റിയാദ്: ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗ സമര ചരിത്രത്തില്‍ ആവേശകരമായ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്ത പോരാളികളും മാനവ മോചനവഴിയിലെ മഹനീയ മാതൃകയുമാണ് ഇഎംഎസും എകെജിയുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസന്‍ പറഞ്ഞു. റിയാദ് കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഇഎംഎസ്-എകെജി അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശിവദാസന്‍. 

തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് വരുന്നതിനു മുന്‍പ് തന്നെ ഇരുവരും നിരവധിയായ സാമൂഹ്യ പരിഷ്‌ക്കരണ - നവോദ്ധാന പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ അനുസ്മരണ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കേളിയുടെ ഈ വര്‍ഷത്തെ ഇഎംഎസ്-എകെജി അനുസ്മരണം ഓണ്‍ലൈന്‍ മുഖേനയാണ് സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനത്തില്‍ കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.  മുഖ്യ രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ യോഗത്തില്‍ സംസാരിച്ചു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, രക്ഷാധികാരി സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.