ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്‌ഡിസം. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും തകരാറുകൾ പരിഹരിക്കാനും മെറ്റബോളിസം കൃത്യമാക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.

To advertise here,

കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷീണം, മുടികൊഴിച്ചിൽ, ശരീരഭാരം കൂടൽ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. നിരവധി പേർക്ക് ഈ രോഗാവസ്ഥ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഈ പ്രശ്നത്തിന്റെ ഇരകൾ.

മരുന്നുകളും ആരോഗ്യകരമായ ഭക്ഷണരീതിയും വഴി ഈ പ്രശ്നത്തെ മറികടക്കാം.

കഴിക്കേണ്ട ഭക്ഷണങ്ങൾ

  • പച്ചനിറത്തിലുള്ള പച്ചക്കറികൾ, മുഴുധാന്യങ്ങൾ, നട്സ്, സീഡ്സ് എന്നിവ ധാരാളം കഴിക്കാം. സിങ്ക് ധാരാളം അടങ്ങിയ ബീൻസ്, പയർ, വെള്ളക്കടല തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. തൈറോയ്‌ഡ് ഹോർമോൺ കൃത്യമായി ഉത്‌പാദിപ്പിക്കപ്പെടുന്നതിന് സിങ്ക് ശരീരത്തിന് ആവശ്യമാണ്.
  • തൈറോയ്‌ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവർത്തനത്തിന് സെലിനിയം സഹായിക്കും. ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റി ഇത് തൈറോയ്‌ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നു. അതിനാൽ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണം. മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയവും അയൊഡിനും ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയതാണ് മുട്ടയുടെ വെള്ളഭാഗം.
  • ചിക്കൻ ഉൾപ്പടെയുള്ള മാംസാഹാരം ഉൾപ്പെടുത്താം.
  • എല്ലാത്തരം മീനുകളും ഭക്ഷണത്തിന്റെ ഭാഗമാക്കാം.
  • എല്ലാത്തരം പച്ചക്കറികളും കഴിക്കാം.
  • നേന്ത്രപ്പഴം, ഫ്‌ളക്‌സ്‌ സീഡ്, ചിയ സീഡ് തുടങ്ങിയവ പഴങ്ങളെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം കഴിക്കാം.
  • വെള്ളം ധാരാളമായി കുടിക്കാം. ദിവസവും രണ്ടു ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം.
  • നല്ല ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. അമിത ഭക്ഷണം പാടില്ല.

കഴിക്കാൻ പാടില്ലാത്തത്
ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. തൈറോയിഡ് ഗ്രന്ഥിയുടെ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവയാണ് ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ. ബ്രൊക്കോളി, കോളിഫ്‌ളവർ, പീച്ച് പഴം തുടങ്ങിയവയാണ് ഗോയിട്രോജൻ അടങ്ങിയവ.

അപൂരിത എണ്ണ അടങ്ങിയ ഫ്രൈഡ് ഭക്ഷണങ്ങൾ ഹൈപ്പോതൈറോയ്‌ഡിസത്തെ ഗുരുതരമാക്കും. അതിനാൽ അവയും ഒഴിവാക്കണം. അതുപോലെ ഹൈപ്പോതൈറോയിഡിസത്തിനുള്ള മരുന്ന് കഴിച്ച് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം മാത്രമേ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാവൂ.

മാനസിക സമ്മർദം ഒഴിവാക്കുക
ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ പ്രധാന കാരണം മാനസിക സമ്മർദമാണ്. അതിനാൽ മാനസിക സമ്മർദം നിയന്ത്രിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. യോഗയും ധ്യാനവും പരിശീലിക്കുന്നത് മാനസിക സമ്മർദം കുറച്ച് മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കും.

Content Highlights:Hypothyroidism What to eat and what to avoid, Health, Food, Thyroid Disorders