ഹ്യുമൻ പാപ്പിലോമ വൈറസ്‌ കാൻസറായി മാറുന്നത് ഇങ്ങനെ; പ്രതിരോധമാർഗങ്ങളും ചികിത്സയും


ഡോ. ജീന ബാബുരാജ്ഹ്യുമന്‍ പാപ്പിലോമ വൈറസ് ഉണ്ടായവരില്‍ 90 ശതമാനം പേരിലും രണ്ടുവര്‍ഷംകൊണ്ട് ഇത് തനിയേ മാറുന്നതായിട്ടാണ് കണ്ടുവരുന്നത്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഹ്യുമന്‍ പാപ്പിലോമ വൈറസ്(എച്ച്.പി.വി.) ഉണ്ടായവര്‍ക്ക് വളരെ അപൂര്‍വമായി വര്‍ഷങ്ങള്‍ക്കുശേഷമുണ്ടാകുന്ന കോശവ്യതിയാനങ്ങള്‍മൂലമാണ് ഗര്‍ഭാശയമുഖാര്‍ബുദം ഉണ്ടാകുന്നത്. ഹ്യുമന്‍ പാപ്പിലോമ വൈറസ്ബാധ സര്‍വസാധാരണമാണ്. 50 വയസ്സാകുമ്പോഴേക്കും 80 ശതമാനം സ്ത്രീകളിലും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇരുനൂറില്‍പ്പരം ഉപജാതികളുള്ള ഹ്യുമന്‍ പാപ്പിലോമ വൈറസിന്റെ 14 ഉപജാതികള്‍മാത്രമാണ് കാന്‍സറിനുകാരണമായിട്ടുള്ളത്. അതില്‍ത്തന്നെ എച്ച്.പി.വി. പത്തും പതിനെട്ടുമാണ് 70 ശതമാനം ഗര്‍ഭാശയമുഖ കാന്‍സറിനും കാരണം. പക്ഷേ, ഇന്ത്യയിലിത് 85 ശതമാനത്തിനുമുകളിലാണ്.

കാന്‍സറിലേക്കുള്ള പരിവര്‍ത്തനംഹ്യുമന്‍ പാപ്പിലോമ വൈറസ് ഉണ്ടായവരില്‍ 90 ശതമാനം പേരിലും രണ്ടുവര്‍ഷംകൊണ്ട് ഇത് തനിയേ മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. പക്ഷേ, ചിലരില്‍ ഇത് സ്ഥിരമായി നില്‍ക്കാന്‍ സാധ്യതയുണ്ട്. ഹൈറിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട എച്ച്.പി.വി. 16ഉം 18ഉം സ്ഥിരമായി നില്‍ക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ പ്രതിരോധശേഷി കുറഞ്ഞവര്‍, കൂടുതല്‍ പ്രസവിക്കുന്നവര്‍, ചെറുപ്രായത്തിലേ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍, പുകവലിക്കുന്നവര്‍, കൂടുതല്‍ ലൈംഗികപങ്കാളികളുള്ളവര്‍ എന്നിവരിലും ഇത് സ്ഥിരമായി നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

ഇങ്ങനെ എച്ച്.പി.വി. അണുബാധ സ്ഥിരമായി നില്‍ക്കുന്നവരില്‍ ഗര്‍ഭാശയമുഖാര്‍ബുദത്തിന്റെ മുന്നോടിയായുള്ള കോശവ്യതിയാനങ്ങളുണ്ടാകുന്നു. ഇതിനെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലസിയ അഥവാ സി.ഐ.എന്‍. എന്നുപറയുന്നു. സി.ഐ.എന്‍. ഗര്‍ഭാശയമുഖാര്‍ബുദമല്ല. അതിനുമുന്നോടിയായുള്ള കോശ വ്യതിയാനങ്ങളാണ്. സി.ഐ.എന്നെ അതിന്റെ തീവ്രത അനുസരിച്ച് സി.ഐ.എന്‍.1, സി.ഐ.എന്‍.2, സി.ഐ.എന്‍.3 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സി.ഐ.എന്‍. കാന്‍സറായി മാറാന്‍ 10-15 വര്‍ഷമെടുക്കും. അതിനുള്ളില്‍ സി.ഐ.എന്‍. കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ നമുക്ക് ഗര്‍ഭാശയമുഖാര്‍ബുദം പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിയും.

പ്രതിരോധമാര്‍ഗങ്ങള്‍

രോഗംവന്ന് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെനോക്കുന്നതാണല്ലോ. ഗര്‍ഭാശയമുഖാര്‍ബുദത്തിനുള്ള പ്രതിരോധകുത്തിവെപ്പ് ഇപ്പോള്‍ ലഭ്യമാണ്.

എച്ച്.പി.വി. കുത്തിവെപ്പ്

എച്ച്.പി.വി. കുത്തിവെപ്പ് 2008 മുതല്‍ കേരളത്തില്‍ പ്രചാരണത്തിലുണ്ട് മൂന്നുതരം വാക്‌സിനുണ്ട്

1. ബൈവാലന്റ് കുത്തിവെപ്പ്

എച്ച്.പി.വി. 16-നും 18-നും എതിരേ

2. ക്വാഡ്രിവാലന്റ് കുത്തിവെപ്പ്

എച്ച്.പി.വി. 16, 18, 6, 11 എന്നിവക്ക് എതിരേ. (എച്ച്.പി.വി. 6ഉം 11-മാണ് ഗുഹ്യഭാഗത്തുണ്ടാകുന്ന അരിമ്പാറയുടെ 90 ശതമാനത്തിനും കാരണം)

3. നോനാവാലന്റ് കുത്തിവെപ്പ്

എച്ച്.പി.വി. 16, 18, 6, 11, ഇവ കൂടാതെ ഹൈറിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട 31, 33, 39, 45, 52 എന്നിവകൂടിയുണ്ട്. വാക്‌സിന്‍ 90 ശതമാനം ഗര്‍ഭാശയമുഖാര്‍ബുദത്തിനെയും പ്രതിരോധിക്കുന്നു. ഈ കുത്തിവെപ്പ് 2021 മുതല്‍ കേരളത്തില്‍ ലഭ്യമാണ്.

കുത്തിവെപ്പ്‌ ആർക്കൊക്കെ എടുക്കാം

ഒമ്പതുമുതല്‍ 26 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രഥമപരിഗണന. ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 45 വയസ്സുവരെ കുത്തിവെപ്പ് കൊടുക്കാമെന്ന് ഇന്ത്യന്‍ ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയായ എഫ്.ഒ.ജി.എസ്.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിനുമുമ്പേ ഈ കുത്തിവെപ്പെടുക്കണം. ഇത് എച്ച്.പി.വി. അണുബാധ ഉണ്ടാകാതിരിക്കാനുള്ള കുത്തിവെപ്പാണ്

ക്വാഡ്രിവാലന്റ് വാക്‌സിനും നോനാവാലന്റ് വാക്സിനും ആണ്‍കുട്ടികള്‍ക്കും കൊടുക്കാം. ഒമ്പതുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് രണ്ടുഡോസ് കുത്തിവെപ്പുമതി. ഒന്നാമത്തെ കുത്തിവെപ്പുകഴിഞ്ഞ് ആറാമത്തെ മാസത്തില്‍ രണ്ടാമ?െത്ത കുത്തിവെപ്പെടുക്കണം. 15 വയസ്സിനുമുകളിലുള്ളവര്‍ മൂന്നുഡോസ് വാക്‌സിനെടുക്കണം. ഒന്നാമത്തെ കുത്തിവെപ്പ് എടുത്തുകഴിഞ്ഞ് രണ്ടാമത്തെ മാസത്തിലും ആറാമത്തെ മാസത്തിലും എടുക്കേണ്ടതാണ്. ബൂസ്റ്റര്‍ഡോസിന്റെ ആവശ്യമില്ല. ജീവിതകാലം മുഴുവന്‍ ഈ വൈറസ് ടൈപ്പുകളില്‍നിന്ന് രക്ഷനേടാം. നല്ല പ്രതിരോധശേഷിയുള്ളതും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ് എച്ച്.പി.വി. വാക്‌സിന്‍. ഇതുവരെ ഈ കുത്തിവെപ്പ് നമ്മുടെ ഇമ്യുണൈസേഷന്‍ ഷെഡ്യൂളിന്റെ ഭാഗമായിട്ടില്ല. പാശ്ചാത്യരാജ്യങ്ങളും വികസിതരാജ്യങ്ങളും നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, തായ്ലാന്‍ഡ് തുടങ്ങിയ അവികസിതരാജ്യങ്ങള്‍പോലും എച്ച്.പി.വി. വാക്‌സിന്‍ അവരുടെ ഇമ്യുണൈസേഷന്റെ ഭാഗമാക്കിക്കഴിഞ്ഞു.

ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്‍പന്തിയില്‍നില്‍ക്കുന്ന കേരളത്തില്‍, എച്ച്.പി.വി. വാക്‌സിന്‍ ഇമ്യുണൈസേഷന്‍ ഷെഡ്യൂളിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കാം.

സ്‌ക്രീനിങ് ടെസ്റ്റുകള്‍

എച്ച്.പി.വി. അണുബാധയോ സി.­ഐ.എന്നോ ഉള്ളവര്‍ക്ക് പ്രത്യേകിച്ച് രോഗ ­ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. സാധാരണ പരിശോധനകള്‍കൊണ്ട് രോഗം കണ്ടുപിടിക്കാന്‍ കഴിയില്ല. അതിനുവേണ്ടിയുള്ള പ്രത്യേക ടെസ്റ്റുചെയ്താല്‍മാത്രമേ കണ്ടുപിടിക്കാന്‍ കഴിയൂ. ഈ ടെസ്റ്റുകളെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ എന്നുപറയുന്നു. വിവാഹിതരായ എല്ലാ സ്ത്രീകളുടെയും അവകാശമാണ് സ്‌ക്രീനിങ് ടെസ്റ്റുകള്‍.

ഇപ്പോള്‍ പ്രചാരത്തിലുള്ള സ്‌ക്രീനിങ് ടെസ്റ്റുകള്‍ സൈറ്റോളജി, വി.ഐ.എ., എച്ച്.പി.വി., ഡി.എന്‍.എ. ടെസ്റ്റ് എന്നിവയാണ്

സി.ഐ.എന്‍. ചികിത്സാരീതികള്‍

വളരെ ലളിതമായ ചികിത്സാരീതികള്‍കൊണ്ട് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണ് സി.ഐ.എന്‍.

ക്രായോതെറാപ്പി: സി.ഐ.എന്‍. കോശങ്ങളെ തണുപ്പിച്ച് നശിപ്പിക്കുന്ന രീതി. ഒ.പി.യില്‍?െവച്ച് അനസ്‌തേഷ്യയൊന്നുമില്ലാതെ ചെയ്യാവുന്ന ലളിതമായ ചികിത്സാരീതിയാണിത്.

തെര്‍മല്‍ അബ്ലേഷന്‍: സി.ഐ.എന്‍. കോശങ്ങളെ ചൂടാക്കി നശിപ്പിക്കുന്ന രീതിയാണിത്. ചുരുങ്ങിയ സമയംകൊണ്ട് ഒ.പി.യില്‍െവച്ചുതന്നെ ചെയ്യാവുന്നതാണ്.

ലീപ് സര്‍ജറി അഥവാ കോണ്‍ ബയോപ്‌സി: ­സി.ഐ.എന്‍. ഉള്ള ഭാഗത്തെമാത്രം മുറിച്ചുമാറ്റുന്ന ചികിത്സാരീതി. ലോക്കല്‍ അനസ്‌തേഷ്യയില്‍ ഡേ കെയര്‍ സര്‍ജറിയായി ചെയ്യാവുന്നതാണ്. സി.ഐ.എന്ന് ഗര്‍ഭപാത്രം എടുത്തുകളയേണ്ട ആവശ്യമില്ല. ഇങ്ങനെയുള്ള ലളിതമായ ചികിത്സകള്‍കൊണ്ട് പൂര്‍ണമായി ഭേദപ്പെടുത്താന്‍ കഴിയുന്ന അസുഖമാണ് ശ്രദ്ധക്കുറവുമൂലം മാരകമായ കാന്‍സറായി മാറുന്നത്.

ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ കര്‍മപദ്ധതിയിലൂന്നിയ സമയബന്ധിതവും സുസംഘടിതവുമായ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും സര്‍ക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ലോകാരോഗ്യസംഘടന വിഭാവനം ചെയ്യുന്നതുപോലെ 2030 ആകുമ്പോഴേക്കും ഗര്‍ഭാശയമുഖാര്‍ബുദത്തെ തുടച്ചുമാറ്റാന്‍ സാധിക്കും.

അവികസിത രാജ്യങ്ങളിലെ സ്ത്രീകളില്‍ കാന്‍സര്‍മൂലമുള്ള മരണത്തിന്റെ പ്രധാന കാരണം ഗര്‍ഭാശയമുഖ അര്‍ബുദമാണ്. ലോകരാജ്യങ്ങളില്‍ ഈ അസുഖത്തിന്റെ വ്യാപനത്തിന്റെ കണക്കെടുത്താല്‍ മൊത്തം രോഗികളുടെ എണ്ണത്തിന്റെയും അതുമൂലമുള്ള മരണത്തിന്റെയും 25 ശതമാനം ഇന്ത്യയിലാണ്. കാന്‍സര്‍മൂലമുള്ള മരണത്തിന്റെ കണക്കെടുത്താല്‍ ഗര്‍ഭാശയമുഖാര്‍ബുദം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ്; കേരളത്തിലിത് മൂന്നാംസ്ഥാനത്തും

(ഗൈനക്കോളജിസ്റ്റായ ലേഖിക കെ.എഫ്.ഒ.ജി. ഓങ്കോളജി കമ്മിറ്റി ചെയര്‍പേഴ്സണും എഫ്.ഒ.ജി.എസ്.ഐ. കേരള സംസ്ഥാന ഓങ്കോളജി കമ്മിറ്റി കോ-ഓര്‍ഡിനേറ്ററുമാണ്)


Content Highlights: to overcome cervical cancer, cervical cancer treatment causes and symptoms, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented