
കോഴിക്കോട് മെഡിക്കൽ കോളേജ് മാഗസിൻ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു പുതിയ മാഗസിൻ കെട്ടിലും മട്ടിലും ഗാംഭീര്യമുള്ളതാവണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി പുറത്തു വന്നതാണ് ഇരുനൂറ്റി അമ്പത് പേജുള്ള 'അഡോണിസ്' എന്ന മാഗസിൻ.
കലാലയങ്ങളിലെ രാഷ്ട്രീയാതിപ്രസരം മാഗസിനുകളെ തട്ടിക്കൂട്ടു പുസ്തകമാക്കുന്നതിൽ നിന്ന് വേറിട്ടൊരു സൃഷ്ടിയായി അവതരിപ്പിക്കാൻ ഞങ്ങൾ പരിശ്രമിച്ചു. അതിന്റെ ഫലമെന്നോണം 1995 ൽ പുറത്തിറക്കിയ അഡോണിസിനു നിരവധി പുരസ്കാരങ്ങളും ലഭിച്ചു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ വീണ്ടും ആ മാഗസിൻ തുറന്നു. കഴിഞ്ഞ ദിവസ്സം അന്തരിച്ച പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അദ്ദേഹം ഇന്ത്യയിൽ ആദ്യമായി നടത്തിയ ബൈപ്പാസ് സർജറിയെക്കുറിച്ചുള്ള ലേഖനം പുനർവായന നടത്തിയപ്പോൾ ഞാൻ അന്തം വിട്ടിരുന്നു പോയി.
Also Read
രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയിരിക്കുമ്പോഴാണ് ഞാൻ എഡിറ്ററായി പ്രവർത്തനം തുടങ്ങുന്നത്. അന്ന് കാർഡിയാക് സർജറിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കാലത്താണ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജനായ കെ.എം. ചെറിയാന്റെ പക്കൽ നിന്ന് ഇന്ത്യയിൽ ആദ്യമായി അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ നടന്ന ബൈപാസ് സർജറിയെക്കുറിച്ചുള്ള ലേഖനം സംഘടിപ്പിച്ചെടുക്കുന്നത്. അതിനെന്നെ സഹായിച്ചത് എന്റെ ക്ലാസ്സ്മേറ്റും സബ് എഡിറ്ററുമായിരുന്ന ഇന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ ഇമ്യുണോളജി വിഭാഗം തലവനായ ഡോ.സുധീരനാണ്. അവൻ അന്നേ പ്രശസ്തനായിരുന്ന നെഫ്രോളജിസ്റ്റ് ഡോ. തോമസ് മാത്യുവിനെക്കൊണ്ട് ഡോ.ചെറിയാന് കത്തെഴുതിച്ചു. ഇത്തരം കാര്യം നടത്തിയെടുക്കാൻ ആൾക്കാരെ നിർബന്ധിച്ച് ചെയ്യിക്കാൻ സുധീരന് പ്രത്യേകം ഒരു വിരുതുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.
ഇന്റർനെറ്റും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് ഈ രണ്ട് തിരക്ക് പിടിച്ച ഡോക്ടർമാരും ഞങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങി തന്നതിന്റെ ശ്രമഫലമാണ് ഈ ലേഖനം. ഇന്ന് ഒരു കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് എന്ന നിലയിൽ നിരവധി വ്യത്യസ്തങ്ങളായ തരത്തിലുള ബൈപ്പാസ് സർജറിയുടെ ഭാഗഭാക്കായതുകൊണ്ട് ഇത്തരത്തിലൊരു സർജറി 1975 ൽ നടത്തുമ്പോൾ ഡോ. ചെറിയാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്താണെന്ന് എനിക്കറിയാം. അന്നീ ലേഖനം പ്രസിദ്ധീകരിക്കുമ്പോൾ തോന്നാത്ത അത്ഭുതാതിരേകം മുപ്പത് വർഷങ്ങൾക്ക് ശേഷം പുനർവായന നടത്തുമ്പോൾ ഞാനറിയുന്നു.
1994 ൽ അയച്ചു തന്ന ലേഖനത്തോടൊപ്പം അദ്ദേഹം തന്റെ ആദ്യത്തെ രോഗിയായ ക്വാജ മൊഹിയുദീനൊപ്പമുള്ള ഫോട്ടോ കൂടി അയച്ചു തന്നിരുന്നു. ആ ലേഖനത്തിൽ അദേഹമെഴുതുന്നു...
“ സിഡ്നിയിലെ സുഖശീതളമായ ദിവസങ്ങളിൽ നിന്ന് ചൂടുകൂടിയ 1975 ജൂൺ മാസം ഒന്നാം തീയ്യതി മദ്രാസ് പെരമ്പൂരിലെ സതേൺ റെയിൽവേ ഹോസ്പിറ്റലിൽ അഡ്ഹോക്ക് മെഡിക്കൽ ഓഫീസറായി ചാർജെടുക്കാൻ വന്നു. സാധാരണയായി ജന്മനാ ഉളള ഹൃദ്രോഗങ്ങൾക്കുള്ള സർജറി അവിടെ ദിവസേന നടത്തിവന്നു. അപ്പോഴാണ് നാല്പത്തിമൂന്ന് വയസ്സായ ക്വാജ മൊഹിദീൻ എന്ന റെയിൽവെ കോച്ച് ഫാക്ടറിയിലെ ജോലിക്കാരൻ ശ്വാസം മുട്ടലും നെഞ്ചു വേദനയുമായി എന്നെ കാണാൻ വന്നത്. കാത്ത് ലാബുകൾ ഒന്നും അക്കാലത്ത് അവിടെയില്ല. യാതൊരുവിധ ആധുനിക സംവിധാനങ്ങളുമില്ല. ഒരു താല്ക്കാലിക സംവിധാനത്തിലൂടെ റേഡിയോളജിസ്റ്റ് ചെയ്തു തന്ന ആൻജിയോഗ്രാമിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രധാനരക്തക്കുഴലായ ലെഫ്റ്റ് ആന്റിരിയർ ഡിസന്റിങ്ങ് ആർട്ടറി 99% അടഞ്ഞു പോയിരിക്കുന്നു. അദ്ദേഹത്തിന് ജൂൺ ആറാം തീയ്യതി കൊറോണറി ആർട്ടറി ബൈപാസ് സർജറി ചെയ്യാൻ തീരുമാനിച്ചു.”
ഒരു ബൈപ്പാസ് സർജറി ചെയ്യണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ടെസ്റ്റ് കാർഡിയോളജിസ്റ്റ് കാത്ത്ലാബിൽ വെച്ച് ചെയ്യുന്ന ആൻജിയോഗ്രാമാണ്.അത്തരം സൗകര്യമൊന്നുമില്ലാതെ അമ്പത് വർഷം മുമ്പ് ചെയ്ത സർജറിയുടെ കഥയാണ് ഡോ. ചെറിയാൻ ഞങ്ങൾക്കയച്ചു തന്നത്. അദ്ദേഹം തുടർന്നെഴുതുന്നു.
“ സർജറിയുടെ തലേ ദിവസം ഞാൻ മെഡിക്കൽ ഉപകരണങ്ങൾ പരിശോധിച്ചു. ഇറക്കുമതി ചെയ്ത . ഹാർട്ട് ലംഗ് മെഷീനും അതിൽ ഉപയോഗിക്കാൻ സെന്റ് വിൻസന്റ് ഹോസ്പിറ്റലിലെ ഡോ. ഹാരിവിൻസ്സർ സമ്മാനമായി തന്ന ഡിസ്ക് ഓക്സിജനറേറ്ററുo ശരിയാക്കി. ഹീറ്റ് എക്സ്ചേഞ്ചർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രാദേശികമായി ഉണ്ടാക്കിയെടുത്തു. തീയറ്ററിൽ ഉപയോഗിക്കേണ്ട ഡയാ തെർമി ഇലക്ട്രിക്കൽ വർക് ഷോപ്പുകാരനെ കൊണ്ടുണ്ടാക്കിച്ചു.എല്ലാം പരിശോധിച്ചു പ്രവർത്തിക്കുന്നുണ്ടെന്നുറപ്പാക്കി. രാവിലെ ഓപ്പറേഷൻ ആരംഭിച്ചു.
ഓപ്പറേഷനിൽ എന്നെ സഹായിക്കാൻ രണ്ട് ജനറൽ സർജറി ഡോക്ടർമാരായ എം. ശങ്കരനും പ്രേം കുമാറും നഴ്സ് സാവിത്രിയും ഹാർട്ട് ലംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ ഡോ.കെ.എൻ റെഡ്ഡിയും ഡോ.ടി.ജെ ചെറിയാനുമായിരുന്നു. അനസ്തീഷ്യോളജിസ്റ്റ് ആയി ഡോ. കല്യാൺ സിംഗും . ഇവരാരും തന്നെ ഇതിനു മുമ്പേ ഒരു ബൈപ്പാസ് സർജറി കണ്ടിട്ടു പോലുമില്ല.ആകെ ഈ സർജറി കണ്ടിട്ടുള്ളത് ഞാൻ മാത്രം .ഹാർട്ട് സർജറിയ്ക്ക് ഉപയോഗിക്കുന്ന കാർഡിയോപ്ലീജിയ സൊലുഷനില്ലാത്തതു കൊണ്ട് ഞങ്ങൾ ഇടയ്ക്കിടെ തണുത്ത സലൈൻ വാട്ടർ ഹാർട്ടിനു മേലെ ഒഴിച്ചു കൊണ്ടിരുന്നു. തുന്നാൻ സാധാരണ ഉപയോഗിക്കുന്ന പ്രോലിൻ സൂച്ചർ ഇല്ലാത്തതുകൊണ്ട് സിൽക്ക് നൂലുപയോഗിച്ച് ഗ്രാഫ്റ്റ് തുന്നി. പത്ത് മിനുട്ടുകൊണ്ട് ഗ്രാഫ്റ്റ് തുന്നി യോജിപ്പിച്ചു. രാവിലെ പതിനൊന്നു മണിക്ക് ഓപ്പറേഷൻ കഴിഞ്ഞ രോഗിയെ വൈകുന്നേരത്തോടെ വെന്റിലേറ്ററിൽ നിന്നും മാറ്റി.
പിറ്റേ ദിവസം മാത്രമാണ് ഞാനും ആ രോഗിയും ഇത് ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ ബൈപ്പാസ് സർജറിയാണെന്നറിഞ്ഞത്. രോഗി പതിനഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം പ്രശ്നങ്ങളൊന്നുമില്ലാതെ വീട്ടിലേയ്ക്ക് പോയി. തുടർന്നും ആ രോഗി റെയിൽവേയിൽ പതിനഞ്ചു വർഷം ആരോഗ്യവാനായി ജോലി ചെയ്തു റിട്ടയർ ആയി.”
യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ചെയ്ത ഈ ഓപ്പറേഷൻ ഇന്ത്യയിലെ ഹൃദയശസ്ത്രക്രിയയിലെ നാഴികക്കല്ലാണ്. നിർഭാഗ്യവശാൽ ഈ സർജറിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാനുളള അവസരം പോലും നിഷേധിക്കപ്പെട്ടു. അദ്ദേഹം തുടർന്നഴുതി.” ഇന്ത്യയിലെ ആദ്യത്തെ ബൈപ്പാസ് സർജറി ചെയ്ത മദ്രാസിൽ തന്നെ നടന്ന കാർഡിയോളജി - കാർഡിയാക് സർജറി ഡോക്ടർമാരുടെ സംയുക്ത ദേശീയ സമ്മേളനത്തിൽ എന്റെ പ്രബന്ധമവതരിപ്പിക്കാൻ സമയമനുവദിച്ചില്ല. പ്രൊഫഷണൽ രംഗത്തെ അസൂയ മാത്രമാണതിനു കാരണം. തീർത്തും നിരാശനായ എന്നെ കണ്ട സൊസൈറ്റിയുടെ പ്രസിഡണ്ട് ഡോ. സുജോയ് റോയി സെക്രട്ടറി ഡോ. സെന്തിൽ നാഥൻ എന്നിവരുടെ ശ്രമഫലമായി പിറ്റേ ദിവസം അതേ ഹാളിൽ എന്നെ പ്രബന്ധമവതരിപ്പിക്കാൻ ക്ഷണിച്ചു. എന്റെ പ്രബന്ധം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി ആദരിച്ചു.”
വർഷങ്ങൾക്ക് ശേഷം 2005-2006 സമയത്ത് നടന്ന ഒരു കോൺഫറൻസിനിടയിലാണ് ഞാൻ ഡോ.കെ.എം ചെറിയാനെ ആദ്യമായി കാണുന്നത്.അദ്ദേഹം പത്ത് വർഷം മുമ്പ് എന്റെ മാഗസിനിൽ ഈ യനുഭവം എഴുതിയ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ തോളത്തു തട്ടിക്കൊണ്ട് തന്റെ ജന്മനാടായ കേരളത്തിൽ അദ്ദേഹമാരംഭിക്കാൻ പോകുന്ന പുതിയ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കാർഡിയാക് അനസ്തീഷ്യ ഡോക്ടറായി ജോലിയ്ക്ക് ചേരാൻ ക്ഷണിച്ചെങ്കിലും എനിക്കത് നിരസിക്കേണ്ടിവന്നു. അന്നദേഹം പറഞ്ഞു.” ഡോ.മുരളി, ഈ ബൈപ്പാസ് സർജൻ ഒക്കെ സൂപ്പർഫിഷ്യൽ സർജന്മാരാണ്. അതിലൊന്നും വല്യ കാര്യമില്ല”
ഇന്ത്യയിലെ ആദ്യത്തെ ബൈപ്പാസ് സർജറി ചെയ്തയാളാണ് അതിലൊന്നും വല്യ കാര്യമില്ലെന്ന് പറയുന്നത്. ഇങ്ങനെ നിസ്സാരമായി പറയാൻ കഴിയണമെങ്കിൽ ആത്മവിശ്വാസത്തോടെ ആ ജോലി എത്രയോ തവണ ചെയ്ത് വിജയിച്ചയാൾക്കു മാത്രമേ പറ്റൂ. എത്രയോ രോഗികൾക്ക് തന്റെ വിരലുകൾ കൊണ്ട് ജീവൻ തുന്നിച്ചേർത്ത ലോകപ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാനു വിട .
Content Highlights: medical student`s account of publishing Dr. K.M. Cherian`s first bypass surgery in a college magazin
Published: 27 Jan 2025, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented