
ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) 2025 മെയ് 6 ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ പ്രമേയം 'എല്ലാവർക്കും ശ്വസന ചികിത്സകൾ ലഭ്യമാക്കുക' എന്നതാണ്. ആസ്ത്മ രോഗത്തെ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ 'ഇൻഹേലർ' മരുന്നുകൾ എല്ലാവർക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വർഷവും 4,50,000 ത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നതുമായ പകർച്ചവ്യാധിയേതര രോഗമാണ് ആസ്ത്മ. ഈ മരണങ്ങളിൽ ഭൂരിഭാഗവും തടയാവുന്നതാണ്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇൻഹേലർ മരുന്നിന്റെ ലഭ്യതക്കുറവോ ഉയർന്ന വിലയോ അതുപോലെ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഉയർന്ന ചിലവുകൾ കാരണമോ ആസ്ത്മയുള്ള പലർക്കും ഇൻഹേലർ മരുന്നുകൾ ലഭിക്കാത്തത് ആസ്തമ രോഗം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കും പ്രതിരോധിക്കാൻ കഴിയുന്ന രോഗത്തെ മരണത്തിലേക്കും നയിക്കുന്നു.
ആസ്ത്മ രോഗ പ്രതിരോധം എങ്ങനെ?
1. ആസ്ത്മ രോഗത്തിന്റെ പ്രേരക ഘടകങ്ങൾ ഒഴിവാക്കുക.
- വായുമലിനീകരണം
- തണുത്ത വായു
- പൊടികൾ
- പൂമ്പൊടികൾ
- വളർത്തു മൃഗങ്ങൾ
- വളർത്തു പക്ഷികൾ, പക്ഷികളുടെ വിസർജ്ജനം
- ഫംഗസ്
- സുഗന്ധദ്രവ്യങ്ങൾ
- സിഗരറ്റ്, മെഴുകുതിരികൾ, ധൂപവർഗ്ഗങ്ങൾ, പടക്കങ്ങൾ
2. ചുറ്റുപാടും പൊടി രഹിതമായി സൂക്ഷിക്കുക
3. ന്യൂമോണിയ, ഫ്ലൂ തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുക
4. കൃത്യമായി ഇൻഹേലർ മരുന്നുകൾ എടുക്കുക
ആസ്ത്മയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
- ശ്വാസതടസ്സം
- ശ്വാസംമുട്ടൽ / ശബ്ദത്തോടെയുള്ള ശ്വസനം (ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചൂളമടിക്കുന്ന ശബ്ദം)
- വരണ്ട ചുമ (രാത്രികാലങ്ങളിലോ, അതിരാവിലെയോ വഷളാകുന്ന സ്ഥിരമായ ചുമ)
- നെഞ്ച് ഇറുകുന്ന അവസ്ഥ
ആസ്ത്മ രോഗനിർണയം എങ്ങനെ?
ശാരീരിക പരിശോധനയോടൊപ്പം തന്നെ നെഞ്ചിന്റെ എക്‌സ്-റെ, ശ്വാസകോശ പ്രവർത്തന പരിശോധനകളായ സ്‌പൈറോമെട്രി, അലർജി ടെസ്റ്റ്, കഫത്തിലും രക്തത്തിലും eosinophil ന്റെ അളവ് തുടങ്ങിയ പരിശോധനകൾ ചെയ്യേണ്ടതായി വരാം. ഇത് ആസ്ത്മയുടെ തീവ്രതയും നിയന്ത്രണവും വിലയിരുത്താൻ ഡോക്ടർമാരെ സഹായിക്കുന്നു.
ആസ്ത്മ ചികിത്സ
ആസ്ത്മ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. എന്നാൽ, നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ചികിത്സകൾ ലഭ്യമാണ്. ഇൻഹേലർ ഉപയോഗം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്ത്മ രോഗികൾക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇൻഹേലറുകൾ വളരെയധികം സഹായിക്കും.
ഇൻഹേലറുകൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.
1. ബ്രോങ്കോ ഡയലേറ്റർ (Salbutamol പോലെയുള്ളവ)
വായു മാർഗ്ഗങ്ങൾ തുറക്കാനും രോഗലക്ഷണങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
2. സ്റ്റിറോയ്ഡുകൾ
വായു മാർഗ്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത്മ രോഗം തീവ്രതയിൽ എത്തുന്നത് തടയുകയും മരണസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികൾ ദിവസവും ഇൻഹേലറുകൾ ഉപയോഗിക്കേണ്ടതായി വന്നേക്കാം. രോഗ ലക്ഷണങ്ങളുടെ ആവർത്തിയും ലഭ്യമായ ഇൻഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ.
ആസ്ത്മയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്തൊക്കെ?
നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കിൽ ആസ്ത്മ മൂലമുള്ള ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. എന്നിരുന്നാലും രോഗലക്ഷണങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാം. പ്രധാനമായും ശ്വാസനാളങ്ങളുടെ വീക്കം (Airway remodelling) ദീർഘകാല അടിസ്ഥാനത്തിൽ ശ്വസനം കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ആസ്ത്മ നിയന്ത്രണ വിധേയമല്ലാത്ത ആളുകളിൽ ഇടയ്ക്കിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ആശുപത്രി സന്ദർശനം വേണ്ടി വന്നേക്കാം. അതുപോലെതന്നെ ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയാനും സാധ്യത കൂടുതലാണ്.
ദീർഘകാല ആസ്ത്മ ദൈനംദിന പ്രവർത്തനങ്ങളെയും ജോലി ഉറക്കം വ്യായാമം എന്നിവയെയും പ്രതികൂലമായി ബാധിച്ചേക്കാം അപൂർവ്വ സന്ദർഭങ്ങളിൽ ചികിത്സയോട് പ്രതികരിക്കാത്ത ആസ്ത്മ ആവർത്തിച്ചുള്ള അണുബാധകൾ അല്ലെങ്കിൽ ശ്വസന പരാജയം തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം
ആസ്ത്മ പൂർണ്ണമായും ചികിത്സിച്ച ഭേദമാക്കാൻ കഴിയില്ല, പക്ഷേ ശരിയായ ഇൻഹേലറിന്റെ ഉപയോഗവും അതിനോടൊപ്പം തന്നെ ആസ്ത്മ രോഗത്തിന്റെ പ്രേരണ ഘടകങ്ങൾ മനസ്സിലാക്കി അവ ഒഴിവാക്കുന്നതും രോഗലക്ഷണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: Asthma: Understanding Prevention, Symptoms, Diagnosis, and Treatment Options
Published: 06 May 2025, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented