ജപ്പാൻമാതൃക അവലംബമാക്കി വയോജനവകുപ്പ് രൂപവത്കരിക്കാൻ കേരളസർക്കാർ തീരുമാനിച്ചത് ആശാവഹമാണ്. ലോകത്തെ ഏറ്റവും പ്രായമായ ജനസംഖ്യകളിലൊന്നിനെ കൈകാര്യംചെയ്യുന്നതിനായി സർവജന ദീർഘകാലപരിചരണ ഇൻഷുറൻസ്, സമൂഹാധിഷ്ഠിതപിന്തുണ, പ്രതിരോധാരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ എന്നിവയെ ഫലപ്രദമായി സംയോജിപ്പിക്കുന്നതാണ് ജപ്പാന്റെ രീതി

To advertise here,

കേരളം ഇന്നൊരു നിർണായക വഴിത്തിരിവിലാണ്. അടുത്ത ഏതാനും ദശകങ്ങളിൽ സംസ്ഥാനത്തിന്റെ ജനസംഖ്യാഘടനതന്നെ പൂർണമായി മാറാൻപോകുന്നു. 2036 ആകുമ്പോൾ കേരളത്തിലെ ഏകദേശം 22.8 ശതമാനമാളുകൾ അറുപതുവയസ്സിനുമുകളിലായിരിക്കും; 2051-ഓടെ ഇത് 30 ശതമാനംവരെ ഉയരും. അതായത്, നമുക്കു മുന്നിലുള്ളത് 'വയോജനകേരളം' എന്ന യാഥാർഥ്യമാണ്- ഇന്ന് ജപ്പാൻ അനുഭവിക്കുന്നതുപോലെ. ഈ ഘട്ടത്തിൽ, ജപ്പാൻമാതൃക അവലംബമാക്കി വയോജനവകുപ്പ് രൂപവത്കരിക്കാൻ കേരളസർക്കാർ തീരുമാനിച്ചത് ആശാവഹവും ശ്ലാഘനീയവുമാണ്.

ജപ്പാനിലെ വയോജനപരിചരണസംവിധാനം ലോകമെമ്പാടും പഠിക്കപ്പെടുന്ന ഒന്നാണ്. ലോകത്തെ ഏറ്റവും പ്രായമായ ജനസംഖ്യകളിലൊന്നിനെ കൈകാര്യംചെയ്യുന്നതിനായി സർവജന ദീർഘകാലപരിചരണ ഇൻഷുറൻസ്, സമൂഹാധിഷ്ഠിതപിന്തുണ, പ്രതിരോധാരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ എന്നിവയെ ഫലപ്രദമായി സംയോജിപ്പിക്കുന്ന ഒരു മാതൃകയാണിത്. കേരളം അതിവേഗം വയോജനസംസ്ഥാനമായിമാറുമ്പോൾ ഒരു പ്രധാനചോദ്യമുണ്ട്: ഈ മാറ്റം സാമൂഹികപ്രതിസന്ധിയാകുമോ അതോ ഒരു അവസരമാകുമോ? അവിടെയാണ് ജപ്പാൻ കാണിച്ച വഴിയുടെ പ്രസക്തി. അതായത്, പ്രായമായ സമൂഹം ഒരു പ്രതിസന്ധിയല്ല, മറിച്ച് ഫലവത്തായ നയങ്ങളിലൂടെ അതിനെ മറികടക്കാനും പുതിയൊരു അവസരമാക്കിമാറ്റാനുമുള്ള സന്നദ്ധതയാണ് പ്രധാനം.

സമൂഹത്തിലെ സജീവ പൗരർ

ജപ്പാനിൽ ഇന്ന് ജനസംഖ്യയുടെ ഏകദേശം 30 ശതമാനംപേർ വയോധികരാണ്. എന്നാൽ, അവിടെ 'വയോധികത' സമൂഹത്തിന്റെ ചുമടായിട്ടില്ല. കാരണം വളരെ ലളിതം: ജപ്പാൻ പ്രായമാകലിനെ പുനർവ്യാഖ്യാനംചെയ്തു. അവിടെ വയോധികരെ കുടുംബബാധ്യതയായി കാണുന്നില്ല. അവർ സമൂഹത്തിലെ സജീവപൗരരാണ്- തങ്ങളുടെ അനുഭവവും കഴിവുംകൊണ്ട് സംഭാവനചെയ്യുന്ന അന്തസ്സുള്ള പൗരർ. ജപ്പാനിലെ മുതിർന്നവർ തൊഴിൽമേഖലയിലും സമൂഹിക ജീവിതത്തിന്റെ നാനാതുറകളിലും സജീവമായി പങ്കെടുക്കുന്നു.

വയോജനവികസനപദ്ധതികൾ നടപ്പാക്കിയതോടെ റിട്ടയർമെന്റോടെ പൊതുജീവിതത്തിൽനിന്ന് പിൻവാങ്ങുന്നതിനുപകരം, അവർ സജീവമായി സമൂഹത്തിൽ ആഴത്തിൽ ഇടപഴകുന്നവരായി തുടരുന്നു. തിരക്കേറിയ നഗരത്തെരുവുകൾമുതൽ ശാന്തമായ അയൽപക്കപാർക്കുകൾവരെ അവരുടെ സാന്നിധ്യം വളരെ ദൃശ്യമാണ്. മുതിർന്നപൗരർ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്ക് സംഭാവനചെയ്യുന്നതായി കാണാം. ഷോപ്പ് അസിസ്റ്റന്റുമാരായി, ഓഫീസ് കൺസൾട്ടന്റുമാരായി, ടാക്‌സി ഡ്രൈവർമാരായി, അല്ലെങ്കിൽ നിർമാണസൈറ്റുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരായി അവർ ജോലിചെയ്യുന്നത് ഇവിടെ വളരെ സാധാരണമാണ്. ഈ തുടർച്ചയായ തൊഴിൽ അവർക്കു വരുമാനം ലഭ്യമാക്കി സ്വാശ്രയരാക്കുകമാത്രമല്ല, ആരോഗ്യവും ലക്ഷ്യബോധവും നൽകുകകൂടി ചെയ്യുന്നു. ആയുർദൈർഘ്യം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു യുഗത്തിൽ, ജപ്പാന്റെ സമീപനം വ്യക്തികളെ ആരോഗ്യമുള്ളവരായും ഉത്പാദനക്ഷമതയുള്ളവരായും സാമൂഹികമായി ബന്ധമുള്ളവരായും തുടരാൻ അനുവദിക്കുന്നു എന്നുള്ളതാണ്.

പുതുമാതൃകയാകാം

കേരളത്തിന് പ്രായമാകൽ ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, നമുക്ക് തീരുമാനിക്കാം, ഇതൊരു സാമ്പത്തികഭാരമോ അതോ സാമൂഹികവിഭവമോ എന്ന്. വയോജനക്ഷേമത്തിൽ പുതുമാതൃക തീർക്കാൻ നാം എന്തൊക്കെ ചെയ്യണം?.

ജപ്പാൻ മാതൃകയാക്കി പൊതുവേയുള്ള ചില നയനിർദേശങ്ങൾ ഇവയാണ്:

  • ദീർഘകാലപരിചരണസംവിധാനം: സർവജന ഇൻഷുറൻസ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃതപരിചരണം.
  • പഞ്ചായത്തുതല ആരോഗ്യ, സാമൂഹികസേവനങ്ങളുടെ ഏകീകരണം.
  • പരിചരണത്തൊഴിലാളികളുടെ വൈദഗ്ധ്യവികസനം. ട്രെയിനിങ്, പുതിയ തൊഴിലവസരങ്ങൾ.
  • സജീവ വാർധക്യപോളിസി (Active Ageing Policy): വയോജനങ്ങൾക്ക് തൊഴിലവസരങ്ങളും സന്നദ്ധസേവന അവസരങ്ങളും ഒരുക്കുക.
  • പ്രിവന്റീവ് ആൻഡ് ഹെൽത്തി ഏജിങ് പ്രോഗ്രാമുകൾ: തുടർച്ചയായ ആരോഗ്യപരിശോധനകൾ, ആരോഗ്യം നിലനിർത്താനും ശരീരക്ഷയം തടയാനുമുള്ള പരിപാടികൾ.
  • സാങ്കേതികവിദ്യയുടെ പ്രയോഗം: വിദൂരനിരീക്ഷണം, റോബോട്ട്, ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങൾ.

ജപ്പാൻ മാതൃകയുടെ അടിസ്ഥാനതത്ത്വങ്ങൾ

  • പരിചരണം ഒരു സാമൂഹിക ഉത്തരവാദിത്വമാണ് (കുടുംബത്തിന്റെമാത്രം ബാധ്യതയല്ല).
  • സ്വന്തം വീട്ടിലും സമൂഹത്തിലുംതന്നെ ജീവിതം തുടരാൻ അവസരമൊരുക്കുക(വൃദ്ധസദന രീതി ഇല്ല).
  • ഏകീകൃത പരിചരണം: ആരോഗ്യം + സാമൂഹികപിന്തുണ + ദീർഘകാലപരിചരണം എല്ലാം ഒരേ സംവിധാനത്തിൽ ലഭ്യമാക്കുക.

വ്യക്തമായ പദ്ധതികളിലൂടെയാണ് ജപ്പാന്റെ വയോജനമാതൃക പ്രവർത്തിക്കുന്നത്

  • ദീർഘകാല പരിചരണ ഇൻഷുറൻസ്: രണ്ടായിരാമാണ്ടിൽ നിലവിൽവന്നു. 40 വയസ്സിനുമുകളിലുള്ളവർക്ക് നിർബന്ധം. സഹായം പണമായല്ല, സേവനമായാണ് ലഭ്യമാകുന്നത്. വീട്ടിലോ സ്ഥാപനങ്ങളിലോ സമഗ്രപരിചരണം ലഭിക്കുന്നു.
  • കമ്യൂണിറ്റി ബേസ്ഡ് ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം: പഞ്ചയത്തുതലത്തിൽ സേവന ഏകീകരണം. വൈദ്യസഹായം, ഭക്ഷണം, താമസം എല്ലാം ഒരേ ശൃംഖലയിൽ ലഭ്യമാകുന്നു.
  • കെയർ മാനേജർ സംവിധാനം: വയോധികർക്ക് വ്യക്തിഗത പ്ലാൻ, സേവനങ്ങൾ ഏകോപിപ്പിക്കുന്ന വിദഗ്ധരുടെ സേവനം.
  • ആവശ്യകതാനിർണയവും അതിന്റെ ഉറപ്പുവരുത്തലും: ഇതിലൂടെ ശരിയായ ആളിന് ശരിയായ സേവനവും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും ഉറപ്പുവരുത്തുന്നു.
  • ഹോം-ബേസ്ഡ് കെയർ സർവീസുകൾ: ഇതിലൂടെ ആശുപത്രിയാശ്രയം കുറയ്ക്കുകയും സാമൂഹിക ഒറ്റപ്പെടൽ ഒഴിവാക്കുകായുംചെയ്യാം.
  • ഡിമെൻഷ്യ കെയർ പ്രോഗ്രാമുകൾ: രോഗം തുടങ്ങുന്നതിനുമുൻപ് ഇടപെട്ടുകൊണ്ട് ആരോഗ്യകരമായ പ്രായമാകലിനു സഹായിക്കുന്നു.
  • സാങ്കേതികവിദ്യാധിഷ്ഠിത പരിചരണം: റോബോട്ടുകൾ, സെൻസറുകൾ എന്നിവയുടെ ഉപയോഗത്തിലൂടെ മനുഷ്യവിഭവക്ഷാമം പരിഹരിക്കുന്നു.

(ജപ്പാനിലെ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)