കണ്ടുവരുന്ന സ്കോളിയോസിസ് അഡൽറ്റ് സ്കോളിയോസിസ് (ADULT SCOLIOSIS) എന്നറിയപ്പെടുന്നു.
ന്യൂറോ മസ്കുലർ (neuromuscular) സ്കോളിയോസിസ്
സെറിബ്രൽ പാൾസി, മസ്കുലര്‍ ഡിസ്ട്രോഫി, ശരീരത്തില്‍ വലിയ തരത്തിലുള്ള മറുകും കലകളുമുണ്ടാക്കുന്ന ന്യൂറോ ഫൈബ്ര മറ്റോസിസ്, മയോപതി, പോളിയോ, ചില ജനിതക രോഗങ്ങൾ എന്നിവയുള്ളവർക്ക് നട്ടെല്ലിനെ സ്വാഭാവികമായി പിടിച്ച് നിർത്തുവാനുള്ള പേശികളുടെ ബലഹീനത കൊണ്ട് സ്കോളിയോസിസ് കണ്ടുവരാറുണ്ട്. വളരെയധികം കൂടിയ രീതിയിലുള്ള നട്ടെല്ലിന്റെ വളവും ഇവരിൽ സാധാരണയായി കണ്ടുവരാറുണ്ട്.
ഇത്തരക്കാരിൽ നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ ബാലൻസ് തെറ്റുകയും വീൽചെയറിൽ പോലും ഇരിക്കുവാൻ സാധിക്കാത്ത അവസ്ഥയും കണ്ടുവരുന്നു.
Ankylosing spondilytis എന്ന വാതരോഗം ഉള്ള രോഗികളിൽ നട്ടെല്ലിന്റെ കശേരുക്കൾ കൂടിച്ചേർന്ന് വളവുണ്ടാകുന്ന അവസ്ഥ വരാറുണ്ട് (Bamboo spine). നടുവും കഴുത്തും താഴേക്കു വളഞ്ഞ്, അതുമൂലം നിവർന്ന് നോക്കി നടക്കാൻ പറ്റാത്ത അവസ്ഥ വരെ കണ്ടുവരാറുണ്ട്. ഇത്തരം രോഗികളിൽ നട്ടെല്ല് നിവർത്തുന്ന ഓപ്പറേഷൻ മാത്രമാണ് ഏക പോംവഴി.
ലക്ഷണങ്ങൾ
സ്കോളിയോസിസ് പെൺകുട്ടികളിലാണ് ഏറെയും കണ്ടുവരുന്നത്. കൗമാരപ്രായത്തിലുള്ള സ്കോളിയോസിസാണ് സാധാരണയായി കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെണ്‍കുട്ടികള്‍ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികള്‍ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വര്‍ഷങ്ങളില്‍ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വര്‍ഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്കോളിയോസിസിന്‍റെ പ്രാരംഭ ദശയില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല. പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം. ഇത്തരം മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത്. ചിലകുട്ടികളില്‍ അധികം ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാറുമില്ല. അങ്ങനെ വളവിന്‍റെ തോത് കൂടുന്നത് ഒരുപക്ഷെ മാതാപിതാക്കള്‍ക്കും മനസിലാകാറില്ല.
പ്രായപൂര്‍ത്തിയായ ആളുകളില്‍ കണ്ടുവരുന്ന സ്കോളിയോസിസ് അഡൽറ്റ് സ്കോളിയോസിസ് എന്നറിയപ്പെടുന്നു. പ്രായം കൂടുമ്പോഴാണ് മിക്കവരിലും ഇത് ശ്രദ്ധിക്കപ്പെടുന്നത്. നടുവേദന, കാലുവേദന, കാലുകളിലെ തരിപ്പ്, കഴപ്പ് എന്നിവയും ചിലരില്‍ കണ്ടുവരാറുണ്ട്.
സ്കോളിയോസിസും തെറ്റിദ്ധാരണകളും
അമിതമായ ഭാരമുള്ള സ്കൂൾബാഗ് ഇട്ടാൽ നട്ടെല്ല് വളയും എന്ന് പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്-- തികച്ചും തെറ്റാണ്. അമിതഭാരമുള്ള സ്കൂൾബാഗ് നടുവിന് വേദനയും മറ്റ് പ്രശ്നങ്ങളും വരുമെങ്കിലും സ്കോളിയോസിസ് വരാറില്ല.
സ്കോളിയോസിസിനുള്ള ഓപ്പറേഷൻ കഴിഞ്ഞാൽ ഭാവി ജീവിതത്തെ ബാധിക്കുമോ? വൈവാഹിക ജീവിതം പ്രശ്നമുള്ളത് ആകുമോ?
മറ്റേതൊരു അസുഖവും പോലെ കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണമായ പരിഹാരം ലഭിക്കുന്ന ഒരസുഖമാണ് സ്കോളിയോസിസ്. ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ് ഏതാനും മാസത്തെ വിശ്രമത്തിനും ശേഷം കുട്ടികൾക്ക് കലാ-കായിക പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹത്തേയും അതിനുശേഷമുള്ള ഗർഭധാരണത്തിനും പ്രസവത്തിനും യാതൊരു തരത്തിലും ബാധിക്കുന്നതല്ല.
അസ്ഥിവളർച്ച തീരുന്നതുവരെ കാത്തിരുന്നതിനു ശേഷം മതിയോ സ്കോളിയോസിസിനുള്ള ഓപ്പറേഷൻ?
മറ്റ് ചികിത്സാ സമ്പ്രദായങ്ങളിലെ വിദഗ്ധർ മിക്കപ്പോഴും ഇത്തരം ഒരു ഉപദേശം കൊടുക്കുന്നതായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ പല രോഗികളിലും ചികിത്സ യഥാസമയം ലഭിക്കാതെ വളരെ കൂടിയ നിലയിൽ അവസാനം ചികിത്സയ്ക്കായി എത്താറുണ്ട്. വളവിന്റെ തോതനുസരിച്ച് ഏതൊരു ഘട്ടത്തിലും ഓപ്പറേഷൻ വേണ്ടിവന്നേക്കാം. 10 വയസിൽ തന്നെ 60-70 degree വളവുള്ള കുട്ടിയെ അസ്ഥിവളർച്ച തീരുന്ന 18-20 വയസ്സ് വരെ കാത്തിരിക്കാൻ പറയുന്നത് തികഞ്ഞ മൗഢ്യമാണ്. ആ സമയമാകുമ്പോഴേക്കും വളവ് 90-100 ഡിഗ്രി കഴിഞ്ഞ് വളരെ സങ്കീർണമായ അവസ്ഥയിൽ എത്തിയിരിക്കും.
അതുകൊണ്ട് ഇത്തരം രോഗാവസ്ഥയിൽ അതിന്റെതന്നെ വിദഗ്ധ ചികിത്സയിൽ നിപുണരായ spine സർജറി രംഗത്തുള്ള ഡോക്ടർമാരെ കാണിച്ച് അവരുടെ ഉപദേശം തേടുന്നതാണ് ഏറ്റവും അഭികാമ്യം. ശരിയായ ചികിത്സ നൽകാൻ നൽകുന്നതിനുള്ള കാലതാമസം കുട്ടിയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കാം.
സ്കോളിയോസിസും ദൂഷ്യഫലങ്ങളും
നട്ടെല്ലിന്റെ വളവും കൂനും കൂടുന്നതനുസരിച്ച് ശരീരത്തിന്റെ വൈരൂപ്യം കൂടിക്കൂടിവരുന്നു. അതിനാൽ സമൂഹമധ്യത്തിൽ ഇറങ്ങി നടക്കുവാൻ ഇത്തരക്കാരിൽ ഒരു അപകർഷതാ ബോധം ജനിക്കുന്നു. ഇത് പലരേയും മാനസികമായി വളരെയധികം അലട്ടാറുണ്ട്.
നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുവാൻ തുടങ്ങും. വേഗത്തിൽ നടക്കുമ്പോഴും പടികൾ കയറുമ്പോഴും ശ്വാസതടസം, കിതപ്പ് എന്നിവ ഉണ്ടാകാനും തുടങ്ങും. ചില കേസുകളിൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കാം.
ചില രോഗികളില്‍ കാലുകളിലേക്ക് പോകുന്ന നാഡീഞരമ്പുകളെ ബാധിക്കാറുണ്ട്. ഇതുകൊണ്ടുതന്നെയാണ് കൃത്യസമയത്തുള്ള രോഗനിർണയവും അതിനനുസരിച്ചുള്ള ചികിത്സയും അത്യന്താപേക്ഷിതമാണെന്ന് പറയുന്നത്.

സ്കോളിയോസിസിന്‍റെ ചികിത്സാ രീതികള്‍
സ്കോളിയോസിസ് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ഒരു വിദഗ്ധ സ്പൈന്‍ സര്‍ജന്‍റെ കീഴില്‍ ചികിത്സ തേടുന്നതാണ് അഭികാമ്യം. കാരണം വളവിന്‍റെ തോതനുസരിച്ച് ചികിത്സാരീതി മാറുന്നതിനാല്‍ സ്ഥിരമായി ഒരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. എക്സ്റേയില്‍ വളവിന്‍റെ വിശദാംശങ്ങള്‍ അറിയുവാന്‍ സാധിക്കും. ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്പൈനൽ ബ്രേസ്) ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കില്‍ അസ്ഥിവളര്‍ച്ച പൂർണമാകുന്നതുവരെ ഇത്തരം ബെല്‍റ്റുകള്‍ ഉപയോഗിക്കേണ്ടിവരും. സ്കോളിയോസിസ് 50 ഡിഗ്രിയില്‍ കൂടുതലാകുമ്പോള്‍ സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. സ്കോളിയോസിസ് സര്‍ജറി വിദഗ്ദ പരിശീലനം നേടിയ സ്പൈന്‍ സര്‍ജൻമാരാണ് ചെയ്യേണ്ടത്. ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ കാലുകളിലേക്കു പോകുന്ന സുഷുമ്നാനാഡിയിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന നൂതന സാങ്കേതിക വിദ്യയായ ന്യൂറോമോണിറ്ററിങ് ഇപ്പോള്‍ ലഭ്യമാണ്.
ജന്മനായുള്ള സ്കോളിയോസിസിന് ചിലപ്പോള്‍ ചെറിയ പ്രായത്തില്‍തന്നെ ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. ജന്മനാ സ്കോളിയോസിസ് ഉള്ളവര്‍ക്ക് ചെറിയ പ്രായത്തിൽ തന്നെ പ്ലാസ്റ്റർ ഇടുന്ന രീതിയുണ്ട്. പലതവണ പ്ലാസ്റ്റർ ഇടേണ്ടിവരും . നാലുവയസ്സു കഴിയുമ്പോൾ SPINE BRACE -ഇടാം.
പ്രായമുള്ളവരില്‍ കാണുന്ന സ്കോളിയോസിസിന് ചിലപ്പോള്‍ മാത്രമേ ഓപ്പറേഷന്‍ ചേയ്യേണ്ടതുള്ളു.
കുട്ടികളില്‍ സര്‍ജറി കഴിഞ്ഞാൽ ഏതാനും ആഴ്ചകൾ കൾ കഴിയുമ്പോള്‍ സ്കൂളില്‍ പോകാന്‍ സാധിക്കും. പെണ്‍കുട്ടികളുടെ ഭാവിയിലെ വിവാഹത്തേയോ ഗര്‍ഭധാരണത്തേയോ ഒരു തരത്തിലും ബാധിക്കുന്നതല്ല. ഡോക്ടറുടെ നിര്‍ദേശാനുസരണം കലാകായികാഭ്യാസങ്ങളില്‍ മറ്റുകുട്ടികളെപ്പോലെ തുടര്‍ന്നും ഏര്‍പ്പെടാവുന്നതാണ്. അതിനാല്‍ സ്കോളിയോസിസിനെ പറ്റി അറിയേണ്ടതും, ചികിത്സ തേടേണ്ടതും അത്യാന്താപേക്ഷിതമാണ്.
സ്കോളിയോസിസിനുള്ള നൂതന ചികിത്സാ രീതികൾ
വളരെ ചെറുപ്രായത്തിൽ കണ്ടുവരുന്ന സ്കോളിയോസിസ് എല്ലാം പൊതുവായി early onset Scoliosis (EOS) എന്നാണ് പറയുന്നത്. ഇത്തരം കുട്ടികളിൽ നട്ടെല്ലിലുള്ള വളർച്ച ബാക്കിയുള്ളതിനാൽ നട്ടെല്ലിന്റെ വളർച്ചയുടെ തോത് അനുസരിച്ച് കുട്ടിയുടെ ഉയരം കൂടുന്നത് പരിഗണിച്ചുള്ള നൂതന ചികിത്സ ലഭ്യമാണ്. നട്ടെല്ലിൽ ഓപ്പറേഷനിലൂടെ ഒരു പ്രത്യേക റോഡ്(rod) ഘഠിപ്പിക്കുകയും അതിനുശേഷം കൺസൾട്ടേഷൻ റൂമിൽ വച്ച് തന്നെ ഒരു പ്രത്യേക കാന്തത്തിന്റെ സഹായത്താൽ ഈ റോഡിന് നീളം കൂട്ടുന്ന ചികിത്സാരീതിയാണ് ഇത് (MAGNETIC GROWTH ROD). ഇത്തരം ചികിത്സാ രീതി നമ്മുടെ നാട്ടിൽ ലഭ്യമാണ്.
സ്കോളിയോസിസ് ബാധിതരുടെ കൂട്ടായ്മ
കേരളത്തിലെ സ്കോളിയോസിസ് ബാധിച്ചവരുടെ കുടുംബങ്ങൾ അടങ്ങിയ ഒരു കൂട്ടായ്മ 4 വർഷങ്ങൾക്കുമുമ്പ് ലേഖകന്റെ നേതൃത്വത്തിൽ രൂപമെടുത്തു. 200 ഇൽ പരം സ്കോളിയോസിസ് ബാധിച്ചവരുടെ കുടുംബങ്ങൾ ഇതിൽ സജീവമായി പങ്കെടുക്കുന്നു. 'സ്കോളിയോസിസ് സപ്പോർട്ട് ഗ്രൂപ്പ്' എന്നാണ് ഈ കൂട്ടായ്മ അറിയപ്പെടുന്നത്. ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കോളിയോസിസ് കൂട്ടായ്മയായിരിക്കാം ഇത്.
പുതുതായി സ്കോളിയോസിസ് രോഗനിർണയം കഴിഞ്ഞ കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയനിവാരണത്തിനായി ഇതിന്റെ ചികിത്സയിലൂടെ വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞു പോയ അനവധി കുട്ടികളുടെ കുടുംബാംഗങ്ങൾ നൽകുന്ന പിന്തുണ പ്രശംസനീയമാണ്. ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികൾക്ക് നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടികളെയും കുടുംബാംഗങ്ങളെയും കാണുവാനും അവരുമായി ആശയ വിനിമയം നടത്തുവാനും ഇതുമൂലം സാധിക്കുന്നു. ഇത്തരം കുട്ടികളും കുടുംബാംഗങ്ങളും തമ്മിൽ ക്രമേണ ഒരു നല്ല സൗഹൃദവും ബന്ധവും തുടരുന്നു. ഇനി ഗ്രൂപ്പിലുള്ളവരുടെ സാമ്പത്തികസഹായത്തോടെ ഒട്ടനവധി ശസ്ത്രക്രിയയ്ക്കുള്ള സംഭാവനയും ലഭിച്ചിട്ടുണ്ട്. ഇത്തരം സാമൂഹ്യ കൂട്ടായ്മകൾ സമൂഹത്തിന്റെ പൊതുവെയുള്ള അജ്ഞതയും തെറ്റിധാരണയും മാറ്റുവാൻ വലിയ ഒരു പരിഹാരമാർഗം ആവും എന്ന് പ്രത്യാശിക്കാം.
കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സ്പൈൻ സർജറി വിഭാഗം മേധാവിയും കൺസൾട്ടന്റുമാണ് ലേഖകൻ. അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ സ്കോളിയോസിസ് റിസർച്ച് സൊസൈറ്റിയുടെ ഫെല്ലോ ആയി പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: scoliosis symptoms diagnosis and treatment
Published: 23 Jun 2023, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented