ഇന്നത്തെ തിരക്കേറിയ ഡിജിറ്റൽ യുഗത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കണ്ടുവരുന്ന ശീലമാണ് ഉറക്കമുണർന്നയുടൻ ഫോണിൽ നോക്കുന്നത്. എഴുന്നേറ്റിരുന്ന് ചുറ്റിലും നോക്കുന്നതിനു മുൻപ് തന്നെ കിടക്കയിൽ കിടന്നുകൊണ്ട് ഫോണിന്റെ സ്ക്രീനിലേക്ക് കണ്ണ് തുറന്ന് അന്നത്തെ ദിവസം ആരംഭിക്കുന്നവരാണ് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും. ഇന്റർനാഷണൽ ഡാറ്റ കോർപറേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 80 ശതമാനം മൊബൈൽ ഫോൺ ഉപഭോക്താക്കളും ഉറക്കമുണർന്ന് 15 മിനിറ്റിനുള്ളിൽ മൊബൈൽ നോക്കുന്നവരാണ്.

To advertise here,

അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യമാണെങ്കിൽ കൂടിയും, ഒട്ടുമിക്കയാളുകളും ഇപ്പോഴും അലാം ഓഫ്‌ ചെയ്യാനും സമയം നോക്കാനും തലേന്ന് ഉറങ്ങിയതിനു ശേഷം നടന്ന സംഭവങ്ങൾ അറിയാനും എന്നുവേണ്ട, ഉറക്കച്ചടവ് മാറാൻ പോലും ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെ തന്നെയാണ്. എന്നാൽ പതിവായ ഈ ശീലം, അന്നേ ദിവസത്തെ ദിനചര്യകളുടെ താളം തെറ്റിക്കുന്നതുമുതൽ കാഴ്ച വൈകല്യം, ഇൻസോംനിയ, സ്ട്രെസ് ഉൾപ്പെടെ ശാരീരികവും മാനസികവുമായ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

നമ്മൾ ഉറക്കമുണരുമ്പോൾ 'സ്ലീപ്‌ ഇനെർഷ്യ' എന്ന അവസ്ഥയിലാണ് മസ്‌തിഷ്കമുണ്ടാവുക. അതായത് ഉറക്കത്തിനും ഉറക്കമെഴുന്നേൽക്കുന്നതിനും ഇടയിലുള്ള ഒരു ട്രാൻസിഷൻ സ്റ്റേജ്. ഈ അവസ്ഥ 30 മിനിറ്റ് വരെ നീളാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് മസ്തിഷ്‌കം പ്രവർത്തനക്ഷമമാകാനും ചുറ്റുപാടിലേക്ക് ഉണർന്നു വരാനുമുള്ള സമയം. ഈ സമയത്ത് വൈജ്ഞാനിക പ്രവർത്തനങ്ങളായ (കോഗ്‌നിറ്റീവ് ഫങ്‌ഷൻസ്) ഓർമ, ശ്രദ്ധ, തീരുമാനം എടുക്കുന്നതിനുള്ള കഴിവ്, എന്നിവ വളരെ മന്ദഗതിയിലാവും നടക്കുക. ഉറക്കച്ചടവായി നമ്മൾ ഇത് അനുഭവിക്കാറുമുണ്ട്. ഇവിടെ ഫോണിൽ നോക്കുന്നതിലൂടെ മസ്തിഷ്കം അതിവേഗത്തിൽ പ്രവർത്തിക്കാൻ നിർബന്ധിതമാവും. ഇത് പിന്നീടുള്ള പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കണ്ണുതുറന്നയുടനെ ഫോൺ നോക്കുന്നതിലൂടെ സ്ക്രീനിലെ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറുകയും കാഴ്ച പ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും. മുറിയിൽ ഇരുട്ട് ആണെങ്കിൽ കണ്ണിനു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. മെസ്സേജുകളും വീഡിയോയുമെല്ലാം പെട്ടെന്ന് നോക്കുന്നതിലൂടെ മസ്തിഷ്‌കത്തിന് ഒരു നിമിഷത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരുന്നു. ഇത് 'കോഗ്‌നിറ്റീവ് ഓവർലോഡ്' എന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഇത് ആ ദിവസം മുഴുവനുമുള്ള പ്രവർത്തനത്തെയും കാര്യക്ഷമതയെയും ബാധിക്കുന്നു.

ശ്രദ്ധക്കുറവ്, സ്ട്രെസ്: ആഴമേറിയ കാര്യങ്ങളും ചിന്തകളും കൈകാര്യം ചെയ്യുന്ന മസ്തിഷ്കത്തിലെ 'പ്രീഫ്രോണ്ടൽ കോർട്ടെക്‌സ്' എന്ന ഭാഗം രാവിലെ പ്രത്യേകിച്ച്  അതിരാവിലെ ദുർബലമായിരിക്കും. ഈ സമയം ഒരുപാട് വിവരങ്ങൾ തലച്ചോറിലേക്കെത്തുന്നത്, കാര്യക്ഷമമായി ചിന്തിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള കഴിവിനെ ബാധിക്കുന്നു. മാത്രമല്ല ക്രൂരസ്വഭാവമുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ദൃശ്യങ്ങളും വാർത്തകളും ഉത്കണ്ഠയും മാനസികപിരിമുറുക്കവും ഉണ്ടാകാനും കാരണമാകുന്നു. ഇത് കോർട്ടിസോളിൻ്റെ അളവ് (സ്ട്രെസ് ഹോർമോൺ) വർദ്ധിപ്പിക്കും. അതിലൂടെ ആ ദിവസത്തെ മനോഭാവത്തെത്തന്നെ ബാധിക്കുകയും ചെയ്യുന്നു. സ്‌ട്രെസും ഉത്കണ്ഠരോഗങ്ങളും ഉള്ള വ്യക്തികളിൽ ഇത് വർധിക്കാനും കാരണമാകും. ഉയർന്ന സ്ട്രെസ് രക്തസമ്മർദം ഉയർത്തുകയും ഹൃദയസംബന്ധമായ രോഗമുള്ളവർക്ക് ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയും ചെയ്യുന്നു.

ഓർമക്കുറവ്: മസ്തിഷ്കത്തിന് തുടരെ വിവരങ്ങൾ നൽകുന്നത് ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ സംഭവിക്കുന്ന 'മെമ്മറി കൺസോളിഡേഷൻ' പ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് വിവരങ്ങൾ ഓർത്തുവയ്ക്കുന്നതിനും ഓർത്തെടുക്കാനും ബുദ്ധിമുട്ടുണ്ടാക്കും. കാര്യങ്ങൾ ഓർത്തെടുക്കുന്നതിനുള്ള കഴിവിനെയും ഓർമശക്തിയെയും ബാധിക്കാം.

കാഴ്ച വൈകല്യം: എഴുന്നേറ്റയുടൻ ദീർഘനേരം സ്‌ക്രീനിൽ ഉറ്റുനോക്കുന്നത് കാഴ്ചസംബന്ധമായ തകരാറിനും കാരണമാകും. തലവേദന, കണ്ണുകൾക്ക് അസ്വാസ്ഥ്യം, വരണ്ട കണ്ണുകൾ എന്നിവയിലേക്ക് നയിച്ചേക്കാം, ഇത് മൊത്തത്തിലുള്ള കാഴ്ചയുടെ ആരോഗ്യത്തെയും ബാധിക്കും. 

കൗമാരക്കാരിലുണ്ടാകുന്ന പ്രശ്നങ്ങൾ: മൊബൈൽ ഉപയോഗിക്കുന്നതിൽ ഒരു നല്ല ശതമാനം കുട്ടികളുണ്ടെന്നതിനാൽ ഈ ശീലം കുട്ടികളിൽ ഏറെ ഗൗരവമായി കാണേണ്ടതാണ്. ജാമ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച 2023 ലെ ഒരു പഠനത്തിൽ, ഉറക്കമുണർന്നയുടനെ സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ ഏർപ്പെടുന്ന കൗമാരക്കാർ ദിവസം മുഴുവൻ ഉത്കണ്ഠയും വിഷാദവും അനുഭവിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. കൗമാരപ്രായത്തിൽ, മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുകയായിരിക്കും. രാവിലെ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ കുത്തൊഴുക്ക് മസ്തിഷ്കത്തിന്റെ സ്വാഭാവിക വികാസത്തെ തടസ്സപ്പെടുത്തും. JAMA നെറ്റ്‌വർക്ക് ഓപ്പണിൽ നിന്നുള്ള അതേ പഠനത്തിൽ, സ്‌ക്രീൻ സമയം വൈകുന്ന കൗമാരക്കാരിൽ മെച്ചപ്പെട്ട മാനസികാരോഗ്യനിലയും റിപ്പോർട്ട് ചെയ്‌തു, ഈ ശീലം മാറ്റുന്നത് നല്ലതാണെന്നും പഠനം സൂചിപ്പിക്കുന്നു.

ഇൻസോംനിയ: ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് ഇൻസോംനിയ. ഈ അവസ്ഥയുള്ള ആളുകളിൽ നല്ല ഉറക്കം ലഭിക്കാത്തതും ഉറങ്ങുന്നതിലുള്ള ബുദ്ധിമുട്ടും കണ്ടുവരാറുണ്ട്. രാവിലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്  സ്ലീപ്-എവേക് സൈക്കിളിനെ ബാധിക്കുന്നതിനാൽ ഇൻസോംനിയക്കുള്ള സാധ്യതയേറുന്നു.

പ്രതിവിധി

ഉറക്കമുണർന്ന് 30 മിനിറ്റ് ശേഷമെങ്കിലും കഴിഞ്ഞ ശേഷം ഫോൺ എടുക്കാൻ ശ്രമിക്കുക. മൊബൈൽ ഫോണിൽ അലാം വയ്ക്കുന്നതിന് പകരം അലാം ക്ലോക്കുകൾ ഉപയോഗിക്കാം. രാവിലെ ഉറക്കമുണർന്നത്തിനു ശേഷം അൽപനേരം കട്ടിലിൽ തന്നെ കിടന്ന് മസ്തിഷ്കത്തിന് ചുറ്റുപാടിലേക്ക് ഉണർന്ന് വരാനുള്ള സമയം നൽകുക. രാവിലെ വെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതും ശീലമാക്കാം. എഴുന്നേറ്റയുടൻ മൊബൈലിൽ അസ്വസ്ഥതയുണ്ടാകുന്ന വാർത്തകളും ദൃശ്യങ്ങളും കാണാതിരിക്കാൻ ശ്രമിക്കുക.