മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് സ്ഥിരീകരിച്ചത്. വിദഗ്ധപരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തി.
ഒരുവർഷമായി ഉപയോഗിച്ച ഫെയ്സ് ക്രീമിൽ നിന്നാണ് വൃക്കരോഗമുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞുവെന്ന് പെൺകുട്ടി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.
ചർമത്തിൽ ഉപയോഗിക്കുന്ന ക്രീമുകൾ ആന്തരികാവയവങ്ങളെ ബാധിക്കുന്നതെങ്ങനെ ?
ചർമത്തിൽ ഉപയോഗിക്കുന്ന ക്രീമിൽ അടങ്ങിയിരിക്കുന്ന മെർക്കുറി ചർമത്തിലൂടെ രക്തത്തിൽ കലർന്ന് വൃക്കയിൽ അടിഞ്ഞുകൂടും. അങ്ങനെ വൃക്കയിൽ നെഫ്രോട്ടിക് സിൻഡ്രോം അഥവാ മെമ്പ്രനസ് നെഫ്രോപ്രതി എന്ന അവസ്ഥയ്ക്കു കാരണമാകും. കേന്ദ്രനാഡീവ്യവസ്ഥയെയും ബാധിക്കും. ക്ഷീണം, വിറയൽ, ഓർമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയ്ക്കും കാരണമാകും.
ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇത്തരം ഫെയർനസ് ക്രീമുകൾ ഉപയോഗിക്കുന്നതിനുമുമ്പ് ഡെർമറ്റോളജിസ്റ്റിനെ കണ്ട് ഉപദേശം തേടണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മെർക്കുറി അടങ്ങിയാൽ
മുഖം വെളുപ്പിക്കുന്നവയും (face whitening) പ്രായം കുറച്ച് കാണിക്കുന്നവയുമായ (antiaging) ത്വക് ലേപനങ്ങൾ വിപണിയിൽ സുലഭമാണ്. ഇതിലെ ചില ചേരുവകൾ നല്ലവയും ശാസ്ത്രീയമായി തെളിയിച്ചതുമായിരിക്കാം (ഉദാ. വിറ്റാമിൻ എ അഥവാ റെറ്റിനോയ്ഡ്സ്). എന്നാൽ ചിലതിൽ വിഷമുള്ള പദാർഥങ്ങൾ (ഉദാ. മെർക്കുറി ) ഉൾപ്പെട്ട വ്യജ ഉത്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്. ത്വക്കിന്റെ അവസ്ഥ അനുസരിച്ചു 80 ശതമാനം വരെ മെർക്കുറി ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാം. എണ്ണമയം കൂടുതൽ ഉണ്ടെങ്കിലോ മുറിവുകൾ ഉണ്ടെങ്കിലോ ഇതിന്റെ അളവ് കൂടാം. ഇത് രക്തം വഴി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പോകുന്നു. മെർക്കുറി പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം വൃക്കരോഗങ്ങൾ ഉൾപ്പടെ. നെഫ്രോട്ടിക് സിൻഡ്രോം (Nephrotic syndrome) എന്ന അവസ്ഥ ഇതുമൂലം ഉണ്ടാകാം. ഇത് മൂർച്ഛിച്ചാൽ വൃക്കസ്തംഭനവും സംഭവിക്കാം.
Content Highlights: A teenager develops kidney disease from mercury poisoning after using fairness cream, highlighting the risks of mercury in face creams.
Published: 21 Nov 2026, 09:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented