ണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം ഓർമ്മയുണ്ടോ? മറ്റേത് രോഗത്തെക്കാളും കാൻസർ എന്ന മഹാമാരി എങ്ങനെയാണ് ഒരു കുടുംബത്തെ, അതിലെ ഓരോ അംഗത്തെയും ബാധിക്കുക എന്നത് നമ്മളതിൽ കണ്ടു. ഒരു കുടുംബത്തിന്റെ സന്തോഷത്തിന്റെയും സമ്പത്തിന്റെയും അടിത്തറ ഇളക്കാൻ കെൽപ്പുള്ള ഒരു രോഗം! ഇന്നും മരുന്നുകൾ കൃത്യമായി അത്ഭുതങ്ങൾ ചെയ്യാത്ത രോഗം! പക്ഷേ, അതിനെയും പുഞ്ചിരിയോടെ നേരിടുന്നവരെ നമ്മൾ എന്തു വിളിക്കണം... Warriors അഥവാ യോദ്ധാക്കൾ എന്ന് തന്നെ അവരെ അഭിസംബോധന ചെയ്യണം.

To advertise here,

കാൻസർ സ്ഥിരീകരിക്കുന്ന ഒരാൾ ഏതൊക്കെ അവസ്ഥകളിലൂടെയാവും കടന്നുപോവുക? ആശങ്കയിൽ നിന്ന് മരവിപ്പിലേക്കും അവിടെ നിന്ന് ഭീകരമായ ഉത്കണ്ഠയിലേക്കും പിന്നീട് ലോകത്തോട് മുഴുവനുള്ള ദേഷ്യത്തിലേക്കും ഒടുവിൽ യഥാർഥ്യത്തിലേക്കും അവർ കടക്കുന്നു. ആ യാഥാർഥ്യം ഉൾക്കൊണ്ട് അതിനോടൊരു യുദ്ധം പ്രഖ്യാപിച്ച്, കൃത്യമായ ചികിത്സ കൃത്യസമയത്തെടുക്കുക എന്നതാണ് ഈ രോഗത്തിനുള്ള പ്രതിവിധി. 

2024ലെ ലോക കാൻസർ ദിനത്തിൻ്റെ തീം "ക്ലോസ് ദ കെയർ ഗ്യാപ്പ്" എന്നതാണ്. ലോകമെമ്പാടും നിലനിൽക്കുന്ന കാൻസർ പരിചരണത്തിലെ അസമത്വങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഈ തീം കൊണ്ട് ഉദ്ദേശിക്കുന്നത്.

വെല്ലുവിളികൾ, അഭ്യൂഹങ്ങൾ

കാൻസർ ചികിത്സയും അതിന്റെ സാങ്കേതികതയും ഇന്നേറെ മുന്നോട്ടുപോയെങ്കിലും ഇന്നും ചില പ്രദേശങ്ങളിലെയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളിലെയും പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിലെയും ആളുകൾക്ക് ഗുണനിലവാരമുള്ള കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ ലഭ്യമാക്കുന്നതിന് പലപ്പോഴും കാര്യമായ തടസ്സങ്ങൾ നേരിടുന്നു. 

എത്രയും നേരത്തെ കണ്ടെത്തുക എന്നതാണ് കാൻസർ ചികിത്സയുടെ മർമപ്രധാന ഘടകം. അതിനായി എല്ലാ ജില്ലകളിലും Early Cancer Detection Centre ഉണ്ട്. എന്നാൽ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇന്നും അടിസ്ഥാന ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ പോലും ഇപ്പോഴും വിരളമാണ് അല്ലെങ്കിൽ അപ്രാപ്യമാണ് എന്നത് ഒരു സത്യമല്ലേ?  പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ കാന്‍സറുകള്‍ തടയാനാകും. ശ്വാസകോശാര്‍ബുദം, കഴുത്തിലെയും തൊണ്ടയിലെയും കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ ഉദാഹരണം. പുകയില വര്‍ജിക്കുകയാണെങ്കില്‍ കേരളത്തില്‍ പുരുഷന്‍മാരിലെ കാന്‍സറിന്റെ 50 ശതമാനവും തടയാനാകും.

വികസിത രാജ്യങ്ങളിൽ പോലും കാൻസർ ചികിത്സയുടെ ചെലവ് അതിഭീമമാണ്. മരുന്നുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് മുതൽ അത് നൽകാനുള്ള സംവിധാനങ്ങൾ വരെ ചെലവേറിയത് തന്നെ. എങ്ങനെ എവിടെ നിന്ന് കൃത്യമായ, എന്നാൽ ചെലവ് കുറഞ്ഞ ചികിത്സ ലഭിക്കും എന്നത് ഇപ്പോഴും കൃത്യമായി പൊതുജനത്തിന് അറിയില്ല എന്നതും തിരിച്ചടിയാണ്.

കാൻസർ പലപ്പോഴും നാണക്കേടും ഭയവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് സഹായം തേടുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. തനിക്ക്  കാൻസർ ഉണ്ടെന്ന് പുറംലോകം അറിയരുത് എന്നാഗ്രഹിക്കുന്ന ജനതയാണ് ഇപ്പോഴും കൂടുതൽ.സമൂഹം ഇപ്പോഴും കാൻസര്‍ ഒരു ശാപമോ പാപമോ ഒക്കെയായി കാണുന്നു. ഇനി ഇതില്‍നിന്നു മോചനമില്ലെന്നും രോഗി ശ്രദ്ധിക്കാത്തതുകൊണ്ടുവന്ന രോഗമാണെന്നും ഇനി വരുംതലമുറയ്ക്കും വരാന്‍ സാധ്യതയുണ്ടെന്നുംവരെ ധരിക്കുന്നവരുണ്ട്. നല്ല വിദ്യാഭ്യാസമുള്ളവര്‍പോലും കാൻസര്‍ ഒരു പാരമ്പര്യ രോഗമായി കാണുന്നവരാണ്. പാരമ്പര്യഘടകം അഞ്ചുമുതല്‍ പത്തു ശതമാനംവരെ മാത്രമാണ്.

കാൻസര്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്ന അസുഖമല്ല. ഇതിന്റെ കാരണങ്ങള്‍ സമഗ്രമായി തെളിയിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ പരിസ്ഥിതിമലിനീകരണം, രാസവസ്തുക്കള്‍, വൈറസ്, ജീവിതശൈലി, പാരമ്പര്യം എന്നിവ കാരണങ്ങളാണ്. പിടിപെടുന്നവരൊക്കെ മരണപ്പെടുമെന്ന മിഥ്യധാരണയൊക്കെ ഇപ്പോൾ മാറി വരുന്നുണ്ട്. എങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഏറെയാണ്. അഞ്ചു വർഷം മാത്രമേ ജീവിക്കൂ എന്ന് പത്രത്തിൽ വായിച്ചപ്പോൾ, അതിലേറെ കൊല്ലമായി കാൻസറിൽ നിന്ന് വിടുതൽ പ്രാപിച്ച ഒരു പെൺകുട്ടി ഡോക്ടറെ വിളിച്ചു "ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ അല്ലെ സർ " എന്ന് ചോദിച്ചതിനെപ്പറ്റി വായിച്ചത് ഓർക്കുന്നു!!!

ഇതിനൊക്കെ ഉപരി ബന്ധുക്കളും രോഗീസന്ദർശനത്തിനു വരുന്നവരുമുണ്ടാക്കുന്ന ഉപദ്രവം ചില്ലറയല്ല. ഏത് സ്റ്റേജ് ആണ് മുതൽ അയലത്തെ വീട്ടിലെ ചേട്ടൻ കാൻസർ വന്നു മരിച്ചത് വരെ രോഗിക്ക് മുന്നിലേക്ക് അഴിച്ചിടുമ്പോൾ അവർ സത്യത്തിൽ ആ രോഗിയെ പകുതി കൊല്ലുകയാണ്.

ചെലവുകൾ 

ശസ്ത്രക്രിയ,റോബോട്ടിക് സർജറി, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഇമ്മ്യുണോതെറാപ്പി, മജ്ജ മാറ്റിവെക്കൽ, ടാർഗറ്റഡ് തെറാപ്പി, ഹോർമോൺ തെറാപ്പി, പാലിയേറ്റിവ് കെയർ ... ഇങ്ങനെ പലവിധ ചികിത്സരീതികൾ കാൻസർ ചികിത്സയിൽ ലഭ്യമാണ്. ഇതിന്റെ ചെലവുകൾ അത്ര കുറവല്ല. ഡോക്ടർ കൺസൽറ്റേഷൻ, ലാബ് ടെസ്റ്റുകൾ, ബയോപ്‌സി തുടങ്ങിയവ വേറെയും..

ഈ ചിലവുകൾ താങ്ങാനാകാതെ വരുമ്പോൾ ഒന്നുകിൽ രോഗികൾ ചികിത്സ പകുതിയിൽ നിർത്തും അല്ലെങ്കിൽ രോഗം മാറ്റാൻ കുറുക്കുവഴികൾ തേടും. പച്ചമരുന്ന് ചികിത്സ മുതൽ അശാസ്ത്രീയ ചികിത്സകൾ വരെ രോഗിയെ കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നു.

പ്രതിവിധികൾ

  1. കാന്‍സര്‍ ഔഷധങ്ങള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തി അവയെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഈ മരുന്നുകള്‍ക്കു മേലുള്ള വില്‍പ്പനനികുതി എടുത്തുകളയുന്നത് ഉപകാരമാവും.
  2. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായോ സൗജന്യനിരക്കിലോ ചികിത്സ ലഭ്യമാക്കാന്‍ അത്തരം രോഗികളെ വേര്‍തിരിച്ചറിയേണ്ടതുണ്ട്. രോഗിയെയും അയാളുടെ ബന്ധുക്കളെയും വില്ലേജ് ഓഫീസര്‍ കൃത്യമായി നിരീക്ഷിച്ച്, സഹായം വേണ്ടവരെന്ന് ബോധ്യപ്പെടുന്നവർക്ക് ചികിത്സാ സൗകര്യവും സര്‍ക്കാര്‍ വഴി സൗജന്യ മരുന്നുകളും നല്‍കാന്‍ കഴിയണം.
  3. കാന്‍സര്‍ ചികിത്സയില്‍ പുതുആശയങ്ങള്‍ ഉടലെടുക്കുന്നതിനായി നിരന്തരമുള്ള ഗവേഷണം വേണ്ടതുണ്ട്. കാൻസർജന്യ വസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും കുറച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കണം.
  4. രോഗം അന്തിമഘട്ടത്തിലെത്തിയശേഷം മാത്രം ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് രോഗശമനത്തിനുപകരം വേദനയില്ലാത്ത ദിവസങ്ങള്‍ നല്‍കുവാനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി കാന്‍സര്‍ ചികിത്സാസ്ഥാപനങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം. ആസൂത്രണമില്ലാതെ കളയുന്ന പണം ഇത്തരം പ്രായോഗിക പദ്ധതികള്‍ക്കായി നീക്കിവെക്കണം.
  5. പുകവലി, മദ്യപാനം, മുറുക്ക്, കൗമാരവിവാഹം, കൗമാര ലൈംഗികബന്ധങ്ങള്‍, ആവര്‍ത്തിച്ചുള്ള പ്രസവങ്ങള്‍, അന്തരീക്ഷ മലിനീകരണം എന്നിവയ്‌ക്കെതിരേ  ബോധവൽക്കരണം വേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിൽ ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാം.

പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷകൾ 

  • കുട്ടികൾക്കിടയിലുള്ള കാൻസർ ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ്. ഇത് കണക്കിലെടുത്ത് കേരള സർക്കാർ രൂപീകരിച്ച പദ്ധതിയാണ് കാൻസര്‍ സുരക്ഷാ പദ്ധതി. 18 വയസ്സിന് താഴെയുള്ള കാൻസര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നൽകപ്പെടും. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. ദാരിദ്ര്യരേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അർഹരായ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗനിർണയ ചിലവുകൾ ഉൾപ്പെടെയുള്ള ചികിത്സയുടെ മുഴുവൻ ചെലവും മിഷດന്‍റ ഫണ്ട് വഴി ആശുപത്രികൾ വഹിക്കും. ഒരു കുട്ടിക്ക് 50,000രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്.
  • വര്‍ധിച്ചു വരുന്ന രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാൻസര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നു.
  • മുൻപ് സൂചിപ്പിച്ചതു പോലെ സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട് . ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന പദ്ധതികൾ ഗവണ്മെന്റ് തലത്തിൽ നടപ്പാക്കി വരുന്നു. 
  • കാൻസര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ കാൻസര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
  • തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററാണ് നമ്മുടെ കാൻസർ ചികിത്സാരംഗത്തിന്റെ നെടുംതൂൺ. ഓട്ടോമേറ്റഡ് സെർവി സ്‌കാൻ, യൂറോ-ബ്രാക്കി തെറാപ്പി യൂണിറ്റ്, ഗാലിയം ജനറേറ്റർ & ലൂട്ടീഷ്യം ചികിത്സ എന്നിവയുടെ പ്രവർത്തനവും പേഷ്യന്റ് വെൽഫെയർ & സർവീസ് ബ്ലോക്ക്‌ എന്നിവ ഈ സെന്ററിന്റെ മാറ്റ്കൂട്ടുന്നു.
  • കാൻസർ രജിസ്ട്രി സംവിധാനം ആരംഭിച്ചു. വാർഡ് തലത്തിൽ 30 വയസിന് മുകളിലുള്ളവരെ വീട്ടിലെത്തി വാർഷിക ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി വരുന്നു. രോഗമുള്ളവർക്ക് ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. 
  • 14 ജില്ലകളിലും കാൻസർ ഗ്രിഡ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. കാൻസർ കെയർ പോളിസി നടപ്പിലാക്കി. ഇതിലൂടെ കാൻസർ പ്രാംരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാകും.
  • പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ ക്യാൻസർ ചികിത്സാചെലവുകൾക്കായി പ്രത്യേക പോളിസികൾ അവതരിപ്പിക്കുന്നുണ്ട്. അവയെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക കൂടി വേണം.

പ്രതിരോധിക്കുക ,തിരിച്ചറിയുക, കൃത്യസമയത്ത് കൃത്യമായിടത്തു നിന്ന് ചികിത്സ നേടുക, അഭ്യൂഹങ്ങളിൽ നിന്നും അനാവശ്യസംസാരങ്ങളിൽ നിന്നും അശാസ്ത്രീയതയിൽ നിന്നും അകന്നു നിൽക്കുക, ശുഭാപ്തി വിശ്വാസം നിലനിർത്തുക- ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് തോൽപ്പിക്കാം!