ഡോ. ശാരദാമേനോൻ| ഫോട്ടോ: വി.രമേഷ്
ചെന്നൈ: മാനസികാസ്വാസ്ഥ്യം ബാധിച്ചവരെ ചികിത്സിച്ചും പുനരധിവാസത്തിന് സൗകര്യമൊരുക്കിയും ആറുപതിറ്റാണ്ടിലധികം സേവനം നടത്തിയ ഡോ. ശാരദാ മേനോന് (98) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.30-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാലക്കാട് ശ്രീകൃഷ്ണപുരം മാമ്പിളിക്കളം കുടുംബാംഗമാണ് ശാരദാ മേനോന്. മംഗളൂരുവില്‍ ജനിച്ച ഇവര്‍ ജഡ്ജിയായിരുന്ന അച്ഛന് ശങ്കരമേനോന്റെ സ്ഥലംമാറ്റത്തെുടര്ന്നാണ് ചെന്നൈയില്‍ എത്തിയത്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1951-ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പാസായി. തുടര്‍ന്ന് ബെംഗളൂരുവില്‍ മനോരോഗ ചികിത്സയില്‍ രണ്ടുവര്‍ഷം ഉപരിപഠനം നടത്തി. അക്കാലത്ത് ഈ മേഖലയില്‍ വനിതകള്‍ അപൂര്‍വമായിരുന്നു.
ചെന്നൈയിലെ മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ലഭിച്ചത്. 1961-ല്‍ ഇവിടെ സൂപ്രണ്ടായി. മാനസികാസ്വാസ്ഥ്യമുള്ളവരുമായി സൗഹാര്‍ദപരമായ ഇടപെടല്‍ ഇവിടെനിന്നാണ് തുടങ്ങുന്നത്. 1978-ല്‍ വിരമിച്ചു. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കുന്നതിനൊപ്പം അവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക ശ്രമങ്ങള്‍ നടത്തി. 1984-ല്‍ സ്കീസോഫ്രീനിക് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് (സ്കാര്‍ഫ്) എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചു. ഇന്ത്യയിലെത്തന്നെ അറിയപ്പെടുന്ന പ്രസ്ഥാനമായി ഇത് വളര്‍ന്നു.
മാനസികാസ്വാസ്ഥ്യമുള്ളവരുടെ കുടുംബ സംഘടനയായ ആശയ്ക്കും രൂപം നല്കി. രാജ്യത്ത് മാനസികാസ്വാസ്ഥ്യമുള്ളവരുടെ സാമൂഹിക പുനരധിവാസം എന്ന ആശയം ആദ്യമായി പ്രാവര്‍ത്തികമാക്കിയത് ഡോ. ശാരദാ മേനോനാണ്.
രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഔവയാര്‍ പുരസ്കാരം, മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം, മദര്‍ തെരേസ പുരസ്കാരം, കേന്ദ്ര സര്‍ക്കാരിന്റെ എംപ്ളോയര്‍ അവാര്‍ഡ്, ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ പ്രത്യേക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് അഡീഷണല്‍ ഐ.ജി.യായിരുന്ന മങ്കട കോവിലകത്തെ പരേതനായ ശ്രീകുമാര മേനോനാണ് ഭര്‍ത്താവ്. മക്കളില്ല. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കും.
താളംതെറ്റിയ മനസ്സുകള്‍ക്കുവേണ്ടി ജീവിച്ച ഡോക്ടര്‍
മാനസികാസ്വാസ്ഥ്യം ബാധിച്ചവരെ ചികിത്സിച്ചും പുനരധിവാസത്തിന് സൗകര്യമൊരുക്കിയും ഏഴു പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച മനുഷ്യസ്നേഹിയായ ഡോക്ടറാണ് ഞായറാഴ്ച വിടവാങ്ങിയ ശാരദാമേനോന്. താളംതെറ്റിയ പതിനായിരക്കണക്കിന് മനസ്സുകളെ പിടിച്ചുകെട്ടുകയും അവരെ പരിഹസിക്കുന്ന സമൂഹത്തിലേക്ക് ഇറക്കിവിടാതെ പുനരധിവാസ സൗകര്യമൊരുക്കുകയും ചെയ്തു ഡോക്ടര്‍.
ചെന്നൈ കില്‍പ്പോക്കിലെ അവരുടെ വീട്ടില്‍ ഈറന്‍ കണ്ണുകളുമായി ചികിത്സതേടി ആയിരക്കണക്കിനുപേര്‍ എത്തുമായിരുന്നു. അവര്‍ക്ക് സാന്ത്വനത്തിന്റെ അവസാനവാക്കായിരുന്നു ശാരദാ മേനോന്. കൂപ്പിയ കൈകളോടെ നന്ദിപറഞ്ഞ് ഡോക്ടറുടെ വീട്ടില്‍നിന്ന് രോഗമോചിതരായി പടിയിറങ്ങിയവര്‍ ഒട്ടേറെയാണ്. പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അവശതകള്‍ക്കിടയിലും വീട്ടിലെത്തുന്ന രോഗികളെ പരിശോധിക്കുന്നത് അവര്‍ മുടക്കിയില്ല.
മനോരോഗ ചികിത്സയില്‍ ഉപരിപഠനം നടത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവരാത്ത കാലത്താണ് ശാരദാ മേനോന് ഇതിനു മുതിരുന്നത്. എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായാല്‍ മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അച്ഛന് ശങ്കരമേനോന്റെ ആഗ്രഹം. എന്നാല്‍, മകളുടെ ലക്ഷ്യം മനസ്സിലാക്കിയപ്പോള്‍ കുടുംബം ഒപ്പംനിന്നു. അക്കാലത്ത് മനോരോഗചികിത്സയില്‍ വനിതകള്‍ സ്പെഷ്യലൈസ് ചെയ്യുന്നത് അദ്ഭുതമായാണ് എല്ലാവരും കണ്ടിരുന്നതെന്ന് ഒരു അഭിമുഖത്തില്‍ ശാരദാമേനോന് പറഞ്ഞിരുന്നു.
1961-ല്‍ ശാരദാമേനോന് ജോലിയില്‍ പ്രവേശിച്ചതോടെയാണ് ചെന്നൈയിലെ മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാറ്റങ്ങള്‍ തുടങ്ങുന്നത്. അസൗകര്യങ്ങളുടെ നടുവിലായിരുന്ന ആശുപത്രിയില്‍ അവര്‍ പല മാറ്റങ്ങളും വരുത്തി. രോഗികളോട് സൗഹാര്‍ദത്തോടെ പെരുമാറി അവരുടെ മനസ്സിലെ ഇരുട്ടുനീക്കാന് ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിച്ചു. ചികിത്സിക്കുക മാത്രമല്ല, രോഗികളെ പുനരധിവസിപ്പിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് 1984-ല്‍ സ്കീസോഫ്രീനിക് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് (സ്കാര്‍ഫ്) എന്ന സംഘടന സ്ഥാപിച്ചത്.
ഈ സമയത്ത് ഡോ. ശാരദാ മേനോന്റെ മനസ്സില്‍ കുറേയേറെ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ പ്രായംപോലുംമറന്ന് പ്രവര്‍ത്തിച്ചു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമാണു ശാരദാ മേനോന് മെഡിക്കല്‍ ബിരുദം നേടിയത്. സ്ത്രീകള്‍ സ്കൂളില്‍ പോകുന്നതുപോലും സാധാരണമല്ലാത്ത കാലത്തായിരുന്നു മദ്രാസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേര്‍ന്നത്. മാനസികാസ്വസ്ഥ്യമുള്ളവരോട് മൃഗങ്ങളെക്കാള്‍ മോശമായി ആളുകള്‍ പെരുമാറിയ കാലത്താണ് ശാരദാമേനോന് അവര്‍ക്കുവേണ്ടി സേവനം നടത്തണമെന്ന ഉറച്ച തീരുമാനത്തിലെത്തുന്നത്. ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന് (ഡി.പി.എം) ലണ്ടനില്‍ പോയെങ്കിലും അച്ഛന്റെ രോഗം വഷളായതോടെ പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചുവന്നു. പിന്നീട് ബെംഗളൂരുവിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍നിന്ന് ഡി.പി.എം. പൂര്‍ത്തിയാക്കി.
ഇന്ത്യയില്‍ പ്രാക്ടീസ് തുടങ്ങിയ ആദ്യ മനോരോഗ ചികിത്സക എന്ന വിശേഷണംകൂടി ശാരദാമേനോന് ലഭിച്ചു. അക്കാലത്ത് മാനസികരോഗാശുപത്രികളില്‍ എത്തുന്നവരെ 'പ്രവേശിപ്പിക്കല്‍' മാത്രമാണ് ഉണ്ടായിരുന്നത്. അവരെ ഡിസ്ചാര്‍ജ് ചെയ്യാറില്ലായിരുന്നു. ശാരദാമേനോന് ആദ്യം മാറ്റമുണ്ടാക്കിയത് ഈ പ്രവണതയ്ക്കാണ്. രോഗികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ചാര്‍ട്ടുണ്ടാക്കി. അസുഖം ഭേദമാകുന്ന മുറയ്ക്കു ബന്ധുക്കളെ വിളിച്ചുവരുത്തി ബോധവത്കരിച്ച് അവര്‍ക്കൊപ്പം തിരിച്ചുവിട്ടുതുടങ്ങി.
Content Highlights: India's first woman psychiatrist Sarada Menon passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..