
ലോക വൃക്കാർബുദ ദിനമാണ് ഇന്ന്(ജൂൺ 15). വൃക്കയിലെ കാൻസറിന്റെ പ്രതിരോധം, നേരത്തേയുള്ള രോഗനിർണയം, ചികിത്സാമാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് ഈ ദിനം ആചരിച്ചുവരുന്നത്. വൃക്കയിലെ കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ മാറ്റങ്ങളും വളർച്ചയുമാണ് വൃക്കാർബുദത്തിലേക്ക് നയിക്കുന്നത്. ലളിതമായി പറഞ്ഞാൽ വൃക്കയിലെ കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ് ഇതിന് കാരണമാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയിലെ കാൻസർ കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും അറുപത്തിയഞ്ചിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിലാണ് വൃക്കാർബുദം കൂടുതലായി കണ്ടുവരുന്നത്.
കിഡ്നി കാൻസറുകൾ ഏതൊക്കെ വിധത്തിൽ?
വൃക്കയിലെ കാൻസറുകൾ പലവിധത്തിലുണ്ട്. റീനൽ സെൽ കാർസിനോമ, ട്രാൻസിഷണൽ സെൽ കാൻസർ, റെനാൽ സാർകോമ, വിൽസ് ട്യൂമർ എന്നിവയാണ് അവ. മുതിർന്നവരിൽ ഏറ്റവും അധികം കാണപ്പെടുന്ന വൃക്കാർബുദമാണ് റീനൽ സെൽ കാർസിനോമ. എൺപത്തിയഞ്ചു ശതമാനം കിഡ്നി കാൻസറുകളും ഈ വിഭാഗത്തിൽ പെട്ടതാണ്. ആറുമുതൽ ഏഴുശതമാനം വരെ കിഡ്നി കാൻസറുകൾക്ക് കാരണമാകുന്നത് ട്രാൻസിഷണൽ സെൽ കാൻസർ ആണ്. ഒരുശതമാനം കിഡ്നി കാൻസറുകൾക്ക് കാരണമാകുന്നതാണ് റെനാൽ സാർകോമ. കുട്ടികളിൽ വൃക്കയിലെ കാൻസർ കാണപ്പെടുന്നത് കുറവാണെങ്കിലും വിൽസ് ട്യൂമർ എന്ന ഒരിനം വൃക്കാർബുദം കണ്ടുവരാറുണ്ട്. കുട്ടികളിൽ കാണപ്പെടുന്ന അഞ്ച് ശതമാനം കിഡ്നി കാൻസറുകളും വിൽസ് ട്യൂമർ ബാധിച്ചാണ്. വയറിൽ മുഴകളായിട്ടാണ് ഈ രോഗം വരാറുള്ളത്. മൂത്രം ചുവന്ന് കാണുക, പ്രഷർ കൂടുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. നേരത്തെ കണ്ടുപിടിച്ചു കഴിഞ്ഞാൽ മാറാവുന്ന കാൻസറുമാണിത്.
വൃക്കാർബുദത്തിന് കാരണമാകുന്നത് എന്ത്?
വൃക്കാർബുദത്തിന് കാരണമാകുന്നത് എന്താണ് എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരങ്ങൾ ലഭ്യമല്ല. പ്രായമായവരിലാണ് വൃക്കാർബുദം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. പുകവലി കിഡ്നി കാൻസറുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്, എത്രത്തോളം കാലമായി പുകവലിക്കുന്നുവോ അത്രത്തോളം അപകടസാധ്യതയും കൂടുതലാണ്. അമിതവണ്ണമുള്ളവരും അപകടസാധ്യതാ വിഭാഗത്തിൽ ഉള്ളവരാണ്.
അമിതരക്ത സമ്മര്‍ദ്ദം, സ്ഥിരമായി വേദനസംഹാരി ഉപയോഗിക്കുന്നവർ, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കിഡ്നി കാൻസർ ഉള്ളവരിൽ, ജനിതകവ്യതിയാനം, കാഡ്മിയം, ലെഡ് പോലുള്ള സ്ഥിരം ടോക്സിനുകൾ ശരീരത്തിലെത്താൻ സാധ്യതയുള്ളവർ (ജോലിസംബന്ധമായോ ഇടപഴകലിലൂടെ), തുടങ്ങിയവരിൽ കിഡ്നി രോഗത്തിനുള്ള സാധ്യത കൂടുതലാണ്.
വൃക്കാർബുദത്തിന്റെ ലക്ഷണങ്ങൾ
മറ്റു വൃക്കരോഗങ്ങളെപ്പോലെ തന്നെ പലപ്പോഴും ലക്ഷണങ്ങളിലാതെ തന്നെയാണ് വൃക്കയിലെ കാൻസറുകൾ പ്രത്യക്ഷമാകാറുള്ളത്. മിക്കപ്പോഴും മറ്റൊരു അസുഖത്തിനു വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോഴോ മറ്റോ ഒക്കെ അസുഖം കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. താഴെ നൽകിയിരിക്കുന്നവയാണ് വൃക്കാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
- ഉയർന്ന രക്തസമ്മർദം
- അനീമിയ
- വയറിനുള്ളിൽ മുഴ
- വയറുവേദന
- മൂത്രത്തിന് ചുവന്ന നിറം
- അമിതമായ ക്ഷീണം
- വിശപ്പില്ലായ്മ
- ഛർദി
- ഹീമോഗ്ലോബിന്റെ അളവ് കൂടുതൽ
- നീണ്ടുനിൽക്കുന്ന പനി
- ഭാരക്കുറവ്
- സന്ധിവേദന
പ്രതിരോധം എപ്രകാരം?
വൃക്കാർബുദം തീർത്തും പ്രതിരോധിക്കാൻ കഴിയുന്നവയല്ല. എങ്കിലും നേരത്തേ രോഗനിർണയം നടത്തി സർജറിയിലൂടെയോ മരുന്നിലൂടെയോ നിയന്ത്രിക്കാവുന്നതാണ്.
ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകവഴി വൃക്കാർബുദം വരാനുള്ള സാധ്യത ഒരുപരിധിവരെ കുറയ്ക്കാം. ദീർഘനാളായി പുകവലിക്കുന്നവർ ആണെങ്കിൽ അത് നിർത്തുക എന്നതാണ് ആദ്യപടിയായി ചെയ്യേണ്ടത്. ഒപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രദ്ധിക്കണം. അതിനായി അമിത കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിനു പകരം സമീകൃതമായ ആയ ഡയറ്റ് പിന്തുടരാൻ ശ്രദ്ധിക്കണം. അമിതവണ്ണം ഉള്ളവർ ആണെങ്കിൽ കലോറിയുടെ അളവ് കുറയ്ക്കണം. വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ വിദഗ്ധ ഉപദേശത്തോടെ സ്വീകരിക്കാവുന്നതുമാണ്. കൂടാതെ രക്തസമ്മർദത്തിന്റെ നില നിയന്ത്രിക്കാനും കഴിയണം. മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നതിനൊപ്പം കൃത്യമായി വ്യായാമം ചെയ്യുന്നതും ഡയറ്റിൽ ഉതകുന്ന മാറ്റങ്ങൾ വരുത്തുന്നതും ഗുണം ചെയ്യും. ജോലിസംബന്ധമായി ടോക്സിനുകളുമായി സ്ഥിരം ഇടപഴകുന്നവർ അത് കുറയ്ക്കുക തുടങ്ങിയവയൊക്കെ ഉപകാരപ്പെടും.
ഏതു പ്രായക്കാരിലാണ് കിഡ‍്നി കാൻസർ സാധ്യത കൂടുതൽ?
പ്രായം കൂടുന്നതിന് അനുസരിച്ച് കിഡ്നി കാൻസറിനുള്ള സാധ്യത കൂടുതലാണ്. അറുപതു മുതൽ എഴുപതു വയസ്സു വരെ പ്രായമുള്ളവരിലാണ് കൂടുതലും കണ്ടുവരാറുള്ളത്. നാൽപത് വയസ്സിനു താഴെ കിഡ്നി കാൻസർ കണ്ടുവരാനുള്ള സാധ്യത കുറവാണ്.
കിഡ്നി കാൻസർ നിർണയം
സി.ടി. സ്കാൻ ആണ് രോഗനിർണയത്തിനായി സ്വീകരിക്കുന്നത്. സാധാരണയായി ശരീരത്തിന്റെ ഏതുഭാഗത്ത് കാൻസർ ഉണ്ടായാലും ബയോപ്സി എടുക്കുകയാണ് ചെയ്യുക. പക്ഷേ കിഡ്നിയെ ബാധിക്കുന്ന കാൻസറിൽ അത് ചെയ്യാറില്ല. കാരണം ബയോപ്സി എടുക്കുക വഴി രോഗവ്യാപനത്തിന് സാധ്യതയുണ്ട് എന്നതുകൊണ്ടാണ്. സി.ടി. സ്കാൻ ചെയ്ത് രോഗനിർണയം നടത്തി സർജറിയാണ് ആവശ്യമെങ്കിൽ അതും വ്യാപനം ഉണ്ടെങ്കിൽ കീമോതെറാപ്പിയോ ഇമ്മ്യൂണോ തെറാപ്പിയോ നിർദേശിക്കുകയും ചെയ്യും.
വൃക്കാർബുദത്തിനുള്ള ചികിത്സ
കിഡ്നി കാൻസറിന്റെ സ്റ്റേജിന് അനുസരിച്ചാണ് ചികിത്സ എപ്രകാരമാണ് നൽകേണ്ടത് എന്ന് നിർണയിക്കുക. ചിലതരം കാൻസറുകൾ കിഡ്നിയെ മാത്രം ബാധിക്കുന്നവയായിരിക്കും. എന്നാൽ വഷളാകുന്നതിന് അനുസരിച്ച് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കും രക്തത്തിലൂടെ ശ്വാസകോശം, മസ്തിഷ്കം തുടങ്ങിയവയിലേക്ക് ഒക്കെ കാൻസർ പടരാം. കിഡ്നിയിൽ മാത്രമുള്ള കാൻസറാണെങ്കിൽ അതിന് ചികിത്സ സർജറിയാണ്. രോഗം വ്യാപിച്ചു കഴിഞ്ഞെങ്കിൽ സർജറിയിൽ കാര്യമില്ല. പകരം ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കാം. കിഡ്നിയിലെ ചില തരം ട്യൂമറുകൾ കാൻസറിന് ഇടയാക്കുന്നവയല്ല. അവ കാൻസർ ട്യൂമറുകളേക്കാൾ ചെറുതും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാത്തവയും ആയിരിക്കും. കാൻസറസ് അല്ലാത്ത ട്യൂമർ സർജറിയിലൂടെ നീക്കം ചെയ്യുകയാണ് അഭികാമ്യം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ബിജു.എം.വി
കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്
കോഴിക്കോട് ജില്ലാ ആശുപത്രി
Content Highlights: Kidney Cancer Symptoms Signs Causes and Treatment
Published: 15 Jun 2023, 04:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented