
Representative Image| Photo: Canva.com
ഇന്ന് വളരെ സർവസാധാരണമായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് നടുവേദന. കഠിനമായി ജോലിചെയ്യുന്നവർ, തുടർച്ചയായി ഇരുന്ന് ജോലിചെയ്യുന്നവർ, വീട്ടമ്മമാർ എന്നിവർക്കൊക്കെ നടുവേദന വരുന്നത് വളരെ സാധാരണമാണ്. ജോലിക്കായും മറ്റ് ആവശ്യങ്ങൾക്കും പതിവായി യാത്ര ചെയ്യുന്നവർക്കും നടുവേദന അനുഭവപ്പെടാറുണ്ട്. യുവജനങ്ങളിലും ഈ പ്രശ്നം വ്യാപകമാണ്. ഇത്തരം സാഹചര്യങ്ങൾ കാരണം അനുഭവപ്പെടുന്ന നടുവേദനകൾ മെക്കാനിക്കൽ ബാക്ക് പെയിൻ എന്നാണ് അറിയപ്പെടുന്നത്. കുറച്ച് സമയത്തെ വിശ്രമവും ആവശ്യമെങ്കിൽ വേദന സംഹാരികളും മരുന്നുകളും കൊണ്ട് തന്നെ ബഹുഭൂരിപക്ഷം നടുവേദനകൾക്കും ശമനം ലഭിക്കാറുണ്ട്.
എന്നാൽ ചില നടുവേദനകൾ കൂടുതൽ ഗൗരവമുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. അതിനാൽ ചില ഗൗരവകരമായ സൂചനകൾ അഥവാ റെഡ് ഫ്‌ളാഗ്‌സ് അവഗണിക്കരുത്. വിശ്രമിച്ചാലും കുറയാത്ത നടുവേദനകൾ, രാത്രികാലങ്ങളിൽ മാത്രം അനുഭവപ്പെടുന്ന നടുവേദന, മുതിർന്നവരിലും ചെറുപ്രായത്തിലുള്ള കുട്ടികളിലും അനുഭവപ്പെടുന്ന നടുവേദനകൾ, ഒരു വീഴ്ചക്ക് ശേഷം തുടർച്ചയായി അനുഭവപ്പെടുന്ന നടുവേദന, നടുവേദനക്കോ തോൾ വേദനക്കൊ ഒപ്പം വേദന കൈകാലുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥ, പ്രതിരോധ ശക്തി കുറഞ്ഞ ആളുകൾ പ്രത്യേകിച്ച് പ്രമേഹരോഗികൾ, കരളിന്റെയോ വൃക്കയുടെയോ അസുഖങ്ങളുമായി ചികിത്സയിലുള്ളവർ എന്നിവർക്ക് പുതിയതായി വരുന്ന നടുവേദനകൾ ഗൗരവകരമായി കണ്ട് ആവശ്യമായ പരിശോധനകൾ ചെയ്യേണ്ടതാണ് .
മുൻപ് പറഞ്ഞ മെക്കാനിക്കൽ നടുവേദനകൾ ഇരുന്നു ജോലി ചെയ്യുന്നവരില്‍ കൂടുതലായി കാണുന്നുണ്ട്. അങ്ങനെയുള്ളവർ തുടർച്ചയായിരിക്കുന്നത് ഒഴിവാക്കി മുക്കാൽ മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോൾ അൽപനേരം നിൽക്കുന്നതോ എഴുന്നേറ്റ് നടക്കുന്നതോ നന്നായിരിക്കും. ചിലർക്ക് ശരീരഭാരം കുറയ്ക്കുമ്പോൾ നടുവേദനകൾക്ക് ആശ്വാസം കിട്ടാറുണ്ട്. നടത്തം, നീന്തൽ, ഡാൻസ്, സൈക്ലിംഗ് മുതലായ ഫിസിക്കൽ ആക്ടിവിറ്റികളിൽ ഏതെങ്കിലും ഒന്ന് പതിവായി ചെയ്യുന്നത് മെക്കാനിക്കൽ നടുവേദന തടയാൻ ഫലപ്രദമാണ്. സ്പൈനൽ എക്സസർസൈസുകളും കോർ സ്ട്രെങ്ത്തനിങ് എക്സസൈസുകളും ഇവർക്ക് നല്ലതാണ്.
ജീവിതചര്യയിലെ ഇത്തരം മാറ്റങ്ങൾ കൊണ്ടുവന്ന ശേഷവും വേദന തുടരുന്നുണ്ടെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. എക്സ്-റേ ചിലപ്പോൾ എംആർഐ ചില ബ്ലഡ് ടെസ്റ്റുകൾ എന്നിവ ആവശ്യമായി വന്നേക്കാം. അതിനാൽ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് കുറയാത്ത നടുവേദനകൾ കൂടുതൽ ഗൗരവമായി കണക്കാക്കി ഡോക്ടറെ നേരിൽ സമീപിച്ച് വേണ്ട പരിശോധനകളും ചികിത്സകളും ആരംഭിക്കേണ്ടതാണ്.
(കൊച്ചി അമൃത ഹോസ്പിറ്റലിൽ ഓർത്തോപീഡിക്സ് വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകൻ.)
Content Highlights: Understand common causes of back pain, learn to identify serious red flags
Published: 17 Oct 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented