സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ എല്ലാ പ്രായത്തിലും കണ്ടുവരാറുണ്ട്. കൗമാരത്തിലും പ്രത്യുത്പാദന കാലത്തും ആർത്തവ വിരാമത്തിലുമെല്ലാം ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. കൗമാരക്കാരിൽ ആദ്യ ആർത്തവത്തോടനുബന്ധിച്ച് ഹോർമോൺ നിലയിൽ വിവിധ മാറ്റങ്ങൾ പ്രകടമാകും. എന്നാൽ ആദ്യ ആർത്തവം ഉണ്ടായാലും മസ്തിഷ്കം പൂർണവളർച്ച നേടിയിട്ടുണ്ടാവില്ല. മസ്തിഷ്കം പൂർണവളർച്ച നേടിയാൽ മാത്രമേ ഹോർമോണുകളെല്ലാം കൃത്യമായി പ്രവർത്തിച്ചുതുടങ്ങൂ. അണ്ഡാശയത്തിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ മസ്തിഷ്കത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് നിർണായകമായ പങ്കുണ്ട്. പിറ്റ്യൂട്ടറി ഗ്രന്ഥി കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ അണ്ഡാശയത്തിന്റെ പ്രവർ ത്തനം ഫലപ്രദമായി നടക്കുകയുള്ളൂ. ആദ്യ ആർത്തവം ഉണ്ടായിക്കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞായിരിക്കും മസ്തിഷ്കം പൂർണമായ വളർച്ച നേടുന്നത്. അപ്പോൾ മാത്രമേ അണ്ഡാശയവും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുകയുള്ളു. അതുവരെയും ശരീരത്തിലെ ഹോർമോണുകൾക്ക് താളപ്പിഴകൾ ഉണ്ടാകാം.
പിറ്റ്യൂട്ടറി ഗ്രന്ഥിയിൽനിന്ന് പുറപ്പെടുവിക്കുന്ന രണ്ട് പ്രധാന ഹോർമോണുകളാണ് ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ (Follicle Stimulating Hormone-FSH) ല്യൂട്ടിനൈസിങ് ഹോർമോൺ (Luteinising Hormone) എന്നിവ. പ്രത്യുത്പാദനത്തെ സഹായിക്കുന്ന ഹോർമോണുകളാണ് ഇവ. ഈ ഹോർമോണുകൾ പുറപ്പെടുവിക്കാൻ പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് നിർദേശം നൽകുന്നത് ഹൈപ്പോതലാമസാണ്. എന്നാൽ പിറ്റ്യൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ഈ പ്രക്രിയ നടക്കില്ല. അപ്പോൾ ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോണും ല്യൂട്ടിനൈസിങ് ഹോർമോണും കൃത്യമായി പ്രവർത്തിക്കില്ല. ഇതോടെ പ്രൊജസ്റ്റിറോൺ ഉത്പാദനം നടക്കാതെ വരുകയും അണ്ഡവിസർജനം ഇല്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ ഈസ്ട്രജന്റെ പ്രവർത്തനം മാത്രമേ നടക്കുകയുള്ളൂ. ഇത് ആർത്തവക്രമക്കേടുകൾ, അമിതരക്തസ്രാവം എന്നിവയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഗുരുതരമായാൽ ഗർഭപാത്രത്തിന്റെ ഉൾപാളികൾക്ക് കട്ടികൂടി അമിത രക്തസ്രാവമുണ്ടാകാൻ ഇത് വഴിയൊരുക്കും.
ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഫോർമോണിന്റെയും ല്യൂട്ടിനൈസിങ് ഹോർമോണിൻ്റെയും അളവ് കുറവായിരിക്കുമെന്നതിനാൽ ഇത് പരിശോധിച്ചാണ് രോഗാവസ്ഥ തിരിച്ചറിയുന്നത്. കൗമാരപ്രായത്തിലുള്ള വരിൽ ആർത്തവക്രമക്കേടുകൾ പല കാരണങ്ങൾമൂലവും ഉണ്ടാകാമെന്നതിനാൽ അക്കാര്യം പരിശോധിച്ചേ അത് ഹോർമോൺ പ്രശ്നങ്ങൾ മൂലമാണോ അല്ലയോ എന്ന തീരുമാനത്തിലെത്താൻ സാധിക്കൂ.
പി.സി.ഒ.എസ്.
ഹോർമോൺ തകരാറുകൾ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി. സി.ഒ.എസ്.)ഉണ്ടാകുന്നത്. ഇത് മെറ്റബോളിക് രോഗാവസ്ഥയാണ്. പി.സി.ഒ.എസ്. ഉള്ളവരിൽ പുരുഷ ഹോർമോണായ ആൻഡ്രൊജന്റെ അളവ് കൂടിയിരിക്കുന്നതായി കാണാറുണ്ട്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ സാന്നിധ്യം ഉള്ളതിനാൽ അണ്ഡാശയത്തിൽ ഫോളിക്കിളുകൾ രൂപം കൊള്ളും. എന്നാൽ ആൻഡ്രൊജന്റെ ഉയർന്ന സാന്നിധ്യം കാരണം അണ്ഡാശയത്തിൽനിന്ന് അണ്ഡം പാകമായി പുറത്തേക്ക് വരാതിരിക്കുന്നു. ഈ അണ്ഡങ്ങൾ അണ്ഡാശയത്തിൽ അടിഞ്ഞുകൂടുകയും ചെയ്യും. അതിൽനിന്ന് ആൻഡ്രൊജൻ ഉണ്ടാകും. അപ്പോഴാണ് ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിലും ആൻഡ്രൊജൻ കൂടുതലായി കാണാറുണ്ട്.
ആദ്യ ആർത്തവമുണ്ടായി ഏഴോ എട്ടോ വർഷങ്ങൾ ക്കുശേഷം ആൻഡ്രൊജൻ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയായ ഹൈപ്പർ ആൻഡ്രൊജനിസം, ആർത്തവക്രമക്കേടുകൾ എന്നിവ കണ്ടെത്തിയാൽ പി.സി.ഒ.എസ്. സംശയിച്ച് പരിശോധനകൾ നടത്തും.
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറോ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽനിന്ന് പുറപ്പെടുവിക്കുന്ന പ്രൊലാക്ടിൻ അളവിലുണ്ടാകുന്ന മാറ്റമോ ഇതിന് കാരണമാകാം. കൂടാതെ സ്ട്രെസ്സ്, അമിതവണ്ണം, കടുത്ത രീതിയിൽ വ്യായാമം ചെയ്യുന്നത് എന്നിവയെല്ലാം ഹോർമോൺ തകരാറുകൾക്ക് ഇടയാക്കുന്നു. ഗ്യാസ്ട്രൈറ്റിസിന് ദീർഘനാൾ മരുന്ന് കഴിക്കുന്നത് ഹോർമോൺ തകരാറുകൾക്ക് കാരണമാകാം.
ശരീര വടിവിനും സൗന്ദര്യത്തിനും പെൺകുട്ടികൾ ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വരുത്തുന്നതും കഠിന വ്യായാമം ചെയ്യുന്നതും മാനസിക സമ്മർദവുമൊക്കെ പ്രത്യുത്പാദന കാലഘട്ടത്തിൽ പി.സി.ഒ.എസിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫങ്ഷണൽ തെറാപ്യൂട്ടിക് അമെനോറിയ (functional therapeutic amenorrhea) എന്നാണിത് അറിയപ്പെടുന്നത്. ഇതുമൂലം ആർത്തവക്രമക്കേടുകൾ, വന്ധ്യത എന്നിവയും ഉണ്ടാകാം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുവേണം ഹോർമോൺ തകരാർ മൂലമുള്ള പ്രശ്നമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടത്. അതിനാൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തണം.
വ്യായാമം, ശരീരഭാരം കുറയ്ക്കൽ, കഴിക്കുന്ന ഭക്ഷണത്തിലെ കാലറി കുറയ്ക്കൽ എന്നിവ പി.സി.ഒ.എസ്. ചികിത്സയുടെ ഭാഗമാക്കണം. ഈ രീതി പിന്തുടർന്നാൽ ആറുമാസംമുതൽ ഒരു വർഷത്തിനകം അമിത ഭാരം കുറയ്ക്കാനും ആർത്തവ ക്രമക്കേടുകൾ അകറ്റാനും ഗർഭധാരണ തടസ്സങ്ങൾ നീക്കാനും സാധിക്കും.
പോസ്റ്റ് പാർട്ടം ഡിപ്രഷൻ
പ്രസവശേഷം ചിലരിൽ കണ്ടുവരുന്ന പ്രത്യേക മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ഇതിന് കാരണം ഹോർമോണുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ്. എപ്പോഴും സങ്കടം, ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോട് പോലും തോന്നുന്ന താത്പര്യമില്ലായ്മ, കഠിനമായ ക്ഷീണവും തളർച്ചയും ഉറക്കമില്ലായ്മ, മരണത്തെക്കുറിച്ചുള്ള ചിന്തകൾ എന്നിവയാണ് ലക്ഷണങ്ങൾ. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലോ ഏതാനും ആഴ്ചകൾക്കുള്ളിലോ ഈ ലക്ഷണങ്ങൾ കാണാം.
ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ഹോർമോണുകൾ ഉയർന്ന തോതിൽ ശരീരത്തിൽ കാണപ്പെടുന്ന സമയമാണ് ഗർഭകാലം. പ്രസവാനന്തരം പൊടുന്നനെ ഈ ഹോർമോൺ നില താഴും. അപ്പോൾ പലർക്കും താത്ക്കാലിക മായ ഒരു വിഷാദഭാവം (ബേബി ബ്ലൂസ്) അനുഭ വപ്പെടാറുണ്ട്. ചിലർക്ക് ചികിത്സ വേണ്ടിവരുന്ന രീതിയിലുള്ള വിഷാദരോഗം തന്നെ (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) ഈ സമയത്ത് ഉണ്ടായേക്കാം.
ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. കൗൺസലിങ്ങും മരുന്നുകൾ നൽകിയുള്ള ചികിത്സയുമാണ് വേണ്ടി വരുക.
(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)
കൊച്ചി അമൃത ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഹം മേധാവിയാണ് ലേഖിക.
Content Highlights: how your hormones affect menstruation and infertility
Published: 06 Apr 2024, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented