ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ പ്രമേയം 'നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്ന്' (''Gender equality today for a sustainable tomorrow'') എന്നതാണ്. ഇതോടൊപ്പം #BreakTheBias  എന്ന പേരില്‍ ഒരു ഹാഷ്ടാഗ് ക്യാംപെയിനും നടത്തുന്നുണ്ട്. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെയും വേര്‍തിരിവുകളെയും മുന്‍വിധികളെയും പ്രതിരോധിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.  

To advertise here,

മാനസികാരോഗ്യ രംഗത്തും സ്ത്രീകള്‍ നിരവധി വെല്ലുവിളികളും വിവേചനങ്ങളും വേര്‍തിരിവുകളും നേരിടുന്നുണ്ട്. കുടുംബത്തിലും സമൂഹത്തിലും എക്കാലത്തും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് മാനസിക പ്രശ്‌നങ്ങള്‍. ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത് സ്ത്രീകളാണെങ്കില്‍ അതിന്റെ തീവ്രത കൂടും. ചികിത്സിച്ചാല്‍ ഭേദമാകാന്‍ സാധ്യതയുണ്ടോ എന്ന് പോലും അന്വേഷിക്കാതെ എത്രയും പെട്ടെന്ന് ബാധ്യത ഒഴിവാക്കാന്‍ ശ്രമിക്കുന്ന സമൂഹവും ഇവിടെയുണ്ട്. 

സ്ത്രീകള്‍ മാത്രം നേരിടേണ്ടി വരുന്ന ചില മാനസികപ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ അതിജീവന വഴികളെക്കുറിച്ചും സ്ത്രീകള്‍ കുടുംബത്തില്‍ നേരിടുന്ന മറ്റ് വെല്ലുവിളികളെക്കുറിച്ചും വിശദമാക്കുകയാണ് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി.നായര്‍.  

ആര്‍ത്തവ പൂര്‍വ വിഷാദം

കൗമാരപ്രായത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആദ്യമായി തുടങ്ങുന്ന സമയത്താണ് അവരുടെ ആര്‍ത്തവ പൂര്‍വ വിഷാദം (പ്രീന്‍ മെന്‍സ്‌ട്രേല്‍ ഡിസോര്‍ഡര്‍) എന്ന അവസ്ഥ ഉണ്ടാകുന്നത്. ആര്‍ത്തവത്തിന്റെ മുന്‍പുള്ള ഒരാഴ്ചക്കാലമാണ് ഇതിന്റെ ലക്ഷണങ്ങള്‍ വളരെ തീവ്രമായി കാണുന്നത്. ബഹുഭൂരിപക്ഷം സ്ത്രീകളിലും നേരിയ തോതിലുള്ള ശാരീരിക-മാനസിക അസ്വാസ്ഥ്യങ്ങള്‍ ആ ദിവസങ്ങളില്‍ കാണാറുണ്ട്. പക്ഷേ, പ്രത്യേകിച്ച് ചികിത്സയോ ഇടപെടലുകളോ ഇല്ലാതെ ആ പ്രശ്‌നങ്ങള്‍ അവര്‍ക്ക് മറികടക്കാന്‍ സാധിക്കും. 

എന്നാല്‍, 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് തീവ്രമായ ശാരീരിക ലക്ഷണങ്ങള്‍ അതായത് അടിവയര്‍ വേദന, ഛര്‍ദി, തലവേദന തുടങ്ങിയ അസ്വസ്ഥതകള്‍ കാണാറുണ്ട്. എട്ടുശതമാനത്തോളം സ്ത്രീകളില്‍ തീവ്രമായ വിഷാദ ലക്ഷണങ്ങള്‍ അതായത്, ഉറക്കക്കുറവ്, സങ്കടം, ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉത്കണ്ഠ, ദേഷ്യം, പഠിക്കാനുള്ള ബുദ്ധിമുട്ട്, ആളുകളോട് ഇടപഴകാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ കാണും. ഇത് ഏകദേശം ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവത്തിന്റെ ആദ്യത്തെ രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായും മാറുകയും ചെയ്യും. 

ചിലപ്പോള്‍ ഇത്തരം കുട്ടികള്‍ ഈ ദിവസങ്ങളില്‍ ഒന്നും ചെയ്യാനാവാത്ത തരത്തില്‍ തീവ്രമായ ഒരു സങ്കടാവസ്ഥയിലേക്ക് പോവാറുണ്ട്. ഈ അവസ്ഥയ്ക്കാണ് പ്രീ മെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ അഥവ ആര്‍ത്തവപൂര്‍വ വിഷാദരോഗമെന്ന് പറയുന്നത്. 

ഇക്കാര്യങ്ങള്‍ ശീലിക്കാം

  • ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ വേണ്ടി നിദ്രാശുചിത്വ വ്യായാമങ്ങള്‍ പാലിക്കുക. 
  • ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കുക 
  • ധാരാളം വെള്ളം കുടിക്കുക 
  • പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക
  • മിതമായ തോതില്‍ വ്യായാമം ചെയ്യുക 
  • സംഗീതം ആസ്വദിക്കുക 
  • അടുത്ത കൂട്ടുകാരുമൊത്ത് ആശയവിനിമയം പുലര്‍ത്തുക 

പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍

പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍ ഇവയാണ്. 

1. പോസ്റ്റ് നേറ്റല്‍ ബ്ലൂസ്

പ്രസവം കഴിഞ്ഞ് ഒട്ടേറെ സ്ത്രീകള്‍ക്ക് നേരിയ തോതില്‍ ഒരു ബുദ്ധിമുട്ട്, സങ്കടം, ഉന്‍മേഷക്കുറവ്, പെട്ടെന്ന് കരച്ചില്‍ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. പ്രസവാനന്തര വിഷമം അഥവ പോസ്റ്റ് നേറ്റല്‍ ബ്ലൂസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. ഇത് സ്വാഭാവികമാണ്. ജീവിതപങ്കാളിയുടെയോ ബന്ധുക്കളുടെയോ ഒരു സാമിപ്യവും സ്‌നേഹപൂര്‍ണമായ പരിചരണവും ഉണ്ടെങ്കില്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ലാതെ ഇത് മാറിപ്പോകാം.  കുറച്ചു സ്ത്രീകളില്‍ തീവ്രമായ ലക്ഷണങ്ങള്‍ ഈ പ്രസവത്തിന് ശേഷം കാണാറുണ്ട്. 

2. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍

പ്രസവത്തിന് ശേഷമുള്ള ഏതാനും ദിവസങ്ങള്‍ തൊട്ട് ആറാഴ്ച വരെയുള്ള സമയത്തിനുള്ളില്‍ ഉറക്കക്കുറവ്, സങ്കടം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെ തനിക്ക് നന്നായി നോക്കാന്‍ കഴിയുമോ എന്ന ആശങ്ക, കുഞ്ഞിന് എന്തെങ്കിലും അസുഖം പിടിപെടുമോ എന്ന ആശങ്ക, കരയാനുള്ള പ്രവണത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത് തീവ്രമാകുന്നതോടു കൂടി ഉറക്കം പൂര്‍ണമായും നഷ്ടപ്പെട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥ വരികയും ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷം വരികയും പലപ്പോഴും ആത്മഹത്യാപ്രവണത വരികയും ചെയ്യും. ഇതിനെയാണ് പ്രസവാനന്തര വിഷാദം അഥവ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന് പറയുന്നത്. 

placeholder
Dr. Arun B. Nair
ഡോ. അരുണ്‍ ബി.നായര്‍

പലപ്പോഴും പ്രസവാനന്തര വിഷാദമുള്ള സ്ത്രീകള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതും കുഞ്ഞിനെ കൊലപ്പെടുത്തിയതുമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തലച്ചോറിലെ സെറോട്ടോണിന്‍ എന്ന കെമിക്കലിലെ അളവിലെ വ്യത്യാസമാണ് ഇവിടെ പ്രശ്‌നമാകുന്നത്. പ്രസവം കഴിഞ്ഞ് ശരീരത്തിലെ ഹോര്‍മോണുകളില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ ഉണ്ടാവുകയും അതുമൂലം തലച്ചോറിലെ രാസവസ്തുക്കള്‍ക്ക് വ്യതിയാനം വരുകയും അത് വിഷാദ അവസ്ഥയായിത്തീരുകയും ചെയ്യും. തലച്ചോറിലെ സെറോട്ടോണിന്റെ അളവ് ക്രമീകരിക്കാനുള്ള സുരക്ഷിതമായ മരുന്നുകള്‍ നിലവിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോലും സുരക്ഷിതമായി കൊടുക്കാവുന്ന ചില മരുന്നുകള്‍ ഈ കൂട്ടത്തിലുണ്ട്. ആ മരുന്നുകള്‍ നല്‍കിയാല്‍ ഈ വിഷാദം പരിപൂര്‍ണമായി ഭേദപ്പെടുത്താനാകും. ഏകദേശം ഒരു ആറുമാസത്തിനുള്ളില്‍ മരുന്നുകള്‍ നിര്‍ത്താനും സാധിക്കും. 

3. പ്രസവാനന്തര ചിത്തഭ്രമം

ഏറ്റവും തീവ്രമായ പ്രസവാനന്തര മാനസിക പ്രശ്‌നമാണ് പ്രസവാനന്തര ചിത്തഭ്രമം അഥവാ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്. പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളില്‍ അകാരണമായ ഭയം, സംശയങ്ങള്‍, ഉറക്കമില്ലായ്മ, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ മുഴങ്ങുന്നതു മൂലമുള്ള മിഥ്യാനുഭവങ്ങള്‍, ആരോ കൊല്ലാന്‍ വരുന്നു എന്നതുപോലെയുള്ള മിഥ്യാ വിശ്വാസങ്ങള്‍, കുഞ്ഞ് ഭീകര ജീവിയാണെന്നും തന്നെ ആക്രമിക്കുമെന്നുമുള്ള മിഥ്യാവിശ്വാസങ്ങള്‍ ഇതെല്ലാം ചേര്‍ന്ന് തികിച്ചും അസ്വാഭാവികമായ പെരുമാറ്റം ചില സ്ത്രീകളില്‍ കാണാം. ഈ അസ്വാഭാവികമായ പെരുമാറ്റത്തിന്റെ തീവ്രതയില്‍ അമ്മമാര്‍ കുട്ടിയെ കൊന്നുകളഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രസവം കഴിഞ്ഞതിന് ശേഷം പൊടുന്നനെയുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളെത്തുടര്‍ന്ന് തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവില്‍ വ്യത്യാസം വരുന്നതാണ് ഈ പ്രസവാനന്തര ചിത്തഭ്രമത്തിന് കാരണം. 

തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന ചിത്തഭ്രമ വിരുദ്ധ ഔഷധങ്ങള്‍ അഥവാ ആന്റിസൈക്കോട്ടിക്‌സ് ഈ അവസ്ഥയില്‍ ഉപയോഗിക്കാം. ഇതിലും മുലയൂട്ടുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി നല്‍കാവുന്ന വിധത്തിലുള്ള മരുന്നുകളുണ്ട്. ആ മരുന്നുകളുപയോഗിച്ചാല്‍ പ്രസവാനന്തര ചിത്തഭ്രമം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകും. 

ഇത്തരത്തിലുള്ള പ്രസവാനന്തര മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ചികിത്സയിലൂടെ വളരെ പെട്ടെന്ന് അത് ഭേദപ്പെടുത്തിയെടുക്കാനും പൂര്‍ണമായി മാറ്റിയെടുക്കാനും സാധിക്കും. നിശ്ചിത കാലത്തിന് ശേഷം മരുന്നുകള്‍ പൂര്‍ണമായും നിര്‍ത്താനും സാധിക്കും. 

ആര്‍ത്തവ വിരാമശേഷമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമശേഷം സ്ത്രീകളില്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ആര്‍ത്തവം നിലയ്ക്കുന്നതോടെ അതുവരെ പ്രജനനത്തിന് സഹായിച്ചിരുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. ഇത്തരത്തില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്നതിനെത്തുടര്‍ന്ന് ആര്‍ത്തവ വിരാമാനന്തര വിഷാദം അഥവാ പോസ്റ്റ് മെനപ്പോസല്‍ ഡിപ്രഷന്‍ എന്ന ഒരു അവസ്ഥ ഒരുപാട് സ്ത്രീകളില്‍ കാണപ്പെടുന്നുണ്ട്. ശാരീരിക വേദന, നടുവേദന, തലവേദന, കൈകാലുകള്‍ക്ക് പെരുപ്പ്, ശരീരത്തില്‍ മുളകരച്ച് തേച്ചതുപോലെയുള്ള പുകച്ചില്‍, എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ കിടന്നാല്‍ പോലും ശരീരത്തില്‍ പുകച്ചില്‍, വിയര്‍ത്തൊലിക്കുന്ന തരത്തിലുള്ള ചൂട് തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇതോടൊപ്പം, ഉറക്കമില്ലായ്മ, അമിത നെഞ്ചിടിപ്പ്, അമിതമായ വെപ്രാളം, സങ്കടം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.  

തലച്ചോറിലെ നോര്‍ എപ്പിനെഫ്രിന്‍ എന്ന രാസവസ്തുവിന്റെ അളവിലുള്ള വ്യതിയാനങ്ങളാണ് ഇത്തരം ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് കൃത്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാവുന്നതാണ്. നോര്‍ എപ്പിനെഫ്രിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും ഈ രോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്തിയെടുക്കാം. 

സ്ത്രീകള്‍ നേരിടുന്ന ചില വെല്ലുവിളികള്‍

സ്ത്രീകളിലെ മാനസിക പ്രശ്‌നങ്ങള്‍ കൂടാതെ സ്ത്രീകള്‍ നേരിടുന്ന ചില വെല്ലുവിളികളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്. 

വീട്ടിലെ രോഗീപരിചരണം സ്ത്രീകളുടെ ഉത്തരവാദിത്തമാകുമ്പോള്‍

ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരാള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ പ്രാഥമികമായ പരിചരണം മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്. സാധാരണ ശാരീരികാരോഗ്യ പ്രശ്‌നങ്ങളാണെങ്കിലും കാന്‍സര്‍ പോലെയുള്ള ഗൗരവ രോഗങ്ങളാണെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങളാണെങ്കിലും ആ രോഗികളുടെ പരിചരണം സ്ത്രീയുടെ ഉത്തരവാദിത്തമായി സമൂഹം കാണുന്നു. സ്വാഭാവികമായിട്ടും അത് പരിചാരകരുടെ മാനസികസമ്മര്‍ദം(care giver burden) എന്നൊരു അവസ്ഥയിലേക്കെത്തിക്കുന്നു. ഏത് രോഗാവസ്ഥയുള്ള ആളിനെയാണ് പരിചരിക്കുന്നത് എന്നതിന് അനുസരിച്ച് സ്ത്രീകളുടെ ഇത്തരം 'കെയര്‍ ഗിവര്‍ ബര്‍ഡന്‍' കൂടാം. മറവി രോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്ന സ്ത്രീയെ ഉദാഹരണമായെടുക്കാം. മറവി രോഗം മൂലമുള്ള വ്യക്തിയ്ക്ക് മറവിരോഗം എന്നതിലുപരി, മറവിരോഗം മൂലം അവര്‍ക്ക് ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നൊരു അവസ്ഥയുണ്ടാകും. എല്ലാ കാര്യത്തിനും പരസഹായം വേണ്ടിവരും. ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെ നോക്കേണ്ടിയും വരും. പക്ഷേ, അതോടൊപ്പം മറവിരോഗം ബാധിച്ചവരില്‍ ഗുരുതരമായ പെരുമാറ്റ പ്രശ്‌നങ്ങളും കാണാം. അമിത ദേഷ്യം, ഉറക്കമില്ലായ്മ, അശ്ശീല ചേഷ്ഠകള്‍ കാണിക്കുക, ചിത്തഭ്രമ ലക്ഷണങ്ങള്‍ പ്രകടമാക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. പലരും പരിചരിക്കുന്നവരുടെ നേരെ ദേഷ്യവും അക്രമസ്വഭാവവും കാണിച്ചെന്നിരിക്കും. പരിചരിക്കുന്ന സ്ത്രീകളെ മര്‍ദിക്കാനും ഇടയുണ്ട്. രാത്രിയില്‍ ഉറങ്ങാതെ ഉടനീളം ശബ്ദമുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്തുകൊണ്ട് പരിചരിക്കുന്നവരുടെ ഉറക്കം കളയുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. ഇതെല്ലാം വളരെ തീവ്രമായ മാനസിക സമ്മര്‍ദമാണ് പരിചാരകരായ സ്ത്രീകളില്‍ സൃഷ്ടിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്നു എന്നതായിരിക്കും ആദ്യം സംഭവിക്കുന്നത്. സ്വാഭാവികമായും ദീര്‍ഘനാളായി ഉറക്കം നഷ്ടപ്പെടുമ്പോള്‍ അത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ശാരീരിക ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ ഇതിന്റെ അനുബന്ധമായി ഈ പരിചാരകരായ സ്ത്രീകളില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.   

സ്ത്രീകള്‍ രോഗബാധിതരാകുമ്പോള്‍  കുടുംബത്തിന്റെ സമീപനം

സ്ത്രീകള്‍ രോഗബാധിതരാകുമ്പോള്‍ അവരോടുള്ള സമൂഹത്തിന്റെ സമീപനം വ്യത്യസ്തമാണ്. പലപ്പോഴും ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് രോഗം വന്നാല്‍ അവരുടെ പങ്കാളിയായ പുരുഷന്‍ അവരെ എത്രത്തോളം പരിചരിക്കുമെന്നത് ഒരു വിഷയമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാനസിക രോഗം വന്നാല്‍ അവരോട് വളരെ അസഹിഷ്ണുതയോടെ അവരുടെ പങ്കാളികള്‍ പെരുമാറുന്നത് കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ അവരെ ഒരു ഭാരമായി കരുതി- ഭേദപ്പെടുന്ന അസുഖമാണെങ്കില്‍ പോലും ചികിത്സയ്ക്ക് കൊണ്ടുപോകാതെ- ഇതൊരു ബാധ്യതയായി കരുതി വിവാഹമോചനത്തിലേക്ക് പോകുന്നതായി കണ്ടുവരുന്നുണ്ട്. ഇതൊരു പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ രീതിയാണ്. ഈ രീതി മാറേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും പ്രായമാകുന്ന സ്ത്രീകള്‍ക്ക്/ അമ്മമാര്‍ക്ക് വരുന്ന രോഗങ്ങള്‍ വളരെ കരുതലോടെ കുടുംബാംഗങ്ങള്‍ കാണാറുണ്ട്; അവരെ പരിചരിക്കാറുമുണ്ട്. എന്നാല്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ പുരുഷനും കുടുംബാംഗങ്ങളും ഈ രീതി സ്വീകരിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. 

ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ട കാലമാണിത്. ഇതിനായിരിക്കണം നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.