കോവിഡ്-19 വൈറസ്, ചൈനയിലെ വുഹാന്‍ പരീക്ഷണശാലയില്‍, അമേരിക്കന്‍ ധനസഹായത്തോടെ നടത്തിയ ഗെയിന്‍ ഓഫ് ഫങ്ഷന്‍ (gain of function mutation) ഗവേഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാകാനാണ് ഏറ്റവും സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് വാക്സിന്‍ (അമേരിക്കയില്‍ ഉപയോഗിച്ചത്) രോഗം പകരുന്നതോ, പടരുന്നതോ തടയുന്നതില്‍ പരാജയമായിരുന്നുവെന്നും പറയുന്ന റിപ്പോര്‍ട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ലോകമെമ്പാടുമുള്ള വലതുപക്ഷക്കാര്‍ക്കും കരുത്തു പകരുന്നതായി മാറിയിരിക്കുകയാണ്. കൊറോണ വൈറസ് മഹാമാരി സംബന്ധിച്ച് രണ്ടു വര്‍ഷത്തോളം പഠനം നടത്തിയ ശേഷമാണ് സിലക്ട് സബ്കമ്മിറ്റി അമേരിക്കന്‍ കോണ്‍ഗ്രസിന് 520 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇനിയൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതില്‍ നിന്നും രക്ഷനേടാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ നടത്താന്‍ അമേരിക്കയെയും ലോകത്തെയും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സഹായിക്കുമെന്ന് സിലക്ട് കമ്മിറ്റി അധ്യക്ഷന്‍ ബ്രാഡ് വെന്‍സ്ട്രപ്പ് കോണ്‍ഗ്രസിനെഴുതിയ കത്തില്‍ അവകാശപ്പെടുന്നു. വരുംകാലത്തെ മഹാമാരിയെ നേരിടുമ്പോള്‍ അമേരിക്കയെ നയിക്കുന്നവര്‍ വ്യക്തിപരമായ നേട്ടത്തിനോ പക്ഷപാതത്തിനോ വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്നവരാവണം- അദ്ദേഹം പറയുന്നു. വെന്‍സ്ട്രപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നു റിപ്പോര്‍ട്ടിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.
വരുന്ന ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിലെ നിയുക്ത ആരോഗ്യവിഭാഗം തലവന്‍ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ വര്‍ഷങ്ങളായി നടത്തുന്ന ആരോപണങ്ങളെ ഏറെക്കുറെ ശരിവെക്കുകയാണ് റിപ്പോര്‍ട്ട്. ഇതുവരെ ഡെമോക്രാറ്റുകളും ഇടതുപക്ഷക്കാരും അദ്ദേഹത്തിന്റെ വാദങ്ങളെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെന്ന് ആക്ഷേപിച്ച് തള്ളിക്കളയുകയായിരുന്നു. പക്ഷേ, റിപ്പോര്‍ട്ട് നിയുക്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) തലവന്‍ ഡോ.ജേ ഭട്ടാചാര്യയുടെ വാദമുഖങ്ങളെ ശരിവെക്കുന്നതാണെന്നും പക്ഷപാതപരമാണെന്നും ആരോപിക്കുന്നു വലിയൊരു വിഭാഗം ആരോഗ്യവിദഗ്ധരും മുഖ്യധാരാ മാധ്യമങ്ങളിലെ പ്രബലവിഭാഗവും.
എങ്കിലും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക്/നിഗമനങ്ങള്‍ക്ക് ആഗോള പ്രസക്തിയുണ്ട്. അമേരിക്കയിലെ എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍)യെയും എന്‍.ഐ.എച്ചിനെയും ആരോഗ്യരംഗത്തെ ഗോള്‍ഡ് സ്റ്റാന്‍ഡേഡായി കണക്കാക്കുകയും അവരുടെ രീതികളെ പിന്‍പറ്റുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ലോകരാജ്യങ്ങളും ആരോഗ്യപ്രവര്‍ത്തകരും. അവരുടെ കോവിഡ് രീതികള്‍ അതുപോലെ പിന്തുടര്‍ന്നവരും ഉണ്ടാവും. ആ നിലയ്ക്ക് ഈ നിഗമനങ്ങള്‍ ഏതുതരത്തിലാണ് ഈ ഏജന്‍സികളെ ബാധിക്കുകയെന്നത് കണ്ടറിയണം. പ്രത്യേകിച്ച്, ട്രംപ് ഭരണകൂടം നിലവില്‍ വരുമ്പോള്‍.
ചൈനീസ് കോവിഡ്?
കോവിഡ്-19 വൈറസിന് പ്രകൃതിയില്‍ സ്വാഭാവികമല്ലാത്ത ജീവശാസ്ത്രപരമായ പ്രത്യേകതയുണ്ടെന്നും മറ്റു പകര്‍ച്ചവ്യാധികളില്‍ നിന്നും വ്യത്യസ്തമായി ഒരൊറ്റ അണുബാധയില്‍ നിന്നാണ് മനുഷ്യരില്‍ കോവിഡ്-19 പടര്‍ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത വുഹാന്‍ പരീക്ഷണശാലയില്‍ ഗെയിന്‍ ഓഫ് ഫങ്ഷന്‍ (സൂക്ഷ്മജീവികളില്‍ ജനിതകമാറ്റം വരുത്തുന്നതു സംബന്ധിച്ച) ഗവേഷണം നടത്തിയിരുന്നെന്നും 2019-ന്റെ അന്ത്യത്തില്‍ ഈ രോഗം വുഹാനിലെ ചന്തയില്‍ കണ്ടെത്തുന്നതിനും മാസങ്ങള്‍ക്കു മുമ്പുതന്നെ അവിടത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ക്ക് രോഗം ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
പക്ഷേ, അന്നത്തെ എന്‍.ഐ.എച്ച് ഡയറക്ടര്‍ ആന്റണി ഫൗച്ചിയും മറ്റു പ്രമുഖരും ലാബ് ചോര്‍ച്ചാസിദ്ധാന്തം തള്ളിക്കളഞ്ഞു, അത് പ്രകൃതിയില്‍ ഉദ്ഭവിച്ചതാണെന്ന് വാദിക്കുകയും ചെയ്തു. അതിനു കാരണവുമുണ്ട്. വുഹാനിലെ സാര്‍സ് വൈറസ് സംബന്ധിയായ അപകടകരമായ ഈ ഗെയിന്‍ ഓഫ് ഫങ്ഷന്‍ ഗവേഷണത്തിന് ഇക്കോഹെല്‍ത്ത് അലയന്‍സ് ചട്ടവിരുദ്ധമായി അമേരിക്കന്‍ നികുതിദായകരുടെ പണം സംഭാവന ചെയ്തിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ സിലക്ട് കമ്മിറ്റി പരസ്യമാക്കിയതിനെ തുടര്‍ന്ന എന്‍.ഐ.എച്ചും അമേരിക്കയുടെ ആരോഗ്യവകുപ്പും ഇക്കോഹെല്‍ത്തിനുള്ള ഫണ്ടിംഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. മഹാമാരിക്കാലത്തെ ഇക്കോഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നീതിന്യായവിഭാഗം (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്) അന്വേഷണവും തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021-ല്‍ വുഹാനില്‍ എന്‍.ഐ.എച്ച്, ഗെയിന്‍ ഓഫ് ഫങ്ഷന്‍ ഗവേഷണം നടത്തിയിട്ടേ ഇല്ലെന്ന് സെനറ്റിനു മുന്നില്‍ ഫൗച്ചി മൊഴി നല്‍കിയിരുന്നു.
കോവിഡ് വിലക്കുകളും സ്വാതന്ത്ര്യത്തിന്റെ ലോക്ക്ഡൗണും
കോവിഡിനെ നേരിടുന്നതില്‍ ലോകാരോഗ്യസംഘടന ദയനീയമായി പരാജയപ്പെട്ടുവെന്നും ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ആളുകള്‍ തമ്മില്‍ ആറടി അകലം വേണമെന്ന നിര്‍ദ്ദേശം അമേരിക്കയിലെമ്പാടുമുള്ള സ്‌കൂളുകളും ചെറുകിടസ്ഥാപനങ്ങളും പൂട്ടിയിടുന്നതിനു കാരണമായി. ആ നിര്‍ദ്ദേശത്തിനു പിന്നില്‍ ശാസ്ത്രീയമായ കാരണമൊന്നുമില്ലായിരുന്നുവെന്നും ഫൗച്ചിയോടു ചോദിച്ചപ്പോള്‍ 'അങ്ങനെ അപ്പോള്‍ തോന്നി' എന്നും പറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ മാസ്‌ക് ധരിച്ചാല്‍ രോഗബാധ തടയാമെന്ന വാദത്തിന് തികച്ചും ശാസ്ത്രീയമായ തെളിവില്ല.
ദീര്‍ഘമായ ലോക്ക്ഡൗണുകള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ മാത്രമല്ല, അമേരിക്കക്കാരുടെ, പ്രത്യേകിച്ച് പ്രായം കുറഞ്ഞവരുടെ, മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചു. രോഗം പിടിപെടാന്‍ ഏറ്റവും സാധ്യത പേറുന്നവര്‍ക്ക് മുന്‍ഗണന നല്‍കാതെ നിയന്ത്രണങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിച്ചത് കോടിക്കണക്കിന് അമേരിക്കക്കാരെ സുരക്ഷിതജീവിതത്തിന്റെ നിര്‍ണായക ഘടകങ്ങളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കിയെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
കോവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. കാരണം, കുട്ടികള്‍ രോഗബാധ പടരുന്നതിന് കാരണക്കാരാവാനോ, കടുത്ത രോഗമുണ്ടാക്കാനോ സാധ്യത വളരെ കുറഞ്ഞവരായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഗണ്യമായ നഷ്ടം സംഭവിച്ചു. പുറമേ, കടുത്ത മാനസികാസ്വാസ്ഥ്യവും ശരീരസൗഖ്യത്തിലെ കുറവും അനുഭവപ്പെട്ടു. പന്ത്രണ്ടിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളിലെ ആത്മഹത്യാശ്രമങ്ങള്‍ 51 ശതമാനം വര്‍ധിച്ചു- റിപ്പോര്‍ട്ട് കണക്കുനിരത്തുന്നു.
കോവിഡ് വാക്സിന് അനുമതി നല്‍കിയതു മുതല്‍ നിര്‍ബന്ധമാക്കിയതു വരെ, അതിന്റെ ഫലപ്രാപ്തി മുതല്‍ പാര്‍ശ്വഫലങ്ങള്‍ വരെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നു. ബൈഡന്‍ ഭരണകൂടം വാക്സിന്‍ നിര്‍ബന്ധമാക്കിയ തീയതിക്ക് ദിവസങ്ങള്‍ക്കു മുമ്പ് എഫ്.ഡി.എ തിരക്കിട്ട് കുത്തിവെപ്പിന് അനുമതി കൊടുത്തുവെന്നും രണ്ടു പ്രമുഖ എഫ്.ഡി.എ ശാസ്ത്രജ്ഞര്‍ അതിന്റെ അപകടസാധ്യതകളെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിര്‍ബന്ധിത വാക്സിനേഷന് ശാസ്ത്രീയ പിന്‍ബലമില്ലായിരുന്നു, അത് ഗുണത്തെക്കാളേറെ ദോഷം ചെയ്തു. ആരോഗ്യമുള്ള അമേരിക്കക്കാരില്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയത് ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ തകര്‍ക്കുകയും സൈന്യത്തിന്റെ തയ്യാറെടുപ്പിനെ ബാധിക്കുകയും ചെയ്തു. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്കുണ്ടാവുന്ന സ്വാഭാവിക പ്രതിരോധശേഷിയെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ അവഗണിച്ചു, വാക്സിന്‍ കാരണം തകരാറ് സംഭവിച്ചവര്‍ക്ക് നഷ്ടചപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തി- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തകര്‍ന്ന വിശ്വാസ്യത
ഈ റിപ്പോര്‍ട്ടില്‍ പറയുന്നതിനെക്കാള്‍ ഗുരുതരമായ ആരോപണങ്ങളാണ് വാക്സിന്‍ കമ്പനികളും അമേരിക്കയുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുള്ളത്. അവയില്‍ ചിലത് പില്‍ക്കാലത്ത് തെളിയിക്കപ്പെടുകയും ചെയ്തു. വാക്സിനെടുത്തയാളില്‍ നിന്നും കോവിഡ് മറ്റൊരാളിലേക്ക് പകരില്ല എന്ന അവകാശവാദം പിന്നീട് ഫൗച്ചി തന്നെ തെറ്റാണെന്നു സമ്മതിച്ചിരുന്നു. എന്തായാലും ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവും ശാസ്ത്രപുരോഗതിയുള്ളതുമായ രാജ്യത്തിന് മഹാമാരിക്കു മുന്നില്‍ കാലിടറിയെന്നും അതിനു കാരണം ആരോഗ്യവകുപ്പിന്റെയും അധികൃതരുടെയും അനാസ്ഥയും അഴിമിതിയാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വിളിച്ചു പറയുന്നു ഈ റിപ്പോര്‍ട്ട്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലത്ത് അതു കൈകാര്യം ചെയ്ത രീതിയെ ശക്തമായി വിമര്‍ശിച്ച പ്രൊഫ. ഡോ.ജയന്ത് (ജേ) ഭട്ടാചാര്യ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ആരോഗ്യനയം പഠിപ്പിക്കുന്നു. കോവിഡ് കാലത്തെ ലോക്ക്ഡൗണുകളും സ്‌കൂളടപ്പുമൊക്കെ അശാസ്ത്രീയമാണെന്നാരോപിച്ച അദ്ദേഹവും മറ്റു ശാസ്ത്രജ്ഞരും ചേര്‍ന്ന് 2020-ല്‍ തയ്യാറാക്കിയ 'ദി ഗ്രേറ്റ് ബാരിങ്ടണ്‍ ഡിക്ലറേഷന്‍' വിവാദമായിരുന്നു. വൈറസ് ബാധിക്കാന്‍ സാധ്യത തീരെ കുറഞ്ഞവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്ന് വാദിക്കുന്ന പ്രഖ്യാപനം വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സാമൂഹികമാധ്യമങ്ങളില്‍ നിന്നു വിലക്കുകയുമുണ്ടായി. (അക്കാലത്ത് വാക്സിനുകള്‍ക്കെതിരെ സംസാരിച്ചവരെ അമേരിക്കന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിലക്കിയിരുന്നുവെന്ന് പില്‍ക്കാലത്ത് ബിഗ് ടെക് മുതലാളിമാര്‍ വെളിപ്പെടുത്തിയിരുന്നു.) അദ്ദേഹം എന്‍.ഐ.എഛില്‍ ചുമതലയേല്‍ക്കുമ്പോള്‍ സ്വാഭാവികമായും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ആരോപണങ്ങളില്‍ കഴമ്പില്ല, വാക്സിനും നിയന്ത്രണവും ആവശ്യമായിരുന്നു- ഡോ.രാജീവ് ജയദേവന്‍
ഡോ. ജേ ഭട്ടാചാര്യയെപ്പോലുള്ള ആള്‍ക്കാര്‍ പറയുന്നത് കണ്ണടച്ചു വിശ്വസിക്കാനാവില്ലെന്ന് കോവിഡ് രോഗത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ള ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു. വാക്സിന്‍ ലഭ്യമാകും മുമ്പ്, മരണനിരക്ക് മൂര്‍ച്ഛിച്ചു നിന്ന കോവിഡിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ സഖ്യം പുറപ്പെടുവിച്ച 'ഗ്രേറ്റ് ബാരിങ്ടണ്‍ പ്രഖ്യാപനത്തില്‍' പറഞ്ഞതു പോലെ ലോകം ചെയ്തിരുന്നെങ്കില്‍ കോടിക്കണക്കിനു മനുഷ്യര്‍ കൂടുതലായി മരിക്കുമായിരുന്നു. കോവിഡിന്റെ ഔദ്യോഗിക മരണക്കണക്ക് ഏഴു മില്യണ്‍ ആണ്, അതായത് എഴുപതു ലക്ഷം. ശരിക്കുള്ള സംഖ്യ ഇതിന്റെ നാലിരട്ടിയോളം വരുമെന്ന് കരുതപ്പെടുന്നു. ഗ്രേറ്റ് ബാരിങ്ടണ്‍ പ്രഖ്യാപനം നടപ്പായിരുന്നെങ്കില്‍ അതിലും അനേകം മടങ്ങ് ആളുകള്‍ മരിക്കുമായിരുന്നു. ഒരു നിയന്ത്രണവും വേണ്ട, വൈറസ് യഥേഷ്ടം എല്ലാവരിലേയ്ക്കും പകരട്ടെ, അങ്ങനെ 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' കൈവരിക്കാം എന്നതാണ് പ്രഖ്യാപനത്തിന്റെ ചുരുക്കം. 'പ്രായമായവരെ മാറ്റി നിര്‍ത്തി സംരക്ഷിക്കണം' എന്നുള്ള അവരുടെ വാദം, വൈറസിനെ യഥേഷ്ടം വ്യാപിക്കാന്‍ അനുവദിച്ചാല്‍ എങ്ങിനെ പ്രാവര്‍ത്തികമാകും എന്നുള്ളത് സ്വഭാവികമായ ചോദ്യമാണ്.
ഫൈസര്‍ വാക്സിന് അനുമതി കൊടുത്തത് 'തിരക്കിട്ടല്ല', എല്ലാ പരിശോധനയും നടത്തിയ ശേഷമാണ്. മരുന്നു കമ്പനി തെറ്റിദ്ധരിപ്പിച്ചിട്ടുമില്ല. ഒരു കാര്യം ഉറപ്പാണ്, ഫൈസറിന്റേത് മികച്ച ഗവേഷണമായിരുന്നു, പില്‍ക്കാലത്ത് നോബല്‍ സമ്മാനത്തിനര്‍ഹമായ കണ്ടുപിടിത്തമാണ് വാക്സിനായി രൂപം കൊണ്ടത് എന്നു മറക്കരുത്. ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ കുത്തിവെപ്പെടുത്തവരിലുണ്ടാക്കിയ റിസള്‍ട്ടും ഗംഭീരമായിരുന്നു. കുത്തിവയ്പ്പെടുത്തവരില്‍ പിന്നീടുള്ള രണ്ടുമാസ കാലയളവില്‍ കോവിഡ് ബാധയുടെ തോത്, വാക്സിന്‍ എടുക്കാത്തവരെക്കാള്‍ വളരെ കുറവായിരുന്നു എന്നതായിരുന്നു ഗവേഷണഫലം- അദ്ദേഹം പറഞ്ഞു. അക്കാലത്ത് രോഗം രണ്ടാമതു വരുമെന്ന് വ്യക്തമായ തെളിവില്ലായിരുന്നു. എങ്കിലും കൊറോണാ വൈറസുകളുടെ രീതി അനുസരിച്ച് വീണ്ടും രോഗം വരാനുള്ള സാധ്യതയെപ്പറ്റി ഞാന്‍ ആദ്യവര്‍ഷം തന്നെ എഴുതിയിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാളിലേക്കുള്ള രോഗപ്പകര്‍ച്ച തടയുമെന്ന് തുടക്കത്തില്‍ വാക്സിന്‍ ഗവേഷണം പരിശോധിച്ചിട്ടില്ല, അവകാശപ്പെട്ടിട്ടില്ല., ഒരു പക്ഷേ, അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ ആശയവിനിമയം നടത്തിയതിലെ പ്രശ്നമായിരിക്കാം കുത്തിവയ്പ്പെടുത്താല്‍ രോഗപ്പകര്‍ച്ച ഉണ്ടാവില്ലെന്നുള്ള പ്രചാരണത്തിന് പിന്നില്‍. ഡോ. ജേയെപ്പോലുള്ളവര്‍ എന്‍.ഐ എഛിന്റെ തലപ്പത്തു വരുന്നതിനെപ്പറ്റി ശാസ്ത്രലോകത്ത് നിരവധി പേര്‍ക്കുള്ള ഉത്കണ്ഠയും ഡോ. രാജീവ് പങ്കുവെച്ചു.
Content Highlights: COVID Select Concludes two Year Investigation Issues five hundred Page Final Report
Published: 03 Dec 2024, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented