ഓരോ ആഘോഷം കഴിയുമ്പോഴും അതിനോടനുബന്ധിച്ചു കേരളത്തിൽനടന്ന മദ്യവില്പനയെക്കുറിച്ചും അതിനു ചെലവഴിച്ച പണത്തെക്കുറിച്ചും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത് വർഷംതോറും കൂടി വരുന്നു. എന്നാൽ, സ്വച്ഛമായ ജീവിതത്തെയും ആരോഗ്യത്തെയുംകുറിച്ച് ആയുർവേദം ഉറപ്പിച്ചുപറയുന്ന ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ -വേനൽക്കാലത്ത് മദ്യം കഴിക്കരുത്.

To advertise here,

ഇത് ഒട്ടേറെ ശാരീരിക -മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കും. മരുന്നായി ഉപയോഗിക്കേണ്ടി വന്നാൽപ്പോലും ശുദ്ധജലം ചേർത്ത് നേർപ്പിച്ചുമാത്രമേ കഴിക്കാവൂ. വേനൽക്കാലത്തെ മദ്യപാനം ശരീരത്തിനു മൊത്തം വീക്കവും പേശികൾക്ക് അയവും ദേഹത്തിനകത്ത് 'ഉഷ്ണസഞ്ചാര'വും അമിതമായ മയക്കവും ഉണ്ടാക്കും. ശരീരത്തിലെ ഓജസ്സിനെ കെടുത്തും. മദ്യം മൂത്രോത്പാദനം വർധിപ്പിച്ചേക്കും.

ഇത് നിർജലീകരണത്തിലേക്കു നയിക്കാം. തലച്ചോറിലെ പിറ്റിയൂട്ടറി ഗ്രന്ഥിയിൽനിന്നുള്ള ആന്റിഡയൂററ്റിക് ഹോർമോൺ ഉത്പാദനത്തിൽ മദ്യം ഉണ്ടാക്കുന്ന സ്വാധീനമാണ് ഇതിനു കാരണം.

ഈയവസരത്തിൽ 'ശ്രീഖണ്ഡാസവം' എന്ന മരുന്നിനെക്കുറിച്ചുകൂടി സൂചിപ്പിക്കുകയാണ്. ഇത് മദ്യപാനാധിക്യം കൊണ്ട് ഉണ്ടാക്കുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഔഷധമാണ്. മദ്യാസക്തി കുറയ്ക്കാനുള്ള ഒരൗഷധമായും ശ്രീഖണ്ഡാസവം ആയുർവേദ ഭിഷഗ്വരന്മാർ ഉപയോഗിക്കാറുണ്ട്.

വേനൽക്കാലത്ത് മദ്ധ്യാഹ്നത്തിൽ മയങ്ങുന്നത് നല്ലതാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾ സർവസാധാരണമാകുന്നതിനു മുൻപ് ഓലമേഞ്ഞ വീടുകൾ കേരളത്തിൽ ധാരാളമുണ്ടായിരുന്നു. നനച്ചുപരിപാലിച്ചിരുന്ന കവുങ്ങ്, വാഴ മുതലായവയാൽ സമൃദ്ധമായ ഹരിതസമ്പത്ത് വീടിനു ചുറ്റും ഉണ്ടായിരുന്നു. വിയർപ്പകറ്റാൻ പലതരം വിശറികളുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, വേനൽച്ചൂടിനെ അതിജീവിക്കാനുള്ള ഒരാവാസവ്യവസ്ഥ ഉണ്ടായിരുന്നു. ഇതിന്റെ പരിഷ്‌കൃതരൂപങ്ങളാണ് ആധുനിക സൗകര്യങ്ങൾ. അവയെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുന്നതാണു ശരി. ഇനി ആഹ്ലാദകരമായ ജീവിതം പ്രദാനംചെയ്യുന്ന ലൈംഗികചര്യയെക്കുറിച്ചാണ്.

ലൈംഗികജീവിതം ശരീരത്തിലെ ഊർജവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പ്രായം, കാലാവസ്ഥ മുതലായവയ്ക്കനുസരിച്ച് ലൈംഗികചര്യ ക്രമപ്പെടുത്തേണ്ടതുണ്ട്.

വേനൽക്കാലത്തെ മധുവിധു തണലും തണുപ്പും സുഗന്ധവുമുള്ള താഴ്‌വരകളിലാകട്ടെ.

കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ.