തിരുവനന്തപുരം: ആരോഗ്യമേഖലയിൽ കേരളത്തിന്റെ വികസനനേട്ടത്തിന് ചുക്കാൻപിടിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിന് നവംബർ 27-ന് 75-ാം പിറന്നാൾ. പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു ഉദ്ഘാടനംചെയ്ത ആശുപത്രിയിൽ ആദ്യ ചികിത്സ തേടിയതും അദ്ദേഹംതന്നെയാണ്.
ഐക്യകേരളത്തിനു മുൻപേ ആലോചന
തലസ്ഥാനത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന് സ്വാതന്ത്ര്യലബ്ധിക്കു മുൻപുതന്നെ ആലോചനകളുണ്ടായെങ്കിലും പല കാരണങ്ങളാൽ ഇത് നടന്നില്ല. 1948-ൽ തിരുവിതാംകൂർ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മിറ്റിയെ നിയമിച്ചു. മൈക്രോബയോളജി വിദഗ്ധനായിരുന്ന ഡോ. സി.കെ.കരുണാകരനായിരുന്നു സ്‌പെഷ്യൽ ഓഫീസർ. ഡോ. ആർ. കേശവൻനായരും അംഗമായിരുന്നു. ഇവർ രണ്ടുപേരുംകൂടി പല മെഡിക്കൽ കോളേജുകളും സന്ദർശിച്ച് റിപ്പോർട്ട് നൽകി. തുടർന്നാണ് മെഡിക്കൽ കോളേജ് യാഥാർഥ്യമായത്.
രാജ്യം റിപ്പബ്ലിക്കായ 1950 ജനുവരി 26-ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. ഒടുവിൽ 1951 നവംബർ 27-ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് സാങ്കേതികമായി ഉദ്ഘാടനം ചെയ്തു. തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവൻ, മെഡിക്കൽ കോളേജിനുവേണ്ടി പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയ ചിത്തിരതിരുനാൾ മഹാരാജാവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോളേജിന്റെ തുടർപ്രവർത്തനങ്ങൾക്കായി നാലുലക്ഷം രൂപ സംഭാവന ചെയ്യുന്നതായി മഹാരാജാവ് പ്രഖ്യാപിച്ചു.
ആദ്യ ഒ.പി. ടിക്കറ്റ് പ്രധാനമന്ത്രിക്ക്
പിന്നീട് ആശുപത്രി പ്രവർത്തനസജ്ജമാകുന്നത് 1954-ലാണ്. അന്നും നെഹ്‌റുതന്നെ ഉദ്ഘാടനം നിർവഹിക്കാനെത്തി. ഈ സമയത്താണ് നെഹ്‌റുവും തിരുവനന്തപുരം മെഡിക്കൽ കോളേജും തമ്മിൽ രക്തബന്ധമുണ്ടായത്. ഗേറ്റിന്റെ ഗ്രില്ലിൽ തട്ടി പ്രധാനമന്ത്രിയുടെ കൈ മുറിഞ്ഞു. ചോരവന്നതോടെ നെഹ്‌റുവിന്റെ പേരിൽത്തന്നെ മെഡിക്കൽ കോളേജിലെ ആദ്യ ഒ.പി. ടിക്കറ്റും എഴുതപ്പെട്ടു. മെഡിക്കൽ കോളേജിലെ ആദ്യ സൂപ്രണ്ടായ ഡോ. കേശവൻനായരായിരുന്നു നെഹ്‌റുവിനെ ചികിത്സിച്ചത്.
പല സ്ഥലങ്ങൾ തേടി ഒടുവിൽ ഉള്ളൂർ
ഇന്നത്തെ ജനറൽ ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലമായിരുന്നു മെഡിക്കൽ കോളേജിനായി ആദ്യം തിരഞ്ഞെടുത്തത്. ജനറൽ ആശുപത്രി മുതൽ പാറ്റൂർവരെയുള്ള പല സ്ഥലങ്ങളും പരിശോധിച്ചു. നാലാഞ്ചിറയിലും സ്ഥലപരിശോധന നടത്തി. എന്നാൽ, കൂടുതൽ വിസ്തൃതമായ സ്ഥലംവേണമെന്ന തീരുമാനത്തിൽ ഉള്ളൂരിലെ 140 ഏക്കറോളം സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചു. മുംബൈയിലെ പ്രശസ്ത ആർക്കിടെക്ട് റിറ്റ്ചി ആയിരുന്നു കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. ഡോ. സി.കെ.കരുണാകരൻ, ഡോ. സി.കെ. കേശവൻനായർ എന്നിവരെക്കൂടാതെ ഡോ. തങ്കവേലു തുടങ്ങിയവർ ഓരോ ഘട്ടത്തിലും മെഡിക്കൽ കോളേജിന്റെ വികസനത്തിന് സംഭാവനകൾ നൽകി. ഇവിടെനിന്നും പഠിച്ചിറങ്ങിയ ഡോക്ടർമാർ ഇന്ന് ലോകത്ത് പലയിടത്തും സേവനമനുഷ്ഠിക്കുന്നുണ്ട്. സർക്കാർ മേഖലയിലും വൻകിട സ്വകാര്യ ആശുപത്രികളിലുമായി എല്ലായിടത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥികളുടെ സാന്നിധ്യമുണ്ട്.
ഇനിയുംവേണം സൗകര്യങ്ങൾ
മെഡിക്കൽ കോളേജ് കാമ്പസിൽ പിന്നീടും ലോകോത്തര നിലവാരമുള്ള ആശുപത്രികൾ വന്നു. സർക്കാർ മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കാമ്പസ് ഇന്നിവിടെയാണ്. 60 സീറ്റുകളുമായി ആരംഭിച്ച് ഇന്ന് 250 സീറ്റുകളായെങ്കിലും ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇവിടേക്ക് 75 വർഷം കഴിഞ്ഞിട്ടും കടന്നുവന്നിട്ടില്ല. രൂക്ഷമായ സ്ഥലപരിമിതി നേരിടുന്നുണ്ട്. പരിമിതികൾക്കിടയിലും പുതിയ കണ്ടുപിടിത്തങ്ങളും പദ്ധതികളും ഇവിടെയുണ്ടാകുന്നു. സംസ്ഥാനത്തെ ആദ്യ സ്‌കിൻ ബാങ്ക് പോലുള്ളവ ഉദാഹരണമാണ്. കാലഘട്ടങ്ങൾ മാറുമ്പോൾ അതിനനുസരിച്ച് രോഗികൾക്കുവേണ്ട സൗകര്യങ്ങളും ഡോക്ടർമാരുടെ തസ്തികകളും ഉണ്ടാകേണ്ടത് അത്യാവശമാണ്. എങ്കിൽ മാത്രമേ സംസ്ഥാനത്തിന്റെ അഭിമാനമായ മെഡിക്കൽ കോളേജ് സുഗമമായി മുന്നോട്ടുപോകൂ.
Content Highlights: Thiruvananthapuram Medical College marks its 75th anniversary, reflecting on its historic inauguration by Prime Minister Jawaharlal Nehru in 1951.
Published: 21 Nov 2026, 07:31 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented