കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. കൊച്ചി എംജി റോഡിലെ റെസ്റ്ററന്റിൽ വെച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ അനീഷിന്റെ ജീവനാണ് സുഹൃത്ത് മനേഷ് തിരിച്ചുപിടിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

To advertise here,

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ചോറ് കഴിക്കാനായാണ് ഇരുവരും റെസ്റ്ററന്റിലെത്തുന്നത്. ചോറിനൊപ്പം അനീഷ് പുഴുങ്ങിയ മുട്ട കൂടി വാങ്ങിയിരുന്നു. ചോറ് കഴിക്കുന്നതിനിടെ ഒരു കഷ്ണം മുട്ടയും ഒപ്പം കഴിക്കാനായി അനീഷ് എടുത്തു. ആദ്യത്തെ കഷ്ണം തന്നെ ഇദ്ദേഹത്തിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

മുട്ട തൊണ്ടയിൽ കുടുങ്ങിയതോടെ അനീഷിന് സംസാരിക്കാൻ കഴിയാതാകുകയും ശ്വാസം മുട്ടുകയും ചെയ്തു. അനീഷ് ആംഗ്യങ്ങൾ കാണിക്കുന്നത് കണ്ടതോടെ അപകടം മനസിലായ മനേഷ് ഉടൻ അനീഷിനെ എഴുന്നേൽപ്പിച്ച് കുനിച്ചുനിർത്തി പുറത്ത് ശക്തമായി ഇടിക്കാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ റെസ്റ്ററന്റിന്റെ ഉടമയും ജീവനക്കാരും ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

ഇവരുടെ അൽപ്പസമയത്തെ പരിശ്രമത്തിനുശേഷം മുട്ടയുടെ കഷ്ണം അനീഷിന്റെ തൊണ്ടയിൽ നിന്ന് പുറത്തുചാടി. ഇതോടെ അനീഷിന് ശ്വാസം നേരെ വീണു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല.

അനീഷിന്റെ ജീവൻ രക്ഷിച്ച സുഹൃത്ത് മനേഷ് തന്നെയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചത്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും കൂടുതലായി ശ്രദ്ധിക്കണമെന്ന സന്ദേശം നൽകാനും അഥവാ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുന്നത് എങ്ങനെയെന്ന് ആളുകൾ മനസിലാക്കാനും വേണ്ടിയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത് എന്ന് മനേഷ് പറയുന്നു.

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ

  • തൊണ്ടയിൽ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകിൽ നിന്ന് ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകൾ കോർത്ത് പിടിക്കുക. മുഷ്ടി ചുരുട്ടി വയറിന്റെ മുകൾഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക
  • മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കുമായി ശക്തിയായി തള്ളുക. ‘J’ ആകൃതിയിൽ ഉള്ള തള്ളലാണ് വേണ്ടത്. അങ്ങനെ അഞ്ച് തവണ ആവർത്തിച്ച് അമർത്തുക.
  • കുടുങ്ങിയ വസ്തു പുറത്തേക്ക് വന്നാലോ, അല്ലെങ്കിൽ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിർത്താം.
  • ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണം.
  • അയാൾ അബോധാവസ്ഥയിൽ ആണെങ്കിൽ മിക്കവാറും ഹൃദയസ്തംഭനത്തിലേക്ക് പോകാം. ഉടൻ സിപിആർ നൽകണം. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ നോക്കുക.

കുട്ടികളിൽ

  • രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികൾ: നമ്മുടെ ഇടതുകൈ തുടയുടെ മുകളിൽ നീട്ടിവെക്കണം. ഇരുേന്നാ കുനിഞ്ഞുനിന്നോ ഇങ്ങനെ ചെയ്യാം. കൈയിൽ കുഞ്ഞിനെ കമഴ്ത്തിക്കിടത്തുക. കുഞ്ഞിന്റെ തല കൈത്തലത്തിൽ പെരുവിരലിനും ചൂണ്ടുവിലിനും ഇടയിലായി വരണം. കാലുകൾ കൈമുട്ടിനുമുകളിലുള്ള ഭാഗത്ത് ഇരുവശത്തേക്കുമായി വിടർത്തിയിടുക. മറ്റേ കൈകൊണ്ട് തോളെല്ലുകൾക്ക് നടുവിൽ, പുറത്ത്, ശക്തിയായി അഞ്ചുതവണ അടിക്കുക. കുരുങ്ങിയവസ്തു തെറിച്ചുപോകും.
  • കുഞ്ഞ് അബോധാവസ്ഥയിലായാൽ സിപിആർ നൽകണം. വലതുകൈയിലേക്ക് നേരത്തേപോലെ കുഞ്ഞിനെ മലർത്തിക്കിടത്തുക. ഇടതുകൈയുടെ നടുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് മാർച്ചട്ടയിൽ ശക്തിയായി അമർത്തുക. കുഞ്ഞ് കരയുകയോ നീലനിറം കുറയുകയോ െചയ്യുന്നതുവരെ ഈ രണ്ടു രീതിയും മാറി മാറി ആവർത്തിക്കണം. കുഞ്ഞ് അബോധാവസ്ഥയിലായാൽ രണ്ടാമത്തെ രീതിമാത്രം െചയ്യുക. സെക്കൻഡിൽ രണ്ടുതവണ വരുംവിധം മുപ്പതുതവണയാണ് നെഞ്ചിൽ അമർത്തേണ്ടത്. തുടർന്ന് കൃത്രിമശ്വാസം കൊടുക്കണം. വീണ്ടും 30 തവണ അമർത്തുക. ഈ പ്രക്രിയ വൈദ്യസഹായം ലഭ്യമാകുംവരെ തുടരുക.
  • രണ്ടുവയസ്സിനു മുകളിലുള്ള കുട്ടികൾ: കുഞ്ഞിനെ നിർത്തി, നമ്മൾ പുറകിൽ മുട്ടുകുത്തി ഇരുന്ന് വലതുമുഷ്ടി ചുരുട്ടി പൊക്കിളിനും നെഞ്ചിനും ഇടയിലായിവെക്കുക. ഒപ്പം ഇടത് കൈപ്പത്തി മറുവശത്തുകൂടെ എടുത്ത് വലതുമുഷ്ടിയുടെ മുകളിലായി വെക്കുക. അതിശക്തമായി മുന്നോട്ടും പുറകോട്ടും തള്ളണം. ഇത് പല തവണ വേഗത്തിലും ശക്തിയിലും, ഭക്ഷണം തെറിച്ചുപോവുംവരെ ചെയ്യുക. 
  • കുഞ്ഞ് അബോധാവസ്ഥയിലായാൽ സിപിആർ നൽകാനായി നെഞ്ചിൽ അമർത്തുന്നത് കൊച്ചുകുഞ്ഞുങ്ങളിലേതുപോലെ വിരലുകൊണ്ടുപോര. കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച് ഒരു കൈപ്പത്തിയോ രണ്ടു കൈപ്പത്തികളോ ഇതിന് ഉപയോഗിക്കാം.