ശ്വാസനാളങ്ങളുടെയും ആൽവിയോളയുടെയും (ശ്വാസകോശത്തിന്റെ പ്രാഥമിക യൂണിറ്റ്) അസ്വാഭാവിക അവസ്ഥകൾ കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് സിഒപിഡി. ഇത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഗണ്യമായി ബാധിക്കുന്ന ഒരു ദീർഘകാല രോഗമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് സംഭവിക്കുന്ന മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണിത്. കൃത്യമായി പരിചരണം നൽകിയില്ലെങ്കിൽ, ഈ രോഗം ഗണ്യമായ മരണനിരക്കും രോഗാവസ്ഥയും ജീവിതനിലവാരം കുറയ്ക്കുന്നു.
അപകട ഘടകങ്ങൾ
ഏറ്റവും സാധാരണമായ അപകടഘടകം പുകവലിയാണ്. പുകവലിക്കാരായ സ്ത്രീകളുടെ എണ്ണവും ബയോമാസ് ഇന്ധനങ്ങളുടെ ഉപയോഗവും സിഒപിഡി ബാധിതരായ സ്ത്രീകളുടെ എണ്ണത്തിൽ വർധനവിന് കാരണമാകുന്നു. ജനിതകമായ കാരണങ്ങൾക്ക് പുറമെ, ഇൻഡോർ വായുമലിനീകരണം, ജന്മനായുള്ള രോഗങ്ങൾ, തൊഴിലിടങ്ങളിൽ രാസപദാർത്ഥങ്ങളുമായുള്ള സമ്പർക്കം എന്നിങ്ങനെയുള്ള മറ്റ് നിരവധി ഘടകങ്ങളും സിഒപിഡിയിലേക്ക് നയിക്കുന്നു.
രോഗനിർണ്ണയം
പൾമണറി ഫംഗ്‌ഷൻ ടെസ്റ്റിലൂടെ സിഒപിഡി വേഗത്തിൽ കണ്ടെത്താം. ശ്വാസകോശത്തിന്റെ ശേഷി വിലയിരുത്താനും രോഗനിർണയം നടത്തി രോഗിയുടെ ആവശ്യാനുസരണം ചികിത്സ വ്യക്തിഗതമാക്കാനും ഈ ടെസ്റ്റ് സഹായിക്കുന്നു. പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഉപേക്ഷിക്കുന്നത് പോലെ ലളിതമായിരിക്കും ചികിത്സ. പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ എത്രയും വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.
ചികിത്സ
രോഗലക്ഷണങ്ങൾ, അടയാളങ്ങൾ, കൂടുതൽ മരുന്നുകൾ ആവശ്യമായി വരുന്ന സാഹചര്യങ്ങൾ, രോഗം എത്ര തവണ വഷളായി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ രോഗത്തെ എ, ബി, ഇബി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയവയ്ക്കെതിരായ വാക്സിനേഷൻ സിഒപിഡി മാനേജ്മെന്റിന്റെ അവിഭാജ്യ ഘടകമാണ്. അതോടൊപ്പം പൾമണറി റീഹാബിലിറ്റേഷനും സിഒപിഡി ചികിത്സിക്കുന്നതിനുള്ള നൂതന രീതിയാണ്. ഇത് രോഗിയുടെ മൊത്തത്തിലുള്ള കായികക്ഷമതയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആഴ്ചയിൽ 3 തവണയെങ്കിലും പൾമണറി റീഹാബിലിറ്റേഷൻ നടത്തണം.
സിഒപിഡി ബാധിതരിൽ ശ്വാസകോശ അർബുദം, ഹൃദ്രോഗം, പ്രമേഹം, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് രോഗം, ഓസ്റ്റിയോപൊറോസിസ്, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങളും ഉണ്ടാവാം. ഇത്തരം രോഗങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ സിഒപിഡി വഷളാകുന്നത് തടയാൻ സഹായിക്കും. സിഒപിഡി രോഗികളിൽ കായികക്ഷമത കുറയ്ക്കുന്നതിനും ശ്വാസതടസ്സത്തിന് കാരണമാകുന്നതുമായ പ്രധാന ഘടകം ഹൃദ്രോഗമാണ്. രോഗം വഷളാകുന്ന സാഹചര്യത്തിൽ കൃത്യമായ ഹൃദ്രോഗപരിശോധയും ആവശ്യമാണ്, കാരണം ഈ രണ്ട് രോഗങ്ങളും നിയന്ത്രിക്കാനായാൽ രോഗലക്ഷണങ്ങൾ മെച്ചപ്പെടും. അതിനാൽ തന്നെ ചെറുപ്പം മുതലേ ഇത്തരം അപകടസാധ്യതകൾ കുറയ്‌ക്കേണ്ടത് പ്രധാനമാണ്.
ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഓക്‌സിജന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു കോമോർബിഡിറ്റിയാണ്. ഉറക്കത്തിൽ ശ്വാസനാളം അടയുകയും ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യുന്നു. ശരീരത്തിലെ കാർബൺഡയോക്സൈഡിന്റെ അളവ് ഉയരുകയും വേഗത്തിൽ ശരീരം ക്ഷയിക്കുകയും ചെയ്യുന്നു. ഈ രോഗികൾക്ക് വീട്ടിൽ ഓക്സിജൻ പിന്തുണ ആവശ്യമായി വന്നേക്കാം. കൂർക്കംവലി, ഉറക്കത്തിൽ ശ്വാസം മുട്ടൽ, പകൽ സമയത്തെ അമിതമായ മയക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അശ്വതി താഴക്കോട്ടുവളപ്പിൽ
കൺസൽട്ടന്റ്
റെസ്പിറേറ്ററി മെഡിസിൻ വിഭാഗം
കിംസ്ഹെൽത്ത് തിരുവനന്തപുരം
Content Highlights: heart disease and chronic obstructive pulmonary disease
Published: 22 Nov 2023, 09:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented