രക്തത്തിലെ തൈറോക്‌സിന്‍(ടി4), ട്രൈ അയഡോ തൈറോണിന്‍(ടി3), പിറ്റിയൂട്ടറി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍(ടി.എസ്.എച്ച്.) എന്നിവയുടെ അളവ് നിര്‍ണയിക്കുന്ന പരിശോധനകള്‍ ഉള്‍പ്പെട്ടതാണ് തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്.

To advertise here,

ടി.എസ്.എച്ച്. പരിശോധന

തൈറോയ്ഡ് തകരാറുകള്‍ നിര്‍ണയിക്കാനും ഹൈപ്പോ തൈറോയ്ഡിസം ഉള്ളവരില്‍ ചികിത്സ ഫലപ്രദമാകുന്നുണ്ടോ എന്ന് വിലയിരുത്താനും ടി.എസ്.എച്ച്. പരിശോധന ഉപയോഗിക്കും. തൈറോയ്ഡിനെ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്നത് ടി.എസ്.എച്ച്. ആണ്.

ടി 4 പരിശോധന

ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്നിവയുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും.

ടി 3 പരിശോധന

ടോട്ടല്‍ ടി3, ഫ്രീ ടി3 എന്നിവയുടെ അളവുകളാണ് നിര്‍ണയിക്കുന്നത്. ഹൈപ്പര്‍ തൈറോയ്ഡിസം നിര്‍ണയിക്കാന്‍ പരിശോധന സഹായിക്കുന്നു. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ കാരണം ഗ്രേയ്വ്‌സ് രോഗമാണോ എന്ന് മനസ്സിലാക്കാന്‍ തൈറോയ്ഡ് ആന്റിബോഡി പരിശോധനയും ചിലരില്‍ ആവശ്യമായി വരാം.

തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ്

തൈറോയ്ഡ് പ്രശ്‌നം ഓട്ടോ ഇമ്മ്യൂണ്‍ തകരാറാണോ എന്ന് അറിയാന്‍ ഈ പരിശോധന സഹായിക്കുന്നു. ആന്റിബോഡികള്‍ തൈറോയ്ഡ് ഗ്രന്ഥിയെ തന്നെ ആക്രമിക്കുന്നതാണ് പ്രധാന കാരണം. ഇത്തരം ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്നും അത് എത്രമാത്രമുണ്ടെന്നുമാണ് ഈ പരിശോധനയിലൂടെ കണ്ടെത്താനാവുക.

തെറോയ്ഡ് പെര്‍ഓക്‌സിഡേസ് ആന്റിബോഡി, തൈറോഗ്രോബുലിന്‍ ആന്റിബോഡി എന്നീ പരിശോധനകള്‍ ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ് എന്ന ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്ന രോഗത്തെ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്നു.

തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ റിസെപ്റ്റര്‍ ആന്റിബോഡി എന്ന പരിശോധന ഗ്രേയ്‌വ്‌സ് ഡിസീസ് ഉണ്ടോ എന്ന് കണ്ടുപിടിക്കാനാണ് ഉപയോഗിക്കുന്നത്.

തൈറോയ്ഡ് അള്‍ട്രാസൗണ്ട്

തൈറോയ്ഡ് നോഡ്യൂളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് പ്രയോജനപ്പെടുത്താറുണ്ട്. തൈറോയ്ഡിലെ രക്തയോട്ടം വിലയിരുത്താനും അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉപയോഗിക്കും.

ന്യൂക്ലിയര്‍ മെഡിസിന്‍ സ്‌കാനിങ്

ഹൈപ്പര്‍ തൈറോയ്ഡിസത്തില്‍ ഉയര്‍ന്ന തോതില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ഇടയാകുന്നത് തൈറോയ്ഡ് തകരാര്‍ കൊണ്ടുതന്നെയാണോ എന്ന് വിലയിരുത്താന്‍ റേഡിയോ ആക്ടീവ് അയഡിന്‍ സ്‌കാനും ടെക്‌നീഷ്യം സ്‌കാനും ഉപയോഗിക്കുന്നു. തൈറോയ്ഡ് കാന്‍സര്‍ സര്‍ജറിക്ക് ശേഷം തുടര്‍ ചികിത്സ തീരുമാനിക്കാനും ഹൈപ്പര്‍ തൈറോയ്ഡിസമുള്ളവരില്‍ തൈറോയ്ഡ് നോഡ്യൂളുകള്‍ കാന്‍സര്‍ സാധ്യതയുള്ളതാണോ എന്ന് മനസ്സിലാക്കാനും അയഡിന്‍ സ്‌കാന്‍ ഉപയോഗിക്കുന്നു.

ഹോര്‍മോണ്‍ അളവുകള്‍

ടി.എസ്.എച്ച്:
0.3-4.2 lu/ml

0.3 ല്‍ കുറവാണെങ്കില്‍ ഹൈപ്പര്‍ തൈറോയ്ഡിസവും 4.2 ല്‍ കൂടുതലാണെങ്കില്‍ ഹൈപ്പോ തൈറോയ്ഡിസവും സംശയിക്കാം. പിറ്റിയൂട്ടറി ഗ്രന്ഥിക്ക് തകരാര്‍ വന്ന് ടി.എസ്.എച്ച്. ഉത്പാദനം കൂടിയാല്‍ ടി4, ടി3 അളവ് കൂടുന്ന അവസ്ഥയുണ്ടാകും.

ടോട്ടല്‍ ടി4:  
5-12 മൈക്രോഗ്രാം/dl

അഞ്ചില്‍ കുറഞ്ഞാല്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനക്കുറവ് സംശയിക്കാം. ഇതോടൊപ്പം ടി.എസ്.എച്ച്. അളവ് കൂടും. 12 ല്‍ കൂടിയാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം സംശയിക്കാം.

ഫ്രീ ടി 4:
0.7-1.8 ng/dl


0.7 ല്‍ കുറഞ്ഞാല്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ സൂചനയാവാം.

ടി 3:
70-200 ng/dl


70 ല്‍ കുറവ് ഹൈപ്പോ തൈറോയ്ഡിസത്തിന്റെ സൂചന.

(തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ എന്‍ഡോക്രൈനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: Blood test to detect thyroid problems, Thyroid Function Test, TSH, Thyroid disease

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌