ഷ്യ വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന ‘എന്‍ററോമിക്സ്’ എന്ന കാൻസർ വാക്സിന്റെ വാർത്തകൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ നിറയുകയാണ്. നൂറുശതമാനം ഫലപ്രാപ്തി, പാർശ്വഫലങ്ങളില്ലാത്ത ചികിത്സ, ട്യൂമറുകളെ 60-80 ശതമാനംവരെ ചുരുക്കാനുള്ള കഴിവ് തുടങ്ങിയ ആകർഷകമായ പ്രഖ്യാപനങ്ങൾ വലിയൊരു പ്രത്യാശയുടെ തിരമാലതന്നെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതുകേട്ട് പലരും ചിന്തിക്കുന്നത് അടുത്ത ദിവസംമുതൽ ഈ മരുന്ന് വിപണിയിൽ ലഭ്യമാവുമെന്നും നിലവിൽ ചികിത്സയിലുള്ളവർക്ക് അതുപയോഗിച്ച് പൂർണ രോഗശാന്തിനേടാൻ സാധിക്കുമെന്നുമാണ്. എന്നാൽ, ശാസ്ത്രലോകം ഇത്രയും ആവേശത്തിലാണോ? എന്തുകൊണ്ടാണ് ഈ വിഷയത്തിൽ അവർ കൂടുതൽ ജാഗ്രത പുലർത്തുന്നത്?

To advertise here,

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമറിയണമെങ്കിൽ ഒരു പുതിയ മരുന്ന് അല്ലെങ്കിൽ വാക്സിൻഗവേഷണം മുതൽ പൊതുജനങ്ങളിലേക്ക് എത്തുന്നതുവരെയുള്ള സങ്കീർണമായ പ്രക്രിയ മനസ്സിലാക്കേണ്ടതുണ്ട്.

ഒരു മരുന്ന് പിറവിയെടുക്കുന്ന വഴി

പരീക്ഷണശാലമുതൽ വിപണിവരെ ഒരു പുതിയ ചികിത്സാരീതിയുടെ ഗവേഷണം ആരംഭിക്കുന്നത് ലബോറട്ടറിയിൽവെച്ചാണ്. ഈ ഘട്ടത്തെ പ്രീക്ലിനിക്കൽ ട്രയൽസ് എന്നുവിളിക്കുന്നു. ഇവിടെ മരുന്ന് കോശങ്ങളിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിച്ച് അതിന്റെ പ്രാഥമികസുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നു. എന്ററോമിക്സ് വാക്സിൻ ഈ ഘട്ടത്തിൽ വിജയിച്ചതായി റഷ്യൻ അധികൃതർ അവകാശപ്പെടുന്നു. ഇത് തീർച്ചയായും വലിയൊരു നേട്ടംതന്നെയാണ്.

എന്നാൽ, ഒരു മരുന്ന് മനുഷ്യനിൽ ഉപയോഗിക്കാൻ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത് ഇതിനുശേഷമുള്ള ക്ലിനിക്കൽ ട്രയലുകൾ വഴിയാണ്. ഇതിന് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്:

  • ഘട്ടം-I ക്ലിനിക്കൽ ട്രയൽ:ഈ ഘട്ടത്തിലാണ് എന്ററോമിക്സ് നിലവിലുള്ളത്. വളരെക്കുറച്ച് രോഗികളിൽ (സാധാരണയായി 20-100 പേർ) മാത്രമാണ് ഈ പരീക്ഷണം നടത്തുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം, വാക്സിൻ മനുഷ്യശരീരത്തിൽ സുരക്ഷിതമാണോ, എന്തെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങളുണ്ടോ, ഏതളവിലാണ് ഇത് നൽകേണ്ടത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുക എന്നതാണ്. ഈ ഘട്ടത്തിൽ ട്യൂമർ ചുരുങ്ങുകയോ രോഗം പൂർണമായി ഭേദമാകുകയോ ചെയ്യുന്നത് ഒരു പ്രധാന ലക്ഷ്യമല്ല, മറിച്ച് വാക്സിൻ ശരീരത്തിന് ദോഷകരമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ്. എന്ററോമിക്സ് വാക്സിൻ 48 വൊളന്റിയർമാരിൽ നടത്തിയ പരീക്ഷണത്തിൽ നൂറുശതമാനം സുരക്ഷിതത്വം അവകാശപ്പെടുന്നത് ഈ ഘട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനമാണ്. എന്നാൽ, ഇത് വാക്സിൻ എല്ലാവരിലും പൂർണമായി രോഗം ഭേദമാക്കുമെന്നതിന്റെ ഉറപ്പല്ല.
  • ഘട്ടം-II ക്ലിനിക്കൽ ട്രയൽ: വാക്സിൻ സുരക്ഷിതമാണെന്ന് ഒന്നാംഘട്ടത്തിൽ തെളിഞ്ഞാൽ, അടുത്ത ഘട്ടത്തിൽ കൂടുതൽ രോഗികളിൽ (നൂറുകണക്കിന്) വാക്സിൻ നൽകി അതിന്റെ യഥാർഥ ഫലപ്രാപ്തി വിലയിരുത്തുന്നു. വാക്സിൻ ട്യൂമറിന്റെ വളർച്ച തടയുന്നുണ്ടോ, രോഗിയുടെ അതിജീവനനിരക്ക് വർധിപ്പിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഈ ഘട്ടത്തിൽ ശാസ്ത്രീയമായി പഠിക്കും. ഈ ഘട്ടവും വിജയകരമായി പൂർത്തിയാകാൻ വർഷങ്ങളെടുത്തേക്കാം.
  • ഘട്ടം-III ക്ലിനിക്കൽ ട്രയൽ: ഇതാണ് ഏറ്റവും നിർണായകവും പ്രധാനപ്പെട്ടതുമായ ഘട്ടം. ആയിരക്കണക്കിന് രോഗികളിൽ വാക്സിൻ പരീക്ഷിക്കും. ഇതിൽ ഒരു വിഭാഗം രോഗികൾക്ക് പുതിയ വാക്സിൻ നൽകുകയും മറ്റൊരു വിഭാഗത്തിന് നിലവിലുള്ള മികച്ച ചികിത്സാരീതികൾ (കീമോതെറപ്പി, റേഡിയേഷൻ) നൽകുകയും ചെയ്യും. ഈ രണ്ടുവിഭാഗത്തെയും താരതമ്യംചെയ്ത്, പുതിയ വാക്സിൻ നിലവിലുള്ള ചികിത്സകളെക്കാൾ എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തും. ഈ പഠനം പൂർത്തിയാകാൻ അഞ്ചുമുതൽ 10 വർഷം വരെ എടുത്തേക്കാം. ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി, അതിന്റെ ഫലങ്ങൾ ഏതുരാജ്യങ്ങളിലാണോ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്, ആ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുെട ഔദ്യോഗിക അംഗീകാരത്തിനുശേഷംമാത്രമേ അതത് രാജ്യങ്ങളിൽ ആ മരുന്ന്‌ വിൽപ്പനയ്ക്ക് അർഹമാകൂ (കോവിഡ് പോലുള്ള അടിയന്തരസാഹചര്യങ്ങളിൽ ഇതിൽ ചില വിട്ടുവീഴ്ചകളുണ്ടായിട്ടുണ്ടെങ്കിലും).

മുൻകാല അനുഭവങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് കാൻസർ. ഇപ്പോൾ ഉയർന്നുവന്നതുപോലുള്ള വലിയ അവകാശവാദങ്ങൾ കാൻസർ ചികിത്സാരംഗത്ത് ആദ്യമായിട്ടല്ല ഉയരുന്നത്. പലപ്പോഴും വലിയ പ്രതീക്ഷനൽകി പിന്നീട് നിശ്ശബ്ദമാവുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഡെൻഡ്രിറ്റിക് സെൽ വാക്സിനുകൾ: 2010-ൽ അമേരിക്കയിൽ പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്കായി സിപുലുസൽ-ടി (Sipuleucel-T) എന്ന വാക്സിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രോഗിയുടെ ശരീരത്തിൽനിന്ന് കോശങ്ങളെയെടുത്ത്, അവയെ കാൻസർകോശങ്ങളെ തിരിച്ചറിയാൻ പരിശീലിപ്പിച്ച് തിരികെ ശരീരത്തിൽ നൽകുന്ന ചികിത്സയാണ്. ഇത് കാൻസർ ചികിത്സയിൽ ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, നിലവിലുള്ള കീമോതെറപ്പിയെക്കാൾ മെച്ചപ്പെട്ട ഫലം നൽകുന്നതിൽ ഈ വാക്സിൻ പിന്നോട്ടുപോയി. മാത്രമല്ല, അതിന്റെ ഉയർന്ന െചലവ് (ഏകദേശം 1,00,000 ഡോളർ) ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തി.

ഇത്തരം അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, ഒരു പുതിയ ചികിത്സാരീതിയുടെ പ്രാരംഭഘട്ടത്തിലെ വിജയം ആത്യന്തികമായി പൂർണപരിഹാരമായി മാറണമെന്നില്ല എന്നാണ്.

ശാസ്ത്രീയ ജാഗ്രത വേണം

എന്ററോമിക്സ് വാക്സിൻ സംബന്ധിച്ച വാർത്തകളിൽ പ്രീക്ലിനിക്കൽ പഠനങ്ങളിൽ നൂറുശതമാനം ഫലപ്രാപ്തി, ചില രോഗികളിൽ ട്യൂമർ 80 ശതമാനംവരെ ചുരുങ്ങി തുടങ്ങിയ പ്രസ്താവനകൾ നൽകുമ്പോൾത്തന്നെ, സ്വതന്ത്ര ശാസ്ത്രീയവിശകലനങ്ങൾ ഇനിയും ലഭ്യമല്ല എന്നുകൂടി ഓർക്കണം.

സാംപിൾ സൈസ്: 48 പേരിൽ നടത്തിയ പരീക്ഷണം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാൻസർ രോഗികളിൽ ഫലപ്രദമാകുമോ എന്ന് പറയാൻ സാധിക്കില്ല.

ഡേറ്റയുടെ ലഭ്യത: റഷ്യൻ അധികൃതർ പുറത്തുവിട്ട വിവരങ്ങൾ ഒരു പ്രശസ്ത ശാസ്ത്രജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ മറ്റുശാസ്ത്രജ്ഞർക്ക് ഈ വിവരങ്ങൾ വിലയിരുത്താനും ശരിയാണോ എന്ന് പരിശോധിക്കാനും സാധിച്ചിട്ടില്ല. അതുകൊണ്ട് ഗവേഷണത്തിന്റെ രീതിശാസ്ത്രവും ഫലങ്ങളും കൃത്യമായി പരിശോധിച്ചശേഷമല്ല ലോകമാധ്യമങ്ങൾ ഇത്രയും ഹൈപ്പ് കൊടുക്കുന്നതെന്ന് സാരം.

വ്യത്യസ്ത കാൻസറുകൾ: ഒരുതരം കാൻസറിൽ ഫലപ്രദമായ വാക്സിൻ മറ്റൊരു കാൻസറിൽ പ്രവർത്തിക്കണമെന്നില്ല. കാരണം, ഓരോ കാൻസറും ജനിതകപരമായി വ്യത്യസ്തമാണ്. കൂടാതെ, ഓരോ രോഗിയുടെയും ട്യൂമറിന്റെ ഘടനയും വ്യത്യസ്തമായിരിക്കും. എന്ററോമിക്സ് വ്യക്തിഗത ചികിത്സ നൽകുന്നതിനാൽ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

കാൻസർ ചികിത്സയിൽ റഷ്യയുടെ എന്ററോമിക്സ് വാക്സിൻ ഒരു സുപ്രധാന കാൽവെപ്പുതന്നെയാണ്. മൊഡേണ, ബയോടെക് തുടങ്ങിയ കമ്പനികൾ കോവിഡ് വാക്സിൻ നിർമിക്കാൻ ഉപയോഗിച്ച എംആർഎൻഎ സാങ്കേതികവിദ്യതന്നെയാണ് എന്ററോമിക്സ് എന്ന വ്യക്തിഗത കാൻസർവാക്സിനുപിന്നിലും. റഷ്യൻ വാക്സിൻ ഒരുപക്ഷേ ഈ രംഗത്തെ ഒരു വലിയ ചുവടുവെപ്പായേക്കാം.

എന്നാൽ, നേരത്തേ പറഞ്ഞതുപോലെ ഒരു വാക്സിൻ യഥാർഥത്തിൽ വിപണിയിലെത്തി രോഗികളുടെ ജീവൻരക്ഷിക്കാൻ തുടങ്ങണമെങ്കിൽ ദീർഘമായ പഠനങ്ങളുടെയും നിയമപരമായ അംഗീകാരപ്രക്രിയകളുടെയും ആവശ്യമുണ്ട്. അതിന് വർഷങ്ങളെടുത്തേക്കാം.

മാസച്യുസെറ്റ്സിലെ തെർമോഫിഷർ സയന്റിഫിക്കിൽ ഗ്ലോബൽ പ്രിൻസിപ്പൽ ക്ലിനിക്കൽ ലീഡാണ് ലേഖകൻ

കാൻസർ ചികിത്സയിൽ ഒരു പുതിയ യുഗം എന്ററോമിക്സിലൂടെ പിറവികൊള്ളുമോ എന്നറിയാൻ ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്. എന്നാൽ, ഇതൊരു വലിയ പ്രതീക്ഷമാത്രമാണ്; നാളെത്തന്നെ ലഭ്യമാകുന്ന ചികിത്സയല്ല