കൊച്ചി: യോഗയുടെ കളത്തിലെത്തിയാൽ പ്രായം എന്നത് ആന്റണിക്ക് വെറും അക്കങ്ങൾ മാത്രം. വയസ്സ് 80 ആകുമ്പോഴും അവശതകളില്ലാതെ ആന്റണി എന്ന യോഗാചാര്യൻ യോഗയുടെ ഒപ്പമുണ്ട്. വെളുപ്പിന് 4.30-ന് യോഗയോടെയാണ് ദിവസാരംഭം. രാവിലെമുതൽ വൈകീട്ട് എട്ട് മണിവരെ വിവിധ പ്രായക്കാർക്കായി യോഗാക്ലാസ് പല സെഷനുകളിലായി എടുക്കും.
കടുങ്ങല്ലൂർ പഞ്ചായത്തിൽ നടത്തുന്ന യോഗാ ക്ലാസുകളിലും രാജ്യത്തുനടക്കുന്ന മത്സരങ്ങളിലും മുന്നിൽ യോഗാചാര്യനായ ആന്റണിയുണ്ട്. ഫാദേഴ്സ് ഡേയും യോഗാ ഡേയും ഒരുമിച്ച് ഈ ഞായറാഴ്ച ആഘോഷിക്കുമ്പോൾ ആന്റണിക്ക് പറയാൻ മറ്റൊരു സന്തോഷം കൂടിയുണ്ട്. യോഗയിലിലേക്ക് തന്നെയും തന്റെ കുടുംബത്തെയും കൈപിടിച്ചത് തന്റെ മകളാണെന്ന സന്തോഷം.
പ്രായം കേവലം ഒരു അക്കമാണെന്ന് തെളിയിക്കുക മാത്രമല്ല, തങ്ങളുടെ ജീവിതശൈലിയിലൂടെ ദേശീയ തലത്തിൽവരെ യോഗാസന മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് ആലുവ മുപ്പത്തടം ചെറുകടവിൽ വീട്ടിൽ എസ്. ആന്റണിയും ഭാര്യ കെ.ഡി. വാസന്തിയും മകൾ സീമയും.
കടുങ്ങല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടി ആയിരുന്ന ആന്റണി യോഗയുടെ ലോകത്തിലേക്കെത്തുന്നത് ഇളയ മകൾ സീമയ്ക്ക് ആസ്മയുടെ ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാലാണ്. യോഗ ചെയ്തുതുടങ്ങിയതോടെ മകൾ അനുഭവിച്ചിരുന്ന അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ കുറയാൻ തുടങ്ങി. അന്ന് യോഗയ്ക്ക് ഒപ്പം മകൾ ചേർന്നു. പിന്നീട് അങ്കണവാടി അധ്യാപികയായ ആന്റണിയുടെ ഭാര്യ വാസന്തിയും മൂത്ത കൾ വാണിയും യോഗയ്‌ക്കൊപ്പം ചേർന്നു.
മെഡലുകൾ വാരിക്കൂട്ടുന്നു
2025-ൽ ഹിമാചൽ പ്രദേശിലെ ധർമശാലയിൽനടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഈ കുടുംബം അപൂർവമായ മെഡൽനേട്ടം കൈവരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളി 75 പ്ലസ് വിഭാഗത്തിൽ എസ്. ആന്റണിയും, 65 പ്ലസ് വിഭാഗത്തിൽ വാസന്തി ആന്റണിയും സ്വർണമെഡലുകൾ കരസ്ഥമാക്കി. ഇതേവേദിയിൽ 35 പ്ലസ് വിഭാഗത്തിൽ മത്സരിച്ച മകൾ സീമാ നിബിൻ വെങ്കലമെഡൽ നേടിയതോടെ ഒരേ കുടുംബത്തിലെ മൂന്നുപേർ ഒന്നിച്ച് വേദിയിൽ മെഡൽ അണിയുന്ന അപൂർവനിമിഷത്തിന് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് സാക്ഷ്യം വഹിച്ചു.
2026 ജനുവരിയിലും ഈ യോഗാ കുടുംബം പുണെയിൽ നടന്ന എട്ടാമത് ദേശീയ ഗെയിംസ് മീറ്റിലും തങ്ങളുടെ വിജയം ആവർത്തിച്ചു. ആന്റണി സ്വർണമെഡലും വാസന്തിയും മകൾ സീമയും യഥാക്രമം തങ്ങളുടെ പ്രായപരിധിയിലുള്ള വിഭാഗങ്ങളിൽ വെള്ളിമെഡലുകളും നേടി. ഝാർഖണ്ഡിൽ നടന്ന 43-ാമത് നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിലും വാസന്തി ടീച്ചർ കേരളത്തെ പ്രതിനിധാനം ചെയ്ത് വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു.
Content Highlights: 80-year-old Antony demonstrates that age is just a number through consistent yoga practice., The family achieved national success at the 2026 Pune National Games., Yoga helped the family overcome health issues like asthma., Three generations of the family are actively winning medals in national yoga championships.
Published: 21 Jun 2026, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented