കൊച്ചി: "ദൈവമേ! കാത്തുകൊൾകങ്ങു

To advertise here,

കൈവിടാതിങ്ങു ഞങ്ങളെ;

നാവികൻ നീ, ഭവാബ്ധിക്കൊ‌-

രാവിവൻതോണി നിൻപദം"

എന്നു തുടങ്ങുന്ന ഗുരുദേവന്റെ വിശ്വപ്രസിദ്ധമായ ‘ദൈവദശകം’ ആലുവ അദ്വൈതാശ്രമത്തിൽ ബുധനാഴ്ച മുഴങ്ങുമ്പോൾ സൗഖ്യത്തിന്റെ ചുവടുകളുമായി യോഗ നടക്കും. യോഗാസനങ്ങളുമായി ‘ദൈവദശകം’ ചേർത്ത് പുതിയൊരു യോഗപാഠം ചിട്ടപ്പെടുത്തിയിരിക്കുന്നത് യോഗാധ്യാപിക അഞ്ജന സന്തോഷാണ്.

ദൈവദശകം കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ആദ്യ അവതരണം അദ്വൈതാശ്രമത്തിലാണ്. ദൈവദശകത്തിന്റെ ആലാപനത്തിനൊപ്പമാണ് 50 പേർ പങ്കെടുക്കുന്ന യോഗ. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത പാഠശാലയിലെ വിദ്യാർഥികൾക്കായി 1914- ലാണ് ഗുരു ദൈവദശകം എഴുതിയത്. ഉന്നതവും ഗഹനുമായ അധ്യാത്മദർശനം ലളിതമായാണ് ഗുരു കുറിച്ചത്. 100 ഭാഷകളിലേക്ക് ദൈവദശകം മൊഴി മാറ്റം ചെയ്തിട്ടുണ്ട്.

‘‘ലോക സൗഖ്യത്തിനായുള്ള ദൈവദശകത്തിലെ പ്രാർഥനയും സമ്പൂർണ സൗഖ്യത്തിലേക്കുള്ള വഴിയായ യോഗയും ഒരേ ലക്ഷ്യത്തിലേക്കുള്ള വഴിയാണ്. 27 യോഗാസനങ്ങൾ ഉൾപ്പെടുത്തിയാണ് ദൈവദശകം യോഗ ചിട്ടപ്പെടുത്തിയത്. സൂര്യ നമസ്കാരത്തിൽ തുടങ്ങി ധ്യാനത്തിൽ അവസാനിക്കുന്നതാണ് രീതി.

പാദഹസ്താസന, അർധചക്രാസന, ഗോമുഖാസന, പത്മാസന, ഉദ്ധിതപാദാസനം, പവന മുക്താസനം, വൃക്ഷാസനം, നടരാജാസന എന്നിവയും ദൈവദശകം യോഗയിലുണ്ട്” - അഞ്ജന സന്തോഷ് പറയുന്നു.

ഒരു വർഷം മുൻപാണ് ഈ ആശയം തോന്നിയതെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊടുങ്ങല്ലൂരിൽ 1536 പേരുടെ മോഹിനിയാട്ടത്തിലൂടെ ദൈവദശകം അവതരിപ്പിച്ചതിന് ദൈവദശകം കൂട്ടായ്മയ്ക്ക് 2018-ൽ ഗിന്നസ് റെക്കോഡ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാന യോഗാസന ചാമ്പ്യനായിരുന്ന അഞ്ജന ദേശീയതലത്തിൽ റണ്ണറപ്പായിരുന്നു.

ഈ വർഷം ഖേലോ ഇന്ത്യ വുമൻസ് ലീഗിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. പിരിമുറുക്കമുള്ള ജോലിയിൽനിന്ന് പ്രശാന്തിയിലേക്കുള്ള യാത്രയായിരുന്നു തനിക്ക് യോഗയെന്ന് അഞ്ജന.

മുൻപ് ഐ.ടി. പ്രൊഫഷണലായിരുന്നു. കോവിഡ് കാലത്താണ് അതുവിട്ട് യോഗയിലേക്ക് തിരിഞ്ഞത്. യോഗ ടീച്ചേഴ്സ് ട്രെയ്‌നിങ് ഡിപ്ലോമയും ബിരുദാനന്തര ബിരുദവുമെടുത്തു.

ഇപ്പോൾ നേവിയിൽ ആരോഗ്യ ധാം ടീമിലെ യോഗ തെറാപ്പിസ്റ്റാണ്. പേരണ്ടൂർ ശക്തി എൻക്ലേവിലാണ് താമസം.