ആലപ്പുഴ: പെരിറ്റോനിയൽ ഡയാലിസിസ് പദ്ധതിയിൽ പുതിയ വൃക്കരോഗികളെ പരിഗണിക്കില്ല. വീട്ടിൽ സൗജന്യമായി ഡയാലിസിസിന് സൗകര്യമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണിത്. നിലവിലെ രോഗികൾക്കു പോലും ഡയാലിസിസിനുള്ള ഫ്ലൂയിഡ് കിറ്റുകൾ ആശുപത്രികളിലില്ലാത്തതാണ് പ്രധാന തടസ്സം. ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) വഴിയുള്ള ഫണ്ടു കുറഞ്ഞതും തദ്ദേശസ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ പണം നീക്കിവെക്കാത്തതുമാണ് ക്ഷാമത്തിനു കാരണം.
സംസ്ഥാനത്ത് രണ്ടുലക്ഷത്തിലേറെ വൃക്കരോഗികൾക്കാണ് ഡയാലിസിസ് വേണ്ടത്. ഇത്രയുംപേരെ ഉൾക്കൊള്ളാനുള്ള ശേഷി സർക്കാർ ആശുപത്രികളിലില്ല. ഓരോയിടത്തും 100-250 പേർ വരെ രജിസ്റ്റർചെയ്ത് ഡയാലിസിസിനു കാത്തിരിക്കുന്നുണ്ട്. നിലവിൽ ചെയ്യുന്നവർ മരിച്ചാലോ പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചാലോ മാത്രമേ പുതിയ ആളുകൾക്ക് അവസരമുണ്ടാകൂ. അതുവരെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം.
പെരിറ്റോനിയൽ ഡയാലിസിസ് പദ്ധതി വ്യാപകമാക്കിയാൽ ഇതിലേറെപ്പേർക്കും വീട്ടിൽത്തന്നെ ഡയാലിസിസ് ചെയ്യാം. ഓരോ ജില്ലയിലും 100-ൽ താഴെപ്പേർക്കു മാത്രമാണ് വീട്ടിൽ സൗജന്യ ഡയാലിസിസിനു സൗകര്യമുള്ളത്. ബാക്കിയുള്ളവർ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഹീമോഡയാലിസിസാണു ചെയ്യുന്നത്.
ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രികളിലേക്കുള്ള യാത്ര, നീണ്ട കാത്തിരിപ്പ് എന്നിവയെല്ലാം പെരിറ്റോനിയൽ ഡയാലിസിസ് വ്യാപകമാക്കിയാൽ ഒഴിവാക്കാനാകും. നാലുവർഷം മുൻപ് ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
പെരിറ്റോനിയൽ ഡയാലിസിസ്
രോഗിയുടെ വയറിൽ സുഷിരമിട്ട് കത്തീറ്റർ കടത്തിയാണ് പെരിറ്റോനിയൽ ഡയാലിസിസ് ചെയ്യുന്നത്. പെരിറ്റോനിയത്തിൽ കത്തീറ്ററിലൂടെ ഫ്ലൂയിഡ് നിറയ്ക്കും. നിശ്ചിതസമയത്തിനുശേഷം വൃക്കകളിലെ മാലിന്യം ഈ ദ്രാവകം ആഗിരണംചെയ്യും. പിന്നീടിത് പുറത്തേക്കൊഴുക്കിക്കളയും. ഏകദേശം ഒരു മണിക്കൂർ നീളുന്ന ഈ പ്രക്രിയ രോഗതീവ്രതയനുസരിച്ച് ദിവസം രണ്ടോമൂന്നോ തവണ ആവർത്തിക്കേണ്ടി വരും. ആശുപത്രിയിൽ ചെയ്യുന്ന ഹീമോഡയാലിസിസിന്റെ അതേ ഫലം കിട്ടും. തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തണം
പെരിറ്റോനിയൽ ഡയാലിസിസിനുള്ള ഫ്ലൂയിഡ് കിറ്റുകൾ സൗജന്യമായി നൽകാൻ പല ജില്ലപ്പഞ്ചായത്തുകളും മുന്നോട്ടുവരുന്നുണ്ട്. നിലവിലെ വൃക്കരോഗികളുടെ എണ്ണം കണക്കാക്കിയാൽ ഇതു മതിയാകില്ല. അതിനാൽ, പഞ്ചായത്തുകളും നഗരസഭകളുംകൂടി വാർഷികപദ്ധതിയിൽ പണം നീക്കിവെച്ചാൽ പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാനാകും.
ഡോ. ഷബീർ മുഹമ്മദ്,
കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ്, ആലപ്പുഴ ജനറൽ ആശുപത്രി
Content Highlights: Alappuzha's peritoneal dialysis program faces challenges as new kidney patients are excluded due to fluid kit shortages and funding issues.
Published: 21 Nov 2026, 09:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented