
അതിരു വിടരുത് ആന്റിബയോട്ടിക്| പരമ്പരയുടെ മുഴുവൻ ഭാഗങ്ങളും വായിക്കാം
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ അണുക്കൾ ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കുന്ന സാഹചര്യം, ആധുനിക വൈദ്യമേഖലയെ ദുർബലപ്പെടുത്തുകയും ദശലക്ഷക്കണക്കിനു പേരുടെ ജീവിതം അപകടത്തിലാക്കുകയുമാണ്- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസിന്റെ വാക്കുകളാണിത്. ആഗോളഭീഷണിയായ ഈ വിഷയത്തെ ഗൗരവത്തോടെ കണ്ട് ഇടപേടൽ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ജീവനു ഹാനിയായേക്കാവുന്ന രക്തപ്രവാഹത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾ വൻതോതിൽ പെരുകുന്നുണ്ടെന്നാണ് 2020-ൽ 87 രാജ്യങ്ങളിൽനിന്നു ശേഖരിച്ച ഡേറ്റയിൽ പറയുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ക്ലെബ്സിയെല്ല ന്യുമോണിയ. അനിസോബാക്ടർ spp തുടങ്ങിയ അണുബാധകൾ ക്രമാതീതമായി വർധിക്കുകയും ആന്റിബയോട്ടിക്കുകളെ ശക്തമായി പ്രതിരോധിക്കുകയുമാണ്. സാധാരണയായി കണ്ടുവരുന്ന ചില ബാക്ടീരിയൽ അണുബാധകളും ഇപ്പോൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന സ്ഥിതിവിശേഷം കാണുന്നുണ്ട്.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് അണുബാധ ദുരിതംവിതച്ച ചില ജീവിതങ്ങൾ
ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷിയാർജിച്ച അണുബാധകളെക്കുറിച്ച് മുൻഭാഗങ്ങളിൽ പറഞ്ഞുകഴിഞ്ഞു. അത്തരത്തിലുള്ള ബാക്ടീരിയകൾ മൂലം ദുരിതത്തിലായ ചില ജീവിതങ്ങളേക്കുറിച്ച് അമേരിക്കയിലെ ഇൻഫെക്ഷ്യസ് ഡിസീസ് സൊസൈറ്റിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. കെന്ന വാൻ കിർക് എന്ന ഒമ്പതു വയസ്സുകാരിക്ക് അത്തരത്തിലൊരു അനുഭവമാണ് പങ്കുവെക്കാനുള്ളത്. നൃത്തത്തിൽ തൽപരയായിരുന്ന കെന്ന ക്രിസ്മസിനായി കാത്തിരിക്കുന്ന വേളയിലാണ് പനിയും ഓക്കാനവും ഛർദിയും വരുന്നത്. ഭക്ഷ്യവിഷബാധ ആണെന്നാണ് തുടക്കത്തിൽ കരുതിയിരുന്നതെങ്കിലും മെതിസിലിൻ എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന സ്റ്റഫിലോകോക്കസ് ഓറിയസ്(MRSA) എന്ന അണുബാധയായിരുന്നു കാരണം. തുടയിൽ മുറിവായിട്ടാണ് അണുബാധ ആരംഭിച്ചത്. അണുബാധ തീവ്രമാവുകയും ഹൃദയവാൽവിന് തകരാർ സംഭവിക്കുകയും കടുത്ത ന്യുമോണിയ ബാധിക്കുകയും ചെയ്തു. ആറാഴ്ച്ചത്തെ ആശുപത്രിവാസത്തിനൊടുവിലെ ജീവന്മരണപോരാട്ടത്തിനു ശേഷമാണ് കെന്ന ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന അണുബാധയുടെ തീവ്രമായ മുഖമാണ് കെന്ന നേരിട്ടത്.
മറ്റൊരാൾ ജോർജിയ സ്വദേശിയായ മെറെഡിത് ലിറ്റിൽ ജോൺ ആണ്. പത്തൊമ്പതുകാരിയായ മെറെഡിത്, അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ(മജ്ജയേയും രക്തത്തേയും ബാധിക്കുന്ന അർബുദം) രോഗിയായിരുന്നു. 2012-ലാണ് മെറെഡിതിന് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോതെറാപ്പികൾക്കും ചികിത്സയക്കുമൊടുവിൽ രോഗം ഭേദമാവുകയും മെറെഡിത് പഠനത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. എന്നാൽ 2012-ൽ കാൻഡിഡ എന്ന ഫംഗൽ ബാധയുണ്ടാവുകയും അതു ചികിത്സിച്ചു ഭേദമാവുകയും ചെയ്തു. വൈകാതെ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന സ്യുഡോമൊണാസ് എന്ന ബാക്ടീരിയൽ അണുബാധ ഉണ്ടായത് വീണ്ടും താളംതെറ്റിച്ചു. കൊളിസ്റ്റിൻ എന്ന ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സ ചെയ്തെങ്കിലും അണുബാധ ശ്വാസകോശത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. പക്ഷേ, ചികിത്സ ഫലം കണ്ടില്ലെന്നു മാത്രമല്ല, വൈകാതെ മെറെഡിത് ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഇൻഫെക്ഷൻ ബാധ മൂലം മരണപ്പെടുകയും ചെയ്തു.
ആന്റിബയോട്ടിക് റെസിസ്റ്റന്റായ ഇ-കോളി അണുബാധ മൂലം ജീവിതം തകിടം മറിഞ്ഞ അനുഭവമാണ് കാലിഫോർണിയക്കാരനായ ടോം ഡ്യൂക് എന്ന യുവാവിന് പങ്കുവെക്കാനുള്ളത്. അടിവയറിൽ വേദനയായിട്ടായിരുന്നു തുടക്കം, അതു പുറംഭാഗത്തേക്ക് ബാധിക്കുകയും തീവ്രമാവുകയും ചെയ്തു. തുടക്കത്തിൽ വൻകുടലിന്റെ ഒരു ഭാഗത്തിനു സംഭവിച്ച വീക്കമാണെന്നാണ് കരുതിയത്. കാരണം മാസങ്ങൾക്കു മുമ്പ് അതിനു മരുന്നു കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കുറി അതു ഫലം കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ഇ.കോളി ബാധയാണെന്ന് തിരിച്ചറിഞ്ഞത്. നാളുകൾ നീണ്ട ആശുപത്രിവാസത്തിനെടുവിലാണ് ടോം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
മുകളിൽപ്പറഞ്ഞവയെല്ലാം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുക്കൾ വർധിക്കുന്നതു മൂലമുള്ള ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്. ഇനിയെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഭാവിയിൽ കൂടുതൽ വഷളായ സ്ഥിതവിശേഷത്തിലേക്ക് പോകുമെന്നാണ് ദിനംപ്രതി പുറത്തുവരുന്ന പഠനങ്ങളും പങ്കുവെക്കുന്നത്.
ആന്റിബയോട്ടിക്കുകളുടെ ന്യായയുക്തമായ ഉപയോഗം, സ്വയം ചികിത്സ ഉപേക്ഷിക്കൽ , ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ കുറവോ കൂടുതലോ വരുത്താതെ കൃത്യമായ രീതിയിലുള്ള മരുന്നുകളുടെ ഉപയോഗം, കർശനമായി നിയന്ത്രിക്കേണ്ട മൃഗചികിത്സാ രംഗത്തുള്ള ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനെ കുറിച്ചുള്ള ശക്തമായ സാമൂഹിക ബോധവൽക്കരണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, കൃത്യമായ സോഷ്യൽ മീഡിയ സമീപനങ്ങൾ, തദനുസൃതമായ വിഷ്വൽ - പ്രിന്റ് മീഡിയ ബോധവൽക്കരണ ശ്രമങ്ങൾ, സർക്കാരിന്റെ ശക്തമായ നടപടികൾ എന്നിവയൊക്കെ കൊണ്ടു മാത്രമേ ഈ ദുർഭൂതത്തെ ഫലപ്രദമായി നേരിടാൻ കഴിയൂവെന്ന് ഐ.എം.എ. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റി നാഷണൽ കൺവീനറായ ഡോ. എം. മുരളീധരൻ പറയുന്നു.
സാഹചര്യത്തിന്റെ ഗൗരവം ശാസ്ത്രീയമായി തിരിച്ചറിയാനാവണം
ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്ക് ശാസ്ത്രീയമായ തിരിച്ചറിവുണ്ടാവുകയും ഗൗരവത്തോടെ അതിനെ സമീപിക്കാനാവുകയും ചെയ്യണമെന്നു പറയുകയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ജയശ്രീ. എങ്ങനെയാണ് ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നതെന്നും അവയെ പ്രതിരോധിക്കുന്ന അണുക്കൾ രൂപപ്പെടുന്നതെന്നും ശാസ്ത്രീയമായി മനസ്സിലാക്കാൻ കഴിയണം. മുറിവൈദ്യം ആളെക്കൊല്ലും എന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്. മരുന്നുകളോട് അനാവശ്യമായി ഭയം പലർക്കുമുണ്ട്, അതിനുള്ള കാരണം ആ മേഖലയേക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ്. അത്തരം സാഹചര്യങ്ങളിലാണ് ചെറിയ അറിവുവച്ച് അവർ സ്വയംചികിത്സ ചെയ്യുന്നത്. മുൻകാല പ്രിസ്ക്രിപ്ഷൻ ഉപയോഗിച്ചും ഫാർമസിയിൽ നേരിട്ടുപോയി മരുന്നു വാങ്ങിച്ചുമൊക്കെ കഴിക്കുന്നവരുമുണ്ട്. ഇതൊക്കെയാണ് ഇത്തരം റെസിസ്റ്റന്റ് ബാക്ടീരിയകൾ പെരുകാനുള്ള കാരണം.

ആരോഗ്യപ്രവർത്തകർക്കും ഇതിൽ വലിയ പങ്കാണുള്ളത്. ആന്റിബയോട്ടിക് ആവശ്യമില്ലാതെ കുറിക്കാതിരിക്കുകയും അവ അനാവശ്യമായി ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങൾ പറഞ്ഞുകൊടുക്കുകയും വേണം. ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷിയുള്ള അണുക്കൾ കൂടിക്കഴിയുമ്പോൾ മരുന്ന് കഴിച്ചാലും ഗുണം ചെയ്യാത്ത അവസ്ഥ വരികയും അസുഖങ്ങൾ മാറാതിരിക്കുകയും ചെയ്യും. പ്രായമായ ആളുകൾ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരാണ് ഏറെയും. അത്തരക്കാരെ രോഗാണുക്കൾ ബാധിക്കാൻ സാധ്യത കൂടുതലാണ്. അവരിൽ ആന്റിബയോട്ടിക് റെസിസ്റ്റന്റായ അണുബാധ സംഭവിക്കുമ്പോൾ മരണത്തിനു വരെ കാരണമാകാം. അതു പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയുമാണ് ചെയ്യാറുള്ളത്.
അതുപോലെതന്നെ ഓരോ മരുന്നും കൃത്യമായ ഡോസിലാണ് കഴിക്കേണ്ടത്. അതിൽ കൂടുതലോ കുറവോ കഴിക്കരുത്. മരുന്ന് വേണ്ട അളവിൽ കുറവ് കഴിക്കുമ്പോൾ ബാക്ടീരിയകൾ പൂർണമായും ഇല്ലാതാകുന്നില്ല. കൂടുതൽ കഴിക്കുമ്പോൾ പ്രതിരോധശേഷിയുള്ള അണുക്കൾ പെരുകാനും കാരണമാകും. കോഴി, മീൻ തുടങ്ങിയവയുടെ വളർച്ചയ്ക്കും അണുബാധ തടയുന്നതിനുമൊക്കെ വെറ്റിനറി ഡോക്ടർമാരുടെ നിർദേശത്തോടെയല്ലാതെ ആന്റിബയോട്ടിക് നൽകുന്നതും ഇത്തരത്തിലുള്ള അണുബാധ പെരുകാനിടയാക്കും. 2018-ലെ സ്ട്രാറ്റജിക് പ്ലാൻ വന്നതിനു ശേഷം മെഡിക്കൽ സ്റ്റോറുകളിലൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷേ, ആളുകളിൽ പലരും ഇപ്പോഴും ഇതിനെ നിസ്സാരവത്കരിച്ചാണ് കാണുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ മുഖം മറയ്ക്കുന്നതും മൃഗങ്ങളെ സ്പർശിച്ചതിനു ശേഷം കൈകഴുകുന്നതുമൊക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമായി അനുവർത്തിക്കേണ്ടതാണ്.
എന്തുകൊണ്ടാണ് ജനങ്ങൾ സ്വയംചികിത്സയ്ക്ക് മുതിരുന്നത് എന്നതുകൂടി പരിഗണിക്കണമെന്നും ഡോ. ജയശ്രീ പറയുന്നു. സൗകര്യത്തിനപ്പുറം സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവുകൂടി ഭയന്നാകണം പലരും അതിനു മുതിരുന്നത്. ആശുപത്രികളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കാനും കഴിയണം. ആന്റിബയോട്ടിക് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടോ, കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നെല്ലാം ജനങ്ങൾ കൂടി തിരിച്ചറിയുകയും ചെയ്യണം. കോവിഡ് വൈറൽ ഇൻഫെക്ഷനാണ് എന്നറിഞ്ഞിട്ടും ആന്റിബയോട്ടിക്കുകൾ കഴിച്ചവരെത്രയാണ്. അതിനാൽ ഈയവസ്ഥയേക്കുറിച്ച് ശാസ്ത്രീയ അവബോധം ഉണ്ടാക്കിയെടുക്കലാണ് പ്രധാനം.
അവബോധം ശരിയായ രീതിയിലല്ലെങ്കിൽ ഉണ്ടാകാനിടയുള്ള അപകടാവസ്ഥയേക്കുറിച്ചും ഡോ. ജയശ്രീ പറയുന്നുണ്ട്. ആന്റിബയോട്ടിക്കുകളെല്ലാം അപകടകരമാണ് എന്ന ചിന്തയിലേക്ക് നയിക്കുകയാണ് ചെയ്യുക. വാക്സിനുകളോട് മുഖം തിരിച്ചുനിൽക്കുന്ന വിഭാഗം ഇപ്പോഴുമുണ്ട്. അതിനാൽ ആന്റിബയോട്ടിക്കുകൾ അരുത് എന്നല്ല; അവ എങ്ങനെയാണ് കൃത്യമായി ഉപയോഗിക്കേണ്ടത് എന്നതാണ് തിരിച്ചറിയേണ്ടത്.

ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് റെസിസ്റ്റൻസ് തടയാൻ ഓരോമേഖലയിലും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?
വ്യക്തികൾ
- സെർട്ടിഫൈ ചെയ്ത ആരോഗ്യപ്രവർത്തകർ പ്രിസ്ക്രൈബ് ചെയ്ത ആന്റിബയോട്ടിക്കുകൾ മാത്രം ഉപയോഗിക്കുക.
- ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞാൽ പിന്നീട് അവ ആവശ്യപ്പെടാതിരിക്കുക.
- ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ആരോഗ്യപ്രവർത്തകരുടെ നിർദേശം എപ്പോഴും പാലിക്കുക.
- ബാക്കിയായ ആന്റിബയോട്ടിക്കുകൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
- ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
- ഇടയ്ക്കിടെ കൈകൾ കഴുകാനും വൃത്തിയോടെ ഭക്ഷണം പാകംചെയ്യാനും രോഗമുള്ളവരുമായി അടുത്ത ബന്ധം പുലർത്താതിരിക്കാനും സുരക്ഷിത ലൈംഗികബന്ധം പുലർത്താനും വാക്സിനേഷൻ കൃത്യമായി പാലിക്കാനും തയ്യാറാവുക.
- പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം എടുക്കുക
നയതന്ത്രജ്ഞർക്ക് ചെയ്യാനാവുന്നത്
- ആന്റിബയോട്ടിക് റെസിസ്റ്റൻസിനെ വരുതിയിലാക്കാൻ ദേശീയ തലത്തിൽ ആക്ഷൻ പ്ലാനുകൾ ഉറപ്പാക്കുക.
- ആന്റിബയോട്ടിക് റെസിസ്റ്റൻസ് അണുബാധകൾക്കുമേലുള്ള നിരീക്ഷണം ശക്തിപ്പെടുത്തുക.
- അണുബാധാ പ്രതിരോധവും നിയന്ത്രണവും ഉറപ്പുവരുത്താനുള്ള നയങ്ങളും പദ്ധതികളും ശക്തിപ്പെടുത്തുക.
- ഗുണമേന്മയുള്ള മരുന്നുകളുടെ ഉചിതമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
- ആന്റിബയോട്ടിക് റെസിസ്റ്റൻസിന്റെ സ്വാധീനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുക.
ആരോഗ്യപ്രവർത്തകർക്ക് ചെയ്യാവുന്നത്
- കൈകളും ഉപകരണങ്ങളും അന്തരീക്ഷവും വൃത്തിയാണെന്ന് ഉറപ്പു വരുത്തി അണുബാധ തടയുക.
- ആവശ്യമുള്ളപ്പോൾ മാത്രം ആന്റിബയോട്ടിക് നിർദേശിക്കുകയും നിലവിലെ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.
- ആന്റിബയോട്ടിക് റെസിസ്റ്റന്റ് അണുബാധകളെ സംബന്ധിച്ച് നിരീക്ഷണ സംഘങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
- ആന്റിബയോട്ടിക് എങ്ങനെയെടുക്കണം, എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്, അവയുടെ ദുരുപയോഗം മൂലമുള്ള അപകടാവസ്ഥ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ രോഗികളോട് സംസാരിക്കുക.
- അണുബാധയെ പ്രതിരോധിക്കാൻ വാക്സിനേഷൻ പാലിക്കാനും ശുചിത്വം കാത്തുസൂക്ഷിക്കാനും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്താനും സുരക്ഷിത ലൈംഗികബന്ധത്തിൽ ഏർപ്പെടാനും രോഗികളോട് പറയുക.
കാർഷികമേഖലയ്ക്ക് ചെയ്യാവുന്നത്
- വെറ്ററിനറി മേൽനോട്ടത്തിൻ പ്രകാരം മാത്രം മൃഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുക.
- ആരോഗ്യമുള്ള മൃഗങ്ങൾക്ക് വളർച്ച കൂട്ടാനും രോഗങ്ങൾ തടയാനും പുതിയ ആന്റിബയോട്ടിക്കുകൾ നൽകാതിരിക്കുക.
- മൃഗങ്ങൾക്ക് അതാതു സമയത്ത് വാക്സിനേഷൻ നൽകുകയും ആന്റിബയോട്ടിക്കിനു പകരം നൽകാവുന്ന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുക. ശുചിത്വം പരിപാലിക്കുക.
ഇന്നിനുവേണ്ടി മാത്രമല്ല; നല്ലനാളേക്കും കൂടിവേണ്ടിയാണ് നാം ആന്റിബയോട്ടിക് സാക്ഷരരാകണമെന്നു പറയുന്നത്. അടുത്ത തലമുറയെങ്കിലും ആന്റിബയോട്ടിക്കുകൾ അലക്ഷ്യം ഉപയോഗിക്കാതിരിക്കണം, അവയുടെ ദുണദോഷങ്ങൾ തിരിച്ചറിയണം. പൂർണമായും ആന്റിബയോട്ടിക്കിനോട് മുഖംതിരിക്കലല്ല; മറിച്ച് ഏതൊക്കെ ഘട്ടങ്ങളിൽ വിദഗ്ധോപദേശത്തോടെ അവ കഴിക്കണമെന്നും സ്വയംചികിത്സയ്ക്കു മുതിരരുതെന്നും തിരിച്ചറിയണം. അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം പ്രതിരോധശേഷിയാർജിക്കുന്ന അണുക്കൾ പെരുകുന്ന സാഹചര്യം കുറച്ചുകൊണ്ടുവരണം. ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന ആഗോള ആരോഗ്യഭീഷണി ഇല്ലാതാകണം. ആന്റിബയോട്ടിക് സാക്ഷര സമൂഹത്തിനായി ഒറ്റക്കെട്ടായി മുന്നേറണം.
Content Highlights: overuse of antibiotics , antimicrobial resistance awareness
Published: 16 Nov 2023, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented