ത്തോലിക്കാ വിശ്വാസികള്‍ പെസഹാ വ്യാഴാഴ്ച സ്വന്തം ഭവനങ്ങളില്‍ നടത്തുന്ന ആചാരമാണ് അപ്പം മുറി ശുശ്രൂഷ.  ഇതിനായി പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അപ്പമാണ് പെസഹാ അപ്പം അല്ലെങ്കില്‍ ഇണ്ടറി അപ്പം. പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണ് പെസഹാ അപ്പം ഉണ്ടാക്കാറുള്ളതെങ്കിലും ഇതില്‍ യീസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കാറില്ല. കേരളത്തിന്റെ വടക്കുമുതല്‍ തെക്കുവരെയുള്ള കത്തോലിക്കര്‍ ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്റെ പാചകക്രമത്തില്‍ പ്രാദേശികമായി ചില വ്യത്യാസങ്ങളും ഉണ്ടാവാറുണ്ട്. പെസഹാ അപ്പത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ തേങ്ങാപ്പാലും നല്‍കാറുണ്ട്.

ചേരുവകള്‍

 1. അരിപ്പൊടി: 2 കപ്പ് (വറുത്തത്)
 2. തേങ്ങ ചിരകിയത് : ഒന്നേകാല്‍ കപ്പ് 
 3. ഉഴുന്ന് : ഒരു പിടി (വെള്ളത്തില്‍ കുതിര്‍ക്കണം)
 4. ചുവന്നുള്ളി : 5-6
 5. വെളുത്തുള്ളി - 2 അല്ലി 
 6. ജീരകം - കാല്‍ സ്പൂണ്‍
 7. ഉപ്പ് - ആവശ്യത്തിന് 
 8. വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. അടയും മറ്റും ഉണ്ടാക്കുന്നതിനായി ഉരുളകളാക്കാവുന്നതുപോലെ കുഴച്ചാല്‍ മതിയാവും. (ചിലയിടങ്ങളില്‍ കുഴമ്പ് രീപത്തിലാക്കിയ ശേഷം അപ്പച്ചെമ്പില്‍ പാത്രത്തില്‍ വേവിച്ചെടുക്കാറുണ്ട്. ) ഈ കൂട്ട് മൂന്ന് മണിക്കൂറെങ്കിലും വയ്ക്കാം. ശേഷം മാവ് ഉരുളകളാക്കി ചെറിയ വാഴയിലകളില്‍ പരത്തിയ ശേഷം വാഴയില മടക്കി. അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് വേവിക്കാം. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാര്‍.

തേങ്ങാ പാലിന്

 1. തേങ്ങ - മൂന്ന്
 2. ശര്‍ക്കര - ഒരുകിലോ
 3. ഏലയ്ക്ക - 10
 4. ചുക്ക് - ഒരിഞ്ചിന്റെ രണ്ടു കഷണം
 5. ജീരകം - ഒരു ചെറിയ സ്പൂണ്‍
 6. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

തേങ്ങ നന്നായി അരച്ചു പിഴിഞ്ഞു  തേങ്ങാപ്പാല്‍ എടുക്കുക. പാലില്‍, ശര്‍ക്കര ഉരുക്കിയ പാനി അരിച്ചതും ചുക്കും ജീരകവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ചിളക്കി കുറുക്കി വാങ്ങുക. തയാറാക്കിയ അപ്പം ചെറിയ കഷണങ്ങളാക്കി മുറിച്ച് പാലില്‍ മുക്കി കഴിക്കാം.

Content Highlights: pesaha appam recipe kerala