ശ്വാസകോശാരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം. സി.ഒ.പി.ഡി., ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ശ്വാസകോശ അർബുദ സ്ഥിരീകരണം വൈകുന്നുവെന്നും ​പഠനത്തിൽ പറയുന്നു. 

To advertise here,

ഇം​ഗ്ലണ്ടിലെ ബ്രൈറ്റൺ& സസൈക്സ് മെഡ‍ിക്കൽ സ്കൂളിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇം​ഗ്ലണ്ടിൽ നിന്നുള്ള 11,870 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1990 മുതൽ 2019 വരെയുള്ള കാലയളവിൽ ശ്വാസകോശ അർബുദം സ്ഥിരീകരിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. 

ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും സി.ഒ.പി.ഡി.യുടേതാണെന്നും ആസ്ത്മയുടേതാണെന്നും തെറ്റിദ്ധരിച്ച് രാേ​ഗസ്ഥിരീകരണം വൈകാറുണ്ട്. ​ഗുരുതരമായ ശ്വാസകോശാരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരിലെ ലക്ഷണങ്ങൾ നിസ്സാരമാക്കാതിരിക്കുകയാണ് അർബുദസ്ഥിരീകരണം വൈകാതിരിക്കാനുള്ള മാർ​ഗമെന്നും ​ഗവേഷകർ പറയുന്നു. 

ആ​​ഗോളതലത്തിൽ തന്നെ മരണനിരക്ക് വർധിപ്പിക്കുന്ന രോ​ഗങ്ങളിൽ മുന്നിലാണ് ശ്വാസകോശ അർബു​ദത്തിന്റെ സ്ഥാനം. പുകവലിയും, നിഷ്ക്രിയ പുകവലിയും കൂടാതെ പുകവലി കൂടാതെ വായുമലിനീകരണം, സെക്കന്റ്ഹാൻഡ് സ്മോക്കിങ്, കുടുംബത്തിൽ ശ്വാസകോശാർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശാർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശാർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

ശ്വാസകോശാർബുദ ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

  • ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
  • കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
  • ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള  അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം

ആസ്ത്മ

ആസ്ത്മ മിക്കപ്പോഴും അലർജിയോട് കൂടെയാണ് പ്രകടമാകുക. ഇതിന്റെ ലക്ഷണങ്ങൾ വലിവ്, രാവിലെ ഉള്ള ചുമ, രാത്രി ചുമ/ശ്വാസ തടസം മൂലം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുക, കഫത്തോടു കൂടിയ ചുമ, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് എന്നിവയാണ്. ആസ്ത്മയുണ്ടാകാനുള്ള പ്രധാന കാരണം അലർജിയാണെങ്കിലും നോൺ അലർജിക് ആസ്ത്മ, അഡൽറ്റ് ഓൺസെറ്റ് ആസ്ത്മ, അമിതവണ്ണം മൂലമുണ്ടാകുന്ന ആസ്ത്മ എന്നീ വകഭേദങ്ങൾ ഉണ്ട്. ആസ്ത്മ ഒരു ഇൻഹെറിറ്റഡ് ഡിസീസ് മാത്രമല്ല. ചുമ മാത്രമായും ആസ്ത്മ പ്രകടമാകാം. (കഫ് വേരിയന്റ് ആസ്ത്മ എന്ന് വിശേഷിപ്പിക്കാം). സ്പെറോമെട്രി പരിശോധന വഴിയാണ് ആസ്ത്മയുടെ സ്ഥിരീകരണം നടത്തുന്നത്. ബ്രോങ്കിയൽ പ്രൊവോക്കേഷൻ ടെസ്റ്റ്, അലർജി ടെസ്റ്റ് എന്നിവയാണ് മറ്റ് പരിശോധനകൾ.

ചികിത്സ

ബ്രോങ്കോ ഡയലേറ്റർ മരുന്നുകളാണ് ഉപയോഗിക്കുക. ഇത് ഇൻഹേലർ രൂപത്തിലാണ് ഏറ്റവും സുരക്ഷിതത്വവും ഫലപ്രദവും. മരുന്നുകൾ സാൽമെറ്ററോൾ, ഫോർമെറ്ററോൾ എന്നിവയാണ്. മറ്റ് ഗുളികകൾ അസുഖം മൂർച്ഛിക്കുമ്പോൾ ഉപയോഗിക്കേണ്ടി വരാം. മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന അസുഖമാണ് ആസ്ത്മ. ഈ നിയന്ത്രണം ചിലരിൽ വളരെ കാലം വരെ നീണ്ടുനിൽക്കാം. എന്നാൽ അണുബാധ, അമിതമായ കാലാവസ്ഥാ വ്യതിയാനം എന്നിവ നിയന്ത്രണം കുറയാൻ കാരണമാകുന്നു. ഇൻഹേലർ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കുക. അത് അസുഖത്തിന്റെ കൺട്രോൾ അനുസരിച്ചാണ് കുറിക്കുക. ഒരു ക്രമത്തിൽ മരുന്നുകൾ എടുത്തിട്ടും അസുഖം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റ് അഡ്വാൻസ്ഡ് ചികിത്സാ രീതികൾ ഇന്ന് സാധ്യമാണ് (ബയോളജിക്കൽസ് ഒമലിസുമബ്, ബ്രോങ്കിയൽ തെർമ്മോപ്ലാസ്റ്റി എന്നിങ്ങനെ). പെട്ടെന്ന് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് അസ്താലിൻ/സൽബുതമോൾ. ഇവ സ്വയം ചികിത്സയ്ക്ക് ഉപയോഗിച്ച് അസുഖം നിയന്ത്രിക്കാൻ കഴിയാത്തപക്ഷം പൾമനോളജിസ്റ്റിനെ കാണണം. ഇല്ലെങ്കിൽ ശ്വാസകോശത്തിലെ ബീറ്റ റിസെപറ്ററുകൾ കുറയുകയും അസുഖം ക്രമീകരിക്കാൻ കഴിയാത്ത പക്ഷം അനിയന്ത്രിതമാകുകയും ചെയ്യും. ചിലർ ഇതിനെ ഇൻഹേലർ അഡിക്ഷൻ എന്ന് വിലയിരുത്തുന്നു.

സി.ഒ.പി.ഡി.

സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന ദീർഘകാല ശ്വാസതടസ്സ രോഗം പുകവലിയുളളവരിൽ കണ്ടുവരുന്ന അസുഖമാണ്. മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു വില്ലൻ രോഗമാണിത്. ശ്വാസനാളങ്ങൾ ചുരുങ്ങുകയും ഗ്രന്ഥികൾക്ക് വീക്കം വരുകയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്നം.

രോഗകാരണങ്ങൾ

1. പുകവലി ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് അഥവാ പുകവലിക്കുന്നവരിൽ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സി.ഒ.പി.ഡി. ഉണ്ടാകാൻ കാരണമാകുന്നു.
2. സ്ത്രീകളിലും സി.ഒ.പി.ഡി. ധാരാളമായി കാണുന്നു. ഇതിനുള്ള മുഖ്യ കാരണം സ്ത്രീകളിലെ വർധിക്കുന്ന പുകവലി ശീലവും അടുക്കളയിൽ നിന്ന് കരിയും പുകയും ശ്വസിക്കുന്നതുമാണ്.
3. നഗരങ്ങളിലെ വർധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിൽ ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് എന്നിവയും സി.ഒ.പി.ഡിക്ക് കാരണമാകും.

പ്രധാന ലക്ഷണങ്ങൾ

വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടൽ എന്നിവയാണ്. വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയർത്തുന്നു.

ചികിത്സാരീതികൾ

പുകവലി നിർത്തുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. രോഗികൾക്ക് ബ്രോങ്കോ ഡയലേറ്റേഴ്സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സി.ഒ.പി.ഡി. രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ വാക്സിനേഷനുകൾ എടുക്കേണ്ടതാണ്. ഇൻഫ്ളുവൻസ, ന്യുമോകോക്കൽ എന്നിവയാണ് എടുക്കേണ്ടവ. അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളുടെയും കൈകാലുകളുടെ പേശികളുടെയും ശക്തി നിലനിർത്താൻ പൾമനറി റീഹാബിലിറ്റേഷൻ ആരംഭിക്കണം.

സി.ഒ.പി.ഡി., ആസ്ത്മ സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്: ഡോ. ടി.വി. അശ്വതി