അതിരു വിടരുത് ആന്റിബയോട്ടിക്| പരമ്പരയുടെ മുഴുവൻ ഭാ​ഗങ്ങളും വായിക്കാം

To advertise here,

രോ​ഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും ആന്റിബയോട്ടിക്കുകളുടെ പേരുകൾ അങ്ങോട്ടുപറഞ്ഞ് മരുന്ന് ആവശ്യപ്പെടുന്നവരുണ്ട്. ആന്റിബയോട്ടിക് മരുന്നുകളുടെ പേരുകളിൽപ്പോലുമുള്ള അറിവ് പക്ഷേ, അവ ഉപയോ​ഗിക്കേണ്ടതിന്റെ രീതിയിൽ ഭൂരിഭാ​ഗം പേർക്കും ഇല്ലെന്നതാണ് വാസ്തവം. ഏതു രോ​ഗം വന്നാലും നിശ്ചിത ആന്റിബയോട്ടിക്കുകളിൽ മാറിമാറി അഭയംതേടിയതിനു ശേഷം മാത്രം ആശുപത്രികളിലെത്തുന്നവർ ഇപ്പോഴുമുണ്ട്.

സ്വയംചികിത്സ വരുത്തുന്ന ആപത്ത് 

ആന്റിബയോട്ടിക്കുകൾ സ്വയംചികിത്സയ്ക്കായി ഉപയോ​ഗിക്കുന്നതിന്റെ അനന്തരഫലങ്ങളേക്കുറിച്ച് കഴിഞ്ഞ വർഷം തിരുവല്ല പുഷ്പ​ഗിരി മെ‍ഡിക്കൽ സെന്ററിലേയും കാരിത്താസ് ആശുപത്രിയിലേയും കമ്മ്യൂണിറ്റി മെ‍ഡിസിൻ വിഭാ​ഗം ഡോക്ടർമാർ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നത്. ഡോക്ടർമാരായ ജാതവേദുസ് മോഹൻലാൽ, ഷാരോൺ രാജ് എലിസ, അശ്വതി നായർ, അങ്കിത അനിൽകുമാർ‌ എന്നിവർ ചേർന്നു നടത്തിയ പഠനത്തിൽ സ്വയംചികിത്സയിലൂടെ വ്യാപകമായി ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നതായി കണ്ടെത്തി. 

പതിനെട്ടു വയസ്സിനു മുകളിലുള്ള 236 പേരെ ആസ്പദമാക്കി നടത്തിയ പഠനത്തിൽ 58.5% സ്ത്രീകളും 41.8% പുരുഷന്മാരുമാണ് പങ്കെടുത്തത്. ഇവരിൽ 12.7 ശതമാനവും ആന്റിബയോട്ടിക്കുകൾ സ്വയം ഉപയോ​ഗിക്കുന്നവരാണെന്നു വ്യക്തമാക്കി. പനിക്കൊപ്പം മൂത്രത്തിൽ പഴുപ്പ്, മുറിവുകൾ തുടങ്ങിയവയ്ക്കാണ് ഭൂരിഭാ​ഗം പേരും ആന്റിബയോട്ടിക് സ്വയം എടുക്കുന്നത്. ഏറ്റവും കൂടുതലായി ഉപയോ​ഗിച്ച ആന്റിബയോട്ടിക് അസിത്രോമൈസിനാണ്. പിന്നാലെ അമോക്സിലിനും സിപ്രോഫ്ലൊക്സാസിനും സെഫ്കിസൈമും മെട്രോനിഡാസോളുമാണ്. 

മിക്കവരും കമ്മ്യൂണിറ്റി ഫാർമസികളിൽനിന്നു  മുൻകാലത്തെ പ്രിസ്ക്രിപ്ഷനുകൾ ഉപയോ​ഗിച്ചുമാണ് മരുന്നുകൾ വാങ്ങിയതെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. അവരിൽതന്നെയും മരുന്നിന്റെ കോഴ്സ് മുഴുവൻ തീർക്കാത്തവരും ലക്ഷണങ്ങൾ ഇല്ലാതായതോടെ മരുന്ന് നിർത്തിയവരുമൊക്കെയുണ്ട്. ഇനി എന്തുകൊണ്ടാണ് ആന്റിബയോട്ടിക് സ്വയംചികിത്സ എന്നുചോദിച്ചാൽ അത് സൗകര്യപ്രദമാണ് എന്നതാണ് 73.3 ശതമാനത്തിന്റെയും മറുപടി. പക്ഷേ, അതത്ര നല്ല ശീലമല്ലെന്ന അഭിപ്രായം ഇവരിൽ 80% പേർക്കുമുണ്ടു താനും. 

ആദ്യം ചുവടുവെച്ചത് കേരളം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നമാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുകയും അത് ഏറ്റവുമാദ്യം മനസ്സിലാക്കി ഉചിതമായ നടപടികൾ കൈക്കൊണ്ട സംസ്ഥാനവുമാണ് കേരളം. അതായത് ആന്റിബയോട്ടിക്കിനെതിരെയുള്ള അണുക്കളുടെ പ്രതിരോധം നിരീക്ഷിക്കാൻ രാജ്യത്ത് ആദ്യമായി സംവിധാനം ഉണ്ടാക്കിയ സംസ്ഥാനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആന്റിമൈക്രോബിയൽ പ്രതിരോധ സമിതി പ്രവർത്തിക്കുന്നുണ്ട്. 2023 പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ആന്റിബയോട്ടിക് ദുരുപയോഗം ഇല്ലാതാക്കി പരിപൂർണ സാക്ഷരത കൈവരിക്കലാണ് ഈ സമിതിയുടെ ലക്ഷ്യം. ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി നേടുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണെന്നാണ് സംസ്ഥാനത്തെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവയലൻസ് നെറ്റ്വർക്ക് പങ്കുവെച്ച റിപ്പോർട്ടിലും പറയുന്നുണ്ട്.

2018-ലാണ് സംസ്ഥാനത്ത് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് പ്ലാൻ (Kerala Antimicrobial Resistance Strategic Action Plan - KARSAP) അവതരിപ്പിക്കുന്നത്. ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് അറിവും അവബോധവും പകരുന്നതിനൊപ്പം അണുബാധാ പ്രതിരോധവും നിയന്ത്രണവുമൊക്കെ ജില്ല- ഉപജില്ല തലങ്ങളിൽ നിരീക്ഷിച്ചാണ് 'കർസാപ്' പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ ആന്റിബയോട്ടിക് ദുരുപയോഗം തടയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ ആഗാളപ്രശ്നത്തിനെതിരായി സ്വന്തമായി നയതന്ത്രങ്ങൾ കണ്ടെത്തി സംസ്ഥാനം ദേശത്തിനാകെ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്ന അവസ്ഥയെ പൂർണമായും ഇല്ലാതാക്കാനായില്ലെങ്കിലും കൂട്ടായതും സമഗ്രവുമായ പ്രവർത്തനങ്ങളിലൂടെ വ്യാപനം തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ 'കർസാപ്പി'നേക്കുറിച്ചു പറഞ്ഞത്.

കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ ഭാഗമായി 2021-ലാണ് സംസ്ഥാനം സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയിലെത്തിക്കാനുള്ള ആദ്യദൗത്യം ആരംഭിച്ചത്. കേരളത്തിലെ ഓരോ പൗരനും ആന്റിബയോട്ടിക്കിനെപ്പറ്റിയും കൃത്യമായ ഉപയോഗത്തെപ്പറ്റിയുമുള്ള വിവരം നൽകുക എന്നതാണ് ആന്റിബയോട്ടിക് സാക്ഷരതയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് തടയാനുമുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എ.എം.ആർ. സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കുന്ന സംസ്ഥാനവുമാണ് കേരളം.

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് കുറയ്ക്കാനേ കഴിയൂ

2023 വർഷത്തെ കേന്ദ്രീകരിച്ചു നടത്തിയ 'കർസാപി'ന്റെ പ്രവർത്തനം ലക്ഷ്യം കണ്ടുവോ എന്നു ചോദിച്ചാൽ ടി.ബി. നിർമാർജനം എന്നുപറയുന്നതുപോലെ ലക്ഷ്യം വെക്കാവുന്ന ഒന്നല്ല ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നു പറയുകയാണ് 'കർസാപി'ന്റെ വർക്കിങ് കമ്മിറ്റി കൺവീനറും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാ​ഗം മേധാവിയുമായ ഡോ. ആർ. അരവിന്ദ്

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിന്റെ പുരോ​ഗതി കുറയ്ക്കുക എന്നതാണ് 'കർസാപി'ന്റെ പ്രധാന ലക്ഷ്യം. ഇപ്പോഴെങ്കിലും പ്രവർത്തിച്ചില്ലെങ്കിൽ 2050 ആകുന്നതോടെ ഒരു കോടി ആളുകൾ മരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. ഡോക്ടർമാർ, ആരോ​ഗ്യപ്രവർത്തകർ, ഫാർമസിസ്റ്റുകൾ, വിദ്യാർഥികൾ തുടങ്ങിയ വിഭാ​ഗങ്ങളിലൂടെ അവബോധം പ്രചരിപ്പിക്കലാണ് പ്രധാന പ്രവർത്തനരീതികളിലൊന്ന്. ആന്റിബയോട്ടിക് സാക്ഷരകേരളം എന്ന പദ്ധതിക്കു കീഴിൽ ജില്ലാതലത്തിലും ബ്ലോക് തലത്തിലും ആന്റിമൈക്രോബിയൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലാകെ നാലു സംസ്ഥാനങ്ങളിൽ മാത്രമേ ഈ കാര്യത്തിൽ ആക്ഷൻ പ്ലാൻ ഉള്ളൂ. കേരളത്തേക്കൂടാതെ ഡൽഹി, മധ്യപ്രദേശ്, ആന്ധപ്രദേശ് എന്നിവയാണവ. ജില്ല-ബ്ലോക് തല കമ്മിറ്റികൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ്. ലോകത്തുതന്നെ ഇത്രത്തോളം അടിത്തട്ടിലെത്തി പ്രവർത്തിക്കുന്ന സംവിധാനം കേരളത്തിലല്ലാതെ മറ്റെങ്ങുമുണ്ടാകാനിടയില്ല. ബ്ലോക്ക്​ തല എ.എം.ആർ. കമ്മിറ്റിയുടെ പ്ലാനിൽ കൃത്യമായി എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ആന്റിബയോട്ടിക് സ്മാർട് ഹോസ്പിറ്റലുകളായി മാറണമെന്ന് പരാമർശിക്കുന്നുണ്ട്. ഓരോ ആശുപത്രിയും ആന്റിബയോട്ടിക് സ്മാർട് ഹോസ്പിറ്റലായി മാറുമ്പോൾ കേരളവും ആന്റിബയോട്ടിക് സാക്ഷരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കേരളത്തിലെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവെയലൻസ് നെറ്റ്​വർക്ക് ആരംഭിച്ചത് 2019-ലാണ്. ഇതിനായി എല്ലാ മെഡിക്കൽ കോളേജുകളും ഉൾപ്പെടെ 31 സെന്ററുകളാണുള്ളത്. 2017 മുതൽതന്നെ 'കർസാപി'ന്റെ നേതൃത്വത്തിലുള്ള പരിശീലനങ്ങളും മറ്റും നടന്നുവരുന്നുണ്ട്. കേരളത്തിൽ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക് വിറ്റു കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കും എന്നതുൾപ്പെടെയുള്ള ഉത്തരവുകൾ ഇതിന്റെ ഭാ​ഗമായി വന്നതാണ്. ആളുകൾ ആന്റിബയോട്ടിക് ചോദിക്കാതിരിക്കും വിധത്തിൽ അവബോധരാകുക എന്നതാണ് പ്രധാനം. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാനുള്ള എല്ലാം സംസ്ഥാനം  ചെയ്തുകഴിഞ്ഞു. ഇനി ജനങ്ങളുടെ ഭാ​ഗത്തുനിന്നുള്ള മാറ്റമാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.

placeholder
ആന്റിബയോട്ടിക്കുകളോടുള്ള സ്റ്റെഫിലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ റെസിസ്റ്റൻസ് നിലയുടെ റിപ്പോർട്ട്

കുടുംബശ്രീ തലത്തിലുള്ള പരിശീലനം ഡോക്ടർമാർക്കും വിദ്യാർ‌ഥികൾക്കും അവബോധ പരിപാടികൾ തുടങ്ങിയവയെല്ലാം സജീവമായി ചെയ്തുവരുന്നുണ്ട്. ഇതുകൂടാതെ ഇക്കഴിഞ്ഞ കേരളീയം പരിപാടിയിൽ ആന്റിബയോട്ടിക് അവബോധം സൃഷ്ടിക്കാൻ ആന്റിബയോ​ഗ്രാം ആപ്പും മുഖ്യമന്ത്രി പുറത്തിറക്കിയിരുന്നു. 2023 എന്നത് സംസ്ഥാനത്തിന്റെ ഭാ​ഗത്തുനിന്നു ആന്റിബയോട്ടിക് റെസിസ്റ്റൻസ് സംബന്ധിച്ച പ്രവർത്തനങ്ങൾ ചെയ്തുതീർക്കുന്ന വർഷമാണ്. അല്ലാതെ എല്ലാവരും ആന്റിബയോട്ടിക് സാക്ഷരരാകുന്നതല്ല. അതൊരു നീണ്ടനാളത്തെ പ്രക്രിയയാണ്. 

placeholder
ഡോ.അരവിന്ദ് ആർ

കാലാവസ്ഥാ വ്യതിയാനത്തേക്കാൾ സങ്കീർണമാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ആളുകളുടെ പെരുമാറ്റത്തിൽ മാറ്റം വരുന്നുണ്ടോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. കോവിഡ് കാലത്ത് ആന്റിബയോട്ടിക് ഉപയോ​ഗിച്ചിട്ടു കാര്യമില്ല എന്നറിഞ്ഞിട്ടും ഉപയോ​ഗിച്ചവർ എത്രയാണ്. അതിലാണ് മാറ്റം വരേണ്ടത്. ഡോക്ടർമാരോ ആരോ​ഗ്യപ്രവർത്തകരോ മാത്രമല്ല മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് വേണ്ടത്. നമ്മുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണിതെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. എല്ലാ തലത്തിലും ഒരുപോലെയുള്ള മാറ്റമാണ് വരേണ്ടത്. കാർഷിക-മൃ​ഗപരിപാലന മേഖലയിലും കാര്യമായ മാറ്റം വരേണ്ടതുണ്ട്. പുറത്തുനിന്നുള്ള മാംസം ധാരാളമായി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ എത്രത്തോളം മാറ്റങ്ങൾ ഉണ്ടായാലും പുറത്തുനിന്ന് ഇത്തരത്തിലുള്ള മാംസവും മറ്റും ഇറക്കുമതി ചെയ്യുന്നതിലൂടെ വീണ്ടും ഇവിടെ ആന്റിബയോട്ടിക് റെസിസ്റ്റൻസ് സാഹചര്യമുണ്ടാവുകയാണ്. ആന്റിബയോട്ടിക് രഹിതമായ മാംസം വേണമെന്ന് ഇവിടുത്തെ ജനങ്ങൾ പറയാൻ തയ്യാറാകണം. അങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മാറ്റം സാധ്യമാകൂ. അമേരിക്ക ഉൾപ്പെടെയുള്ള പല വിദേശരാജ്യങ്ങളിലും ചിക്കൻ ഉത്പന്നങ്ങൾ ആന്റിബയോട്ടിക് ഫ്രീ ആണെന്ന് അവർ ഉറപ്പുവരുത്തുന്നുണ്ട്. അത്തരം മാറ്റങ്ങൾ അനിവാര്യമാണ്. ഒപ്പം ആന്റിബയോട്ടിക് അങ്ങോട്ട് ആവശ്യപ്പെടാതിരിക്കുക എന്നതും പ്രധാനമാണ്.-ഡോ.അരവിന്ദ് പറയുന്നു.

വിവിധ ബാക്ടീരിയകളും അവയോടുള്ള റെസിസ്റ്റൻസുമെല്ലാം പരിശോധിച്ച് രേഖപ്പെടുത്തുകയും കർസാപിന്റെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. ഓരോ ബാക്ടീരിയകളും അവയ്ക്കു നൽകുന്ന ആന്റിബയോട്ടിക്കുകളും അവയോടുള്ള പ്രതിരോധ സാഹചര്യവുമൊക്കെയാണ് പരിശോധിക്കുന്നത്. 

കടുത്ത ബാക്ടീരിയൽ അണുബാധയ്ക്ക് നൽകിവരുന്ന കാർബാപെനം ആന്റിബയോട്ടിക്കുകൾക്ക് എതിരേയുള്ള റെസിസ്റ്റൻസ് കഴിഞ്ഞ നാലു വർഷമായി കൂടിവരികയാണെന്ന് 2023-ൽ പുറത്തുവിട്ട ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് നെറ്റ്​വർക്കിന്റെ  വാർഷികറിപ്പോർട്ടിൽ പറയുന്നുണ്ട്. ശ്വാസകോശം, മൂത്രാശയം, രക്തം, മുറിവുകൾ തുടങ്ങിയവയിലെ അണുബാധയ്ക്ക് കാരണമാകുന്ന അസിനെറ്റോബാക്ടർ, വയറിളക്കത്തിനു കാരണമാകുന്ന ഇ-കോളി, ന്യുമോണിയ മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന ക്ലെബ്സിയെല്ല, ന്യുമോണിയ, മുറിവുകളിലെ അണുബാധ, ശ്വാസകോശ അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകുന്ന സ്യുഡോമൊണാസ് തുടങ്ങിയ ബാക്ടീരിയകൾ കാർബാപെനത്തിന് റെസിസ്റ്റന്റ് ആകുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാൻകോമൈസിൻ എന്ന ബാക്ടീരിയയോടുളള്ള എന്ററോകോക്കി ബാക്ടീരിയയുടെ പ്രതിരോധവും കഴിഞ്ഞ മൂന്നുവർഷത്തിനിടെ വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ ദുശ്ശീലം നിർത്തണം-ഐ.എം.എ.

എല്ലാ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് കഴിക്കുന്ന ശീലം നിർത്തണമെന്നു വ്യക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അടുത്തിടെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. പനിക്കും മറ്റു വൈറൽരോ​ഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോ​ഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്. പലരും കൃത്യമായ അളവോ ഡോസോ പാലിക്കാതെയാണ് ആന്റിബയോട്ടിക് കഴിക്കുന്നത്. രോ​ഗം കുറഞ്ഞു തുടങ്ങുന്നതോടെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം ​ഗുരുതരമായ ആന്റിബയോട്ടിക് റെസിസ്റ്റൻസ് സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുമെന്നും അത്തരം സാഹചര്യങ്ങളിൽ ആന്റിബയോട്ടിക് എടുക്കേണ്ട ഘട്ടം വന്നാൽപ്പോലും അവ ഫലിക്കാതെ വരുമെന്നും ഐ.എം.എ. പറഞ്ഞിരുന്നു. 

അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ. കോവിഡുകാലത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ തുടങ്ങിയവയുടെ ഉപയോ​ഗം വ്യാപകമായതും റെസിസ്റ്റൻസിന് ഇടയാക്കിയിട്ടുണ്ട്. അണുബാധയ്ക്കു പിന്നിൽ ബാക്ടീരിയയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എയുടെ മാർ​ഗനിർദേശത്തിലുണ്ട്. 

ആന്റിബയോട്ടിക്കിനെതിരേ ആർജിത പ്രതിരോധശേഷി കൈവരിക്കുന്ന സ്ഥിതിവിശേഷം രോ​ഗവ്യാപനം വർധിപ്പിക്കാൻ ഇടയാക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന ഘടകം. ബാക്റ്റീരിയ, ഫം​ഗി, വൈറസുകൾ തുടങ്ങിയ മരുന്നുകളോട് പ്രതിരോധിക്കുന്ന സാഹചര്യം നാൾക്കുനാൾ വർധിക്കുകയുമാണ്. അനുയോജ്യമായ ടെസ്റ്റുകൾക്ക് ശേഷം  ബാക്റ്റീരിയൽ ഇൻഫെക്ഷന്റെ സാന്നിധ്യം കണ്ടെത്തിയാൽ രോ​ഗികൾക്ക് നൽകേണ്ട ആന്റിബയോട്ടിക്കുകൾ ഏതാണെന്ന് തീരുമാനിക്കുന്നതാണ് പരിഹാരമെന്ന് വിദ​ഗ്ധർ കരുതുന്നത്.  നിർദേശിച്ച കാലയളവിനപ്പുറം സ്വയംചികിത്സ എന്ന രീതിയിൽ ആന്റിബയോട്ടിക്കുകൾ തുടരുന്ന സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

അത്യാവശ്യ അവസരങ്ങളിൽപ്പോലും മരുന്നുകൾ ഫലപ്രദമാകാത്ത അവസ്ഥ വരും

placeholder
ഡോ. വിപിൻ വർക്കി

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പദ്ധതിയുടെ പ്രകാരമുള്ള റിപ്പോർട്ട് സംസ്ഥാനത്ത് എല്ലാവർഷവും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഉയർന്ന ശ്രേണിയിലുള്ള ആന്റിബയോട്ടിക്കുകളായ കൊളിസ്റ്റീൻ അടക്കമുള്ള മരുന്നുകളോടു വരെയുള്ള പ്രതിരോധം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വളരെ ​ഗുരുതരമായ അവസ്ഥയാണ്. അത്യാവശ്യമുള്ള അവസരങ്ങളിൽപ്പോലും മരുന്നുകൾ ഫലപ്രദമാകാത്ത ഭീകരാവസ്ഥയാണ് മുന്നിൽക്കാണേണ്ടത്. ഏതൊരു അസുഖത്തിനും ഫാർമസിയിൽനിന്ന് ആന്റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന ശീലത്തിൽ മാറ്റംവരണം. സാധാരണ വൈറൽപനിക്കു വരെ ആന്റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. സ്വയംചികിത്സ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമൊക്കെ ബോധവൽക്കരണപരിപാടികൾ ഏറ്റെടുത്തു നടത്തണം. എല്ലാത്തിലുമുപരി ഒരു രോ​ഗം വന്നാൽ സ്വയംചികിത്സിക്കാൻ നിൽക്കാതെ വി​​ദ​ഗ്ധ വൈദ്യോപദേശം തേടാൻ തയ്യാറാവുക എന്നതാണ് ഏറ്റവുംപ്രധാനം

ഡോ. വിപിൻ വർക്കി
(കൺസൾട്ടന്റ് പൾ‌മണോളജിസ്റ്റ്
കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ്
 കോഴിക്കോട്)

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വാങ്ങുന്ന ഏകരാജ്യം ഇന്ത്യ

placeholder
ഡോ. സുൾഫി നൂഹു

ലോകം നേരിടുന്ന ഏറ്റവും പ്രധാന ആരോ​ഗ്യഭീഷണികളിലൊന്നാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്. ദശലക്ഷക്കണക്കിനു പേർ ഈയവസ്ഥകൊണ്ടു മരിച്ചുപോകാം. അതിനാൽ തന്നെ അതു പരിഹരിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. പുതിയ ആന്റിബയോട്ടിക് മോളിക്യൂളുകൾ വരുന്നില്ല എന്ന സാഹചര്യത്തിനൊപ്പം മറ്റ് ആന്റിബയോട്ടിക്കുകൾ റെസിസ്റ്റൻസിലേക്ക് പോകുന്നു എന്ന സാഹചര്യവുമുണ്ട്. ഈ രണ്ടവസ്ഥയ്ക്കും പരിഹാരം തേടണം. എപ്പോൾ വേണമെങ്കിലും വാങ്ങിക്കഴിക്കാവുന്ന അവസ്ഥയാണിവിടെ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വാങ്ങാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കും. അവികസിത രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽപ്പോലും ഇത്തരത്തിൽ ആന്റിബയോട്ടിക് വാങ്ങാനാവില്ല. 

ആന്റിബയോട്ടിക് അവബോധമുണ്ടാക്കാൻ ആരോ​ഗ്യപ്രവർത്തകർ മാത്രം പ്രയത്നിച്ചാൽ പോരാ. ആരോ​ഗ്യമേഖലയ്ക്കപ്പുറം മൃഗപരിപാലന മേഖലയിലും അരുമമൃ​ഗങ്ങൾക്കുമൊക്കെ യാതൊരു പ്രിസ്ക്രിപ്ഷനുമില്ലാതെ ആന്റിബയോട്ടിക് വാങ്ങിക്കൊടുക്കുന്ന രീതിയുണ്ട്. ഇറച്ചിയിലും മറ്റും ആന്റിബയോട്ടിക്കിന്റെ വൻതോതിലുള്ള സാന്നിധ്യം കുറയ്ക്കാൻ നടപടികളുണ്ടാകണം. വീട്ടിലെ അരുമമൃ​ഗത്തിന് അസുഖം വന്നാൽ ആന്റിബയോട്ടിക് വാങ്ങി നൽകിയാൽ മതിയെന്ന ചിന്ത മാറണം. ​ഗുണനിലവാരമുള്ള ആന്റിബയോട്ടിക്കുകൾ ആയിരിക്കണം സർക്കാർ-സ്വകാര്യ മേഖലകളിൽ ഉപയോ​ഗിക്കേണ്ടത് എന്നതും പ്രധാനമാണ്. 

ഡോ. സുൾഫി നൂഹു
ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്

ആന്റിബയോട്ടിക് സാക്ഷരരാകാൻ ജനങ്ങളുടെ ഭാ​ഗത്തുനിന്നുണ്ടാകേണ്ട ഇടപെടലുകൾ എന്തെല്ലാം? അടുത്ത ഭാ​ഗത്തിൽ വായിക്കാം.